Kerala
കൊല്ലം: മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ പ്രതിഷേധം തണുപ്പിക്കാൻ നീക്കവുമായി സർക്കാർ. മുഖ്യമന്ത്രി വി.ഡി.സതീശൻ നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി. മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രിക്കൊപ്പം കുടുംബത്തെ സന്ദർശിച്ചു.
ഗൗതമിനെ കാണാതായി പത്താം നാളാണ് മുഖ്യമന്ത്രി ഇവിടെയെത്തുന്നത്. ഗൗതമിന്റെ അമ്മ രേഷ്മയുമായി മുഖ്യമന്ത്രി സംസാരിച്ചു. ആശങ്കകളും പരാതികളും കുടുംബം മുഖ്യമന്ത്രിയുമായി പങ്കുവച്ചു.
അതേസമയം വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കാണാതായവരുടെ വീടുകളിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തിയിരുന്നു.
Kerala
തിരുവനന്തപുരത്ത്: മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ കുടുംബത്തെ സന്ദർശിച്ച് മന്ത്രിമാർ. വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കാണാതായവരുടെ വീടുകളിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തിയത്
പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തിരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കടലിൽ കാണാതായാൽ തിരച്ചിൽ നടത്തുന്നതിന് മാർഗരേഖ ഉടൻ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു.
വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ വീട്ടിൽ 11 ആം നാളാണ് മന്ത്രിമാരെത്തിയത്. 10 ദിവസമായിട്ടും മന്ത്രി പ്രദേശത്തേക്ക് എത്താത്തതിൽ ആക്ഷേപം ഉയരുന്നുവെന്നത് ചൂണ്ടിക്കാണിച്ചപ്പോൾ തിരച്ചിലിനാണ് പ്രാധാന്യം കൊടുത്തത് എന്നായിരുന്നു ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറിന്റെ പ്രതികരണം. ഏറ്റവും നല്ല രീതിയിലുള്ള തിരച്ചിലാണ് നടത്തുന്നത്. അത് ഇപ്പോഴും തുടരുകയാണ്. അതിനു പിന്നിലുള്ള കാര്യങ്ങൾ ചെയ്യുന്നതിനാണ് പ്രാധാന്യം നൽകിയതെന്നും മന്ത്രി പറഞ്ഞു.
മുതലപ്പൊഴിയിൽ കാണാതായ ഷിജിന്റെ വീട്ടിലും മന്ത്രിമാർ സന്ദർശനം നടത്തി. ആദ്യ മണിക്കൂറുകളിൽ തന്നെ കോസ്റ്റ് ഗാർഡിനെ ഇറക്കുന്നതിന് നടപടി വേണമെന്ന ആവശ്യവും വീട്ടുകാർ മന്ത്രിമാർക്കു മുമ്പാകെ ഉന്നയിച്ചു.
Kerala
തിരുവനന്തപുരം : വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വെട്ടേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പരവൂർ കോട്ടപ്പുറം ഉഷസിൽ വാടകയ്ക്ക് താമസിക്കുന്ന ബാലചന്ദ്രൻ ഉണ്ണിത്താൻ (62) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്.
കഴിഞ്ഞ ജൂലൈ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലചന്ദ്രൻ ഉണ്ണിത്താൻ വാടകയ്ക്ക് താമസിക്കുന്ന വീടിനുമുന്നിൽ ഓട്ടോറിക്ഷ പാർക്ക് ചെയ്തത് പ്രതിയായ ഉല്ലാസ് ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ കൈയിൽ കരുതിയിരുന്ന വലിയ കത്തിയുപയോഗിച്ച് ഉല്ലാസ് ബാലചന്ദ്രന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. തടസം പിടിക്കാൻ എത്തിയ ബാലചന്ദ്രന്റെ മകനും സുഹൃത്തിനും ഈ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
ഗുരുതരമായി പരിക്കേറ്റ് ഒരു മാസമായി വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്ന ബാലചന്ദ്രൻ ഞായറാഴ്ച ഉച്ചയോടെയാണ് കീഴടങ്ങിയത്. ശ്രീകലയാണ് ഭാര്യ; ഭരത്, ഭാവന എന്നിവരാണ് മക്കൾ. സംസ്കാരം ഇന്ന് വൈകിട്ട് മകളുടെ വസതിയിൽ നടക്കും. അതേസമയം പ്രതി ഉല്ലാസ് മോഹൻ (സായിപ്പ്–40) റിമാൻഡിലാണ്.
