National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഇന്ധന ടാങ്കറിന് നേരെ വീണ്ടും മിസൈൽ ആക്രമണം. ഒമാൻ തീരത്തോട് ചേർന്ന് പനാമ പതാക വഹിച്ച എംടി ഓൺ പീസ് എന്ന വാണിജ്യ കപ്പലിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ 12 നാവികർക്ക് പരിക്കേറ്റു.
ഇതിൽ 11 പേരും ഇന്ത്യക്കാരാണ്. 19 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ 17 പേർ ഇന്ത്യൻ പൗരന്മാരായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ 12 പേരെയും ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കിയതായി മസ്കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഒമാൻ നാവികസേനയുടെ സഹായത്തോടെ അൽ കസബയിലാണ് പരിക്കേറ്റ നാവികരെ എത്തിച്ചത്.
കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. നാവികരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സഹായിച്ച ഒമാൻ അധികൃതർക്ക് ഇന്ത്യ നന്ദി അറിയിക്കുകയും ചെയ്തു. അന്താരാഷ്ട്ര സമുദ്രപാതകളിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്കും നാവികർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങൾ അതീവ ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
Kerala
കൊച്ചി:കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ സുഗതന് തുണയായത് നടപടികളിലെ വീഴ്ച്ച. കാപ്പാ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചില്ലെന്നും മുൻ കേസുകളിൽ അനുവദിച്ച ജാമ്യ വ്യവസ്ഥകൾ ജില്ലാ കളക്ടർ കൃത്യമായി പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി
ക്രൈം 1687/2019ൽ സുഗതന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കൗണ്ടർ കേസ് ഉണ്ടായിരുന്ന കാര്യം കാപ്പാ ഉത്തരവിൽ പരാമർശിച്ചിട്ടില്ല. ക്രൈം 677/2023ൽ ജാമ്യം റദ്ദാക്കൽ ഹർജി തിരിച്ചയച്ചിരുന്നെങ്കിലും അത് പെൻഡിങ്ങാണെന്നായിരുന്നു ഉത്തരവിലെ പരാമർശം. ക്രൈം 723/2025ൽ പരാതിക്കാരൻ ഒത്തുതീർപ്പ് ഹർജി നൽകി കേസ് പിൻവലിച്ച വിവരവും ഉത്തരവിൽ പരിഗണിച്ചില്ല.
ക്രൈം 334/2026ൽ മുൻകൂർ ജാമ്യത്തിനുള്ള സമയം നീട്ടിനൽകിയ ഉത്തരവും നടപടികൾ സ്റ്റേ ചെയ്ത ഉത്തരവും പരിഗണിക്കാതിരുന്നതായും കോടതി ചൂണ്ടിക്കാട്ടി. കാപ്പാ നടപടിക്രമങ്ങളിലെ ഇത്തരം വീഴ്ചകളിലാണ് കോടതി വിമർശനം ഉന്നയിച്ചത്.
ഇതിന് പുറമെ തടവുകാരന് കൈമാറിയ രേഖകളിൽ പല പേജുകളും കാണാനില്ലെന്നും ലഭിച്ച രേഖകളിൽ പലതും വായിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും കോടതി നിരീക്ഷിച്ചു. ഇത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.
സർക്കാരിനും അഡ്വൈസറി ബോർഡിനും മുന്നിൽ കൃത്യമായ പ്രാതിനിധ്യം നൽകാനുള്ള തടവുകാരന്റെ അവകാശം ഇതുവഴി ലംഘിക്കപ്പെട്ടതായും കോടതി ചൂണ്ടിക്കാട്ടി. കരുതൽ തടങ്കലിനെ ചോദ്യം ചെയ്ത് സുഗതൻ നൽകിയ അപേക്ഷ പരിഗണിക്കുന്നതിലും സർക്കാർ വീഴ്ച വരുത്തിയതായി കോടതി നിരീക്ഷിച്ചു.
National
അഗർത്തല: ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിലിന് കീഴിലെ വില്ലേജ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ തിപ്രമോതയ്ക്ക് വൻ വിജയം. 4,597 സീറ്റുകളുള്ള 587 വില്ലേജ് കമ്മിറ്റികളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഇതിൽ 1,644 സീറ്റുകളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
മത്സരിച്ച് നേടിയതും എതിരില്ലാതെ സ്വന്തമാക്കിയതുമടക്കം 3,428 സീറ്റുകളാണ് തിപ്രമോത നേടിയത്. മൊത്തം സീറ്റുകളുടെ 74.62 ശതമാനം തിപ്ര മോതയുടെ അക്കൗണ്ടിലെത്തി. 859 സീറ്റുകളുമായി ബിജെപി രണ്ടാമതെത്തി. സ്വതന്ത്രർ 173 സീറ്റുകളും സിപിഎം 87 സീറ്റുകളും നേടി. ഐപിഎഫ്ടി 33 സീറ്റുകളിലും കോൺഗ്രസ് 14 സീറ്റുകളിലും വിജയിച്ചു.
ത്രിപുരയുടെ മൂന്നിൽ രണ്ട് ഭാഗത്തോളം വരുന്ന ആദിവാസി മേഖലകളിലാണ് വില്ലേജ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നത്. 60 അംഗ നിയമസഭയിലേക്ക് 20 എംഎൽഎമാരെ അയയ്ക്കുന്ന മേഖല കൂടിയാണിത്. അതിനാൽ തന്നെ 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള നിർണായക രാഷ്ട്രീയ സൂചനയായാണ് ഫലം വിലയിരുത്തപ്പെടുന്നത്.
ബിജെപി നേതൃത്വം നൽകുന്ന മുന്നണിയുടെ ഭാഗമാണ് തിപ്ര മോതയെങ്കിലും വില്ലേജ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ പല ഇടങ്ങളിലും ഇരു പാർട്ടികളും നേർക്കുനേർ മത്സരിച്ചു. ഏപ്രിലിൽ നടന്ന ട്രൈബൽ കൗൺസിൽ തെരഞ്ഞെടുപ്പിലും ബിജെപിയും തിപ്രമോതയും വേറിട്ടാണ് മത്സരിച്ചത്. അന്ന് 28ൽ 24 സീറ്റുകൾ തിപ്ര മോത നേടിയിരുന്നു.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയ തിപ്രമോത 13 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. പിന്നീട് എൻഡിഎ സർക്കാരിന്റെ ഭാഗമായി.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും പരിഹസിച്ച് മന്ത്രി രമേശ് ചെന്നിത്തല. ബിജെപി-കോൺഗ്രസ് ഒത്തുകളിയെന്ന എൽഡിഎഫ് ആരോപണത്തിനെതിരെയാണ് ചെന്നിത്തല രംഗത്തെത്തിയത്.
സംസ്ഥാനത്ത് എന്ത് സംഭവിച്ചാലും ബിജെപി-കോൺഗ്രസ് ഒത്തുകളിയാണെന്ന് പറയുന്ന അവസ്ഥയിലാണ് എൽഡിഎഫ് നേതാക്കളെന്ന് അദ്ദേഹം പരിഹസിച്ചു. സൈക്കിൾ തട്ടി നായ ചത്താൽ പോലും ബിജെപി-കോൺഗ്രസ് ഒത്തുകളിയാണെന്ന് പറയുന്ന നിലയിലേക്കാണ് ഇടത് നേതാക്കൾ എത്തിയിരിക്കുന്നത്.
നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പേര് ഉച്ചരിക്കാൻ ഭയപ്പെട്ടിരുന്ന പിണറായി വിജയനാണ് ഇപ്പോൾ കോൺഗ്രസിനെതിരെ ഒത്തുകളി ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഇടത് നേതാക്കളുടെ ആരോപണങ്ങളെല്ലാം ഉണ്ടയില്ലാ വെടി മാത്രമാണെന്ന് ജനങ്ങൾക്ക് അറിയാം.
സംസ്ഥാനത്ത് യാതൊരു തരത്തിലുള്ള ഒത്തുകളിയും നടന്നിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് ഒത്തുകളി നടത്തിയവരാണ് ഇപ്പോൾ ആരോപണവുമായി രംഗത്തെത്തുന്നത്. എന്തുപറഞ്ഞാലും ഇപ്പോൾ ഒത്തുകളിയാണെന്നാണ് ഇവരുടെ വാദം. സ്വന്തം പാപം കഴുകിക്കളയാൻ ഒത്തുകളിച്ചവർ ഞങ്ങളെ കൂട്ടുപിടിക്കേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.
National
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ജനാധിപത്യം പൂർണമായും തകർക്കപ്പെട്ടെന്നും ഇത് രാജ്യദ്രോഹമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനും തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ ഇന്ത്യാ സഖ്യത്തിലെ എംപിമാർ നടത്തിയ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ഗ്യാനേഷ് കുമാറിനെയും മറ്റ് രണ്ട് കമ്മീഷണർമാരെയും നേരിൽ കാണുന്നതിനായി ലോക്സഭയിലെയും രാജ്യസഭയിലെയും മുന്നൂറോളം എംപിമാർ എത്തിയെങ്കിലും പൊലിസ് തങ്ങളെ തടഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നിന്ന് ഏകദേശം 50 വാര അകലെവെച്ചാണ് ജനപ്രതിനിധികളെ തടഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തിന്റെ ശബ്ദത്തെയാണ് ജനപ്രതിനിധികൾ പ്രതിനിധീകരിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. 300 എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ എത്തിയപ്പോൾ അവരെ തടയേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് മനസിലാകുന്നില്ല. തെരഞ്ഞെടുപ്പ് കൃത്യമായി നടത്തുക എന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല.
എന്നാൽ 300 എംപിമാർ കാണാൻ എത്തിയപ്പോൾ ഗ്യാനേഷ് കുമാർ ഭയന്നിരിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ജനപ്രതിനിധികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ പോലും സാധിക്കുന്നില്ലെങ്കിൽ രാജ്യത്ത് ജനാധിപത്യത്തിന് എന്താണ് അർഥമെന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് മോഷ്ടിച്ച് രാജ്യത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്.
അമിത് ഷാ, മോഹൻ ഭാഗവത് എന്നിവർക്കൊപ്പം ഗ്യാനേഷ് കുമാറും ഇതിന് സഹായം നൽകിയെന്നാണ് രാഹുലിന്റെ ആരോപണം. രാജ്യത്തെ ജനാധിപത്യം ഇല്ലാതാക്കിയെന്ന കാര്യം രാജ്യത്തെ ജനങ്ങൾക്കും യുവാക്കൾക്കും തങ്ങളെ തടഞ്ഞ പൊലിസുകാർക്ക് പോലും ബോധ്യമുള്ള വസ്തുതയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Kerala
തൃശൂർ: പ്രിയദർശിനി പദ്ധതിമൂലം പ്രതിസന്ധിയിലായ സ്വകാര്യബസുകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉടമകൾ പ്രതിഷേധത്തിലേക്ക്. സമരത്തിന്റെ ആദ്യപടിയായി 14ന് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച്.
പ്രിയദർശിനി പദ്ധതി മൂലം ബസുടമകളും ജീവനക്കാരും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. പ്രവർത്തനച്ചെലവിന് ആനുപാതികമായി ബസ് ചാർജ് വർധിപ്പിക്കണമെന്നും വിദ്യാർഥികളുടെ കൺസഷൻ നിരക്കിലും വർധന വരുത്തണമെന്നുമാണ് ഫെഡറേഷൻ ആവശ്യപ്പെടുന്നത്.
സർക്കാർ അനുകൂലമായ തീരുമാനം കൈക്കൊള്ളാത്ത പക്ഷം സമരം കൂടുതൽ ശക്തമാക്കുമെന്നും ബസുടമകൾ മുന്നറിയിപ്പ് നൽകി. രണ്ടാം ഘട്ടമായി ഒക്ടോബർ അവസാന വാരം സെക്രട്ടേറിയറ്റ് പടിക്കൽ ഫെഡറേഷൻ ഭാരവാഹികൾ നിരാഹാര സമരം നടത്തും. ഇതിനുശേഷവും ആവശ്യങ്ങളിൽ നടപടി ഉണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സംസ്ഥാനവ്യാപകമായി സർവീസുകൾ നിർത്തിവയ്ക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
International
ലണ്ടൻ: പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരനും കൺസർവേറ്റീവ് പാർട്ടി നേതാവുമായിരുന്ന ജെഫ്രി ആർച്ചർ (86) അന്തരിച്ചു. തിങ്കളാഴ്ച ലണ്ടനിലെ വസതിയിൽവെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ ആദം ആൻഡ് ഈവ് പുറത്തിറങ്ങാനിരിക്കെയാണ് വിയോഗമെന്ന് പ്രസാധകരായ ഹാർപ്പർ കോളിൻസ് അറിയിച്ചു.
ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായിരുന്നു ആർച്ചർ. അഞ്ചു പതിറ്റാണ്ട് നീണ്ട സാഹിത്യരചനകളിൽ പിറന്ന കൃതികളുടെ 300 ദശലക്ഷത്തിലധികം കോപ്പികൾ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. 1976-ൽ പുറത്തിറങ്ങിയ നോട്ട് എ പെന്നി മോർ, നോട്ട് എ പെന്നി ലെസ് എന്ന കന്നി നോവലും 1979-ൽ പുറത്തിറങ്ങിയ കെയ്ൻ ആൻഡ് ആബെൽ എന്ന പുസ്തകവും അദ്ദേഹത്തിന്റെ ജനപ്രീതി നേടിയ കൃതികളിൽ ചിലതാണ്.
അവസാന നോവലായ ആദം ആൻഡ് ഈവ് പ്രസിദ്ധീകരിക്കാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കൺസർവേറ്റീവ് പാർട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയരംഗത്ത് സജീവമായത്. കൺസർവേറ്റീവ് പാർട്ടിയുടെ മുൻ എംപിയായിരുന്നു. 1969-ൽ ലിങ്കൺഷയറിലെ ലൗത്ത് മണ്ഡലത്തിൽ നിന്ന് ആർച്ചർ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.
Kerala
തിരുവനന്തപുരം: എയിംസ് വിഷയത്തിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും കെ.മുരളീധരനും തമ്മിലുള്ള വാക്പോര് ശക്തമാകുന്നു. എയിംസിന് തൃശൂരാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന സുരേഷ് ഗോപിയുടെ നിലപാടിന് മറുപടിയുമായി മന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. എയിംസ് വിഷയത്തിൽ സംസ്ഥാന സർക്കാരിന് തുറന്ന മനസാണ്.
തൃശൂരിൽ എയിംസ് വേണമെന്ന് പറയുന്ന സുരേഷ് ഗോപി ആദ്യം സ്ഥലം എവിടെയാണെന്ന് കാണിച്ചുതരട്ടെയെന്നും മുരളീധരൻ പറഞ്ഞു. സുരേഷ് ഗോപിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നില്ലെന്നും വിഷയത്തെ രാഷ്ട്രീയമായി മാത്രമാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ എയിംസിന് അനുയോജ്യമായ സ്ഥലം തൃശൂരാണെന്നാണ് സുരേഷ് ഗോപി നേരത്തെ പറഞ്ഞത്.
