പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പ്രമുഖ കുടിവെള്ള നിർമ്മാതാക്കളായ ബിസ്ലേരി ഇന്റർനാഷണലിന്റെ കുടിവെള്ള സാമ്പിളുകളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു.
ബിസ്ലേരിയുടെ പ്ലാന്റിൽ നിന്നും ശേഖരിച്ച കുടിവെള്ള സാമ്പിളിൽ നിശ്ചിത അളവിൽ കൂടുതൽ 'ബ്രോമേറ്റ്' അടങ്ങിയിട്ടുള്ളതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം വെള്ളം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ അപ്പീലിനെത്തുടർന്ന് സാമ്പിൾ റഫറൽ ഫുഡ് ലബോറട്ടറിയിൽ വീണ്ടും പരിശോധിച്ചപ്പോൾ, അർബുദത്തിന് കാരണമാകുന്ന 'പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ' സാന്നിധ്യവും കണ്ടെത്തി. ഇതോടെയാണ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഭക്ഷ്യ സുരക്ഷാ അതോറിറ്റി അനുമതി നൽകിയത്.
ഇതോടൊപ്പം, 'ആശാ കൺഫെക്ഷണറി' പുറത്തിറക്കുന്ന ചോക്ലേറ്റ് കുക്കികൾ വിപണിയിൽ നിന്നും പിൻവലിക്കാനും ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഉത്തരവിട്ടു. ലേബലിൽ രേഖപ്പെടുത്താത്ത 'കാർമോസിൻ', നിശ്ചിത പരിധിയിലും കൂടുതലുള്ള 'ടാർട്രാസിൻ', നിരോധിത നിറമായ 'സൺസെറ്റ് യെല്ലോ എഫ്സിഎഫ്'എന്നിവ കുക്കികളിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുകയാണ് അതോറിറ്റി.
Tags : Bisleri Water Contamination Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash