Sports
അര്‍ജന്റീനയ്ക്ക് എതിരായ ക്വാര്‍ട്ടറിന്റെ 72-ാം മിനിറ്റില്‍ അഭിനയം പിഴച്ച് രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ ബ്രീല്‍ എംബോളോയ്ക്കു മൈതാനം വിടേണ്ടിവന്നു. സ്വിറ്റ്സര്‍ലന്‍ഡിന്റെ അംഗബലം പത്തിലേക്കു ചുരുങ്ങിയ നിമിഷം.
അര്‍ജന്റൈന്‍ ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍ ലിസാന്‍ഡ്രൊ പരേഡസ് കാല്‍വച്ച് വീഴ്ത്തിയതായി എംബോളോ അഭിനയച്ചു വീണു. പരേഡസിന് മഞ്ഞ.
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി റഫറിയുമായി വാക്കേറ്റം. തുടര്‍ന്ന് വിഎആര്‍ പരിശോധന. അതോടെ പരേഡസ് എംബോളൊയെ ടച്ച് ചെയ്തില്ലെന്നു തെളിഞ്ഞു. മനപൂര്‍വമുള്ള അഭിനയത്തിന് എംബോളൊയ്ക്ക് മഞ്ഞക്കാര്‍ഡ്.
മത്സരത്തിന്റെ 44-ാം മിനിറ്റില്‍ മഞ്ഞ കണ്ട എംബോളൊ അതോടെ കണ്ണീര്‍വാര്‍ത്തു. സഹതാരങ്ങള്‍ ആശ്വസിപ്പിച്ചെങ്കിലും തോരാക്കണ്ണീരുമായി എംബോളൊ മൈതാനം വിട്ടു.
Sports
സതാംപ്ടണ്: ഇംഗ്ലണ്ടിന് എതിരായ അഞ്ചാം ട്വന്റി-20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ഇടംപിടിച്ചു.
കൗമാര താരം വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയാണ് സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. അയര്‍ലന്‍ഡ് പര്യടനത്തിലും ഇംഗ്ലണ്ടിന് എതിരായ ആദ്യ മത്സരത്തിലും (5, 0, 1) രണ്ടക്കം പോലും കാണാതിരുന്നതോടെയാണ് സഞ്ജുവിനു പുറത്തിരിക്കേണ്ടിവന്നതെന്നതും ശ്രദ്ധേയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഇംഗ്ലണ്ട്, 20 ഓവറില്‍ തല്ലിക്കൂട്ടിയത് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ്. 64 പന്തില്‍ എട്ട് സിക്സും 12 ഫോറും അടക്കം 131 റണ്‍സ് അടിച്ചെടുത്ത ജോസ് ബട്ലറിന്റെ സെഞ്ചുറിയാണ് ഇംഗ്ലീഷ് ഇന്നിംഗ്സിനു കരുത്തേകിയത്. ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 45 പന്തില്‍ 95 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ റിക്കാര്‍ഡ് ട്വന്റി-20 സ്കോറാണ് 257/3.
മത്സരത്തിൽ ഇന്ത്യ 56 റണ്‍സിന് പരാജയപ്പെട്ടു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റണ്‍സ് എടുക്കാനേ ഇന്ത്യക്കു സാധിച്ചുള്ളൂ. ഓപ്പണിംഗ് ഇറങ്ങിയ സഞ്ജു സാംസണ് 14 പന്തിൽ 27 റണ്‍സ് നേടി. ഇഷാൻ കിഷനാണ് (35 പന്തിൽ 56) ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ.
തിലക് വർമയും (25 പന്തിൽ 53) അർധസെഞ്ചുറി സ്വന്തമാക്കി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 28 റണ്‍സ് നേടി. അഭിഷേക് ശർമ (3) തുടക്കത്തിലേ പുറത്തായി. ഇതോടെ ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റൻസിയിലെ ആദ്യ രണ്ട് പരന്പരയും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു.
Sports
ടിക്കി ടാക്കയുടെ ഉപജ്ഞാതാക്കളായ, എസ്പാനക്കാര് ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ സെമി ടിക്കറ്റ് കരസ്ഥമാക്കി. 2010ല്‍ കന്നി ലോകകപ്പ് നേടിയശേഷം സ്പെയിനിന്റെ ആദ്യസെമി.
