Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Space

ഭൂമിയുടെ അന്തിമവിധി എന്ത്? സൂര്യന്‍റെ അന്ത്യത്തിലും ഭൂമി അതിജീവിച്ചേക്കാമെന്ന് പുതിയ പഠനം

കോടിക്കണക്കിനു വർഷങ്ങൾക്കുശേഷം ഭൂമിയിൽ ജീവൻ നിലനിൽക്കുമോ ഇല്ലയോ എന്നതു വേറെ കാര്യം! എന്നാൽ, ഭൂമി അതിജീവിക്കുമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. അഞ്ച് ബില്യൺ വർഷങ്ങൾക്കുശേഷം സൂര്യൻ അതിന്‍റെ ആയുസിന്‍റെ അവസാന ഘട്ടത്തിലേക്കു പ്രവേശിക്കുന്പോൾ, ഭൂമി എന്ന വിസ്മയഗ്രഹം ചാമ്പലാകും എന്നതായിരുന്നു ഇതുവരെ ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്. എന്നാൽ, അങ്ങനെ സംഭവിക്കാൻ സാധ്യത കുറവാണെന്നാണ് ശാസ്ത്രലോകത്തിന്‍റെ പുതിയ വിലയിരുത്തൽ. സൂര്യന്‍റെ മരണപ്പാച്ചിലിൽനിന്നു ഭൂമി ഒരുപക്ഷേ രക്ഷപ്പെട്ടേക്കാമെന്ന് ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് എന്ന പ്രശസ്ത ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

കെയു ലൂവൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണമി (ബെൽജിയം) യിലെ ഗവേഷകനായ മാറ്റ്സ് എസെൽഡൂർസിന്‍റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ കണ്ടെത്തലിനു പിന്നിൽ. സൂര്യനോടു സാമ്യമുള്ള മറ്റ് ഭീമൻ നക്ഷത്രങ്ങളുടെ വാർധക്യത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് ഭൂമിയുടെ അതിജീവന സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നത്.

സൂര്യന്‍റെ അന്ത്യയാത്ര
ഇനി, 500 കോടി വർഷങ്ങളിലേക്കുള്ള ഹൈഡ്രജൻ മാത്രമാണ് സൂര്യനിൽ അവശേഷിക്കുന്നത്. ഹൈഡ്രജൻ തീരുന്നതോടെ സൂര്യൻ നിലവിലുള്ളതിനേക്കാൾ നൂറിരട്ടി വലിപ്പത്തിലേക്കു വീർത്തുവരും. എനർജി തീരുമ്പോൾ സൂര്യൻ ആദ്യം ചുവന്ന ഭീമൻ നക്ഷത്രമായി (റെഡ് ജയന്‍റ്) മാറും. അതിനുശേഷം അസിംപ്റ്റോട്ടിക് ജയന്‍റ് ബ്രാഞ്ച് (എജിബി) എന്ന അതിലും വലിയ ഘട്ടത്തിലേക്ക് സൂര്യൻ കടക്കും. ഒടുവിൽ പുറംഭാഗങ്ങളെല്ലാം നഷ്ടപ്പെട്ട്, കരിനിഴൽ പോലെ അവശേഷിക്കുന്ന കേന്ദ്രഭാഗം മാത്രമുള്ള വൈറ്റ് ഡ്വാർഫ് എന്ന അവസ്ഥയിൽ സൂര്യന്‍റെ ആയുസ് അവസാനിക്കും.

ഈ ഘട്ടങ്ങളിൽ ഉണ്ടാകുന്ന അതിഭയങ്കരമായ താപതരംഗങ്ങൾ ഭൂമി, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങളെ പൂർണമായും വിഴുങ്ങുമെന്നാണ് ശാസ്ത്രജ്ഞർ ദീർഘകാലമായി വിശ്വസിച്ചിരുന്നത്. എന്നാൽ സൂര്യന്‍റെ ഭാവിയോടു സാമ്യം പുലർത്തുന്ന; അന്ത്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന, എൽ 2 പപ്പിസ് എന്ന നക്ഷത്രത്തെ നിരീക്ഷിച്ചതോടെയാണ് ഈ നിഗമനം തിരുത്തപ്പെടുന്നത്.