Kerala
പാലക്കാട്: കൊല്ലങ്കോട്ട് പഴയ വാട്ടർ ടാങ്ക് പൊളിച്ച് മാറ്റുന്നതിനിടെ ലക്ഷ്യം തെറ്റി തകർന്നു വീണ് വൻ അപകടം. മെഷീനുകൾ ഉപയോഗിച്ച് ടാങ്ക് പൊളിച്ചുനീക്കാൻ ശ്രമിക്കുന്നതിനിടെ, കണക്കുകൂട്ടിയ ഭാഗത്തിന് എതിരായി മറുവശത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
ഈ അപ്രതീക്ഷിത വീഴ്ചയിൽ സമീപത്തെ ഒരു വീടിന്റെ മേൽക്കൂരയും വില്ലേജ് ഓഫീസിന്റെ മതിൽക്കെട്ടും ഗേറ്റും തകർന്നു തരിപ്പണമായി. തൊഴിലാളികളും നാട്ടുകാരുമടക്കം നിരവധി പേർ ഈ സമയം സ്ഥലത്തുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്.
അപകടത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീഴുകയും പ്രദേശത്താകെ വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തു. ഭാഗ്യം കൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായതെന്ന് സംഭവത്തിന് ദൃക്സാക്ഷികൾ പറഞ്ഞു.
Kerala
കോഴിക്കോട്: കർണാടകയിലെ ബിഡദിക്കടുത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ഗതാഗത മന്ത്രി സി.പി ജോൺ. അപകടത്തെത്തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ബസിന് പഴക്കമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് മന്ത്രി പ്രതികരിച്ചു.
ബസ് ഓടിച്ചിരുന്ന ഡ്രൈവർ മിഥിലേഷ് ദീർഘദൂര സർവീസുകളിൽ സ്ഥിരപരിചയമുള്ള ആളാണ്. പതിനാറു മണിക്കൂർ ഇടവേളയ്ക്ക് ശേഷമാണ് ഇയാൾ വീണ്ടും ജോലിയിൽ പ്രവേശിച്ചതെന്നും അതിനാൽത്തന്നെ ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. നിയമപരമായ യാതൊരുവിധ അപാകതകളും ഇതിലില്ലെന്നും, ഇക്കാര്യത്തിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണാജനകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ബസ് ഓടിച്ച ഡ്രൈവറെ അന്നു രാത്രി തന്നെ ബംഗളൂരു സർവീസിനായി വീണ്ടും നിയോഗിച്ചുവെന്നും, അതിനാൽ അദ്ദേഹത്തിന് വിശ്രമം ലഭിച്ചില്ലെന്നുമായിരുന്നു പ്രധാന ആക്ഷേപം. കൂടാതെ സ്ഥിരം ജീവനക്കാർക്ക് പകരം താൽക്കാലിക ജീവനക്കാരനാണ് വണ്ടി ഓടിച്ചതെന്ന തരത്തിലുള്ള വിമർശനങ്ങളും ശക്തമായിരുന്നു. ഈ ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടാണ് മന്ത്രിയുടെ പ്രതികരണം.
Kerala
കോഴിക്കോട്: കുറ്റ്യാടി നിട്ടൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. നിട്ടൂർ മോട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റു.
ഞായറാഴ്ച രാത്രി പത്തോടെയാണ് നിട്ടൂർ മോട്ടന്തറ ഭാഗത്ത് അക്രമ സംഭവം നടന്നത്. സ്കൂട്ടറിലെത്തിയ ആറംഗ സംഘം തങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ വ്യക്തമാക്കി.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷോജിൻ, ബബിൻ എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റൊരു യുവാവായ അശ്വിൻ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിലെ മുഖ്യപ്രതിയായ നാദാപുരം ചേലക്കാട് സ്വദേശി മലയിൽ ശ്രീജിത്തിനെ കുറ്റ്യാടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
National
ഗൂഡല്ലൂർ: ഗൂഡല്ലൂരിന് സമീപം ഓവേലിയിൽ തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ച് കൊന്നു. ലാരൻസ്റ്റൻ തേയിലത്തോട്ടത്തിലെ തൊഴിലാളിയായ ബാലകൃഷ്ണൻ മരുതൻ (65) ആണ് കൊല്ലപ്പെട്ടത്.