നീണ്ട 16 വര്‍ഷത്തിനു ശേഷമാണ് സ്പെയിന് കാല്‍പ്പന്ത് പോരാട്ടത്തിന്റെ ഭൂഗോളപ്പോരില് അവസാന നാലില്‍ ഇടം നേടുന്നതെന്നതാണ് ശ്രദ്ധേയം. ബെല്‍ജിയത്തെ ഒന്നിനെതിരേ രണ്ട് ഗോളിനു കീഴടക്കിയാണ് സ്പെയിന് സെമി ടിക്കറ്റ് കരസ്ഥമാക്കിയത്.
കലിഫോര്‍ണിയയിലെ ഇംഗിള്‍വുഡിലെ സോഫി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞത് 70,492 കാണികള്‍. സ്പെയിന് ആരാധകര്‍ക്ക് ആവേശം വിതറിയ മത്സരമായിരുന്നു അരങ്ങേറിയത്. ടിക്കി ടാക്കയുടെ മനോഹര നീക്കങ്ങളുമായി സ്പാനിഷ് ടീം കളത്തില്‍ നിറഞ്ഞു. അവരുടെ ടീനേജ് സെന്‍സേഷനായ ലാമിന് യമാല്‍ രണ്ടു പേര് മാര്‍ക്ക് ചെയ്തിട്ടുപോലും ബെല്‍ജിയം പെനാല്‍റ്റി ബോക്സില്‍ ചലനം സൃഷ്ടിച്ചു.
ഗോൾ 1: ഫാബിയന്‍ റൂയിസ്
സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെ ഞെട്ടിക്കുന്ന മാറ്റത്തോടെയാണ് സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ചത്. ഒരു ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ ഇതാദ്യമായി പെദ്രിയെ സബ്സ്റ്റിറ്റ്യൂഷന് ബെഞ്ചില്‍ ഇരുത്തി. പകരം സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടം നേടിയത് ഫാബിയന്‍ റൂയിസ്. ഫ്യൂന്റെയുടെ ആ നീക്കത്തിനു 30-ാം മിനിറ്റില്‍ ഫലമെത്തി. ഫാബിയന്‍ റൂയിസിന്റെ ഗോളില്‍ സ്പെയിന് 1-0ന്റെ ലീഡ് നേടി. പോറൊയും യമാലും വണ്‍-ടു പ്ലേയുമായി ബെല്‍ജിയം ഗോള്‍മുഖത്തേക്ക്. പന്തിന്റെ നിയന്ത്രണം ലഭിച്ച ഡാനി ഓള്‍മോയുടെ ലോംഗ്ഷോട്ട്. എന്നാല്‍, ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൊ കോര്‍ട്വ പന്ത് തട്ടിത്തെറിപ്പിച്ചു. റീബൗണ്ടായി പന്ത് എത്തിയത് ഫാബിയന്‍ റൂയിസിന്റെ പാകത്തിന്. റൂയിസിന്റെ ക്ലോസ് റേഞ്ച് ഷോട്ട് വലയില്‍.
ഗോൾ 2: സ്പെയിൻ ഗോള്‍ വഴങ്ങി
2026 ഫിഫ ലോകകപ്പില്‍ സ്പെയിന് വഴങ്ങുന്ന ആദ്യ ഗോളിനായിരുന്നു 41-ാം മിനിറ്റ് സാക്ഷ്യം വഹിച്ചത്. ബെല്‍ജിയത്തിന്റെ ചാള്‍സ് ഡി കെറ്റലെയറിന്റെ ഹെഡര്‍ സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനയ് സിമോണിനെ കടന്ന് വലയില്‍. അതോടെ 1-1 എന്ന നിലയില്‍ ബെല്‍ജിയം തലയുയര്‍ത്തി ആദ്യപകുതിക്കു പിരിഞ്ഞു. സ്പെയിനിന്റെ ആക്രമണത്തോടെയാണ് രണ്ടാം പകുതിക്കു തുടക്കമായത്. 1958നുശേഷം ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ രണ്ട് കൗമാരക്കാരുമായി മത്സരം തുടങ്ങിയ ടീമായിരുന്നു സ്പെയിന്. പൗ കുബാര്‍സിയും യമാലുമായിരുന്നു ലാ റോജയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെ കൗമാരക്കാര്‍.
