Business
തൃശൂർ: പ്രമുഖ വിനോദസഞ്ചാര-തീംപാർക്ക് ശൃംഖലയായ സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്ട്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരിവില്പന (ഐപിഒ) നാളെ ആരംഭിച്ച് 28ന് അവസാനിക്കും. 61.98 ലക്ഷം ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ 82.43 കോടി സമാഹരിക്കാനാണു ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ എസ്എംഇ പ്ലാറ്റ്ഫോമിൽ 31നാണു കന്പനിയുടെ ലിസ്റ്റിംഗ്. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിനു 123 മുതൽ 133 രൂപ നിലവാരത്തിലാകും വില്പന. ആങ്കർ നിക്ഷേപകർക്കുള്ള ബിഡിംഗ് ഇന്നു നടക്കും. മൊത്തം ഓഹരികളിൽ 17.61 ലക്ഷം ഇവർക്കായി വകയിരുത്തിയിട്ടുണ്ട്.
ആങ്കർ ഒഴികെയുള്ള നിക്ഷേപകസ്ഥാപനങ്ങൾക്കായി 11.76 ലക്ഷം ഓഹരികളും നീക്കിവച്ചു. നോണ് ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്ക് 8.88 ലക്ഷവും വ്യക്തിഗത റീട്ടെയ്ൽ നിക്ഷേപകർക്കു കുറഞ്ഞത് 20.62 ലക്ഷം ഓഹരികളും ലഭിക്കും. ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 2000 ഓഹരികളാണ്. തുടർന്ന് 1000 ഓഹരികളുടെ ഗുണിതങ്ങളായി അപേക്ഷിക്കാം.
ലക്നോ സ്നോ പാർക്ക്, ഫാമിലി എന്റർടെയ്ൻമെന്റ് സെന്റർ, അതിരപ്പിള്ളിയിലെ തീം പാർക്കിന്റെ വികസനം, പൊതുവായ കോർപറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി തുക വിനിയോഗിക്കും. 25 വർഷത്തിനിടെ സിൽവർസ്റ്റോം മികച്ച വിനോദസഞ്ചാരകേന്ദ്രമായി മാറിയെന്നും ജംഷഡ്പുരിലേക്കു സാന്നിധ്യം വ്യാപിപ്പിച്ചെന്നും സിൽവർ സ്റ്റോം പാർക്സ് ആൻഡ് റിസോർട്ട്സ് എംഡി എ.ഐ. ഷാലിമാർ പറഞ്ഞു.
അതിരപ്പിള്ളിയിൽ അമ്യൂസ്മെന്റ് വാട്ടർപാർക്ക്, ഇൻഡോർ സ്നോപാർക്ക്, റിസോർട്ട്, ഭക്ഷണശാലകൾ എന്നിവയ്ക്കൊപ്പം കേബിൾ കാർ, ഫോറസ്റ്റ് വില്ലേജ് എന്നിവയും ഓണത്തിനു തുറക്കും. കഴിഞ്ഞ ഒക്ടോബറിൽ ജംഷഡ്പുരിൽ ഇൻഡോർ സ്നോപാർക്ക് തുറന്നു. ലക്നൗവിലെ ഓമാക്സ് ഹസ്രത്ഗഞ്ച് മാളിൽ പുതിയ സ്നോപാർക്കും വിനോദസഞ്ചാരകേന്ദ്രവും ആരംഭിക്കും.
2025-26 സാന്പത്തികവർഷം കന്പനിയുടെ മൊത്തം വരുമാനം 44.85 കോടിയും അറ്റാദായം 19.10 കോടിയുമാണ്. മുൻവർഷം യഥാക്രമം 31.64 കോടിയും 9.71 കോടിയുമായിരുന്നെന്നു മാനേജിംഗ് ഡയറക്ടർ എ.ഐ. ഷാലിമാർ, ചെയർമാൻ അബ്ദുൽ ജലീൽ, പ്രൊമോട്ടർ വി.എ. സിറാജ്, സ്വതന്ത്ര ഡയറക്ടർ കെ. അരവിന്ദാക്ഷൻ, സിഎഫ്ഒ കെ. രാമചന്ദ്രൻ എന്നിവർ അറിയിച്ചു. ഫോണ്: 9188905079.
