പ്രതീകാത്മക ചിത്രം
കേവലം രണ്ടോ മൂന്നോ ദിവസം മാത്രം നീണ്ടുനിൽക്കുന്ന വിവാഹ ആഘോഷങ്ങൾക്കായി ഇന്ത്യൻ കുടുംബങ്ങൾ തങ്ങളുടെ 20 വർഷത്തിലേറെയുള്ള സമ്പാദ്യവും ജീവിതകാലം മുഴുവൻ നീളുന്ന വായ്പാ ബാധ്യതകളും ഏറ്റെടുക്കുന്നു. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഒരാളുടെ രണ്ടു മുതൽ ആറു മാസത്തെ ശമ്പളം മാത്രമാണ് വിവാഹത്തിനായി ശരാശരി ചെലവഴിക്കുന്നത്.
ഇന്ത്യയിൽ വിവാഹങ്ങൾ കേവലം രണ്ട് വ്യക്തികളുടെ ഒത്തുചേരലിനപ്പുറം കുടുംബത്തിന്റെ അന്തസും സാമൂഹിക പ്രതീക്ഷകളും സമ്പത്ത് പ്രദർശിപ്പിക്കാനുള്ള വേദിയുമായി മാറിയിരിക്കുകയാണ്. 'ആളുകൾ എന്ത് വിചാരിക്കും' എന്ന സാമൂഹിക സമ്മർദവും മറ്റുള്ളവരുമായുള്ള മത്സരബുദ്ധിയും കാരണം പല കുടുംബങ്ങളും തങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം പോലും പണയം വച്ചാണ് ആഡംബര വിവാഹങ്ങൾ സംഘടിപ്പിക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളിൽ വിവാഹച്ചെലവുകൾ പ്രധാനമായും വധൂവരന്മാർ തന്നെയാണ് വഹിക്കുന്നത്. എന്നാൽ ഇന്ത്യയിൽ മക്കളുടെ വിവാഹം മാതാപിതാക്കളുടെ വലിയൊരു ഉത്തരവാദിത്തമായും അഭിമാനപ്രശ്നമായും കണക്കാക്കപ്പെടുന്നു. ഇതുമൂലം ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ തീർക്കുന്നതിനൊപ്പം വൻതുക ലോൺ എടുക്കാനും കുടുംബങ്ങൾ നിർബന്ധിതരാകുന്നു.
മനോഹരമായ ഒരു പുതിയ ജീവിതത്തിന്റെ തുടക്കമാകേണ്ട വിവാഹം, പലപ്പോഴും വർഷങ്ങളോളം നീളുന്ന സാമ്പത്തിക സമ്മർദത്തിന്റെയും കടബാധ്യതയുടെയും തുടക്കമായി മാറുന്ന സാഹചര്യമാണുള്ളത്. അതേസമയം, ഇന്ത്യയിലെ വിവാഹ വിപണി ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഉപജീവനമാർഗം നൽകുന്ന മേഖലയാണെങ്കിലും സ്വന്തം കഴിവിനപ്പുറം കടം വാങ്ങി ആഘോഷങ്ങൾ നടത്തുന്നത് ഒഴിവാക്കണം.
നൂറുകണക്കിന് അതിഥികളെ പ്രീതിപ്പെടുത്തുന്നതിനേക്കാൾ ഉപരി, രണ്ട് വ്യക്തികൾ ഒരുമിച്ച് ജീവിതം തുടങ്ങുന്നതിന്റെ സന്തോഷത്തിനാണ് പ്രാധാന്യം നൽകേണ്ടത്. സാമ്പത്തിക ബാധ്യതകൾ വരുത്തിവയ്ക്കാതെ സ്വന്തം വരുമാനത്തിനുള്ളിൽ നിന്നുകൊണ്ട് വിവാഹം ആഘോഷിക്കുന്ന ലളിതമായ രീതികളിലേക്ക് പുതിയ തലമുറ മാറേണ്ടത് അനിവാര്യമാണ്.
Tags : Wedding Loan Society Savings