ഗോൾ 3: മെറിനോ
71-ാം മിനിറ്റില്‍ ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൊ കോര്‍ട്വ പരിക്കേറ്റു പുറത്തായി. റെഡ് ഡെവിള്‍സ് എന്നറിയപ്പെടുന്ന ബെല്ജിയത്തിനേറ്റ പ്രഹരമായിരുന്നു അത്. രണ്ടാം നമ്പര്‍ ഗോള്‍ കീപ്പറായ സെനെ ലാമന്‍സ് അതോടെ വലയ്ക്കു മുന്നിലെത്തി. 86-ാം മിനിറ്റില്‍ ഡാനി ഓള്‍മോയെ പിന്‍വലിച്ച് സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെ തന്റെ വജ്രായുധമായ മൈക്കല്‍ മെറിനോയെ ഇറക്കി. കളത്തിലെത്തി രണ്ടാം മിനിറ്റില്‍ മെറിനോയുടെ ഗോള്‍.
88-ാം മിനിറ്റ്. ലാമിന് യമാലും നിക്കൊ വില്യംസും നടത്തിയ ശ്രമം ഫലം കണ്ടില്ല. തുടര്‍ന്ന് കുബാര്‍സിയുടെ ലോംഗ് റേഞ്ച്. ബെല്‍ജിയം ഗോളി സെനെ ലാമന്‍സ് അത് തട്ടിത്തെറിപ്പിച്ചു. എന്നാല്‍, പന്ത് എത്തിയത് മെറിനോയുടെ പക്കലേക്ക്. റീബൗണ്ട് വലയിലാക്കി മെറിനോ സ്പെയിനിനെ ജയത്തിലെത്തിച്ചു.
Sports
കൊച്ചി: യോനെക്സ് സണ്‍റൈസ് ഓള് ഇന്ത്യ സീനിയര്‍ റാങ്കിംഗ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ പുരുഷ സിംഗിള്‍സില്‍ മലയാളിതാരം ജേക്കബ് തോമസ് സിദ്ധാര്‍ഥ മിശ്രയെ (15-12, 11-15, 15- 09) പരാജയപ്പെടുത്തി.
വനിതാ ഡബിള്‍സിൽ കേരളത്തിന്റെ അപര്‍ണ ബാലന്- ആരതി സാറ സുനില്‍ സഖ്യം ഉത്തര്‍പ്രദേശിന്റെ റിദ്ദി ഭരദ്വാജ് - ഉത്തരാഖണ്ഡിന്റെ സാംഭവി റൗതാന് സഖ്യത്തെ പരാജയപ്പെടുത്തി പ്രീക്വർട്ടറിൽ പ്രവേശിച്ചു.
Sports
കാന്‍സസ് സിറ്റി: ഈജിപ്ഷ്യന്‍ മാന്ത്രികര്‍ ഇളക്കിവിട്ട 'ഫിഫയുടെ അര്‍ജന്റൈന്‍ സ്നേഹം' എന്ന ഭൂതത്തിനിടെ, ലയണല്‍ മെസിയും സംഘവും ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നു. ഇന്ത്യന്‍ സമയം ഇന്നു രാവിലെ 6.30ന് കാന്‍സസ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
ഈജിപ്തിന് എതിരായ പ്രീക്വാര്‍ട്ടറില്‍ ഫിഫയും റഫറിയും അര്‍ജന്റീനയ്ക്കുവേണ്ടി കളിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. മത്സരത്തില്‍ പരാജയപ്പെട്ടതിനുശേഷം ഈജിപ്ഷ്യന്‍ കോച്ചാണ് ഈ ആരോപണം പ്രത്യക്ഷത്തില്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയിലടക്കം ഫിഫയ്ക്കും അര്‍ജന്റീനയ്ക്കും എതിരായ പ്രചരണം ശക്തമായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് 2026 ഫിഫ ലോകകപ്പിലെ അവസാന ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി മെസിയും സംഘവും ഇന്നിറങ്ങുന്നത്. ഈ പോരാട്ടത്തോടെ 2026 എഡിഷന്റെ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയാകും. ഈജിപ്തിന് എതിരായ പ്രീക്വാര്‍ട്ടറില്‍ രണ്ട് ഗോളിനു പിന്നിട്ടുനിന്നശേഷം മൂന്നു ഗോള്‍ തിരിച്ചടിച്ചായിരുന്നു അര്‍ജന്റീന ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഒരു ഗോള്‍ നേടിയതും ഒരു ഗോളിന് അസിസ്റ്റ് നടത്തിയതും മെസിയായിരുന്നു.
ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ, എര്‍ലിംഗ് ഹാലണ്ട് എന്നിവര്‍ക്കൊപ്പം ഫിഫ 2026 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നവര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും മെസിയുണ്ട്. എംബപ്പെയുടെ ക്വാര്‍ട്ടര്‍ പോരാട്ടം കഴിഞ്ഞപ്പോള്‍ എട്ട് ഗോളും മൂന്ന് അസിസ്റ്റുമായി അദ്ദേഹമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
എട്ട് ഗോളും ഒരു അസിസ്റ്റുമുള്ള മെസിക്കാണ് രണ്ടാം സ്ഥാനം. നോര്‍വെയുടെ എര്‍ലിംഗ് ഹാലണ്ടിന് ഏഴ് ഗോളുണ്ട്. അര്‍ജന്റീന x സ്വിറ്റ്സര്‍ലന്‍ഡ് പോരാട്ടം തുടങ്ങുന്നതിനു മുമ്പായി ഹാലണ്ടിന്റെ നോര്‍വെയും ഹാരി കെയ്ന്റെ ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ ഇറങ്ങും. അര്‍ജന്റീന x സ്വിറ്റ്സര്‍ലന്‍ഡ് വിജയികളും നോര്‍വെ x ഇംഗ്ലണ്ട് വിജയികളുമാണ് സെമിയില്‍ ഏറ്റുമുട്ടുന്നത്.
Sports
ഡാളസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ സെമിയില്‍ യൂറോപ്യന്‍ പോരാട്ടത്തിനു കളമൊരുങ്ങി. ആദ്യസെമി ഫൈനലില്‍ കാല്‍പ്പന്ത് ലോകത്തിലെ കരുത്തരായ സ്പെയിനും ഫ്രാന്‍സും കൊമ്പുകോര്‍ക്കും. ഇന്ത്യന്‍ സമയം ബുധന്‍ പുലര്‍ച്ചെ 12.30ന് ആര്‍ലിംഗ്ടണിലെ ഡാളസ് സ്റ്റേഡിയത്തിലാണ് കിക്കോഫ്.
ഈ ലോകകപ്പിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ 2-1ന് ബെല്‍ജിയത്തെ കീഴടക്കിയാണ് സ്പെയിന് സെമി ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. ആദ്യ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ മൊറോക്കോയെ കീഴടക്കിയാണ് (2-0) ഫ്രാന്‍സിന്റെ സെമി പ്രവേശം.
സ്പാനിഷ് ലാ ലിഗ ടീമുകളായ റയല്‍ മാഡ്രിഡിന്റെ കിലിയന്‍ എംബപ്പെയും എഫ്സി ബാഴ്സലോണയുടെ ലാമിന് യമാലും തമ്മില്‍ ലോകവേദിയില്‍ ഏറ്റുമുട്ടുന്നു എന്നതും ഫ്രാന്‍സ് x സ്പെയിന് പോരാട്ടത്തിന്റെ പ്രത്യേകത. ലാ ലിഗയില്‍ ഇരുവരും തമ്മില്‍ പലതവണ ഏറ്റമുട്ടിയിട്ടുണ്ടെങ്കിലും അതുക്കും മേലെയാണ് ഭൂഗോള പോരാട്ടത്തിലെ കൊമ്പുകോര്‍ക്കല്‍.
തീരാപ്പകയുടെ പോരാട്ടം
ഫ്രാന്‍സ് x സ്പെയിന് ഫുട്ബോള്‍ ശത്രുതയ്ക്ക് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഒരിക്കലും തീര്‍ത്താല്‍ തീരാത്ത വൈരിപോരാട്ടത്തിന്റെ കഥകളും. 1922ല്‍ സ്പാനിഷ് ടീം ഫ്രാന്‍സില്‍ എത്തിയതോടെയാണ് ഇരുടീമും തമ്മിലുള്ള കാല്‍പ്പന്ത് ശത്രുതയ്ക്കു കിക്കോഫ് നടന്നത്. അന്നത്തെ പോരാട്ടത്തില്‍ 4-0ന് സ്പെയിന് ജയം സ്വന്തമാക്കി. എന്നാല്‍, 1938 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ച് ഫ്രാന്‍സ് അതിവേഗം ലോകവേദിയിലേക്കെത്തി. പക്ഷേ, ആഭ്യന്തരയുദ്ധത്തിന്റെ (1936-39) പശ്ചാത്തലത്തില്‍ സ്പെയിന് സ്തംഭിച്ചു. പിന്നാലെ രണ്ടാം ലോകമഹായുദ്ധം. നാസികള്‍ക്ക് താവളം നല്‍കിയതോടെ ഫ്രാന്‍സും സ്പെയിനും തമ്മിലുള്ള ശത്രുത വര്‍ധിച്ചു.
