National
കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിൽ വീട്ടുകാരെ തോക്കിൻമുനയിൽ നിർത്തി മോഷണം. സീനിയർ അഭിഭാഷകൻ ബൽവന്ത് സിംഗ് വാലിയയുടെ വീട്ടിൽ വ്യാഴാഴ്ച രാത്രിയെത്തിയ നാലംഗ മുഖംമൂടി സംഘം പണവും സ്വർണവും വെള്ളിയാഭരണങ്ങളും ലൈസൻസുള്ള റിവോൾവറും ഉൾപ്പെടെ 3.15 കോടി രൂപയുടെ വസ്തുക്കൾ കവർന്നു.
വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ബൽവന്ത് സിംഗ് വാലിയയെയും കുടുംബാംഗങ്ങളെയും കെട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്. ലോക്കറുകൾ തുറന്നില്ലെങ്കിൽ ദമ്പതികളെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. മാർച്ച് 20ന് ഇതേ വീട്ടിൽ നടന്ന 50 ലക്ഷം രൂപയുടെ കവർച്ചയ്ക്ക് പിന്നിലും തങ്ങളാണെന്ന് സംഘാംഗങ്ങൾ വെളിപ്പെടുത്തി.
അന്ന് ഡിജിറ്റൽ ലോക്കറുകൾ തുറക്കാൻ സാധിച്ചിരുന്നില്ലെന്നും സംഘം പറഞ്ഞു. ഇത്തവണ ലോക്കറുകൾ തുറപ്പിച്ചാണ് പണവും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവർന്നത്. 20 ലക്ഷം രൂപയും രണ്ട് കിലോയോളം സ്വർണാഭരണങ്ങളും നാല് കിലോയോളം വെള്ളിയാഭരണങ്ങളും വെള്ളിപ്പാത്രങ്ങളും വിഗ്രഹങ്ങളും ലൈസൻസുള്ള റിവോൾവറും തിരകളും ഉൾപ്പെടെയാണ് സംഘം കവർന്നത്.
ഇതിന് പുറമെ വീട്ടിലുണ്ടായിരുന്ന മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സംഘം കൊണ്ടുപോയതായി പോലീസ് പറഞ്ഞു. തെളിവുകൾ നശിപ്പിക്കുന്നതിനായി സംഘം വീട്ടിലെ നാല് സിസിടിവി കാമറകളും തകർത്തു. തുടർന്ന് വീടിന്റെ പ്രധാന വാതിൽ പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് സംഘം രക്ഷപ്പെട്ടത്. അയൽവാസികളുടെ സഹായത്തോടെയാണ് ദമ്പതികൾ കെട്ടഴിച്ച് പുറത്തുവന്നത്.
തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസും, ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കവർച്ചയ്ക്ക് പിന്നിലുള്ള സംഘത്തെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കി.
National
മുംബൈ: പൊതുവഴിയിൽ കാർ നിർത്തിയിട്ട് ജന്മദിനം ആഘോഷിക്കുകയും എയർഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയും ചെയ്ത സംഭവത്തിൽ പത്തു പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മുംബൈയിലെ ബോറിവലിയിലെ ഗൊരായ് 2 മേഖലയിൽ റോഡിനു നടുവിലാണ് യുവാക്കളുടെ സംഘം ജന്മദിനാഘോഷം സംഘടിപ്പിച്ചത്.
കാറിന്റെ ബോണറ്റിനു മുകളിൽ നിരവധി കേക്കുകൾ വച്ചാണ് ജന്മദിനം ആഘോഷിച്ച യുവാവ് അത് മുറിച്ചത്. ഈ സമയം ഇയാളുടെ സുഹൃത്തുക്കൾ ഉച്ചത്തിൽ ബഹളം വയ്ക്കുകയും റോഡിൽ വലിയ രീതിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. റോഡിനു നടുവിലെ ഒത്തുകൂടൽ പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കിനു കാരണമായി.
ഇതിനിടയിലാണ് സംഘത്തിലൊരാൾ കൈയിലുണ്ടായിരുന്ന എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തത്. സംഭവത്തിൽ ആകാശ് ഗുപ്ത, ജതിൻ ശർമ, വിജേഷ് ഉപാധ്യായ എന്നിവരുൾപ്പെടെ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിത, മോട്ടോർ വാഹന നിയമം, മഹാരാഷ്ട്ര പൊലീസ് ആക്ട്, ക്രിമിനൽ ലോ ഭേദഗതി നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
National
ചെന്നൈ: കുടുംബവഴക്കിനിടെ യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ രാമനാഥപുരത്തുണ്ടായ സംഭവത്തിൽ വൈഗൈ നഗർ സ്വദേശിയായ ചെല്ലമുത്തു (31) ആണ് ഭാര്യ ശർമിള (28), ഭാര്യാമാതാവ് പത്മാവതി (58) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് പിന്നാലെ പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ദുബായിൽ ജോലി ചെയ്തിരുന്ന ചെല്ലമുത്തു അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഭാര്യ ശർമിളയും ഇയാളും കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്നു.
ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ഇതിൽ പ്രകോപിതനായ ചെല്ലമുത്തു അരിവാൾ ഉപയോഗിച്ച് ഭാര്യയെയും തടയാൻ ശ്രമിച്ച ഭാര്യാമാതാവിനെയും വെട്ടുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണങ്ങളെച്ചൊല്ലി സംസ്ഥാന ബിജെപിയിൽ ചേരിപ്പോര് രൂക്ഷമാകുന്നു. തനിക്കെതിരെയുള്ള ഫണ്ട് വിവാദം വ്യാജമാണെന്നും സൈബർ ആക്രമണങ്ങൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറി എം.എസ്. അഞ്ജന സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന അഞ്ജനയായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനവും ഫണ്ട് വിതരണവും കൈകാര്യം ചെയ്തിരുന്നത്. തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി കൺവീനർ എസ്. സുരേഷ് കഴിഞ്ഞാൽ തൊട്ടടുത്ത പ്രധാന പദവിയിലായിരുന്നു ഇവർ.
എന്നാൽ പുറത്തുനിന്ന് കൊടി വാങ്ങിയ വകയിൽ മാത്രം 31 ലക്ഷം രൂപ അഞ്ജന കമ്മീഷൻ കൈപ്പറ്റിയെന്ന് കാണിച്ച് പാർട്ടി ദേശീയ നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. അതേസമയം വിദേശത്തുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടുത്തയാഴ്ച തിരുവനന്തപുരത്തെത്തും. ഇതിന് പിന്നാലെ അടിയന്തര കോർ കമ്മിറ്റി യോഗവും ചേരുന്നുണ്ട്.
Kerala
കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ അഞ്ച് മരണം സ്ഥിരീകരിച്ചു. അതേസമയം സംഭവത്തിൽ പോലീസ് കേസെടുത്തു. മണ്ണിടിച്ചിൽ പൂർണമായും മനുഷ്യനിർമിതമാണെന്നും മണ്ണ് നീക്കം ചെയ്യാൻ തയാറാകാത്തതാണ് വൻ ദുരന്തത്തിന് വഴിവെച്ചതെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ കടുത്ത വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പോലീസിന്റെ അടിയന്തര നടപടി.
അപകടത്തിൽപ്പെട്ട മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. ദേശീയ ദുരന്തപ്രതികരണ സേനയുടെ രണ്ട് പ്രത്യേക സംഘങ്ങളിലെ എഴുപതോളം രക്ഷാപ്രവർത്തകരാണ് നിലവിൽ ദുരന്തഭൂമിയിൽ തെരച്ചിലിന് നേതൃത്വം നൽകുന്നത്. മണ്ണിനടിയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്തി അവരെ എത്രയും വേഗം ജീവനോടെ പുറത്തെത്തിക്കാനാണ് രക്ഷാപ്രവർത്തകർ ശ്രമിക്കുന്നത്.
അപകടത്തിൽ പരിക്കേറ്റ ആറുപേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം മീനാക്ഷി എസ്റ്റേറ്റിൽ നിന്നുള്ള 21കുടുംബങ്ങളെ ചുളിക്ക ജിഎൽപി സ്കൂളിലേക്ക് മാറ്റി. നിലവിൽ പ്രദേശവാസികൾ ക്യാമ്പിൽ തുടരുകയാണ്.
Kerala
തൃശൂർ: നവജാത ശിശുവിന്റെ മൃതദേഹം ക്വാറിയിൽ തള്ളിയ സംഭവത്തിൽ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. ആറ്റൂർ സ്വദേശിനി സ്വപ്ന (37)ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ശാരീരിക അവശതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സ്വപ്ന തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംശയം തോന്നിയ ഡോക്ടർമാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യുവതി വിവരങ്ങൾ പറഞ്ഞത്. ഗുരുതരാവസ്ഥയിലായ യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വീട്ടിൽ വെച്ച് തന്നെയാണ് പ്രസവിച്ചതെന്നും കുഞ്ഞ് മരിച്ചെന്നുമാണ് യുവതിയുടെ മൊഴി. എന്നാല് മുഖത്ത് വെള്ളമൊഴിച്ച് കുഞ്ഞിനെ കൊന്നതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.