താൻ ബിജെപി എംപിയായതിനാൽ എയിംസ് തൃശൂരിൽ വരരുതെന്ന് സംസ്ഥാനം തീരുമാനിച്ചാലും അവിടെ തന്നെ വരുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. സാമ്പത്തികമായി പരിഗണിക്കുമ്പോൾ ആലപ്പുഴയാണ് അനുയോജ്യമെങ്കിലും എയിംസിന് ആവശ്യമായ ശാന്തമായ അന്തരീക്ഷം തൃശൂരിലുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
മന്ത്രി കെ. മുരളീധരന് ധൈര്യമുണ്ടെങ്കിൽ തന്റെ കൂടെ ഇരിക്കണമെന്നും മുഖ്യമന്ത്രിക്ക് കാര്യങ്ങൾ മനസിലായിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. അതേസമയം കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി കോട്ടയത്തെ വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് കെ. മുരളീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
Kerala
പത്തനംതിട്ട: തെറ്റുതിരുത്തലിന്റെ ഭാഗമായി സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് നാടകീയ രംഗങ്ങൾ. തിരുവല്ല അർബൻ ബാങ്ക് വായ്പ ക്രമക്കേടിലൂടെ സ്ഥലം തട്ടിയെടുത്തുവെന്ന ഗുരുതര ആരോപണവുമായി ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനെതിരെയാണ് പാർട്ടി പ്രവർത്തകൻ ഒറ്റയാൾ പ്രതിഷേധം നടത്തിയത്.
യോഗം ആരംഭിക്കുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. തിരുവല്ല നെടുംപ്രം സ്വദേശിയും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ ബാലകൃഷ്ണനാണ് മുതിർന്ന നേതാവ് ആർ. സനൽകുമാറിനും മുൻ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം.സി. അനീഷിനുമെതിരെ പ്ലക്കാർഡുമായി രംഗത്തെത്തിയത്. തിരുവല്ല അർബൻ ബാങ്ക് ഭരണസമിതിയുടെ ഭാഗമായ ഈ നേതാക്കൾ ക്രമക്കേടിലൂടെ സ്ഥലം തട്ടിയെടുത്തെന്നാണ് അദ്ദേഹത്തിന്റെ പരാതി.
പാർട്ടി ഘടകങ്ങളിൽ നിന്ന് നീതി കിട്ടാതെ വന്നതുകൊണ്ടാണ് പരസ്യപ്രതിഷേധത്തിന് ഇറങ്ങേണ്ടി വന്നതെന്ന് ബാലകൃഷ്ണൻ വ്യക്തമാക്കി. എന്നാൽ ആരോപണങ്ങൾ ആർ.സനൽകുമാർ തള്ളിക്കളഞ്ഞു. വിപുലീകൃത യോഗ ദിവസം തന്നെ ചില ക്രിമിനൽ സംഘങ്ങൾ ബാലകൃഷ്ണനെ ഉപയോഗിച്ച് ഇത് ചെയ്യിച്ചതാണെന്നാണ് പാർട്ടിയുടെ വിശദീകരണം.
Kerala
കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. എയിംസിന് ഏറ്റവും അനുയോജ്യമായ സ്ഥലം തൃശൂരാണ്. താൻ ബിജെപി എംപിയായതിനാൽ എയിംസ് തൃശൂരിൽ വരരുതെന്ന് സംസ്ഥാനം തീരുമാനിച്ചാലും അത് തൃശൂരിൽ തന്നെ വരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
സാമ്പത്തികമായി പരിഗണിക്കുമ്പോൾ എയിംസ് സ്ഥാപിക്കാൻ ആലപ്പുഴയാണ് അനുയോജ്യം. എന്നാൽ തൃശൂരിൽ എയിംസിന് ആവശ്യമായ ശാന്തമായ അന്തരീക്ഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം സമർപ്പിച്ച ഒമ്പതു സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് തൃശൂരിനെ ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്നും സുരേഷ് ഗോപി ആരോപിച്ചു.
തന്റെ അറിവില്ലാതെ കേരളത്തിൽ എയിംസ് അനുവദിക്കില്ലെന്നും ഈ വിഷയത്തിൽ വിശദീകരിച്ച് താൻ മടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി കോട്ടയത്തെ വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
കെ.മുരളീധരനെ വിമർശിച്ച സുരേഷ് ഗോപി ധൈര്യമുണ്ടെങ്കിൽ തന്റെ കൂടെ ഇരിക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് കാര്യങ്ങൾ മനസിലായിട്ടുണ്ടെന്നും കേന്ദ്രസഹമന്ത്രി വ്യക്തമാക്കി. കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കേരളത്തെ എയിംസിനായി പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
Sports
ദുബായി: വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് ക്രിക്കറ്റിൽ (ഡബ്ല്യുസിഎൽ) നിന്ന് പാക്കിസ്ഥാൻ പിന്മാറി. പാക്കിസ്താൻ ടീമിനോട് ഇന്ത്യൻ ടീം മാപ്പ് പറയണമെന്ന ആവശ്യം സംഘാടകർ തള്ളിയതിനെ തുടർന്നാണ് ഈ നീക്കം. കഴിഞ്ഞ സീസണിൽ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു.
ഇതിന് ഇന്ത്യ മാപ്പ് പറയണമെന്നായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം. കഴിഞ്ഞ സീസണിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ ഇന്ത്യ-പാക്കിസ്ഥാൻ മത്സരവുമായി ബന്ധപ്പെട്ട് പാക് ക്രിക്കറ്റ് ബോർഡ് സംഘാടകർക്ക് മുന്നിൽ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾ സംഘാടകർ അംഗീകരിച്ചില്ല.
തുടർന്നാണ് ടൂർണമെന്റിൽ നിന്ന് പിന്മാറാൻ പാക്കിസ്ഥാൻ ടീം തീരുമാനിച്ചത്. എന്നാൽ ചില അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണമാണ് പാക്കിസ്ഥാൻ പിന്മാറിയതെന്നാണ് ഡബ്ല്യുസിഎൽ സംഘാടകരുടെ വിശദീകരണം. കഴിഞ്ഞ സീസണിൽ പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും ജനവികാരവും കണക്കിലെടുത്താണ് ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കാതിരുന്നത്.
National
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റിയ സംഭവത്തിൽ വ്യക്തമായ മറുപടി നൽകാതെ സിപിഎം നേതാക്കൾ. കാര്യങ്ങൾ വ്യക്തമായി പഠിക്കാതെ ഊഹങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കില്ലെന്ന് കെ.കെ.ഷൈലജ പറഞ്ഞു. പാലക്കാട്ടെ പരാതിയെക്കുറിച്ച് തനിക്ക് അറിവില്ല.
ജില്ലാ തലത്തിലുള്ള വിഷയങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തിയാൽ മാത്രമേ അറിയുകയുള്ളൂവെന്നും ഷൈലജ വ്യക്തമാക്കി. പാർട്ടി കോടതി അല്ലെന്നും എന്നാൽ ചെറിയ തെറ്റുകളിൽ പോലും കർശന നടപടി സ്വീകരിക്കുന്ന പാരമ്പര്യമാണ് സിപിഎമ്മിനുള്ളതെന്നും അവർ പറഞ്ഞു. സുരേഷ് ബാബുവിനെതിരെ കോൺഗ്രസ് നടത്തുന്ന പൂവൻകോഴി പ്രതിഷേധം അവരുടെ അവകാശമാണെന്നും ഷൈലജ വ്യക്തമാക്കി.
പാലക്കാട് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും പത്തനംതിട്ടയിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുമാണ് കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് പ്രതികരിച്ചത്. പാലക്കാട് സംഘടനാപരമായ നടപടിയാണ് എടുത്തതെന്നും കാര്യങ്ങൾ യഥാസമയം വിശദീകരിച്ചിട്ടും മാധ്യമങ്ങൾ ഇല്ലാത്ത കഥകൾ മെനയുകയാണെന്നും ഇ.പി.ജയരാജൻ കുറ്റപ്പെടുത്തി.
Kerala
ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി.സുധാകരനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി മുൻ എംഎൽഎയും സിപിഎം നേതാവുമായ എച്ച്.സലാം. അഴിമതിവിരുദ്ധ പ്രതിച്ഛായ കൊണ്ടുനടക്കുന്ന ജി.സുധാകരൻ ഹരിചന്ദ്രനാകാൻ നോക്കേണ്ട. സുധാകരന്റെ യഥാർത്ഥ സ്വഭാവം എല്ലാവർക്കും അറിയാമെന്നും സലാം ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചു.
തെരഞ്ഞെടുപ്പ് കാലത്തെ സാമ്പത്തിക ഇടപാടുകളും കുടുംബാംഗങ്ങളുടെ പേരിലുള്ള സ്വത്തുക്കളും മുൻനിർത്തിയാണ് സലാമിന്റെ വെല്ലുവിളി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തൊട്ടുമുമ്പ് ജി.സുധാകരന്റെ ഭാര്യയുടെ അക്കൗണ്ടിലുണ്ടായിരുന്ന 50 ലക്ഷം രൂപ മകന്റെ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കണം.
ഈ തുകയുടെ ഉറവിടം എന്താണെന്നും നാമനിർദ്ദേശപത്രിക നൽകുന്നതിന് മുൻപ് ഈ പണം മാറ്റിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജൂലൈ മാസത്തിൽ പറവൂർ സ്കൂളിന് സമീപം സുധാകരന്റെ ഭാര്യയുടെ പേരിൽ പുതിയ ആധാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനായി മുടക്കിയ പണം എവിടെനിന്നാണ് ലഭിച്ചതെന്നും സലാം ചോദിച്ചു.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പിരിച്ച ലക്ഷക്കണക്കിന് രൂപയുടെ കണക്കുകൾ പരസ്യമായി പുറത്തുവിടാൻ സുധാകരൻ തയാറുണ്ടോ. ഈ തുക ഉപയോഗിച്ച് ഭാര്യയുടെയും മകന്റെയും പേരിൽ പറവൂരിലടക്കം ഭൂമിയും സ്വത്തുക്കളും വാങ്ങിക്കൂട്ടിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. അഴിമതിവിരുദ്ധ ലേബലൊട്ടിച്ച് നടക്കുന്ന സുധാകരൻ സ്വന്തം വീട്ടുകാരുടെയും മകന്റെ എൻആർഐ അക്കൗണ്ടുകളുടെയും വിവരങ്ങൾ വെളിപ്പെടുത്താൻ തയാറുണ്ടോയെന്നും സലാം ചോദിച്ചു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് വ്യാപക പ്രതിഷേധം. ഇന്ത്യാ സഖ്യ എംപിമാരുടെ നേതൃത്വത്തിൽ പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് ആകാശവാണി ഭവന് മുന്നിൽ പൊലീസ് തടഞ്ഞു. ഇതോടെ നേതാക്കളും എംപിമാരും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബാരിക്കേഡ് മറികടക്കാൻ എസ്പി എംപിമാർ ശ്രമിച്ചതോടെ പൊലിസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ബിജു ജനതാദൾ നേതാക്കളും അഖിലേഷ് യാദവും പ്രതിഷേധത്തിൽ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ തുടങ്ങിയ നേതാക്കളും പങ്കെടുക്കുന്നുണ്ട്.
മാർച്ച് കണക്കിലെടുത്ത് ഡൽഹിയിൽ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ നേരിടുമ്പോൾ അമിത ബലപ്രയോഗം ഒഴിവാക്കണമെന്ന് പൊലിസിന് നിർദേശം നൽകിയിട്ടുണ്ട്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ സമരം കൂടുതൽ വ്യാപിക്കുകയാണ്.
ഇന്നലെ രാജ്യതലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇന്ന് കോൺഗ്രസും ഇന്ത്യാ സഖ്യവും നേരിട്ട് നേതൃത്വം ഏറ്റെടുത്തതോടെയാണ് പ്രതിഷേധം കൂടുതൽ ശക്തമായത്.
കനത്ത സുരക്ഷ, ഗതാഗതക്കുരുക്ക്
പ്രതിപക്ഷ പ്രതിഷേധം നേരിടുന്നതിനായി തലസ്ഥാനനഗര പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിഎസ്എഫ്, സിഐഎസ്എഫ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ് അടക്കമുള്ള ആയിരക്കണക്കിനു സുരക്ഷാ സേനയെയാണ് വഴിനീളെ വിന്യസിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പു കമ്മിഷൻ ഓഫീസ്, പാർലമെന്റ് സ്ട്രീറ്റ്, ജന്തർ മന്തർ പ്രദേശങ്ങളിലെ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ സെൻട്രൽ ഡൽഹിയിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ജന്തർ മന്തറിനു സമീപം അഞ്ചു ദിവസമായി തുടരുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിക്കൽ, നിരോധനാജ്ഞ ലംഘനം എന്നിവയ്ക്ക് പോലീസ് ഒന്‍പത് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ഇടത് സംഘടനകളായ ഐസ, എസ്എഫ്ഐ എന്നിവയുടെ പ്രവർത്തകരടക്കം 18 പേരെ അറസ്റ്റ് ചെയ്യുകയും മുന്നൂറോളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വോട്ടർ പട്ടികയിൽനിന്നുള്ള പേര് വെട്ടലിനും തൊഴില്ലായ്മയ്ക്കുമെതിരേ കോക്രോച്ച് ജനതാ പാർട്ടി പത്തിന് ജന്തർ മന്തറിൽ വൻ പ്രതിഷേധ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ആസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്.
രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി സുവേന്ദു അധികാരി ഒഴിഞ്ഞതിനെ തുടർന്നാണ് പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. റജിനഗറാണ് തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ മറ്റൊരു മണ്ഡലം.
വിജയ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷമുള്ള ആദ്യ ബലപരീക്ഷണമാണ് ധാരാപുരം, മധുരാന്തകം മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പില്‍ നടക്കുന്നത്. തട്ടഞ്ചാവടിയാണ് പുതുച്ചേരിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലം.
കോൺഗ്രസ് എംപി പ്രദ്യുത് ബർദോലോയി ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് ആസാമിലെ നഗാവ് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. ഒക്ടോബർ ഒമ്പതിനാണ് വോട്ടെണ്ണൽ.
International
അബുജ: തെക്കൻ നൈജീരിയയിലുണ്ടായ വിമാനാപകടത്തിൽ 32 പേർ മരിച്ചു. 25 യാത്രക്കാരും ഏഴ് ജീവനക്കാരുമായി സഞ്ചരിച്ച സൈനിക വിമാനമാണ് തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന 32 പേരും അപകടത്തിൽ മരണപ്പെട്ടതായി നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു സ്ഥിരീകരിച്ചു.