വനത്തോട് ചേർന്നുള്ള പാടിയിലാണ് ഇയാൾ താമസിച്ചിരുന്നത്. ശനിയാഴ്ച വൈകുന്നേരം തോട്ടം നനയ്ക്കാനായി ഇറങ്ങിയ ഇദ്ദേഹം ഏറെ വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പമ്പ് ഹൗസിൽ നിന്ന് അഞ്ഞൂറ് മീറ്ററോളം മാറി കുറ്റിക്കാടിന് സമീപത്തുനിന്നുമാണ് ബാലകൃഷ്ണന്റെ മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്. ശരീരത്തിന്റെ ഭൂരിഭാഗവും കടുവ ഭക്ഷിച്ച നിലയിലായിരുന്നു. ബന്ധുക്കൾ വസ്ത്രങ്ങളും മറ്റും കണ്ട് മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
സംഭവത്തെ തുടർന്ന് വനപാലകരുടെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കടുവയ്ക്കായുള്ള തിരച്ചിലിന്റെ ഭാഗമായി ഡ്രോണുകൾ, പ്രത്യേക നിരീക്ഷണ ക്യാമറകൾ, ബൈനോക്കുലറുകൾ എന്നിവ ഉപയോഗിച്ചുള്ള പരിശോധനയാണ് വനംവകുപ്പ് ഊർജിതമാക്കിയിരിക്കുന്നത്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യത്തിനല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
National
ചെന്നൈ: കാവേരി നദീജല തർക്കം നിലനിൽക്കുന്നതിനിടെ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ കർണാടക സന്ദർശനത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം. വിജയ് തെറ്റായ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് മുൻമുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആവശ്യപ്പെട്ടു.
നേരിട്ടുള്ള ചർച്ചകൾക്ക് പകരം നിയമപോരാട്ടമാണ് ഇതുവരെ തമിഴ്നാട് സ്വീകരിച്ചിരുന്ന നിലപാടെന്നും സ്റ്റാലിൻ വ്യക്തമാക്കി. കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായി ഓഗസ്റ്റ് മൂന്നിനാണ് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. വിഷയം ചർച്ച ചെയ്യാൻ ഉടൻ സർവകക്ഷി യോഗം വിളിക്കണമെന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഈ തലകൂടിക്കഴ്ച തമിഴ്നാടിന്റെ ജലാവകാശത്തിന് വലിയ തിരിച്ചടിയാകുമെന്ന് ഇപിഎസ് ചൂണ്ടിക്കാട്ടി. തമിഴ്നാടിന് അർഹമായ വെള്ളം വിട്ടുനൽകാൻ കർണാടക തയ്യാറാകാത്തതിനും, കാവേരിക്ക് കുറുകെ അണക്കെട്ട് നിർമ്മിക്കാൻ ശ്രമിക്കുന്നതിനും ഇടയിലാണ് വിജയിയുടെ സന്ദർശനം.
Kerala
കോട്ടയം: പ്രശസ്ത നോക്കുവിദ്യ പാവകളി കലാകാരിയും പത്മശ്രീ പുരസ്കാര ജേതാവുമായ മൂഴിക്കൽ പങ്കജാക്ഷി (പങ്കജാക്ഷി അമ്മ) അന്തരിച്ചു. ഇന്ന് രാവിലെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കോട്ടയം ജില്ലയിലെ മോനിപ്പള്ളി സ്വദേശിനിയാണ്.
പരമ്പരാഗത പാവകളി കലാരൂപത്തിന് നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് 2020-ൽ രാജ്യം പത്മശ്രീ നൽകി ഇവരെ ആദരിച്ചത്. ഫോക് ലോർ അക്കാദമിയുടെ അവാർഡും ഫെല്ലോഷിപ്പും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കേരള ടൂറിസത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഈ പങ്കജാക്ഷി അമ്മയെക്കുറിച്ചുള്ള ആദരസൂചകമായ പരാമർശങ്ങളുണ്ട്.
പതിനൊന്നാം വയസ് മുതൽ പാവകളി രംഗത്ത് സജീവമായിരുന്ന പങ്കജാക്ഷി അമ്മ, ഫ്രാൻസ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ ഈ പരമ്പരാഗത കലാരൂപം അവതരിപ്പിച്ച് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പാവകളി കലാകാരന്മാരായിരുന്ന മാതാപിതാക്കളിൽ നിന്നാണ് ഈ കലയുടെ ആദ്യപാഠങ്ങൾ അഭ്യസിച്ചത്. നോക്കുവിദ്യ പാവകളി എന്ന അപൂർവ കലയെ വരുംതലമുറയ്ക്കായി നിലനിർത്തുന്നതിൽ ഇവർ നിർണായക പങ്കുവഹിച്ചു.