രാജ്യാന്തര വേദിയില്‍ ആദ്യ ട്രോഫി സ്വന്തമാക്കിയത് സ്പെയിനായിരുന്നു. 1964 യൂറോപ്യന്‍ നേഷന്‍സ് കപ്പ് (യൂറോ) സ്വന്തമാക്കിയതോടെ ആയിരുന്നത്. എന്നാല്‍, 1984ല്‍ ഫ്രാന്‍സും യൂറോ കപ്പ് ചാമ്പ്യന്മാരായി. ഫിഫ ലോകകപ്പ് ആദ്യം സ്വന്തമാക്കിയത് ഫ്രാന്‍സ് ആയിരുന്നു; 1998ല്‍ സിനദീന്‍ സിദ്ദാന്റെ നേതൃത്വത്തില്‍.
2010ല്‍ ആന്ദ്രെ ഇനിയെസ്റ്റയടക്കമുള്ളവരുടെ സ്പെയിനും ഫിഫ ലോകകപ്പ് ട്രോഫിയില്‍ ചുംബിച്ചു. 2018ല്‍ രണ്ടാം തവണയും ഫ്രാന്‍സ് ലോകകപ്പ് ഉയര്‍ത്തി. രാജ്യാന്തര വേദിയിലെ ട്രോഫി നേട്ടത്തില്‍ ഫ്രാന്‍സിനാണ് (8) സ്പെയിനിനേക്കാള്‍ (6) മുന്‍തൂക്കം.
ഗ്രേറ്റ് നോക്കൗട്ട് ഫൈറ്റ്
ഫ്രാന്‍സും സ്പെയിനും കാല്‍പ്പന്ത് വേദിയില്‍ നേര്‍ക്കുനേര്‍ ഇറങ്ങിയിട്ടുണ്ടെങ്കില്‍ അതെല്ലാം സുപ്രധാന ടൂര്‍ണമെന്റുകളിലെ നിര്‍ണായക പോരാട്ടങ്ങളിലായിരിക്കുമെന്നതാണ് സമീപനാളില്‍ കണ്ടുവരുന്നത്. 2026 ഫിഫ ലോകകപ്പ് സെമി ഇക്കാര്യത്തില്‍ ഏറ്റവും അവസാനത്തേത്. ഇതിനു മുമ്പ് ഇരുടീമും ഏറ്റുമുട്ടിയത് 2025 യുവേഫ നേഷന്‍സ് ലീഗ് സെമിയില്‍. ഒമ്പത് ഗോള്‍ പിറന്ന സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തില്‍, ഫ്രാന്‍സിനെ സ്പെയിന് 5-4നു കീഴടക്കി. അതിനു മുമ്പ് 2024 യൂറോ സെമിയിലായിരുന്നു ഇരുടീമും ഏറ്റുമുട്ടിയത്. അതിലും സ്പെയിന് (2-1) ജയം സ്വന്തമാക്കി. 2021 യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ സ്പെയിനിനെ കീഴടക്കിയായിരുന്നു ഫ്രാന്‍സ് (2-1) ചാമ്പ്യന്മാരായത്.
ഇതിന്റെയെല്ലാം ബാക്കിപത്രമായിരിക്കും ഡാളസ് സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കുക. കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ, മൈക്കല്‍ ഒലിസ്, ഡെസിറെ ഡൂവേ തുടങ്ങിയവര്‍ അണിനിരക്കുന്ന ഫ്രാന്‍സിനാണ് സെമിക്കു മുമ്പുള്ള കണക്കുകളില്‍ മുന്‍തൂക്കം. ലാമിന് യമാല്‍, മാര്‍ക്ക് കുര്ക്കെയ്യ, ഫാബിയന്‍ റൂയിസ്, ഗാവി, ഡാനി ഓള്‍മോ, റോഡ്രി, പെദ്രി തുടങ്ങിയവരുടെ സ്പെയിന് വെറുംകൈയോടെ മടങ്ങാന്‍ തയാറാകില്ലെന്ന് ഉറച്ചുതന്നെയാണ്.