Business
കൊച്ചി/മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ സർവീസ് വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ് പ്രാഥമിക ഓഹരി വിൽപ്പനയ്ക്കായുള്ള കരട് രേഖകൾ വിപണി നിയന്ത്രണ ഏജൻസിയായ സെബിക്ക് സമർപ്പിച്ചു.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 49-ാമത് വാർഷിക പൊതുയോഗത്തിലാണ് കന്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
വിപണി വിദഗ്ധരുടെ വിലയിരുത്തൽ അനുസരിച്ച്, 130 മുതൽ 180 ബില്യണ് ഡോളർ വരെ മൂല്യത്തിലാണ് ജിയോ പ്ലാറ്റ്ഫോംസ് വിപണിയിലേക്ക് എത്തുന്നത്. അങ്ങനെയാണെങ്കിൽ ഇന്ത്യൻ ഓഹരി വിപണി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇത്.
“ജിയോ പ്ലാറ്റ്ഫോംസിന്റെ ബോർഡ് ഇന്ന് (വെള്ളിയാഴ്ച) രാവിലെ ഐപിഒയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസിന്’ അംഗീകാരം നൽകിയിട്ടുണ്ട്. ഇത് ഇന്ന് (വെള്ളിയാഴ്ച) തന്നെ സെബിയുടെ മുൻപാകെ സമർപ്പിക്കും,” വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി പറഞ്ഞു.
ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 66.43 ശതമാനം ഓഹരികളും റിലയൻസ് ഇൻഡസ്ട്രീസിന്റെ കൈവശമാണുള്ളത്. ബാക്കിയുള്ള 33.57 ശതമാനം ഓഹരികളിൽ 17.71 ശതമാനവും ആഗോള സാങ്കേതിക ഭീമന്മാരായ മെറ്റാ, ഗൂഗിൾ എന്നിവരുടെ പക്കലാണ്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ ഒൗദ്യോഗിക വിവര പ്രകാരം, 10 രൂപ മുഖവിലയുള്ള 27 കോടി വരെയുള്ള പുതിയ ഇക്വിറ്റി ഓഹരികളാണ് ജിയോ വിപണിയിൽ ഇറക്കുന്നത്.
സെബിയുടെ നിബന്ധനകൾക്ക് വിധേയമായി ‘ബുക്ക് ബിൽഡിംഗ്’ പ്രക്രിയയിലൂടെയായിരിക്കും ഓഹരികളുടെ വില നിശ്ചയിക്കുക. ആവശ്യമായ നിയന്ത്രണ അനുമതികൾ ലഭിക്കുന്ന മുറയ്ക്കായിരിക്കും ഐപിഒ നടപടികൾ പൂർത്തിയാകുക.
Business
മുംബൈ: ഫിൻടെക് രംഗത്തെ മുൻനിര കന്പനിയായ റേസർപേ (Razorpay) പ്രാഥമിക ഓഹരിവില്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. രഹസ്യാത്മക രീതിയിൽ സെബിക്ക് അപേക്ഷ നല്കാൻ കന്പനി തയാറെടുക്കുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഐപിഒയിലൂടെ 600 മില്യണ് ഡോളർ മുതൽ 700 മില്യണ് ഡോളർ വരെ സമാഹരിക്കാനാണ് നീക്കം. ഇതിലൂടെ ഏകദേശം 5-6 ബില്യണ് ഡോളർ മൂല്യനിർണയമാണ് കന്പനി പ്രതീക്ഷിക്കുന്നത്. നാലു വർഷം മുന്പ് ഉണ്ടായിരുന്ന 7.5 ബില്യണ് എന്ന ഉയർന്ന മൂല്യത്തിൽനിന്നുള്ള കുറവാണിത്.
