പരിപാടിയിൽ നിന്ന്
ദമാം: സാഹിത്യസ്നേഹികളുടെ കൂട്ടായ്മയിൽ, കഥകളും കവിതകളും പങ്കുവച്ചു നവയുഗം സാംസ്കാരികവേദി വായനാവേദിയുടെ പ്രതിമാസ പരിപാടിയായ അക്ഷര സദസിന്റെ അഞ്ചാം ഭാഗം ദമാമിൽ അരങ്ങേറി.
ദമാം റോസ് ഓഡിറ്റോറിയത്തിൽ അരങ്ങേറിയ അക്ഷരസദസിൽ നവയുഗം വായനവേദി വൈസ് പ്രസിഡന്റ് നന്ദകുമാർ ആധ്യക്ഷതവഹിച്ചു. ഈയിടെ അന്തരിച്ച മുൻ കേന്ദ്രകമ്മിറ്റി അംഗം പ്രഭാകരൻ പൂവത്തൂരിന് അനുശോചനം അർപ്പിച്ചാണ് പരിപാടി തുടങ്ങിയത്.
നവയുഗം കേന്ദ്രകമ്മിറ്റി അംഗം നിസാം കൊല്ലം അക്ഷര സദസിന്റെ അഞ്ചാം ഭാഗം ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രധാന്യവും, അതിൽ നവയുഗം വായനാവേദി നടത്തുന്ന അക്ഷര സദസിന്റെ പങ്കിനെയും ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. സെക്രട്ടറി ബിനു കുഞ്ഞ് പ്രവർത്തന റിപ്പോര്ട്ട് അവതരിപ്പിച്ചു.
പ്രിജി കൊല്ലം, നിമ്ന വിജയുടെ "ഏറ്റവും പ്രിയപ്പെട്ട എന്നോട് ' എന്ന പുസ്തകവും ഷാലിം, ബെന്ന്യാമിന്റെ "അൽ അറേബ്യൻ നോവൽ ഫാക്ടറി" എന്ന പുസ്തകവും ലാലു ദിവാകരൻ, വിപി ഉണ്ണികൃഷ്ണൻ മഹേഷ് കക്കത്ത് എന്നിവർ ചേർന്ന് രചിച്ച "അവിസ്മരണീയം ആ ജീവിതകാലം 'എന്ന പുസ്തകവും, സിദ്ധാർഥ് മനോജ്, പ്രകാശ് അയ്യർ രചിച്ച "HOW COME NO ONE TOLD ME THAT' എന്ന പുസ്തകവും അവതരിപ്പിച്ചു.
നന്ദകുമാർ അദ്ദേഹം രചിച്ച' നിലാവ് ' എന്ന കവിതയുടെ എഴുത്തു വഴികൾ വിശകലനം ചെയ്യുകയും, സംഗീത സന്തോഷ് ഈണമിട്ട് ആ കവിത ചൊല്ലുകയും ഉണ്ടായി.

ബൈജു, മധുസൂദനൻ നായരുടെ "അഗസ്ത്യ ഹൃദയം' എന്ന കവിതയും സംഗീത സന്തോഷ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ "സന്ദർശനം ' എന്ന കവിതയും, സ്വാത്തിക മനോജ് സുഗതകുമാരിയുടെ "ഒരു തൈ നടാം' എന്ന കവിതയും ചൊല്ലിയത് അക്ഷര സദസിനെ ഏറെ മനോഹരമാക്കി.
പ്രവാസ എഴുത്തുകാരനായ ഷിജു നല്ലില ചടങ്ങിൽ പങ്കെടുക്കുകയും, പ്രവാസ വായനയിലെ ആവശ്യകതയെ കുറിച്ചും എഴുത്തുകളെക്കുറിച്ചും സംസാരിക്കുകയുണ്ടായി.ഹുസൈൻ, മനോജ്, ഫൈസൽ, സൗമ്യ മനോജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഡിസംബർ 17ന് നടത്താൻ തീരുമാനിച്ച അക്ഷരസദസിന്റെ ആറാം ഭാഗത്തിൽ നടത്താൻ തീരുമാനിച്ച വയലാർ അനുസ്മരണ പരിപാടിയെ കുറിച്ച് സജീഷ് പട്ടാഴി വിശദീകരിക്കുകയുണ്ടായി.
Tags : Navayugam AksharaSadas Dammam NRINews