Sports
ലണ്ടന്‍: ഇംഗ്ലീഷ് വനിതകള്‍ക്ക് എതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്.
285 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 170ല്‍ ഒതുക്കിയാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്.
37 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കാന്തി ഗൗഡിന്റെ ബൗളിംഗ് മികവില്‍ ഇന്ത്യ ലീഡ് നേടി. രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഇന്ത്യ ആദ്യ 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 51 റണ്‍സ് എടുത്തു. അതോടെ ഇന്ത്യയുടെ ആകെ ലീഡ് 166 റണ്‍സായി.
Sports
ഫിഫ 2026 ലോകകപ്പില്‍ നോര്‍വീജിയന്‍ വൈക്കിംഗ്സും ഇംഗ്ലീഷ് നൈറ്റുകളും തമ്മിലുള്ള യുദ്ധം. ചരിത്രത്തിന്റെ അകമ്പടിയുള്ള വൈക്കിംഗ് x നൈറ്റ്സ് പോരാട്ടമാണ് ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 2.30ന് മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ അരങ്ങേറുന്നത്. ലോകകപ്പ് സെമി മോഹവുമായി എര്‍ലിംഗ് ഹാലണ്ട് നയിക്കുന്ന നോര്‍വെയും ഹാരി കെയ്ന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങുന്ന ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കും.
ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി കളിക്കുന്ന നോര്‍വീജിയന്‍ സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ട്, ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്നതാണ് ഈ ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ ഹൈലൈറ്റ്. ജൂഡ് ബെല്ലിങ്ഗം, ബുകായൊ സാക്ക, മാര്‍ക്കസ് റാഷ്ഫോഡ് തുടങ്ങിയവര്‍ അണിനിരക്കുന്ന ഇംഗ്ലണ്ട് ലോകകിരീടം നേടാന്‍ കരുത്തുള്ളവരാണ്.
2026 ലോകകപ്പില്‍ ഗ്രൂപ്പ് എല്‍ ചാമ്പ്യന്മാരായാണ് റൗണ്ട് ഓഫ് 32ല്‍ എത്തിയത്. റൗണ്ട് ഓഫ് 32ല്‍ കോംഗോയെ (2-1) മറികടന്നു. പ്രീക്വാര്‍ട്ടറില്‍ സഹആതിഥേയരായ മെക്സിക്കോയെയും (3-2) തോല്‍പ്പിച്ചു. 1966 ലോകകപ്പ് ജേതാക്കളാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിലൂടെയാണ് നോര്‍വെ ക്വാര്‍ട്ടറില്‍ എത്തിനില്‍ക്കുന്നത്. എര്‍ലിംഗ് ഹാലണ്ട്, ക്യാപ്റ്റന്‍ മാര്ട്ടിന് ഒഡെഗാഡ്, അലക്സാണ്ടര്‍ സോര്‍ലോത്ത് എന്നിങ്ങനെ നീളുന്ന താരങ്ങള്‍. കന്നി ലോകകപ്പില്‍ത്തന്നെ തരംഗം സൃഷ്ടിച്ച എര്‍ലിംഗ് ഹാലണ്ടിന്റെ ക്ലിനിക്കല്‍ ഫിനിഷിംഗ് മികവാണ് നോര്‍വെയുടെ കരുത്ത്.
2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഐ രണ്ടാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32ല്‍. റൗണ്ട് ഓഫ് 32ല്‍ ഐവറികോസ്റ്റിനെ (2-1) കീഴടക്കി. പ്രീക്വാര്‍ട്ടറില്‍ നെയ്മര്‍, വിനിസ്യൂസ് ജൂണിയര്‍ തുടങ്ങിയവര്‍ അണിനിരന്ന ബ്രസീലിനെ (2-1) വീഴ്ത്തി. അതേപ്രകടനം ഇംഗ്ലണ്ടിന് എതിരേയും കാഴ്ചവയ്ക്കാന്‍ ഹാലണ്ടിനും സംഘത്തിനും സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
Sports
ഇംഗ്ലണ്ട് x നോര്‍വെ ക്വാര്‍ട്ടറിനു പിന്നാലെ അര്‍ജന്റീനയും സ്വിറ്റ്സര്‍ലന്‍ഡും കാന്‍സസ് സ്റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കും. 2026 ഫിഫ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് അര്‍ജന്റീന.
ഫിഫ ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത് ടീം എന്ന ചരിത്ര നേട്ടത്തിനായാണ് ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ശ്രമിക്കുന്നത്. ഇറ്റലി (1934, 38), ബ്രസീല്‍ (1958, 62) ടീമുകള്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്. ഏഴ് ഗോള്‍ നേടിയ ലയണല്‍ മെസി അര്‍ജന്റൈന്‍ പോരാട്ടം മുന്നില്‍നിന്നു നയിക്കുന്നു.
2026 ലോകകപ്പ് ഗ്രൂപ്പ് ജെ ചാമ്പ്യന്മാരായാണ് റൗണ്ട് ഓഫ് 32ല്‍ എത്തിയത്. റൗണ്ട് ഓഫ് 32ല്‍ അധിക സമയത്തേക്കു നീണ്ട മത്സരത്തില്‍ കേപ് വെര്‍ദെയെ (3-2) മറികടന്നു. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെ (3-2) തോല്‍പ്പിച്ചു. 1978, 1986, 2022 ചാമ്പ്യന്മാരാണ്.
ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിനൊപ്പമാണ് സ്വിറ്റ്സര്‍ലന്‍ഡ്. ഗ്രാനിത് സാക്കയാണ് ടീമിന്റെ നായകന്. ബ്രീല്‍ എംബോളൊ, റൂബന്‍ വര്‍ഗസ് തുടങ്ങിയവരാണ് കരുത്ത്. അര്‍ജന്റൈന്‍ കരുത്തിനെ ക്വാര്‍ട്ടറില്‍ കീഴടക്കാന്‍ സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
2026 ലോകകപ്പ് ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ല്‍. ആഫ്രിക്കന്‍ കരുത്തുമായെത്തിയ അള്‍ജീരിയയെ (2-0) റൗണ്ട് ഓഫ് 32ല്‍ മറികടന്നു. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4-3) കീഴടക്കി.
Sports
മലവെള്ളപ്പാച്ചില്‍ പോലെ ആക്രമണം. എതിര് ടീമിന്റെ ഗോള്‍ ഏരിയയില്‍ തൊടുത്തത് 22 ഷോട്ട്. അതില്‍ ഒമ്പത് എണ്ണം ഓണ്‍ ടാര്‍ഗറ്റ്. എന്തൊരു ടീമാണ് ഫ്രാന്‍സ് എന്ന അതിശയം ഓരോ മത്സരം കഴിയുന്തോറും ആരാധകര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു.
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിലെ ആദ്യ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ മൊറോക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളിനു കീഴടക്കി ഫ്രാന്‍സ് സെമിയില്‍. ലേ ബ്ലൂസ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ടീമിന്റെ ഹാട്രിക് ലോകകപ്പ് സെമി പ്രവേശം.
സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ എന്നിവരായിരുന്നു ഫ്രാന്‍സിനായി രണ്ടാം പകുതിയില്‍ ഗോള്‍ നേടിയത്. ആറു മിനിറ്റിനിടെയായിരുന്നു രണ്ട് ഗോളും എന്നതും ശ്രദ്ധേയം. എതിർ പോസ്റ്റിൽ ഗോൾ ബോംബ് വർഷിച്ചുള്ള ഫ്രാൻസിന്റെ ആധികാരികത ക്വാർട്ടർ ഫൈനലിലും.
കിക്കോഫ് വിസിലിനു പിന്നാലെ ഫ്രാന്‍സിന്റെ ആക്രമണം തുടങ്ങി. ആദ്യ 10 മിനിറ്റിനുള്ളില്‍ രണ്ട് ഷോട്ടുകള്‍ മൊറോക്കന്‍ ഗോള്‍ മുഖത്തേക്കു പാഞ്ഞു. എന്നാല്‍, മൊറോക്കോയുടെ ഗോള്‍ കീപ്പര്‍ യാസിന് ബോനു രണ്ടും രക്ഷപ്പെടുത്തി. അതോടെയാണ് മൊറോക്കോ ഒന്ന് ഉണര്‍ന്നു കളിക്കാന്‍ തുടങ്ങിയത്.