ലാഗോസിലേക്കുള്ള പതിവ് ദൗത്യത്തിന്റെ ഭാഗമായി സഞ്ചരിക്കുകയായിരുന്ന വിമാനമാണ് ഒണ്ടോ സംസ്ഥാനത്തെ ഇഗ്ബോക്കോഡ മേഖലയിൽ തകർന്നുവീണതെന്ന് വ്യോമയാന മന്ത്രി ഫെസ്റ്റസ് കേയാമോ പ്രസ്താവനയിലൂടെ അറിയിച്ചു. പ്രാദേശിക സമയം രാവിലെ ഒമ്പതിനാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്.
എദോ സംസ്ഥാനത്ത് നിന്ന് ലാഗോസിലേക്കുള്ള യാത്രാമധ്യേ പകുതി ദൂരം പിന്നിട്ടപ്പോഴാണ് അപകടമുണ്ടായത്. ഒരു നാവികസേനാ താവളത്തിനു സമീപത്തുനിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
അപകടത്തിൽപ്പെട്ടത് എടിആർ 42 വിമാനമാണെന്ന് നൈജീരിയൻ വ്യോമസേന സ്ഥിരീകരിച്ചു. അപകടത്തിനു തൊട്ടുപിന്നാലെ പ്രദേശത്ത് അടിയന്തര തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി സൈന്യത്തെ നിയോഗിച്ചിരുന്നു.
സംഭവത്തിൽ അട്ടിമറി സാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
NRI
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെയും കേളി കുടുംബവേദിയുടെയും പ്രവർത്തകരുടെ മക്കൾക്കായി ഏർപ്പെടുത്തിയ ‘പ്രതീക്ഷ’ വിദ്യാഭ്യാസ പുരസ്കാരം കോഴിക്കോട് ജില്ലയിൽ 19 കുട്ടികൾക്ക് വിതരണം ചെയ്തു. കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിലാണ് പുരസ്കാര വിതരണം നടന്നത്.
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച് ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർഥികൾക്കാണ് കാഷ് അവാർഡും മൊമെന്റോയും ഉൾപ്പെടുന്ന പുരസ്കാരം നൽകുന്നത്. ഈ അധ്യയന വർഷം ആകെ 232 വിദ്യാർഥികളാണ് പുരസ്കാരത്തിന് അർഹരായത്.
ഇതിൽ റിയാദിൽ 16 കുട്ടികൾക്ക് നേരത്തെ പുരസ്കാരം വിതരണം ചെയ്തിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി 216 കുട്ടികൾക്കുള്ള പുരസ്കാര വിതരണത്തിന്റെ ഭാഗമായാണ് കോഴിക്കോട് ജില്ലയിൽ 19 പേർക്ക് പുരസ്കാരം നൽകിയത്. മറ്റു ജില്ലകളിലെ വിതരണം വരും ദിവസങ്ങളിൽ നടക്കും.
ചടങ്ങിൽ കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സജീവൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.വി. ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു.
കേളി കേന്ദ്ര കമ്മിറ്റി അംഗം റഫീക്ക് പാലത്ത്, കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം റഹ്മത്തുള്ള, പ്രിയേഷ്, കേളി ബദിയ ഏരിയ ജോയിന്റ് സെക്രട്ടറി ഷാജി കെ. എൻ., സുരേന്ദ്രൻ ആനവാതിൽ എന്നിവർ ആശംസകൾ നേർന്നു.
കേളി ട്രഷറർ മധു ബാലുശ്ശേരി സ്വാഗതവും ജില്ലാ കോഓർഡിനേറ്റർ ചെക്കുട്ടി നന്ദിയും പറഞ്ഞു.
NRI
സ്റ്റോക്ക്ഹോം: 2026-ലെ വൈദ്യശാസ്ത്രത്തിനുള്ള (Physiology or Medicine) നൊബേൽ പുരസ്കാരം പീറ്റർ ഹെഗെമാൻ (72), ജോർജ് നാഗൽ (73), അമേരിക്കൻ ശാസ്ത്രജ്ഞൻ കാൾ ഡീസറോത്ത് (54) എന്നീ ജർമ്മൻ ഗവേഷകർക്ക് ലഭിച്ചു .
ന്യൂറോ സയൻസിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ 'ഒപ്റ്റോജെനെറ്റിക്സ്' (Optogenetics) എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചതിനാണ് സ്റ്റോക്ക്ഹോമിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം പ്രഖ്യാപിച്ചത്.
ബർലിനിലെ ഹംബോൾട്ട് സർവ്വകലാശാലയിലെ പ്രൊഫസറാണ് പീറ്റർ ഹെഗെമാൻ. വൂർട്സ്ബർഗ് സർവ്വകലാശാലയിലെ ഗവേഷകനാണ് ജോർജ്ജ് നാഗൽ. കാൾ ഡീസറോത്ത് യുഎസിലെ പ്രശസ്തമായ സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ പ്രഫസറായി സേവനമനുഷ്ഠിക്കുന്നു.
എന്താണ് ഒപ്റ്റോജെനെറ്റിക്സ്? തലച്ചോറിലെ 'ലൈറ്റ് സ്വിച്ച്'
പ്രകാശത്തെയും ജനിതക സാങ്കേതികവിദ്യകളെയും സംയോജിപ്പിച്ച് തലച്ചോറിലെ നാഡീകോശങ്ങളെ (Neurons) നിയന്ത്രിക്കുന്ന അത്യാധുനിക രീതിയാണ് ഒപ്റ്റോജെനെറ്റിക്സ്.
തലച്ചോറിലെ ന്യൂറോണുകൾ മനുഷ്യന്റെ ഓർമകൾ, വികാരങ്ങൾ, സ്വഭാവരീതികൾ എന്നിവ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് കൃത്യമായി മനസ്സിലാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.ഏകകോശ പായലുകളിൽ (Algae) കാണപ്പെടുന്ന വെളിച്ചത്തോട് പ്രതികരിക്കുന്ന പ്രോട്ടീനുകളെക്കുറിച്ചുള്ള പീറ്റർ ഹെഗെമാന്റെ ആദ്യകാല ഗവേഷണങ്ങളാണ് ഈ കണ്ടുപിടുത്തത്തിന് അടിത്തറയിട്ടത്.
ജോർജ് നാഗലുമായി ചേർന്ന് അദ്ദേഹം 'ചാനൽ റോഡോപ്സിൻ' (Channelrhodopsin) എന്ന പ്രോട്ടീന്റെ പ്രവർത്തന രഹസ്യം കണ്ടെത്തി. തുടർന്ന് 2005-ൽ യുഎസ് ഗവേഷകനായ കാൾ ഡീസറോത്തിന്റെ സംഘം നാഡീകോശങ്ങളിലേക്ക് ഈ പ്രോട്ടീൻ കടത്തിവിട്ട് വെളിച്ചം ഉപയോഗിച്ച് ന്യൂറോണുകളെ ഉത്തേജിപ്പിക്കാമെന്ന് തെളിയിച്ചു. ഇതോടെ നാഡീകോശങ്ങളെ ഒരു 'ലൈറ്റ് സ്വിച്ച്' പോലെ ഓണാക്കാനും ഓഫാക്കാനും സാധ്യമായി.
പാർക്കിൻസൺസ്, അപസ്മാര രോഗികൾക്ക് പുതിയ പ്രതീക്ഷ
ഈ കണ്ടെത്തൽ നാഡീരോഗ ചികിത്സാരംഗത്ത് വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. പാർക്കിൻസൺസ്, അപസ്മാരം (Epilepsy) തുടങ്ങിയ സങ്കീർണ്ണമായ രോഗങ്ങളിൽ നാഡീകോശങ്ങളിലെ പ്രോട്ടീനുകൾക്ക് വലിയ പങ്കുണ്ട്.
ഒപ്റ്റോജെനെറ്റിക്സ് വഴി രോഗബാധിതമായ കോശങ്ങളെ കൃത്യമായി നിയന്ത്രിക്കാനും പുതിയ ചികിത്സാ രീതികൾ വികസിപ്പിക്കാനും സാധിക്കുമെന്ന് എസെൻ യൂണിവേഴ്സിറ്റി ക്ലിനിക്കിലെ ന്യൂറോളജി വിഭാഗം മേധാവി പ്രഫ. ഡോ. ക്രിസ്റ്റോഫ് ക്ലീൻഷ്നിറ്റ്സ് ചൂണ്ടിക്കാട്ടി.
ജർമൻ ശാസ്ത്രലോകത്തിന് അഭിമാനകരമായ നേട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
നൊബേൽ പുരസ്കാരത്തിന് 125-ാം വാർഷികം; സമ്മാനത്തുക 10 ലക്ഷം യൂറോ
1901-ൽ ആൽഫ്രഡ് നൊബേലിന്റെ ഓർമ്മയ്ക്കായി ആദ്യമായി പുരസ്കാരങ്ങൾ നൽകിത്തുടങ്ങിയതിന്റെ 125-ാം വാർഷികമാണ് ഈ വർഷം.
1.2 കോടി സ്വീഡിഷ് ക്രോണയാണ് (ഏകദേശം പത്ത് ലക്ഷം യൂറോ / 9 കോടിയിലധികം ഇന്ത്യൻ രൂപ) പുരസ്കാര തുക.ഭൗതികശാസ്ത്രം (ഒക്ടോബർ 6), രസതന്ത്രം (ഒക്ടോബർ 7), സാഹിത്യം (ഒക്ടോബർ 8), സമാധാനം (ഒക്ടോബർ 9), സാമ്പത്തിക ശാസ്ത്രം (ഒക്ടോബർ 12) എന്നീ വിഭാഗങ്ങളിലെ പുരസ്കാരങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ പ്രഖ്യാപിക്കും.
ആൽഫ്രഡ് നൊബേലിന്റെ ചരമദിനമായ ഡിസംബർ 10-ന് സ്റ്റോക്ക്ഹോമിലും ഓസ്ലോയിലുമായി പുരസ്കാരങ്ങൾ ഔദ്യോഗികമായി കൈമാറും.
Kerala
തിരുവനന്തപുരം: ഡിസിസി ഓഫീസ് ആക്രമണക്കേസിൽ ബിജെപി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും അടക്കം നാലുപേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ തെങ്കാശിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡാണ് പിടികൂടിയത്. ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ്, മുഖ്യപ്രതിയും കുളത്തൂർ മണ്ഡലം പ്രസിഡന്റുമായ ശ്രീലാൽ, ഒളിവിൽ കഴിയാൻ സഹായം നൽകിയ മറ്റ് രണ്ടുപേരുമാണ് പിടിയിലായത്.
ഡിസിസി ഓഫീസിന് നേരെ കല്ലെറിഞ്ഞത് ശ്രീലാലാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തിന്റെ തുടർച്ചയായാണ് ഡിസിസി ഓഫീസിന് നേരെ ആക്രമണമുണ്ടായത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. തുടർന്നാണ് തെങ്കാശിയിലെ രഹസ്യകേന്ദ്രത്തിൽ നിന്ന് പ്രതികളെ പിടികൂടിയത്. ഇവരെ തിരുവനന്തപുരത്തെത്തിച്ച് കോടതിയിൽ ഹാജരാക്കും.
Kerala
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പഴയ ഓഫീസായ എകെജി സെന്ററിന്റെ ഭൂമി സംബന്ധിച്ച വിവാദത്തിൽ ഇന്ന് സ്ഥലം അളക്കും. രണ്ടു സർവേ നന്പറുകളിലായി എകെജി സെന്ററിന്റെ കൈവശമുള്ള ഭൂമി സംബന്ധിച്ച വിവാദം ഹൈക്കോടതിയിലെത്തിയതിനെ തുടർന്നാണ് സ്ഥലം അളക്കാൻ റവന്യൂ വകുപ്പ് തിരുവനന്തപുരം തഹസിൽദാർക്ക് അടിയന്തര നിർദേശം നൽകിയത്. സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറാണ് പരായി നൽകിയിരിക്കുന്നത്.
1977ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിനുവേണ്ടി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്.
എന്നാൽ, അനുവദിച്ച ഭൂമിയിൽ പഠന ഗവേഷണ കേന്ദ്രം തുടങ്ങാതെ, അത് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായി പ്രവർത്തിപ്പിച്ചത് നിയമവിരുദ്ധമാണെന്നും സർവകലാശാലയുടെ ഭൂമി അനധികൃതമായി കൈയേറിയാണ് സെന്റർ നിർമിച്ചതെന്നും ഭൂമി സർവകലാശാലയ്ക്കു തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ടാണ് ആർ.എസ്. ശശികുമാർ ഹൈക്കോടതിയെ സമീപിച്ചത്.
Kerala
തിരുവനന്തപുരം: മെഡിക്കൽ കോളജുകളിലെ തിരക്ക് കുറയ്ക്കുന്നതിനും വിദഗ്ധ ചികിത്സ അടിയന്തരമായി ലഭ്യമാക്കുന്നതിനുമായി ആരോഗ്യവകുപ്പ് ആരംഭിച്ച 24×7 പ്രതീക്ഷ സെന്റർ പദ്ധതി പുനലൂരിൽ വിജയകരം.
സ്പെഷ്യാലിറ്റി സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കിയതിലൂടെ ജനങ്ങൾക്ക് വലിയ നേട്ടമാണ് ഉണ്ടായത്. പ്രതീക്ഷ സെന്റർ ജനോപകാരപ്രദമാണെന്ന് വിലയിരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി നാല് ജില്ലകളിൽ കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.
പാലക്കാട് ജില്ല ആശുപത്രി, മലപ്പുറം തിരൂർ ജില്ല ആശുപത്രി, കോഴിക്കോട് വടകര ജില്ല ആശുപത്രി, എറണാകുളം ജില്ല ആശുപത്രി എന്നിവിടങ്ങളിലാണ് ഒക്ടോബർ അവസാനത്തോടെ 24×7 പ്രതീക്ഷ സെന്ററുകൾ ആരംഭിക്കുന്നത്.
Kerala
കൊച്ചി: യുകെയില്‍ സംഗീതപരിപാടി അവതരിപ്പിക്കാന്‍ പോകുന്നതിനായി ഹിരണ്‍ ദാസ് മുരളിയെന്ന വേടനു ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ റീജണല്‍ പാസ്പോര്‍ട്ട് ഓഫിസര്‍ക്കു ഹൈക്കോടതി നിര്‍ദേശം.
മൂന്ന് പൊലിസ് സ്റ്റേഷനുകളിലും വനം നിയമപ്രകാരമുള്ള മറ്റൊരു കേസിലും പ്രതിയായതിനാല്‍ വിദേശത്തു പരിപാടിക്കു പോകാന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി വേടന് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്.
കേസുകളില്‍ പ്രതിയായതിനാല്‍ പ്രത്യേക പിസിസി മാത്രമേ അനുവദിക്കാനാകൂവെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് രേഖപ്പെടുത്തിയ കോടതി ഇത്തരത്തില്‍ ക്ലിയറന്‍സ് അനുവദിക്കാനാണു നിര്‍ദേശം നല്‍കിയത്. കേസുകളുടെ വിശദാംശങ്ങളടക്കമായിരിക്കും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക.