സാന്പത്തിക വിവരങ്ങളും മറ്റ് ബിസിനസ് രഹസ്യങ്ങളും പൊതുജനത്തോട് വെളിപ്പെടുത്താതെതന്നെ ഐപിഒ രേഖകൾ സെബിയിൽ സമർപ്പിക്കാൻ കന്പനികൾ കോണ്ഫിഡൻഷ്യൽ ഫയലിംഗ് രീതിയാണ് ഉപയോഗിക്കുന്നത്. സ്വിഗ്ഗി, ഗ്രോ, മീഷോ, സെപ്റ്റോ തുടങ്ങി പുതിയ കാലത്തെ സ്റ്റാർട്ടപ്പുകൾ അടുത്ത കാലത്തായി ഈ രീതി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
വിപണിയിലെ അനിശ്ചിതത്വം മൂലം വാൾമാർട്ടിന്റെ പിന്തുണയുള്ള ഫിൻടെക് കന്പനിയായ ഫോണ്പേ അവരുടെ ഐപിഒ നീക്കങ്ങൾ നീട്ടിവച്ച സമയത്താണ് റേസർപേയുടെ ഐപിഒ നീക്കങ്ങൾ. 2014ൽ ഹർഷിൽ മാത്തൂർ, ശശാങ്ക് കുമാർ എന്നിവർ ചേർന്ന് സ്ഥാപിച്ചതാണ് റേസർപേ.
2025 സാന്പത്തികവർഷം കന്പനിയുടെ വരുമാനം 65 ശതമാനം ഉയർന്ന് 3,783 കോടി രൂപയായി. തൊട്ടു മുൻ സാന്പത്തികവർഷം ഇത് 2,296 കോടി രൂപയായിരുന്നു. 1,209 കോടി രൂപയായിരുന്നു നഷ്ടം. ഇക്കഴിഞ്ഞ സാന്പത്തികവർഷത്തെ വരുമാന കണക്കുകൾ കന്പനി പുറത്തുവിട്ടിട്ടില്ല.
Business
കൊച്ചി: ഗൃഹോപകരണങ്ങള്ക്കും ഫര്ണിച്ചറിനുമുള്ള ഓണ്ലൈന് വാടക, സബ്സ്ക്രിപ്ഷന് പ്ലാറ്റ്ഫോമായ റെന്റോമോജോ ലിമിറ്റഡ് പ്രാഥമിക പൊതു ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിക്ക് പ്രാരംഭ രേഖകള് (ഡിആര്എച്ച്പി) സമര്പ്പിച്ചു.
150 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും ഒരു രൂപ മുഖവിലയുള്ള 2,83,99,567 ഇക്വിറ്റി ഓഹരികളുടെ ഓഫര് ഫോര് സെയിലുമാണ് ഐപിഒയില് ഉള്പ്പെടുത്തിയിരിക്കുന്നത്.
Business
കൊച്ചി: പ്രമുഖ പൊതുമേഖലാ മിനിരത്ന സ്ഥാപനമായ സെന്ട്രല് മൈന് പ്ലാനിംഗ് ആന്ഡ് ഡിസൈന് ഇന്സ്റ്റിറ്റ്യൂട്ട് ലിമിറ്റഡിന്റെ പ്രാരംഭ ഓഹരിവില്പന നാളെ ആരംഭിച്ച് 24ന് അവസാനിക്കും.
രണ്ടുരൂപ മുഖവില വരുന്ന ഒരു ഓഹരിക്ക് 163 രൂപ മുതല് 172 രൂപ വരെയാണു പ്രൈസ് ബാന്ഡ്. അപേക്ഷകര്ക്ക് കുറഞ്ഞത് 80 ഓഹരികളും തുടര്ന്ന് 80ന്റെ ഗുണിതങ്ങളായും ഓഹരികള് വാങ്ങാം.
