ഗാർലാൻഡിൽ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളിനു കൊടിയേറി
Saturday, July 2, 2022 10:15 AM IST
പി.പി. ചെറിയാൻ
ഗാർലാൻഡ് (ഡാളസ്): ഭാരതത്തിന്‍റെ അപ്പസ്തോലനും സെന്‍റ് തോമസ് സീറോ മലബാര്‍ ഫെറോന ഇടവകയുടെ മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ജൂലൈ
ഒന്നു മുതൽ നാലു വരെയുള്ള തീയതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

തിരുനാളിനു ആരംഭം കുറിച്ച് ജൂലൈ ഒന്നിനു വൈകുന്നേരം കൊടിയേറി. തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. എബ്രഹാം തോമസ് മുഖ്യ കാർമികത്വം വഹിച്ചു.

രണ്ടിനു (ശനി) വൈകുന്നേരം അഞ്ചിനു ഫാ അലക്സ് ജോസഫ് വിശുദ്ധ ബലിയർപ്പിക്കും തുടർന്നു സ്നേഹ സംഗീതം അരങ്ങേറും. മൂന്നിനു (ഞായർ) രാവിലെ 8.30 നും വൈകുന്നേരം നാലിനും വിശുദ്ധ റാസ കുര്‍ബാനയും തുടർന്നു താളമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. നാലിനു (തിങ്കൾ) രാവിലെ 8.30 നു വിശുദ്ധ കുര്‍ബാന, മരിച്ചവരെ ഓർമിക്കൽ എന്നിവയോടുകൂടി തിരുനാളിനു കൊടിയിറങ്ങും.

തിരുനാളില്‍ പങ്കെടുത്ത് തോമാശ്ശീഹായുടെ മാധ്യസ്ഥ്യം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും സെന്‍റ് തോമസ് സീറോ മലബാര്‍ ഫെറോന ദേവാലയത്തിലേക്ക് സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ഫാ. ജെയിംസ് നിരപ്പേൽ (വികാരി) 445 414 2250, ജിമ്മി മാത്യു , ടോമി ജോസഫ്,
ചാർലി അങ്ങാടിച്ചേരിൽ, ജീവൻ ജെയിംസ് (ട്രസ്റ്റിമാർ).