National
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാർച്ച് ഇന്ന്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കുമെതിരെയുള്ള മാർച്ച് പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തിൽ പാർലമെന്റ് സമുച്ചയത്തിനകത്തെ മകർ ദ്വാറിൽനിന്ന് രാവിലെ പത്തരയ്ക്കാണ് ആരംഭിക്കുക.
മാർച്ച് പാർലമെന്റിനു പുറത്തെത്തുമ്പോൾ ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളുൾപ്പെടെയുള്ളവർ പങ്കെടുക്കും. അതേസമയം സഖ്യത്തിന്റെ ഭാഗമല്ലാത്ത ആം ആദ്മി പാർട്ടി (എഎപി) പ്രതിഷേധത്തിൽ പങ്കെടുക്കില്ല.
Kerala
പെരിയ: കേരള കേന്ദ്രസര്‍വകലാശാലയില്‍ ഇന്നും ബുധനാഴ്ചയുമായി നടക്കുന്ന വന്ദേമാതരം സെമിനാര്‍ വിവാദത്തില്‍. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കുന്ന പരിപാടിക്കെതിരെയാണു പ്രതിഷേധമുയര്‍ന്നിരിക്കുന്നത്.
ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയില്‍ ആര്‍എസ്എസ് ആശയബന്ധമുള്ള സംഘടനകളെയും വ്യക്തികളെയും ഉള്‍പ്പെടുത്തിയതിനെതിരേയാണ് എസ്എഫ്ഐ, എന്എസ്യു, എംഎസ്എഫ് അടക്കമുള്ള വിദ്യാര്‍ഥിസംഘടനകള്‍ രംഗത്തെത്തിയത്.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സാഹിത്യഅക്കാദമി, അഖില ഭാരതീയ സാഹിത്യ പരിഷത്ത് എന്നിവയുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാറാണ് ഇന്നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിലെ മുഖ്യപ്രഭാഷകന്‍. രാജ്യത്തെ മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളില്‍ ഒരാളാണ് നന്ദകുമാര്‍. അഖില ഭാരതീയ സാഹിത്യ പരിഷത്തും പ്രജ്ഞാ പ്രവാഹും ആര്‍എസ്എസിന്റെ പ്രധാനപ്പെട്ട അനുബന്ധ സംഘടനകളാണ്.
വന്ദേമാതരത്തിന്റെ ചരിത്രപ്രാധാന്യം അനുസ്മരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ ആര്‍എസ്എസ് സംഘടനകളുമായി സഹകരിച്ച് പരിപാടി സംഘടിപ്പിക്കുന്നത് സര്‍വകലാശാലയെ കാവിവത്കരിക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്നും ഇതിനെതിരേ ജനാധിപത്യപരമായി പ്രതിഷേധിക്കുമെന്നും വിദ്യാര്‍ഥിസംഘടന ഭാരവാഹികള്‍ അറിയിച്ചു.
ഇന്നു രാവിലെ 10നു ലൈബ്രറി സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടി തമിഴ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ മാലന് വി. നാരായണന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. സിദ്ദു പി. അല്‍ഗുര്‍ വിശിഷ്ടാതിഥിയാകും. നാളെ രാവിലെ 11നു നടക്കുന്ന സമാപനസമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുഖ്യാതിഥിയാകും. സാഹിത്യ അക്കാദമി മലയാളം അഡ്വൈസറി ബോര്‍ഡ് കണ്‍വീനര്‍ കെ.പി. രാമനുണ്ണി സമാപനസന്ദേശം നല്‍കും. അഖില ഭാരതീയ സാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി പവന്‍പുത്ര ബാദല്‍ അധ്യക്ഷത വഹിക്കും.
International
ടെൽ അവീവ് / ദുബായ്: ദുബായിൽനിന്നു ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനം തട്ടിക്കൊണ്ടുപോയി തകർക്കാൻ ശ്രമിച്ച സംഭവത്തിൽ നടുക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്.
വിമാനത്തിലെ ഒമാനി സഹപൈലറ്റായ ഹമാം അൽ ഹമ്മാമി (29) ഫ്ലൈ ദുബായ് കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പുതന്നെ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നു. ഇസ്രയേലിലേക്കു സർവീസ് നടത്തുന്ന കമ്പനി എന്ന നിലയിലാണ് ഇയാൾ ഫ്ലൈ ദുബായ് തെരഞ്ഞെടുത്തത്.
കഴിഞ്ഞ ജൂലൈയിൽ സർവീസ് നടത്തിയ വിമാനത്തിൽ ആക്രമണം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും അന്നത്തെ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരിൽ ഒരാളുമായി മുൻപരിചയവും വ്യക്തിബന്ധവും ഉണ്ടായിരുന്നതിനാലാണ് ആക്രമണപദ്ധതി അവസാനനിമിഷം ഉപേക്ഷിച്ചതെന്നും ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി.
174 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന ബോയിംഗ് വിമാനത്തിന്റെ കൊക്പിറ്റിൽ വച്ച് കോടാലി ഉപയോഗിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ക്യാപ്റ്റനെ അപായപ്പെടുത്തിയശേഷം വിമാനം ടെൽ അവീവിലേക്കു പറത്തി വിമാനത്താവളത്തിലോ കെട്ടിടസമുച്ചയത്തിലോ ഇടിച്ചിറക്കാനായിരുന്നു ഇയാൾ ലക്ഷ്യമിട്ടിരുന്നത്.
പ്രതി ഏതെങ്കിലും ഭീകരസംഘടനകളുടെയോ വിദേശ സർക്കാരുകളുടെയോ നേരിട്ടുള്ള നിർദേശപ്രകാരമല്ല, മറിച്ച് സ്വയം തീവ്രവാദ ആശയങ്ങൾക്ക് അടിമപ്പെട്ട് ഒറ്റയ്ക്കാണു കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്നാണ് ഇസ്രേലി അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം.
International
മാഡ്രിഡ്: പാർലമെന്റിൽ ഭവനനിർമാണ സഹായ പദ്ധതികൾ പരാജയപ്പെട്ടതിനെത്തുടർന്ന് നേരത്തേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. നവംബർ 29ന് വോട്ടെടുപ്പ് നടക്കും. രാജ്യത്തെ പാർപ്പിട പ്രതിസന്ധി പരിഹരിക്കാൻ ആസൂത്രണം ചെയ്ത പദ്ധതികളാണു പാർലമെന്റിൽ പരാജയപ്പെട്ടത്.
കുടിയൊഴിപ്പിക്കലും റിയൽ എസ്റ്റേറ്റ് ഊഹക്കച്ചവടവും കുറയ്ക്കുന്നതിനുള്ള നടപടികൾ ഉൾപ്പെടുന്ന രണ്ട് അടിയന്തര ഉത്തരവുകളാണു പ്രതിപക്ഷപാർട്ടികൾ പാർലമെന്റിൽ പരാജയപ്പെടുത്തിയത്. വീടുകളുടെ വിലയും വാടകയും ഉയർന്നതിനെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
2018 മുതൽ സ്പെയിനിന്റെ പ്രധാനമന്ത്രിയായി തുടരുന്ന സാഞ്ചസ് (54), യൂറോപ്പിലെ ഏറ്റവും ദീർഘകാലം അധികാരത്തിലിരുന്ന നേതാക്കളിൽ ഒരാളാണ്.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധത്തിനിടയിൽ വനിതാ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ പ്രതിയായ ഡൽഹി അസിസ്റ്റന്റ് കമ്മീഷണർ വിവേക് ഭഗത്തിന് നൽകിയ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറുടെ താത്കാലിക ചുമതല ഡൽഹി സർക്കാർ മരവിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് സർക്കാർ ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്.
ഒക്ടോബർ മൂന്നിന് ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടയിലാണ് വനിതാ മാധ്യമപ്രവർത്തകർ എസിപി വിവേക് ഭഗനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് ഡൽഹി പൊലിസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇതിനിടയിലാണ് അന്വേഷണം പൂർത്തിയാകുന്നതുവരെ തനിക്ക് നൽകിയ പുതിയ ചുമതല സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് വിവേക് ഭഗത് സ്വയം സന്നദ്ധത അറിയിച്ചത്.
ഓഗസ്റ്റ് 25ന് ആരംഭിച്ച നടപടികളുടെ ഭാഗമായാണ് വിവേക് ഭഗത് ഉൾപ്പെടെ 12 ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഒക്ടോബർ അഞ്ചിന് താത്കാലിക ചുമതല നൽകിക്കൊണ്ട് ഉത്തരവിറങ്ങിയത്. ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ ഉത്തരവ് ഭേദഗതി ചെയ്യുകയായിരുന്നു. വിവേക് ഭഗത് ഒഴികെയുള്ള മറ്റ് 11 ഉദ്യോഗസ്ഥർക്കായുള്ള ഉത്തരവ് ഉടൻ പുനഃപ്രസിദ്ധീകരിക്കുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന ‘ബ്രാൻഡ് വയനാടി’ന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നും നാളെയുമായി വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടക്കും.
കൃഷി മന്ത്രി ടി.സിദ്ദിഖ് അധ്യക്ഷനാകുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
Kerala
തിരുവനന്തപുരം: ആവശ്യാധിഷ്ഠിത സാർവത്രിക പെൻഷൻ പ്രസ്ഥാനം (ആസാപെപ്ര) പെൻഷൻ വ്യവസ്ഥയുടെ സമഗ്രമായ പരിഷ്കരണം ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന സംവാദത്തിൽ പങ്കെടുക്കാൻ വ്യക്തികളെയും സംഘടനകളെയും ക്ഷണിക്കുന്നു.
സംവാദത്തിൽ വിജയിക്കുന്ന വ്യക്തിക്കോ സംഘടനയ്ക്കോ ഒരു ലക്ഷം രൂപ പുരസ്കാരം പ്രഖ്യാപിച്ചിട്ടുണ്ട്.
വിശദവിവരങ്ങൾക്ക് www.aasaapepra.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 9447924874 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാം
Kerala
തിരുവനന്തപുരം: വർഷങ്ങൾക്കുമുന്‍പ് സർവീസിൽ പ്രവേശിച്ച ഉയർന്ന യോഗ്യതയുള്ള അധ്യാപകരുടെ സർവീസ് അപ്രൂവൽ, റെഗുലറൈസേഷൻ, പ്രൊബേഷൻ, ഇൻക്രിമെന്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ അനിശ്ചിതത്വം തുടരുന്നു.
പിഎസ്സി വിജ്ഞാപനപ്രകാരമുള്ള യോഗ്യതയോടെ സർവീസിൽ പ്രവേശിച്ച നൂറുകണക്കിന് അധ്യാപകരാണ് വിവിധ സർക്കാർ ഓഫിസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയിൽ തുടരുന്നത്.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങളും വിദ്യാഭ്യാസ വകുപ്പ് ഓഫിസുകളിലെ ഏകോപനമില്ലായ്മയുമാണ് അധ്യാപകർ ജോലിയിൽ പ്രവേശിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ശന്പളമോ പ്രൊബേഷനോ ഇൻക്രിമെന്റോ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാതെയുള്ള പ്രതിസന്ധി സൃഷ്ടിച്ചത്.
2019, 2023 വർഷങ്ങളിൽ നിയമനം നേടിയവരാണ് ദുരിതത്തിൽ തുടരുന്നത്. ജോലിയിൽ പ്രവേശിച്ചഘട്ടത്തിൽ തന്നെ സർക്കാർ നിഷ്കർഷിച്ച ഉയർന്ന യോഗ്യതകളായ നെറ്റ്, സെറ്റ്, എംഎഡ്, എംഫിൽ, പിഎച്ച്ഡി തുടങ്ങിയവ അധ്യാപകർ നേടിയിരുന്നു.
വർഷങ്ങൾക്കുശേഷം കോടതി വിധി പ്രകാരം കെ.ടെറ്റ് പരീക്ഷയും നിശ്ചിത സമയത്തിനുള്ളിൽ അധ്യാപകർ പാസായി. ഇവരുടെ അപ്രൂവൽ ഉൾപ്പടെയുള്ള കാര്യങ്ങൾ വൈകുന്നതിനു ന്യായീകരണമായി പലപ്പോഴും സർക്കാർ മുന്നോട്ടുവച്ച വാദം ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട റോസ്റ്റർ ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നതായിരുന്നു.
എന്നാൽ റോസ്റ്റർ പൂർത്തിയായി സർക്കാർ അംഗീകാരം നൽകിയിട്ടും പല വിദ്യാഭ്യാസ ഉപജില്ലാ, ജില്ലാ ഓഫിസുകളിലും ഫയലുകൾ തീർപ്പാക്കാതെ മെല്ലെപ്പോക്ക് തുടരുന്നതായാണ് അധ്യാപകരുടെ പരാതി.
എഇഒ, ഡിഇഒ ഓഫിസുകളിൽനിന്നു വ്യത്യസ്തമായ ഉത്തരവുകളാണ് ഇതുസംബന്ധിച്ച് ഇറങ്ങുന്നതെന്നും ചില ഓഫിസുകളിൽ സർവീസ് ക്രമവത്കരിച്ചു നൽകുന്പോൾ, മറ്റുചിലയിടങ്ങളിൽ അകാരണമായി നിരസിക്കുകയോ വൈകിപ്പിക്കപ്പെടുകയോ ചെയ്യുന്നുവെന്നും അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു.
ചില ഓഫിസുകളിൽ സർവീസ് ക്രമവത്കരിച്ചു നൽകുന്പോൾ കെ-ടെറ്റ് ലഭ്യമായ സമയം മുതലാണ് നിയമന അംഗീകാരം, പ്രൊബേഷൻ, ഇൻക്രിമെന്റ് തുടങ്ങിയവയ്ക്ക് പരിഗണിക്കുന്നതെന്നും ഇതു ഭരണഘടനാപരമായ തുല്യനീതിയുടെ ലംഘനമാണെന്നും അധ്യാപകർ പരാതിയായി ഉന്നയിക്കുന്നുണ്ട്.
ഡിഇഒ, എഇഒ തലത്തിൽ ഉദ്യോഗസ്ഥർ സ്വന്തം രീതിയിലുള്ള നീക്കങ്ങൾ നടത്തുന്നതോടെ ദുരിതത്തിലാകുന്നത് അധ്യാപകരാണ്.പൊതുവിദ്യാഭ്യാസ മന്ത്രിതന്നെ വിഷയത്തിൽ ഇടപെട്ട് നിയമാനുസൃതം ലഭിക്കേണ്ട സർവീസ് ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും ഏകീകൃത ഉത്തരവ് പുറപ്പെടുവിക്കണമെന്നുമാണ് അധ്യാപകരുടെ ആവശ്യം.
Kerala
കുമളി: ഇടുക്കിയിലെ വനാതിര്‍ത്തികളിലെ തടസം നീക്കല്‍ സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍.കുമളിയില്‍ വനം-വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവി ആക്രമണങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ കളക്ടര്‍ ആനത്താരകള്‍ പുനഃസ്ഥാപിക്കുന്നതിനും കൈയേറ്റ ഭൂമികളിലെയും റവന്യൂഫോറസ്റ്റ് ഭൂമികളിലെയും ഫെന്‍സിംഗ് ലൈനുകളും തടസങ്ങളും നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.
