മുപ്പത്തിമൂന്നു വയസുകാരനെ വെടിവച്ചു കൊന്ന 19കാരി അറസ്റ്റിൽ
Tuesday, August 16, 2022 3:10 PM IST
പി.പി ചെറിയാൻ
മസ്കിറ്റ്: ലൂസിയാനയിൽ നിന്നുള്ള മുപ്പത്തിമൂന്നു വയസുകാരനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഡാളസ് മസ്കിറ്റിൽ നിന്നുള്ള 19കാരി അറസ്റ്റിൽ. മിഷേൽ ജോൺസനാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 11 ശനിയാഴ്ചയായിരുന്നു സംഭവം. ന്യൂ ഓർലിയൻസിൽ നിന്നുള്ള ജബാറി വാൾട്ടറാണു കൊല്ലപ്പെട്ടത്.

രാത്രി 10.30ന് സംഭവം അറിഞ്ഞു പൊലീസ് സ്ഥലത്തെത്തുമ്പോൾ ഉദരത്തിൽ വെടിയേറ്റു വാൾട്ടർ രക്തത്തിൽ കുളിച്ചു നിലത്ത് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

വെടിവയ്പിന്‍റെ ശബ്ദം കേട്ടതായും തുടർന്ന് ഒരു വാഹനം അവിടെ നിന്ന് ഓടിച്ചു പോകുന്നതായും ദൃക്സാക്ഷികൾ പറഞ്ഞു. വാഹനത്തെ പിന്തുടർന്നാണു യുവതിയെ പിടികൂടിയത്.

വാർട്ടറും മിഷേലും തമ്മിലുള്ള ബന്ധം എന്തായിരുന്നുവെന്നു വ്യക്തമല്ലെന്നു പോലീസ് പറഞ്ഞു. അറസ്റ്റിലായ മിഷേലിനെ മസ്കിറ്റ് ജയിലിലേക്കു മാറ്റി.