36 നായ്ക്കളെ വാഹനത്തിൽ പൂട്ടിയിട്ടു; ഒക്‌ലഹോമയിൽ ദമ്പതികൾ അറസ്റ്റിൽ
Friday, June 9, 2023 1:57 AM IST
പി.പി. ചെറിയാൻ
ഓക്‌ലഹോമ: 36 നായ്ക്കളെ വാഹനത്തിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഓക്‌ലഹോമ നിന്നുള്ള ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. മൃഗപീഡനവുമായി ബന്ധപ്പെട്ട പരാതികളിൽ ദമ്പതികളായ ഡെക്സ്റ്റർ മാനുവൽ, ലിൻഡ മാനുവൽ എന്നിവരെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്. ജൂൺ അഞ്ചിനായിരുന്നു സംഭവം. ഒക്‌ലഹോമ സിറ്റി അനിമൽ വെൽഫെയർ ക്രൂവിനെ സഹായിക്കാൻ , ഒക്‌ലഹോമ സിറ്റി പോലീസും എത്തിയിരുന്നു.

യു-ഹാൾ ട്രക്കിൽ നിന്നും മൃഗങ്ങളുടെ മണം വരുന്നതായി വാൾമാർട്ട് ജീവനക്കാരാണ് പോലീസിനെ അറിയിച്ചത്. ഉദ്യോഗസ്ഥർ എത്തിയപ്പോൾ,പാർക്ക് ചെയ്ത യു-ഹാൾ ട്രക്ക് കണ്ടെത്തി. കാർഗോ ഏരിയയുടെ ഉൾവശം 100 ഡിഗ്രിയിൽ കൂടുതലാണെന്നും നായ്ക്കളും നായ്ക്കുട്ടികളുമുള്ള നിരവധി കൂടുകളാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിനുള്ളിൽ 36 നായ്ക്കളും നായ്ക്കുട്ടികളും ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പിന്നീട് പറഞ്ഞു.

കൂടുകൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വച്ചിരിക്കുന്നതിനാൽ പല നായ്ക്കൾക്കും ഹീറ്റ് സ്ട്രോക്കിന്‍റെ ഗുരുതരമായ ലക്ഷണങ്ങൾ കാണിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു."നിരവധി കൂടുകളിൽ ധാരാളം നായ്ക്കൾ ഉണ്ടായിരുന്നു. നായ്ക്കൾക്ക് കൂടുകളിൽ സ്വതന്ത്രമായി നീങ്ങാൻ കഴിഞ്ഞില്ല. ചിലത് ഒന്നിനു മുകളിൽ മറ്റൊന്ന് ചവിട്ടുന്ന നിലയിലായിരുന്നു. യു-ഹോളിനുള്ളിൽ ഭക്ഷണമോ വെള്ളമോ ഇല്ലായിരുന്നുവെന്ന് പോലീസ് കോടതിയെ അറിയിച്ചു. നായ്ക്കളെയെല്ലാം ഒക്‌ലഹോമ സിറ്റി അനിമൽ വെൽഫെയർ വിഭാഗത്തിന്‍റെ സംരക്ഷണയിലാക്കി.