വനം വകുപ്പ് മാത്രം വിചാരിച്ചാല്‍ വന്യജീവി ആക്രമണം പരിഹരിക്കാനാവില്ല. മനുഷ്യ നിര്‍മിതമാണ് ചിന്നക്കനാലിലെ പ്രശ്നങ്ങള്‍. 301 കോളനി സ്ഥാപിച്ചതു മുതല്‍ ഇവിടെ ജനജീവിതം വന്യജീവികള്ക്കിടയിലാണ്. പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ പരിസ്ഥിതി സ്നേഹികളും കര്‍ഷകരും സര്‍ക്കാരുമായി കൈകോര്‍ക്കണം.
ഒരു വശത്ത് കര്‍ഷകരെയും മറുവശത്ത് വന്യ ജീവികളെയും സംരക്ഷിക്കേണ്ട ദൗത്യമാണ് വനം വകുപ്പിന്റേത്. അതിനാലാണ് ഈ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിക്കുന്നത്. അതില്‍ റിസോര്‍ട്ട് -നഴ്സറി ഉടമകളെ ഉള്‍പ്പെടുത്തിയത് വിവാദക്കേണ്ടതില്ല. യോഗ്യരായവരാണ് അതില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
Kerala
പത്തനംതിട്ട: അഞ്ച് വര്‍ഷത്തില്‍ കുറവ് സര്‍വീസുള്ള അധ്യാപകരെ കെ ടെറ്റ് പരീക്ഷ പാസാകുന്നതില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കേ ആനുകൂല്യങ്ങള്‍ അടക്കം വിദ്യാഭ്യാസ വകുപ്പ് തടഞ്ഞുവയ്ക്കുന്നു.
അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനു കെ ടെറ്റ് വേണമെന്ന് കോടതി ഉത്തരവ് നിലവിലുണ്ട്. ഇതിന്റെ മറപിടിച്ചാണ് ഗ്രേഡ് പ്രമോഷനടക്കം കെ ടെറ്റ് നിര്‍ബന്ധമാക്കാന്‍ നീക്കം നടക്കുന്നത്.
കെ ടെറ്റ് ഇല്ലെന്ന പേരില്‍ പല വിദ്യാഭ്യാസ ഓഫിസുകളിലും അധ്യാപകരുടെ ഗ്രേഡ് പ്രമോഷന് തടഞ്ഞുവച്ചിരിക്കുകയാണ്. വാര്‍ഷിക ഇന്‍ക്രിമെന്റ്, ഹയര്‍ ഗ്രേഡ് ഇവയും പലയിടത്തും തടഞ്ഞിരിക്കുകയാണ്.
പതിറ്റാണ്ടുകളുടെ സര്‍വീസും അമ്പതു വയസിനുമേലുള്ളതുമായ അധ്യാപകര്‍ ഇനി ഒരു കെ ടെറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയെന്നത് അപ്രായോഗികമാണെന്ന് പറയുന്നു.
സര്‍വീസില്‍ നിന്നു വിരമിക്കാറാകുമ്പോള്‍ വീണ്ടും ഒരു പരീക്ഷ പാസായെങ്കിലേ ഹയര്‍ ഗ്രേഡ് ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ നല്‍കാനാകൂവെന്ന നിലപാട് ചില ഉദ്യോഗസ്ഥരുടേതാണെന്നാണ് ആക്ഷേപം.
പ്രമോഷന് തസ്തികയിലേക്കാണ് കെ ടെറ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളതെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാണ്. ഇതിന്റെ മറപിടിച്ച് അധ്യാപകരെ മാനസികമായി ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണ് വിദ്യാഭ്യാസ വകുപ്പില്‍ നടക്കുന്നതെന്ന ആക്ഷേപവുമായി വിവിധ അധ്യാപക സംഘടനകളും രംഗത്തെത്തി.
കെ ടെറ്റ് നിബന്ധന പെന്ഷന് ആനുകൂല്യങ്ങളെയും തടസപ്പെടുത്തുമോയെന്ന ആശങ്കയും നിലനില്ക്കുന്നു.
National
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള ഭിന്നതകളിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പ്രസ്താവനകൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും, ഇത് സംബന്ധിച്ച് തനിക്ക് രേഖാമൂലം യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
കെപിസിസി ആസ്ഥാനത്ത് അടൂർ പ്രകാശ് നടത്തിയ വാർത്താസമ്മേളനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ ദീപാ ദാസ് മുൻഷി, പാർട്ടിയിൽ യാതൊരുവിധ പ്രതിസന്ധികളുമില്ലെന്ന് കൂട്ടിച്ചേർത്തു. സർക്കാരിന്റെ പ്രവർത്തനങ്ങളും പുതിയ പദ്ധതികളും കാര്യക്ഷമമായാണ് മുന്നോട്ട് പോകുന്നതെന്നും അവർ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, മുഖ്യമന്ത്രിയുമായുള്ള വിഷയത്തിൽ അടൂർ പ്രകാശ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പരാതി നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ തനിക്ക് വ്യക്തതയില്ലെന്ന് കെപിസിസി പ്രസിഡന്റ് പ്രതികരിച്ചു. നിലവിലെ അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
കൂടാതെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടത്തുന്ന പ്രതിഷേധങ്ങൾ യുഡിഎഫ് സഖ്യത്തിന്റെ പൂർണ പിന്തുണയോടെ മുന്നോട്ട് കൊണ്ടുപോകുമെന്നും, ഡൽഹിയിലെത്തുന്ന കേരള സംഘം കേന്ദ്ര വൈദ്യുതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.
Kerala
കോഴിക്കോട്: പ്രകൃതിദുരന്തമുണ്ടായ വയനാട്, വിലങ്ങാട് മേഖലകളെ മാത്രം ഒഴിവാക്കി സംസ്ഥാനത്ത് റവന്യു റിക്കവറി കുടിശിക പിരിവ് ഊര്‍ജിതമാക്കാന്‍ പ്രത്യേക യജ്ഞവുമായി സംസ്ഥാന സര്‍ക്കാര്‍.
ഈ മാസം മുതല്‍ 2027 മാര്‍ച്ച് 31 വരെയാണു പ്രത്യേക പിരിവ് യജ്ഞം. തീവ്ര ദുരന്തബാധിത പ്രദേശങ്ങളായ വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ, കോഴിക്കോട് ജില്ലയിലെ വിലങ്ങാട് എന്നിവിടങ്ങളെ പിരിവ് യത്നത്തില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്.
ജില്ലാ കളക്ടർമാർ രണ്ടാഴ്ച കൂടുമ്പോള്‍ ലാന്‍ഡ് റവന്യു റിക്കവറി നടപടികള്‍ അവലോകനം ചെയ്യുകയും സര്‍ക്കാരിലേക്ക് പ്രതിമാസ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. ജില്ലാതല റവന്യു റിക്കവറി റിവ്യൂ യോഗങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ നേരിട്ടു പങ്കെടുക്കണം.
സര്‍ക്കാര്‍ നല്കിയ സ്റ്റേ ഉത്തരവുകളിലെയും ഗഡു വ്യവസ്ഥകളിലെയും നിബന്ധനകള്‍ ലംഘിക്കപ്പെട്ട കേസുകളില്‍ സ്റ്റേ നീക്കാനും അപ്പലേറ്റ് അഥോറിറ്റികളിലും കോടതികളിലുമുള്ള കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും അഡ്വക്കറ്റ് ജനറലുമായി ചേര്‍ന്ന് നടപടി സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്.
റവന്യു റിക്കവറി ആവശ്യങ്ങള്‍ക്കു വാഹനങ്ങള്‍ ലഭ്യമല്ലാത്ത പക്ഷം മറ്റ് വകുപ്പുകളില്‍നിന്നോ വാടകയ്ക്കോ വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ കളക്ടര്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ വരുമാന കുടിശികകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ (കെഎസ്എഫ്ഇ, കെഎസ്ഇബി, സഹകരണ ബാങ്കുകള്‍ തുടങ്ങിയവ) വരുത്തിയ വായ്പാ കുടിശികകളും വേഗത്തില്‍ ഈടാക്കുകയാണു പ്രത്യേക യജ്ഞത്തിന്റെ ലക്ഷ്യം.
നോട്ടീസ് കാലാവധിക്കുള്ളില്‍ തുക അടച്ചില്ലെങ്കില്‍, ഇടപാടുകാരുടെ ജംഗമ-സ്ഥാവര വസ്തുക്കള്‍ ജപ്തി ചെയ്യാനും തുടര്‍ന്ന് ലേലം ചെയ്യാനുമാണു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, അപേക്ഷ നല്കിയാല് കേരള റവന്യു റിക്കവറി റൂള്‍സ് അനുസരിച്ച് നിശ്ചിത ഗഡുക്കളായി തുക അടയ്ക്കാന്‍ കളക്ടര്‍ക്കോ തഹസില്‍ദാര്‍ക്കോ റിക്കവറി നേരിടുന്ന വ്യക്തികള്‍ക്ക് അനുമതി നല്‍കാനും വ്യവസ്ഥയുണ്ട്.
Kerala
തൃശൂർ: കാറ്റിലും മഴയിലും അക്വാട്ടിക്സ് കോംപ്ലക്സിലെ താത്കാലിക മേൽക്കൂര തകർന്ന് മത്സരാർഥികൾക്കു പരിക്കേറ്റ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെ പഴിച്ച് കായികമന്ത്രി ഒ.ജെ. ജനീഷ്.
അപകടമുണ്ടായി അഞ്ചാംദിവസം വേദി സന്ദർശിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിർമാണത്തിൽ വീഴ്ചയുണ്ടായി. കാറ്റിലും മഴയിലും തകരേണ്ട പന്തലല്ല നിർമിക്കേണ്ടത്.
ഗെയിമിനങ്ങൾ പ്രധാന മേളയ്ക്കുമുന്പുതന്നെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണു നീന്തൽ, ബോക്സിംഗ്, ഫുട്ബോൾ, ഭാരോദ്വഹനം അടക്കമുള്ളവ തൃശൂരിൽ സംഘടിപ്പിച്ചത്. എന്നാൽ, ഉദ്യോഗസ്ഥ തലത്തിൽ മാത്രമാണു സംഘാടകസമിതി യോഗം ചേർന്നത്.
കഴിഞ്ഞ വർഷമൊഴിച്ചാൽ, ഈ രീതിയിലായിരുന്നു മത്സരങ്ങൾ. വിദ്യാഭ്യാസ വകുപ്പിലെ കായിക വിഭാഗവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് ഏകോപനച്ചുമതല ഏറ്റെടുത്തത്.
സംഘാടക സമിതി രൂപവത്കരിച്ചപ്പോൾ ചെയർമാനാകേണ്ടിയിരുന്ന എംഎൽഎയെ പോലും വിവരം അറിയിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Kerala
പാലാ: ഗജരാജരത്നം പല്ലാട്ട് ബ്രഹ്മദത്തന് നാടിന്റെ അന്ത്യാഅഞ്ജലി . രാവിലെ മുതല്‍ നിരവധിയാളുകളാണ് ബ്രഹ്മദത്തന് അന്തിമോപചാരം അര്‍പ്പിക്കാൻ എത്തിയത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമുണ്ടായ ഇടിമിന്നലിൽ പരിക്കേറ്റാണ് ബ്രഹ്മദത്തന് ചരിഞ്ഞത്. ആനപ്രേമികളുടെ ഇടയിലെ പ്രിയപ്പെട്ട കളഭകേസരിയായിരുന്നു പല്ലാട്ടെ കുട്ടി എന്ന് അറിയപ്പെട്ടിരുന്ന ബ്രഹ്മദത്തന്.
ഉത്സവങ്ങളിലെയും പൂരങ്ങളിലെയും നിറസാന്നിധ്യമാണ് ഓര്‍മയായത്. മേലമ്പാറ പല്ലാട്ട് കുടുംബത്തിലെ അംഗമായിരുന്നു ബ്രഹ്മദത്തന്.
16 വര്‍ഷമായി സ്വന്തമെന്നു കരുതിയ മണ്ണില്‍ത്തന്നെ അന്ത്യവിശ്രമത്തിനും ഇടമൊരുങ്ങി.
പല്ലാട്ട് തറവാടിനോടു ചേര്‍ന്ന് ഒരുക്കിയ ചിതയില്‍ ബ്രഹ്മദത്തന് എരിഞ്ഞമര്‍ന്നു. ബ്രഹമദത്തനു മിന്നലേറ്റു എന്ന വാര്‍ത്ത പരന്നപ്പോള്‍ മുതല്‍ പല്ലാട്ടു തറവാട്ടുമുറ്റത്തേക്ക് ആനപ്രേമികളുടെ ഒഴുക്കായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമാണ് ദേഹം ചിതയിലേക്കെടുത്തത്.
National
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങൾക്കിടയിൽ പെൺകുട്ടികളായ പ്രതിഷേധക്കാർക്ക് നേരെ ശാരീരിക അതിക്രമമുണ്ടായെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം തള്ളി ഡൽഹി പൊലിസ്. ഈ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് ന്യൂഡൽഹി ഡിസിപി സച്ചിൻ ശർമ വ്യക്തമാക്കി. വനിതാ പ്രക്ഷോഭകരെ വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കൈകാര്യം ചെയ്തതെന്നും, കൃത്യമായ മര്യാദയോടെയും മാനദണ്ഡങ്ങൾ പാലിച്ചുമാണ് അവരോട് പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെയും ജന്തർമന്തറിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ വിവിധ വിദ്യാർഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് വനിതാ പ്രതിഷേധക്കാർക്കെതിരെ ആക്രമണമുണ്ടായെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചത്.
എഐഎസ്എ ദേശീയ പ്രസിഡന്റ് നേഹ ബോറയെ ഔദ്യോഗിക നമ്പറില്ലാത്ത സ്വകാര്യ വാഹനത്തിൽ വനിതാ പൊലിസിന്റെ സാന്നിധ്യമില്ലാതെ കസ്റ്റഡിയിലെടുത്തെന്ന സംഘടനയുടെ ആരോപണവും പൊലിസ് തള്ളി. അതേസമയം, പ്രതിഷേധത്തിനിടയിൽ ചില പ്രക്ഷോഭകർ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതായും മുതിർന്ന ഉദ്യോഗസ്ഥൻ ആരോപിച്ചു.
നിരോധനാജ്ഞകളും കനത്ത സുരക്ഷാ സന്നാഹങ്ങളും മറികടന്ന് ജന്തർമന്തറിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച പ്രക്ഷോഭകരെ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് കസ്റ്റഡിയിലെടുത്തതെന്നും, കസ്റ്റഡിയിലെടുത്തവരെ കൃത്യസമയത്ത് മോചിപ്പിച്ചിട്ടുണ്ടെന്നും പൊലിസ് വ്യക്തമാക്കി.
