മണിപ്പാൽ ഹോസ്പിറ്റൽസ്
മുംബൈ: സിംഗപ്പൂർ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആഗോളതലത്തിലെ പ്രമുഖ നിക്ഷേപക കന്പനിയായ ടെമാസെക്കിന്റെ പിന്തുണയുള്ള മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസിന്റെ (മണിപ്പാൽ ഹോസ്പിറ്റൽസ്) പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) അടുത്ത ആഴ്ച ആദ്യം തന്നെ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്.
ഇതോടെ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഹെൽത്ത് കെയർ ലിസ്റ്റിംഗുകളിലൊന്നിനാണ് കളമൊരുങ്ങുക.
ഐപിഒയിലൂടെ ഏകദേശം 8,000 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 20-25 ദശലക്ഷം ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലും (OFS) ഉണ്ടാകും.
ആകെ ഐപിഒ തുക 1 ബില്യണ്‍ ഡോളറിന് അടുത്തായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എൻഡിടിവി പ്രോഫിറ്റ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ വിപണിയിലെ സാഹചര്യങ്ങൾക്കും നിക്ഷേപകരുടെ ആവശ്യകതയ്ക്കും അനുസരിച്ച് അന്തിമ തുകയിൽ മാറ്റം വരാം.
ടെമാസെക് (Temasek) ആയിരിക്കും ഒഎഫ്എസിലൂടെ ഏറ്റവും കൂടുതൽ ഓഹരികൾ വിറ്റഴിക്കുക. മണിപ്പാൽ ഗ്രൂപ്പും പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടിപിജിയും വിഹിതം കുറയ്ക്കാൻ സാധ്യതയുണ്ട്. സെവന്റി സെക്കൻഡ് ഇൻവെസ്റ്റ്മെന്റ്, നോവോ ഹോൾഡിംഗ്സ്, ഫീനിക്സ് ബെയർ ഇൻവെസ്റ്റ്മെന്റ്സ് എന്നിവരും ഓഹരികൾ വിൽക്കുന്നവരിൽ പങ്കാളികളാകാൻ സാധ്യതയുണ്ട്.
Tags : ManipalHealthEnterprises IPO ManipalHospitals Business