Business
കൊച്ചി: ഇന്ത്യയുടെ ഇന്റര്നാഷണല് ഫിനാന്ഷ്യല് സര്വീസസ് സെന്ററായ ഗിഫ്റ്റ് സിറ്റിയില്നിന്നുള്ള (ഐഎഫ്എസ്സി) ആദ്യ ഐപിഒ മാര്ച്ച് ആദ്യവാരം തുടങ്ങും.
ആഗോളതലത്തില് എക്സിക്യൂട്ടീവ് വിദ്യാഭ്യാസരംഗത്തു പ്രവര്ത്തിക്കുന്ന എക്സ്ഇഡിയില്നിന്നാണ് 12 ദശലക്ഷം ഡോളര് സമാഹരിക്കാന് ലക്ഷ്യമിട്ട് ഐപിഒ എത്തുന്നത്.
ആഗോളതലത്തിലുള്ള വികസനം, സര്വകലാശാലകളുമായുള്ള പങ്കാളിത്ത വിപുലീകരണം, പ്രധാന വിപണികളിലെ പ്രവര്ത്തനവികസനം എന്നിവയുടെ ഫണ്ടിംഗിനാണ് ഐപിഒയെന്ന് സ്ഥാപകന് കൊച്ചി സ്വദേശിയായ ജോണ് കല്ലേലില് പറഞ്ഞു.
International
ന്യൂയോർക്ക്: ലോകസമ്പന്നൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ്.എഐയും ഓഹരി വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. 2026-ന്റെ രണ്ടാം പകുതിയോടെ ഇരു കമ്പനികളുടെയും പ്രാഥമിക ഓഹരി വില്പന നടന്നേക്കുമെന്നാണ് സൂചനകൾ.
ആഗോള നിക്ഷേപകർ ഏറെക്കാലമായി കാത്തിരിക്കുന്ന ഒന്നാണ് സ്പേസ് എക്സിന്റെ പ്രാഥമിക ഓഹരി വിൽപന. ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ 'സ്റ്റാർലിങ്കിന്റ' വമ്പിച്ച വിജയമാണ് സ്പേസ് എക്സിനെ പൊതുവിപണിയിലേക്ക് എത്തിക്കാൻ മസ്കിനെ പ്രേരിപ്പിക്കുന്നത്. നിലവിൽ ഏകദേശം 250 ബില്യൺ ഡോളറിലധികം മൂല്യം കണക്കാക്കപ്പെടുന്ന സ്പേസ് എക്സ്, വിപണിയിൽ എത്തുന്നതോടെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായി മാറും.
മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംരംഭമായ എക്സ്.എഐയും ഐപിഒയ്ക്ക് തയ്യാറെടുക്കുന്നത് ടെക് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ വളർച്ച കൈവരിച്ച കമ്പനി, ഓപ്പൺ എഐ , ഗൂഗിൾ എന്നിവർക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. നിക്ഷേപ സമാഹരണത്തിലൂടെ എഐ സാങ്കേതികവിദ്യ കൂടുതൽ വികസിപ്പിക്കുകയാണ് മസ്കിന്റെ ലക്ഷ്യം.
Business
കൊച്ചി: സാങ്കേതികവിദ്യ അധിഷ്ഠിത ഇന്ഷ്വറന്സ് വിതരണ പ്ലാറ്റ്ഫോമായ ടര്ട്ടില്മിന്റ് ഫിന്ടെക് സൊലൂഷന്സ് ലിമിറ്റഡ് പ്രാഥമിക ഓഹരിവില്പനയ്ക്ക് അനുമതി തേടി സെബിക്ക് പുതുക്കിയ പ്രാഥമിക രേഖ സമര്പ്പിച്ചു.
660.7 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരിയുടമകളുടെ ഒരു രൂപ മുഖവിലയുള്ള 2,86,08,992 ഇക്വിറ്റി ഓഹരികളുടെ ഓഫര് ഫോര് സെയിലുമാണ് ഐപിഒയില് ഉള്പ്പെടുത്തിയിരിക്കുന്നത്.