Kerala
തൃശൂർ: കേരള ലളിതകലാ അക്കാദമിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
തൃശൂരിലെ അക്കാദമി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ചെയർമാൻ പ്രഫ. പ്രകാശ് മൂർത്തി, വൈസ് ചെയർമാൻ ടി.ആർ. ഉദയകുമാർ, സെക്രട്ടറി വൈക്കം എം.കെ. ഷിബു എന്നിവർ സ്ഥാനമേറ്റു.
സ്ഥാനാരോഹണ ചടങ്ങിൽ കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
Kerala
തൃശൂർ: തനിക്കു ഭാഗ്യമുള്ള മണ്ണാണു തൃശൂരെന്ന് സംഗീത നാടക അക്കാദമി ചെയർമാൻ ജി. വേണുഗോപാൽ.
കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനായി ചുമതലയേറ്റെടുക്കവേയാണ് വേണുഗോപാൽ ഇക്കാര്യം പറഞ്ഞത്. പ്രശസ്തമായ ഗാനങ്ങളെല്ലാം തൃശൂർ ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യുട്ടീവായി ജോലി ചെയ്യുന്പോഴാണു പാടിയത്. അക്കാദമി ചെയർമാൻ പദവി ജി. വേണുഗോപാൽ എന്ന ഗായകനു കിട്ടിയ മറ്റൊരു വേദിയല്ല.
സംസ്കാരത്തിന്റെ പുതിയ അധ്യായം എഴുതിച്ചേർക്കാൻ അർപ്പിതമായ കർത്തവ്യമാണ്. മഹാരഥന്മാരാണ് ഈ പദവിയിൽ ഇരുന്നത്. പരസ്പരം ആലോചിച്ചും ചർച്ചചെയ്തും നിരവധി കാര്യങ്ങൾ ചെയ്യാനാകുമെന്നു കരുതുന്നെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രശസ്തമായ ‘ഒന്നാംരാഗം പാടി’എന്ന സിനിമാഗാനം ആലപിച്ച ശേഷമാണ് വേണുഗോപാൽ സദസിനെ അഭിസംബോധന ചെയ്തത്.
കേരള സംഗീത നാടക അക്കാദമിയുടെ വൈസ് ചെയർമാനായി ഹേമന്ത് കുമാറും സെക്രട്ടറിയായി എൻ.വി. പ്രദീപ്കുമാറും ചുതലയേറ്റു. അക്കാദമി കോണ്‍ഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ഇൻ ചാർജ് എം.ബി. ശുഭയിൽനിന്നാണു ചുമതലയേറ്റത്.
Kerala
മൂക്കന്നൂര്‍: ചെറുപുഷ്പ സന്യാസ സഭ (സിഎസ്ടി) സ്ഥാപകനായ ഫാ. ബസീലിയൂസ് പാണാട്ടിന്റെ 50-ാം ചരമവാര്‍ഷിക അനുസ്മരണം ഇന്നു മൂക്കന്നൂര്‍ ബേസില്‍ ഭവനില്‍ നടക്കും.
രാവിലെ എട്ടിന് അദ്ദേഹത്തിന്റെ കബറിടത്തില്‍ ഒപ്പീസ്. ഒമ്പതിന് ബേസില്‍ ഭവന് ആശ്രമദേവാലയത്തില് വിശുദ്ധ കുർബാന. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മുഖ്യകാര്‍മികത്വം വഹിക്കും.
ഗോരഖ്പുര്‍ ബിഷപ് മാര്‍ മാത്യു നെല്ലിക്കുന്നേല്‍, ബിഷപ് എമരിറ്റസ് മാര്‍ തോമസ് തുരുത്തിമറ്റം, സിഎസ്ടി സുപ്പീരിയര്‍ ജനറല്‍ ഫാ. ജോജോ വരകുകാലായില്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാരായ ഫാ. ജോണ്സണ് വരകപ്പറമ്പില്, ഫാ. ജിജോ ഇന്ഡിപ്പറമ്പില്, ഫാ. ജോര്‍ജ് ആലുക്ക, ഫാ. സാബു കണ്ടംകെട്ടിയില്, അതിരൂപത വികാരി ജനറാള്‍ ഫാ. ഡോ. ജോസ് പുതിയേടത്ത് എന്നിവര്‍ സഹകാര്‍മികരാകും.
11ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സിഎസ്ടി സുപ്പീരിയര്‍ ജനറല്‍ ഫാ. ജോജോ വരകുകാലായില്‍ അധ്യക്ഷത വഹിക്കും.തുടര്‍ന്നു ശ്രാദ്ധവും ഉണ്ടാകുമെന്ന് സിഎസ്ടി വികാര്‍ ജനറാള്‍ ഫാ. ജോര്‍ജ് ആറാഞ്ചേരി അറിയിച്ചു.
National
ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണ (എസ്ഐആർ) സമയത്ത് പുതിയ വോട്ടർമാരെ ചേർക്കുന്നതിന് ഭേദഗതി വരുത്തിയ ഫോം ആറ് (ഫോം 6) ഉപയോഗിക്കാൻ തെരഞ്ഞെടുപ്പു കമ്മിഷന് അനുമതി നൽകിയിരുന്നില്ലെന്നു സുപ്രീംകോടതി.
ഇതോടെ അപേക്ഷകരുടെ മാതാപിതാക്കളോ മുത്തച്ഛനോ മുത്തശ്ശിയോ മുമ്പു നടന്ന എസ്ഐആറിനുശേഷമുള്ള വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഫോം ആറിൽ ഉൾപ്പെടുത്തിയ വിവാദമായ പുതിയ ചോദ്യം സുപ്രീംകോടതി ശരിവച്ചിരുന്നുവെന്ന കമ്മിഷന്റെ വാദം പൊളിഞ്ഞു. ഫോം ആറ് പരിഷ്കരിച്ചതു സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തുമെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന ആരോപണത്തിൽ കൂടുതൽ പരിശോധന നടത്തുമെന്ന് കോടതി അറിയിച്ചു. ഹർജിക്കാർ ഉന്നയിക്കുന്ന ആരോപണത്തിന് ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനും തെരഞ്ഞെടുപ്പു കമ്മിഷനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
വിഷയത്തിൽ ഗ്യാനേഷ് കുമാർ, സഹ കമ്മിഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി, ഡെപ്യൂട്ടി തെരഞ്ഞെടുപ്പു കമ്മിഷണർ മനീഷ് ഗാർഗ്, ഐടി വിഭാഗം ഡയറക്ടർ ജനറൽ സീമ ഖന്ന തുടങ്ങിയവർക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. കമ്മിഷന്റെ തീരുമാനങ്ങൾ ഏകപക്ഷീയമാണെങ്കിൽ കോടതി അതു റദ്ദാക്കുമെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റീസ് ബാഗ്ചി വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. കൂടാതെ ഏകപക്ഷീയമായി സ്വീകരിച്ച നടപടികൾ ഉടനടി റദ്ദാക്കാൻ നിർദേശം നൽകണമെന്നും ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, എതിർ കക്ഷികളുടെ വാദം കേൾക്കാതെ കോടതിക്ക് ഏകപക്ഷീയമായ ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടി ഹർജിക്കാരുടെ ആവശ്യം തള്ളി.
വാർത്താ റിപ്പോർട്ടുകളെ മാത്രം ആശ്രയിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. കക്ഷികളിൽനിന്നു മറുപടി ലഭിച്ചശേഷം വിഷയത്തിൽ കൂടുതൽ പരിശോധന നടത്തുമെന്നു വ്യക്തമാക്കിയ കോടതി, കമ്മിഷന്റെ തീരുമാനം സംബന്ധിക്കുന്ന വിവിധ ഹർജികൾ ഒന്നിച്ചു പരിഗണിക്കാനും നിർദേശിച്ചു.
വിവാദമായ മാറ്റം
നിയമഭേദഗതിയില്ലാതെ ഫോം ആറിൽ മാറ്റം വരുത്താൻ കഴിയില്ലെന്നിരിക്കെയാണ് എസ്ഐആറിൽ വിവാദപരമായ പുതിയ ചോദ്യങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷൻ ഉൾപ്പെടുത്തിയത്. ഇതിനെതിരേ സഹകമ്മിഷണർമാർ രേഖാമൂലം എതിർപ്പ് അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ നിലപാടുകൾ പുറത്തുവന്നപ്പോഴാണ് ഫോം ആറ് സംബന്ധിച്ച് എതിർപ്പുണ്ടായിട്ടും മുന്നോട്ടുപോയെന്ന വിവരം പുറത്തുവരുന്നത്.
Kerala
കൊച്ചി: സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് ചീഫ് തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ടു നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണവുമായി പിഎസ്സി ചെയര്‍മാനടക്കം സഹകരിക്കാത്തതെന്തെന്നു ഹൈക്കോടതി.
ഉത്തരവാദികള്‍ ആരെന്നു കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട വസ്തുതകള്‍ അറിയാവുന്നവര്‍ എന്ന നിലയിലല്ലേ പിഎസ്സി അംഗങ്ങളെയടക്കം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. പ്രതിയെന്ന നിലയിലല്ലല്ലോ? അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായി വിവരങ്ങള്‍ നല്‍കാനും വാദമുന്നയിക്കാനും രേഖകള്‍ സമര്‍പ്പിക്കാനും അവസരമുണ്ട്. ധാര്‍മികവും നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്വം ഇക്കാര്യത്തില്‍ പിഎസ്സി അംഗങ്ങള്‍ക്കുണ്ടെന്നും ജസ്റ്റീസ് എ. ബദറുദ്ദീന്‍ പറഞ്ഞു.
സർക്കാർ കടുത്ത നടപടി സ്വീകരിക്കാത്തതെന്ത്?
നോട്ടീസ് നല്‍കിയിട്ടും അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കില്‍ അടുത്ത കടുത്ത നടപടി സ്വീകരിക്കാത്തതെന്തെന്നു കോടതി സര്‍ക്കാരിനോട് ചോദിച്ചു. പരീക്ഷയില്‍ 58 മാര്‍ക്കിന്റെ മൂല്യനിര്‍ണയം നടത്താതെപോയതില് പ്രഥമദൃഷ്ട്യാ അഴിമതിയില്ലേയെന്നും കോടതി ആരാഞ്ഞു. നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണ ഉത്തരവും കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്സി നല്കിയ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
പിഎസ്സി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരേ അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം.
പൊതുസേവകരെന്ന നിലയില്‍ അന്വേഷണത്തിന് മുന്‍കൂര്‍ അനുമതിയെക്കുറിച്ച് വിജിലന്‍സ് ഡയറക്ടറുടെ കത്തില്‍തന്നെ പറയുന്നുണ്ട്. കംപ്യൂട്ടറൈസ്ഡ് മൂല്യനിര്ണയമായതിനാല് സാങ്കേതികമായ പിഴവുകൊണ്ടാണ് ഇത്തരമൊരു അബദ്ധം സംഭവിച്ചത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന് പിഎസ്സി അംഗങ്ങളടക്കമുള്ളവര്‍ക്ക് ചോദ്യംചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും തടയണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, പിഎസ്സി തീരുമാനവും ശിപാര്‍ശയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോപണങ്ങളിലെ അന്വേഷണത്തിനു മാത്രമേ ചട്ടപ്രകാരം മുന്‍കൂര്‍ അനുമതി ആവശ്യമുള്ളൂ എന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) ടി. ആസഫലി ചൂണ്ടിക്കാട്ടി.
പിഎസ്സിയുമായി ബന്ധപ്പെട്ട രണ്ടുപേര്‍ക്കെതിരേയാണ് ആരോപണമെന്നിരിക്കെ പിഎസ്സി എന്ന സ്ഥാപനം എന്തിനാണു കോടതിയെ സമീപിക്കുന്നതെന്ന് മനസിലാകുന്നില്ല.
പിഎസ്സിയുമായി ബന്ധപ്പെട്ടുണ്ടാകുന്നത് ഒറ്റപ്പെട്ട പരാതികളല്ലെന്നും 180 പരാതികള്‍ ഇതിനകം ലഭിച്ചിട്ടുണ്ടെന്നും ഡിജിപി ചൂണ്ടിക്കാട്ടി. പിഎസ്സിയുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും വാദമുയര്‍ത്തി.
വഞ്ചിക്കപ്പെടുന്നത് യുവതലമുറ
അനുമതിയും ഹര്‍ജിയുടെ നിലനില്പും സംബന്ധിച്ച് ഡിജിപി ഉന്നയിച്ച വാദം കോടതിയും ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ജോലിക്കായി കഠനാധ്വാനം ചെയ്തു മത്സര പരീക്ഷയെ നേരിടുന്ന അഭ്യസ്തവിദ്യരായ യുവതലമുറയാണു വഞ്ചിക്കപ്പെടുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഉദ്യോഗാര്‍ഥികളുടെ ഏക പ്രതീക്ഷയായ പിഎസ്സിയെ സംരക്ഷിക്കണമെന്നു നിരീക്ഷിച്ച കോടതി, തുടര്‍ന്ന് മുന്‍കൂര്‍ അനുമതിയുടെ കാര്യത്തിലും ഹര്‍ജി നിലനില്ക്കുമോയെന്നതിലും വിശദീകരണം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്കി. തുടര്‍ന്ന് ഹര്‍ജി വീണ്ടും 13ന് പരിഗണിക്കാനായി മാറ്റി.
ഹര്‍ജിയില്‍ അപാകതയുണ്ടെന്ന രജിസ്ട്രിയുടെ എതിര്‍പ്പ് അംഗീകരിച്ച് ഹര്‍ജി പരിഗണിക്കാതിരുന്ന സിംഗിള്‍ ബെഞ്ചിന്റെ മുന്‍ ഉത്തരവിനെതിരേ പിഎസ്സി നേരത്തേ ഡിവിഷന് ബെഞ്ചിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഹര്‍ജി പരിഗണിച്ചു തീര്‍പ്പാക്കാന്‍ നിര്‍ദേശിച്ച് സിംഗിള്‍ ബെഞ്ചിലേക്കുതന്നെ കേസ് മടക്കുകയായിരുന്നു.