ഭൂമി രക്ഷപ്പെടാൻ രണ്ട് വഴികൾ
നക്ഷത്രങ്ങളുടെ പരിണാമമാതൃകകൾ പരിശോധിച്ച ഗവേഷകർ ഭൂമിയുടെ ഭാവിയെക്കുറിച്ച് രണ്ട് സാധ്യതകളാണു പറയുന്നത്.
1. ഗ്രഹത്തെ വിഴുങ്ങുന്ന ടൈഡൽ ഫോഴ്സ്
സൂര്യൻ വലിപ്പം വയ്ക്കുമ്പോൾ അതിന്‍റെ ശക്തമായ ഗുരുത്വാകർഷണ ബലം ഭൂമിയെ ഉള്ളിലേക്ക് വലിച്ചടുപ്പിക്കുകയും ഒടുവിൽ സൂര്യൻ ഭൂമിയെ വിഴുങ്ങുകയും ചെയ്യാം.
2. സ്‌റ്റെല്ലാർ വിൻഡ്
സൂര്യൻ അതിന്‍റെ അവസാന ഘട്ടത്തിൽ ശക്തമായ സ്‌റ്റെല്ലാർ വിൻഡ് പുറപ്പെടുവിക്കുകയും അതിവേഗം സ്വന്തം പിണ്ഡം നഷ്ടപ്പെടുകയും ചെയ്യാം. അങ്ങനെ വരുമ്പോൾ സൂര്യന്‍റെ ഗുരുത്വാകർഷണ ശക്തി കുറയുകയും, ഭൂമിക്ക് സൂര്യനിൽനിന്നും അകന്ന് കൂടുതൽ സുരക്ഷിതമായ ഒരു ഭ്രമണപഥത്തിലേക്ക് മാറിപ്പോകാൻ അവസരം ലഭിക്കുകയും ചെയ്യാം.

ഭൂമിയുടെ അന്തിമവിധി
സൂര്യനിൽനിന്ന് പിണ്ഡം നഷ്ടമാകുന്ന വേഗത്തെ ആശ്രയിച്ചിരിക്കും ഭൂമിയുടെ അന്തിമവിധി എന്ന് മുഖ്യ ഗവേഷകനായ മാറ്റ്സ് എസേൽഡൂർസ് പറയുന്നു. സൂര്യന്‍റെ ആകർഷണബലവും പിണ്ഡം നഷ്ടപ്പെടുന്ന പ്രക്രിയയും തമ്മിലുള്ള മത്സരമായിരിക്കും അന്നു നടക്കുക. ഇതിൽ ടൈഡൽ ഫോഴ്സ് ആണ് ജയിക്കുന്നതെങ്കിൽ ഭൂമി സൂര്യനിൽ ലയിക്കും. എന്നാൽ പിണ്ഡം നഷ്ടപ്പെടുന്ന പ്രക്രിയയ്ക്കാണ് മേൽക്കൈ എങ്കിൽ ഭൂമി സൂര്യന്‍റെ വലയത്തിൽനിന്നും അകന്നുമാറി അതിജീവിക്കും.

കോടിക്കണക്കിനു വർഷങ്ങൾക്കുശേഷം ഭൂമിയിൽ ജീവൻ നിലനിന്നാലും ഇല്ലെങ്കിലും, പ്രപഞ്ചത്തിൽ ഭൂമി എന്ന ഗ്രഹത്തിന്‍റെ നിലനിൽപ്പ് പൂർണമായും അവസാനിക്കില്ലെന്നാണ് പുതിയ പഠനത്തിലൂടെ ഗവേഷകർ വ്യക്തമാക്കുന്നത്.

Latest News

Corehub Up