National
ന്യൂഡൽഹി: 57-ാമത് ജിഎസ്ടി കൗൺസിൽ യോഗം നാളെ ന്യൂഡൽഹിയിൽ നടക്കും. നിയമപ്രകാരമുള്ള അറസ്റ്റ് വ്യവസ്ഥകൾ നീക്കം ചെയ്യുന്നതും ഒരൊറ്റ അപേക്ഷയിലൂടെ വ്യാപാരങ്ങൾക്ക് ഒന്നിലധികം സംസ്ഥാനങ്ങളിൽ ജിഎസ്ടി രജിസ്ട്രേഷൻ ചെയ്യാൻ അനുവദിക്കുന്നതുമുൾപ്പടെയുള്ള പ്രധാന മാറ്റങ്ങൾ യോഗം പരിഗണിച്ചേക്കും.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വി.ഡി.സതീശൻ ഉൾപ്പടെയുള്ള മുഖ്യമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
നികുതിവെട്ടിപ്പുൾപ്പടെയുള്ള വീഴ്ച വരുത്തുന്നവരെ അറസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്ന നിയമ വ്യവസ്ഥയിൽ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. പിഴകൾ, നികുതി വീണ്ടെടുക്കൽ, പലിശ ഈടാക്കൽ തുടങ്ങിയ നടപടികളിലൂടെ വീഴ്ചകൾ പരിഹരിക്കാനാണ് പുതിയ നിർദേശം. എന്നാൽ അഞ്ച് കോടി രൂപയ്ക്കു മുകളിലുള്ള നികുതിവെട്ടിപ്പുകൾക്ക് പ്രോസിക്യൂഷൻ തുടരും.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പ്രോത്സാഹിപ്പിക്കാനും വലിയ വ്യാപാരങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ ലളിതമാക്കാനും ഒരൊറ്റ അപേക്ഷയിലൂടെ വ്യാപാരങ്ങൾക്ക് ഒന്നിലധികം സംസ്ഥാനങ്ങളിൽ ജിഎസ്ടി രജിസ്ട്രേഷൻ നടത്തുന്ന കാര്യം ജിഎസ്ടി കൗൺസിൽ ചർച്ച ചെയ്യും.
പുതിയ സംവിധാന പ്രകാരം പുനരാവിഷ്കരിച്ച ജിഎസ്ടി രജിസ്ട്രേഷൻ ഫോമായിരിക്കും ഉപയോഗിക്കുക. അപേക്ഷയിൽ നൽകിയിരിക്കുന്ന സ്ഥലത്തെ അടിസ്ഥാനമാക്കി ഉചിതമായ അധികാരപരിധി നിർണയിക്കും.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷിതമായി വഴി നടക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ഡൽഹി പൊലിസിന് സുപ്രീംകോടതിയുടെ നിർദേശം.
ഡൽഹിയിൽ പൊതു ഇടങ്ങളിൽ സ്ത്രീകൾക്കെതിരേ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളിൽ സ്വമേധയാ സ്വീകരിച്ച കേസിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. റോഡുകളിലും മെട്രോയിലും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയണം.
കുറ്റവാളികളുടെ മനസിൽ ഭയം ജനിപ്പിക്കുന്ന തരത്തിൽ പോലിസ് കടുത്ത നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. നിയമം കടലാസിൽ മാത്രം പോരെന്നും ആർട്ടിക്കിൾ 21നെക്കുറിച്ച് ആശങ്കപ്പെടുന്നവരുണ്ടായാലും പൊലിസ് അവരുടെ ചുമതല കർശനമായി നിർവഹിക്കണമെന്നും കോടതി ഓർമിപ്പിച്ചു.
മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ, സ്കൂൾ-കോളജ് പരിസരങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി പാർക്കിൽ കൂട്ടബലാത്സംഗത്തിനിരയായ സംഭവവും ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം ഉണ്ടായതുമുൾപ്പടെയുള്ള വാർത്തകളിൽ നടുക്കം രേഖപ്പെടുത്തിയാണ് കോടതി സ്വമേധയാ കേസെടുത്തത്.
സർക്കാരും പൊലിസും കോടതിയും കേസിലെ അമിക്കസ് ക്യൂറിയും ചേർന്ന് ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരേ ഒരുമിച്ചുപ്രവർത്തിക്കണമെന്നു നിർദേശിച്ച കോടതി കുറ്റകൃത്യങ്ങൾ തടയുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും പറഞ്ഞു.
ഡൽഹിയിൽ ആയിരക്കണക്കിന് അനധികൃത ഭക്ഷണശാലകളും മദ്യം വിളമ്പുന്ന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും 2012ലെ നിർഭയ കേസ് പ്രതികളും സമാനമായ രീതിയിലാണ് കുറ്റകൃത്യത്തിന് മുതിർന്നതെന്നും ഇന്നലത്തെ വാദത്തിൽ കോടതി ചൂണ്ടിക്കാട്ടി.
Kerala
തിരുവഞ്ചൂർ: ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെ ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞിരുന്ന കുട്ടി മരിച്ചു. ഉടുമ്പൻചോല സ്വദേശി സുന്ദരവിലാസം മണികണ്ഠന്റെ മകൻ ശക്തികുമാർ (17) ആണ് മരിച്ചത്.
സെപ്റ്റംബർ 7നാണ് ഉടുമ്പൻചോല പൊലിസ് സ്റ്റേഷനിലെ കേസിനെത്തുടർന്ന് ശക്തികുമാറിനെ തിരുവഞ്ചൂരിലെ ഒബ്സർവേഷൻ ഹോമിൽ എത്തിച്ചത്.
ജാമ്യത്തിലെടുക്കാൻ ആരും തയാറാകാത്തതിലുള്ള വിഷമമാണ് ജീവനൊടുക്കാൻ കാരണമെന്ന് പൊലിസ് പറഞ്ഞു.
മുറിയിൽ ഫാനിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച ശക്തികുമാറിനെ ജീവനക്കാർ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: പാണ്ടിശ്വരി. സഹോദരി: കാവ്യ.
International
കാഠ്മണ്ഡു: രാജ്യത്തെ തകർത്തെറിഞ്ഞ മിന്നൽ പ്രളയക്കെടുതിയിൽ ആഴ്ചകൾ നീണ്ട തെരച്ചിലിനൊടുവിൽ നേപ്പാൾ സർക്കാർ രക്ഷാപ്രവർത്തനങ്ങൾ ഔദ്യോഗികമായി അവസാനിപ്പിച്ചു.
ഓഗസ്റ്റ് 26നുണ്ടായ ഭീകരമായ പ്രളയത്തിന് 40 ദിവസങ്ങൾക്കുശേഷമാണ് ഇനി രക്ഷാപ്രവർത്തനം തുടരേണ്ടതില്ലെന്നു സർക്കാർ തീരുമാനിച്ചത്. കാണാതായവർ ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷ അസ്തമിച്ചതിനെത്തുടർന്നാണ് ഇനി മുഴുവൻ ശ്രദ്ധയും പുനരധിവാസത്തിലേക്കും പുനർനിർമാണത്തിലേക്കും മാറ്റാനുള്ള തീരുമാനം.
ഭോട്ടെകോശി, തൃശൂലി നദികളിലുണ്ടായ പ്രളയം നദീതീരങ്ങളിലെ ഗ്രാമങ്ങളെയും അടിസ്ഥാനസൗകര്യങ്ങളെയും പൂർണമായും തകർത്തെറിഞ്ഞിരുന്നു. ജില്ലാ സുരക്ഷാസമിതികൾ, ദുരന്തനിവാരണ സമിതികൾ, ഫീൽഡ് ഇൻസ്പെക്ഷൻ റിപ്പോർട്ടുകൾ എന്നിവയുടെ ശിപാർശ പ്രകാരമാണു തെരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
National
റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അമ്മ രൂപി സോറനെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയ ബിജെപി എംഎൽഎ സത്യേന്ദ്ര നാഥ് തിവാരിക്കെതിരേ കേസെടുത്തു.
രൂപി സോറനെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് ശ്രാവൺ സിംഗ് കാർവാർ എന്നയാൾ പൊലിസിൽ പരാതിപ്പെടുകയായിരുന്നു.
പട്ടികജാതി/പട്ടികവർഗ നിയമം ഉൾപ്പടെ ചേർത്താണ് എംഎൽഎക്കെതിരേ കേസെടുത്തതെന്ന് പൊലിസ് അറിയിച്ചു.
Kerala
മാനന്തവാടി: ക്നാനായ മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ മലബാര്‍ മേഖലയിലെ സഹകാരീ സംഗമവും അംഗങ്ങളുടെ കുട്ടികളില്‍ 10, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവര്‍ക്കുള്ള കാഷ് അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു.
മാനന്തവാടി പാവന പാസ്റ്റര്‍ സെന്റര്‍ ഹാളില്‍ നടത്തിയ സംഗമം സൊസൈറ്റി ചെയര്മാന് ബിനോയി മാത്യു ഇടയാടിയിലിന്റെ അധ്യക്ഷതയില്‍ പാവന പാസ്റ്ററര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ ചീക്കപ്പാറയില്‍ ഉദ്ഘാടനം ചെയ്തു.അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണം പുതുശേരി സെന്റ്തോമസ് ചര്‍ച്ച് വികാരി ഫാ. റ്റോബി ശൗര്യംമാക്കില്‍ നിര്‍വഹിച്ചു.
ക്നാനായ സൊസൈറ്റി ഡയറക്ടര്‍ ഡോ. സ്റ്റീഫന്‍ ജോര്‍ജ്, പെരിക്കല്ലൂര്‍ സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. ജോര്‍ജ് കപ്പുകാലയില്‍, ഡയറക്ടര്‍ സൈമണ്‍ മണപ്പള്ളില്‍, ഡയറക് ടര്‍ തോമസ് പീടികയില്‍, സൊസൈറ്റി ഡയറക്ടര്‍ ജോണ്‍ പുത്തന്‍കണ്ടതില്‍, മാനേജിംഗ് ഡയറക് ടര്‍ പി.കെ. മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ക്നാനായ സൊസൈറ്റി ഡയറക്ടര്‍മാരായ ടോമി കൊച്ചാനയില്‍, ഷൈജി ഓട്ടപ്പള്ളില്‍, തോമസ് മുളക്കല്‍, ഡോ. ലൂക്കോസ് പുത്തന്‍പുരക്കല്‍, ജയിംസ് മലേപ്പറമ്പില്‍, സൈമണ്‍ പാഴുക്കുന്നേല്, ഷോണി പുത്തൂര്‍, ടോമി ജോര്‍ജ് വാണിയംപുരയിടത്തില്‍ എന്നിവര്‍ പങ്കെടുത്തു.
International
ബുക്കാറസ്റ്റ്: കരിങ്കടലിൽ റൊമേനിയൻ തീരത്തിനു സമീപം ചരക്കുകപ്പലിനു തീപിടിച്ച് രണ്ടു പേർ മരിച്ചതായി റൊമേനിയൻ അധികൃതർ അറിയിച്ചു. 11 ജീവനക്കാരെ രക്ഷപ്പെടുത്തി.
ധാന്യവുമായി എത്തിയ ടർക്കിഷ് കപ്പൽ പിന്നീട് മുങ്ങി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
International
ഒൺഡോ: തെക്കൻ നൈജീരിയയിൽ 32 പേരുമായി പറന്ന സൈനിക വിമാനം തകർന്നുവീണു.
25 യാത്രക്കാരും ഏഴു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഒൺഡോ സംസ്ഥാനത്തെ ഇഗ്ബോകോഡ മേഖലയിലാണു വിമാനം തകർന്നുവീണത്.
International
കീവ്: ദീർഘദൂര ആക്രമണങ്ങളിലൂടെ റഷ്യയുടെ എണ്ണ ശുദ്ധീകരണ ശേഷിയുടെ പകുതിയും തകർക്കാൻ കഴിഞ്ഞതായി യുക്രെയ്ൻ.
മോസ്കോ, യാരോസ്ലാവ്, ഉസ്റ്റ്-ലുഗ, പേം, സരതോവ്, സിസ്രാൻ തുടങ്ങിയ റിഫൈനറികൾക്കുനേരേ അടുത്തിടെ നടന്ന ആക്രമണങ്ങളിൽ റഷ്യയുടെ മൊത്തം എണ്ണ ശുദ്ധീകരണ ശേഷിയുടെ 51 ശതമാനവും പ്രവർത്തനരഹിതമായെന്നു യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മോസ്കോ മുതൽ സൈബീരിയ വരെയുള്ള റിഫൈനറികൾക്കുനേരേയുള്ള നിരന്തര ആക്രമണം ഈ വർഷം ആദ്യം റഷ്യയിൽ വ്യാപകമായ ഇന്ധന പ്രതിസന്ധി സൃഷ്ടിച്ചു. യുദ്ധം മൂലം റഷ്യക്ക് നഷ്ടമുണ്ടായതായി കഴിഞ്ഞ ദിവസം പ്രസിഡന്റ് പുടിൻ സമ്മതിക്കുകയും ചെയ്തു.
മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ഒരു ശതമാനം കുറവാണ് ആക്രമണങ്ങൾ മൂലം സംഭവിച്ചതെന്നു പുടിൻ പറഞ്ഞു. യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗം, പ്രതിരോധ മന്ത്രാലയം എന്നിവയിലെ വിദഗ്ധർ ആക്രമണങ്ങളുടെ ആഘാതം വിലയിരുത്തിയതായി പ്രതിരോധ മന്ത്രി യെവ്ഹെനി ഖ്മാര പറഞ്ഞു.
International
മോസ്കോ: റഷ്യയിലെ പ്രമുഖ ഗവേഷണശാലയിൽ ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് പൊട്ടിയതിനെത്തുടർന്ന് യുവഗവേഷക ദുരൂഹമായ അണുബാധ മൂലം മരിച്ചു.
സൈബീരിയയിലെ ഇർകുട്സ്കിന് സമീപമുള്ള ഷെലെഖോവയിലെ ആന്റി പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ ഡാരിയ ഷിപിലോവ (28) ആണു മരിച്ചത്. മാരകമായ ന്യൂമോണിക് പ്ലേഗ് ബാധിച്ചാണു മരണമെന്ന് സംശയിക്കുന്നു.
സംഭവത്തെത്തുടർന്ന് മേഖലയിൽ പ്ലേഗ് ഭീതി പടരുകയും രോഗിയുമായി സമ്പർക്കത്തിൽ വന്ന 197 പേരെ അടിയന്തരമായി ക്വാറന്റൈനിലാക്കുകയും ചെയ്തു. കഴിഞ്ഞ മാസം 29ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഡാരിയ വ്യാഴാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്.
ജോലി ചെയ്യുന്നതിനിടെ അപകടകരമായ ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ പൊട്ടിപ്പോയതായി ഡാരിയ ആശുപത്രി ജീവനക്കാരോട് വെളിപ്പെടുത്തിയിരുന്നു.
ഇതിനെത്തുടർന്ന് പ്രദേശത്തെ നാല് ആശുപത്രികൾ മൂന്നാഴ്ചത്തേക്ക് ക്വാറന്റൈനിലാക്കി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇർകുട്സ്ക് മേഖലയിൽ പൊതുപരിപാടികൾ റദ്ദാക്കുകയും അലുമിനിയം പ്ലാന്റിലെ തൊഴിലാളികൾക്ക് മാസ്ക് നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.
ഡാരിയയുടെ മരണകാരണം ‘അറിയപ്പെടാത്ത തരം ന്യൂമോണിപ്പ’ ആണെന്നാണ് റഷ്യൻ ആരോഗ്യ ഏജൻസിയായ ‘റോസ്പോട്രെബ്നാഡ്സർ’ വ്യക്തമാക്കുന്നത്.
എന്നാൽ രോഗബാധ പ്ലേഗ് ആകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അയൽസംസ്ഥാനമായ ബുര്യാതിയയിലെ ഭരണത്തലവൻ അലക്സി തൈദെനോവ് പ്രതികരിച്ചു.
International
ലണ്ടന്‍: യുകെയിലെ റോയല്‍ എയര്‍ഫോഴ്സ് (ആര്‍എഎഫ്) ഫെയര്‍ഫോർഡ് വ്യോമസേനാ താവളത്തില്‍ നിലയുറപ്പിച്ചിരുന്ന ബി-1 ബോംബര്‍ വിമാനങ്ങള്‍ യുഎസ് അടിയന്തരമായി പിന്‍വലിച്ചു.
ഇറാന് പിന്തുണയോടെ ഭീകരാക്രമണ പദ്ധതിയുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണു നീക്കം. ബ്രിട്ടനിലെ വ്യോമകേന്ദ്രത്തില്‍നിന്നു വിമാനങ്ങള്‍ മറ്റു പ്രാദേശിക താവളങ്ങളിലേക്കു മാറ്റുന്നതിനു പകരം, നേരിട്ട് യുഎസിലെ സേനാ കേന്ദ്രങ്ങളിലേക്കാണ് എത്തിച്ചത്.
ഫെയര്‍ഫോര്‍ഡ് വ്യോമകേന്ദ്രത്തിനു നേരേ സ്ഫോടനത്തിനു പദ്ധതിയിട്ടു എന്ന സംശയത്തെത്തുടര്‍ന്ന് കഴിഞ്ഞമാസം 27ന് യുകെ പൊലിസ് അഞ്ചു ബ്രിട്ടിഷ് പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ വാഹനങ്ങളില്‍നിന്നു പെട്രോള്‍ കണ്ടെത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും ലഭിച്ചിരുന്നില്ല.
പിന്നീട് കഴിഞ്ഞ വ്യാഴാഴ്ച ഈ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 25 വയസുള്ള ബ്രിട്ടിഷ്-ഇറേനിയന്‍ ഇരട്ട പൗരത്വമുള്ളയാളെക്കൂടി ലണ്ടന്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.സംഭവത്തിനു പിന്നില്‍ ഇറാനാണെന്നാണു ബ്രിട്ടനും അമേരിക്കയും ആരോപിക്കുന്നത്.
ലണ്ടനില്‍നിന്ന് 100 മൈല്‍ അകലെയുള്ള ഫെയര്‍ഫോര്‍ഡ്, പതിറ്റാണ്ടുകളായി മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളില്‍ അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ചുവരുന്ന താവളമാണ്. പന്ത്രണ്ട് ബി-1 ബോംബര്‍ വിമാനങ്ങള്‍ ഇവിടെയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Kerala
തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ റാണി, ചിത്തിര കായൽ പാടശേഖരങ്ങളിൽനിന്ന് ഒന്നിച്ചു സംഭരിച്ച 25,75,473 കിലോഗ്രാം നെല്ലിന് സംസ്ഥാന പ്രോത്സാഹന ബോണസായി (എസ്ഐബി) 1,62,51,235 രൂപ ആലപ്പുഴ ജില്ല കളക്ടറുടെ പേരിൽ അനുവദിക്കാൻ സപ്ലൈകോ മാനേജിംഗ് ഡയറക്ടർക്ക് അനുമതി നൽകി.
ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർഥനപ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശപ്രകാരമാണ് തുക അടിയന്തരമായി അനുവദിച്ചത്. കേരളത്തിൽ നെല്ല് സംഭരിക്കുന്ന കർഷകർക്ക് കിലോയ്ക്ക് 6.31 രൂപയാണു എസ്ഐബി നൽകുന്നത്.
കേന്ദ്ര താങ്ങുവിലയ്ക്ക് പുറമേയാണ് ഈ തുക അനുവദിക്കുന്നത്. സംസ്ഥാനം നൽകുന്ന അധിക പ്രോത്സാഹന ബോണസ് നിർത്തലാക്കണമെന്നു കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ബോണസ് നൽകി കർഷകരെ ചേർത്തുപിടിക്കുമെന്നാണ് കേരളത്തിന്റെ നിലപാടെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
കൈനകരി കൃഷിഭവൻ പരിധിയിൽപ്പെടുന്ന റാണി (467 ഏക്കർ), ചിത്തിര (469 ഏക്കർ) കായൽ പാടശേഖരങ്ങളിലെ ഭൂവുടമകളിൽ ഭൂരിഭാഗവും സ്ഥലത്തില്ലാത്തതിനാലും നിയമപരമായി തെരഞ്ഞെടുക്കപ്പെടുന്ന കർഷകൻ കളക്ടറുമായി കരാറിലേർപ്പെട്ട് ഒന്നിച്ചു കൃഷി ചെയ്യുന്നതിനാലും വ്യക്തിഗത കർഷകരുടെ വിഹിതം പ്രത്യേകം കണക്കാക്കാൻ കഴിയില്ലെന്നു കളക്ടർ അറിയിച്ചിരുന്നു.
പാടശേഖരങ്ങളിൽ ഭൂവുടമകൾക്ക് നേരിട്ട് കൃഷിയിറക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ നെൽകൃഷി പുനരുജ്ജീവനം പദ്ധതി ആസൂത്രണം ചെയ്യാനും നടപ്പാക്കാനും മേൽനോട്ടം വഹിക്കാൻ കളക്ടർ ചെയർമാനായി ജില്ലാതല എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ മേൽനോട്ടത്തിൽ കൃഷി ചെയ്യുന്നതിനാൽ, അഞ്ച് ഏക്കറിന് അധികമായി കൃഷിവകുപ്പിന്റെ ആനുകൂല്യങ്ങൾ നൽകാറുണ്ട്.
കളക്ടർ ചെയർമാനായുള്ള സമിതിയുടെ മേൽനോട്ടത്തിൽ കരാർ വ്യവസ്ഥയിലാണ് 2014 മുതൽ കൃഷി നടത്തുന്നത്. നെല്ല് സപ്ലൈകോ വഴി സംഭരിക്കുകയും ഓരോ ഭൂവുടമയുടെയും വിഹിതം പ്രത്യേകം കണക്കാക്കാൻ സാധിക്കാത്തതിനാൽ കളക്ടറുടെ പേരിൽ പിആർഎസ് എഴുതി തുക പ്രത്യേക അക്കൗണ്ടിലേക്കു മാറ്റുകയുമാണു ചെയ്യുന്നത്.
National
ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6 പരിഷ്കരണവുമായി ബന്ധപ്പെട്ടു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് നടത്തിയ പരാമർശം മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ ആക്രമണത്തിന് കൂടുതൽ കരുത്തേകുന്നു.
വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട ഡിക്ലറേഷൻ ഫോം സുപ്രീംകോടതി ശരിവച്ചതാണെന്ന തെരഞ്ഞെടുപ്പു കമ്മിഷന്റെ വാദം പൂർണമായി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റീസും ജഡ്ജിമാരും നിർണായക പരാമർശം നടത്തിയത്.
കോടതി പരാമർശത്തിനു പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർക്കെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാക്കൾ രംഗത്തെത്തി. ഗ്യാനേഷ് കുമാർ നിയമവിരുദ്ധമായും ഏകപക്ഷീയമായുമാണ് ഫോം 6 തിരുത്തിയതെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
ഭരണകക്ഷിയായ ബിജെപിയെ സഹായിക്കാൻ സ്വന്തം പദവി ദുരുപയോഗം ചെയ്തതിന്റെ വ്യക്തമായ തെളിവാണിത്. ജനാധിപത്യത്തിനുമേലുള്ള ഈ കടന്നുകയറ്റത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരും മറുപടി പറയേണ്ടിവരും-രാഹുൽ വ്യക്തമാക്കി.
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ രാജ്യത്തോട് നുണ പറയുകയായിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. ഭരണകക്ഷിക്കു വലിയ ഭയമുള്ള പുതിയ തലമുറയിലെ വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കാനാണ് ഫോം 6-ൽ മനഃപൂർവം മാറ്റങ്ങൾ വരുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, പ്രതിപക്ഷx തെറ്റിദ്ധരിപ്പിക്കുകയാണെന്നും സുപ്രീംകോടതി വിധി ദുർവ്യാഖ്യാനം ചെയ്യുകയാണെന്നുമാണ് തെരഞ്ഞെടുപ്പു കമ്മിഷന്റെ വിശദീകരണം.
Kerala
ഇരിട്ടി: കൂട്ടുപുഴയിൽ 192 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിലായ കേസിൽ കൂട്ടുപ്രതികളെയും പൊലിസ് അറസ്റ്റ് ചെയ്തു. പിടികിട്ടാപ്പുള്ളിയായ വടകര സ്വദേശിനി കെ. സാബിറ (36), സുഹൃത്ത് കോട്ടയം കടനാട് ചെമ്മായത്തെ സാവിയോ മാത്യു (26) എന്നിവരെയാണ് ഇരിട്ടി പൊലിസ് പിടികൂടിയത്.
കഴിഞ്ഞദിവസമാണ് കൂട്ടുപുഴയിൽ എംഡിഎംഎയുമായി ഉളിക്കൽ സ്വദേശി മുബഷീറിനെയും പെരിങ്കിരി സ്വദേശി റഹീമിനെയും പൊലിസ് അറസ്റ്റ് ചെയ്തത്.
മുബഷീഷിന് എംഡിഎംഎ എത്തിച്ചുനൽകിയത് സാബിറയാണെന്നു പൊലിസ് കണ്ടെത്തി. ഇതിന്റെ പണം എത്തിയത് സാവിയോ മാത്യുവിന്റെ അക്കൗണ്ടിലേക്കായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇവരിലേക്ക് എത്തിയത്.
പോക്സോ കേസുമായി ബന്ധപ്പെട്ട് സാബിറ ഒളിവിൽ കഴിയുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു. ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകളിൽ മാറ്റം വരുത്തി റോഷിനി സാവിയോ എന്ന പേരിൽ ഇവർ ആൾമാറാട്ടം നടത്തുകയായിരുന്നു. കർണാടകയിലും മിസോറമിലും ലഹരിസംഘങ്ങളുമായി ഇവർക്കു ബന്ധമുണ്ടെന്നും പൊലിസ് പറഞ്ഞു.
മിസോറമിലേക്കു കടക്കുന്നതിനിടെ തൃശൂർ ജില്ലയിലെ അതിർത്തിയിൽവച്ചാണ് ഇരുവരെയും ഇരിട്ടി പൊലിസ് പിടികൂടിയത്.
കണ്ണൂർ നർക്കോട്ടിക് ഡിവൈഎസ്പി എ. കുട്ടികൃഷ്ണന്റെ നിർദേശപ്രകാരം ഇരിട്ടി സർക്കിൾ ഇൻസ്പെക്ടർ കെ.വി. ഉമേഷ്, പ്രബേഷൻ വനിതാ എസ്ഐ ഭവിന, കണ്ണൂർ ജില്ലാ പൊലിസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ ഷൗക്കത്തലി, അനൂപ്, നിസാമുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Kerala
കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി എൻജിനിയറിംഗ് കോളജ് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗം സംഘടിപ്പിച്ച അഖില കേരള ഇന്റർ സ്കൂൾ, കോളജ്, ഓപ്പൺ ചെസ് ടൂർണമെന്റ് ‘ചെക്ക്മേറ്റ് 2026’ സമാപിച്ചു.
പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി മൂന്നൂറിലധികം ചെസ് താരങ്ങൾ ഏഴ് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ മാറ്റുരച്ചു.
സ്കൂൾ, കോളജ്, ഓപ്പൺ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ വിവിധ പ്രായവിഭാഗങ്ങളിലെ താരങ്ങളുടെ മികച്ച പങ്കാളിത്തം ശ്രദ്ധേയമായി. ചീഫ് ആർബിറ്റർ ഹരീഷ് ബി. മേനോന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.
സമാപന സമ്മേളനം കോളജ് മാനേജർ ഫാ. ബോബി അലക്സ് മണ്ണാംപ്ലാക്കൽ ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിർവഹിച്ചു. ഏഴു വിഭാഗങ്ങളിലായി ആദ്യ 15 സ്ഥാനങ്ങളിലെത്തിയ താരങ്ങൾക്ക് കാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു.
സ്കൂൾ വിഭാഗത്തിൽ പത്തനംതിട്ട ഭവൻസ് വിദ്യാമന്ദിർ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനം നേടി. കോളജ് വിഭാഗത്തിൽ അമൽ ജ്യോതി എൻജിനിയറിംഗ് കോളജ് ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി.
Kerala
ചങ്ങനാശേരി: കാല്‍നടയാത്രക്കാരിയായ വീട്ടമ്മ കാറിടിച്ചു മരിച്ചു. തുരുത്തി പുളിക്കല്‍ കുരിശുംമൂട്ടില്‍ സെബാസ്റ്റ്യന്റെ ഭാര്യ ജോളിക്കുട്ടി (52)യാണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ ആറിനുള്ള വിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കാന്‍ തുരുത്തി മര്‍ത്ത്മറിയം ഫൊറോന പള്ളിയിലേക്കു നടന്നു പോകുന്പോൾ ചങ്ങനാശേരി ഭാഗത്തുനിന്നും വന്ന കാര്‍ നിയന്ത്രണംവിട്ട് ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
നാട്ടുകാര്‍ ചേര്‍ന്ന് ജോളിയെ റോഡിലൂടെവന്ന ആംബുലന്‍സില്‍ കയറ്റി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ചങ്ങനാശേരി പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭര്‍ത്താവ് സെബാസ്റ്റ്യന്‍ വിദേശത്തു ജോലിയിലാണ്. സംസ്കാരം പിന്നീട്. മക്കള്‍: എഡ്വിന്, എറിക്സണ്.
National
ലക്നോ: അനന്തരവൻ ആകാശ് ആനന്ദിനെ വീണ്ടും ബിഎസ്പിയിൽ തിരിച്ചെടുത്ത് മായാവതി. പാർട്ടിയുടെ ദേശീയ കൺവീനറായി ആകാശിനെ നിയമിച്ചു.
പാർട്ടിയുടെ താത്പര്യാർഥമാണു തീരുമാനമെന്ന് മായാവതി അറിയിച്ചു. സെപ്റ്റംബർ 10നാണ് ആനന്ദിനെ ബിഎസ്പിയിൽനിന്ന് മായാവതി പുറത്താക്കിയത്. മൂന്നാമത്തെ പുറത്താക്കലായിരുന്നു ഇത്.
National
വിരുദുനഗർ: ശിവകാശിക്ക് സമീപം തിരുത്തങ്കലിലെ എണ്ണക്കടയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് ടൺ എണ്ണ കത്തിനശിച്ചതായി പൊലിസ്.
തിരുത്തങ്കലിലെ തേവർ പ്രതിമയിലേക്കുള്ള റോഡിലുള്ള നവമണിയുടെ ഉടമസ്ഥതതയിലുള്ള കടയാണ് കത്തിയമർന്നത്.
പതിവുപോലെ ഞായറാഴ്ച രാത്രി കട അടച്ചുപോയിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കടയ്ക്ക് വ്യാപകമായ നാശനഷ്ടമുണ്ടായി.