മൊറോക്കോയെ സംബന്ധിച്ച് സ്ട്രൈക്കര്‍മാര്‍ ഫ്രഞ്ച് ബോക്സിലേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും മധ്യനിരയില്‍നിന്ന് പരിപൂര്‍ണ പിന്തുണ ലഭിച്ചില്ല. അതേസമയം, ഫ്രാന്‍സിന്റെ കൗണ്ടര്‍ അറ്റാക്ക് മൊറോക്കന്‍ ഗോള്‍ മുഖം വിറപ്പിച്ചുകൊണ്ടേയിരുന്നു. യാസിന് ബോനുവിന്റെ മിന്നല്‍ സേവുകള്‍ ഫ്രാന്‍സിനെ ഗോളില്നിന്നകറ്റി.
25-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ പന്തുമായി കടന്ന കിലിയന്‍ എംബപ്പെയെ മൊറോക്കന്‍ സെന്‍ട്രല്‍ ഡിഫെന്‍ഡര്‍ നൗസൈര്‍ മസ്റൗയി വീഴ്ത്തി. വിഎആര്‍ പരിശോധിച്ച റഫറി ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു.
കിക്കെടുത്ത എംബപ്പെയ്ക്കു പിഴച്ചു. ഇടത്തേക്കുള്ള നെടുനീളന്‍ ഡൈവിലൂടെ യാസിന് ബോനു സ്പോട്ട്കിക്ക് സേവ് ചെയ്തു. ഫൗളിനും കിക്കിനും ഇടയില്‍ മൂന്നു മിനിറ്റ് താമസം നേരിട്ടെന്നതും ശ്രദ്ധേയം. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിന് എതിരേ അര്‍ജന്റൈന്‍ താരം ലയണല്‍ മെസി നഷ്ടപ്പെടുത്തിയ പെനാല്‍റ്റിക്ക് സമാനമായിരുന്നു എംബപ്പെയെടേതും.
രണ്ട് പെനാല്‍റ്റി നഷ്ടത്തിനും ഒരേ ഛായ. പന്ത് നിയന്ത്രണം ഫ്രാന്‍സിന്റെ വരുതിയിലായിരുന്നതിനാലും മൊറോക്കന്‍ ഹാഫിലായിരുന്നു കളിയെന്നതിനാലും ഫ്രഞ്ച് ഗോള്‍ കീപ്പര്‍ മൈക്ക് മൈഗ്നനു കാര്യമായ ഭീഷണി നേരിട്ടില്ല.
Sports
ഫോക്സ്ബറോ: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയുടെ പരിക്ക് ഗൗരവമുള്ളതല്ലെന്നു റിപ്പോര്‍ട്ട്.
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയ്ക്ക് എതിരായ മത്സരത്തിനിടെ എംബപ്പെയുടെ കണങ്കാലിനു പരിക്കേറ്റിരുന്നു. മത്സരത്തിന്റെ 76-ാം മിനിറ്റിലായിരുന്നു സംഭവം. പിന്നാലെ എംബപ്പെ മൈതാനം വിട്ടു. പിന്നീട് കാലില്‍ ഐസ്പാക്കുകളുമായി ആയിരുന്നു എംബപ്പെ ഡഗൗട്ടില്‍ ഇരുന്നത്.
പരിക്ക് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഫ്രാന്‍സ് ടീം വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, പരിക്ക് ഗൗരവമുള്ളതല്ലെന്ന് മുഖ്യപരിശീലകന്‍ ദിദിയെ ദേഷാംപ് അറിയിച്ചു. കിലിയന്‍ എംബപ്പെയുടെ പരിക്ക് പ്രശ്നമുള്ളതല്ലെന്നു വ്യക്തമായിട്ടുണ്ട്. മത്സരശേഷം എംബപ്പെ മൈതാനത്തിലൂടെ യഥേഷ്ടം നടന്നിരുന്നു.
സെമി ഫൈനലില്‍ എംബപ്പെ ഫ്രഞ്ച് ടീമിനൊപ്പം ഉണ്ടാകുമെന്നാണ് സൂചന. ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് ഫ്രാന്‍സിന്റെ സെമി ഫൈനല്‍ പോരാട്ടം. സ്പെയിന് x ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനല്‍ ജേതാക്കളാണ് സെമിയില്‍ ഫ്രാന്‍സിനെ നേരിടുക.
2026 ലോകകപ്പില്‍ കിലിയന്‍ എംബപ്പെയുടെ ഗോള്‍ സമ്പാദ്യം എട്ട് ആയി. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കും എട്ട് ഗോളുണ്ട്. എന്നാല്‍, ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ എംബപ്പെയ്ക്കാണ് മുന്‍തൂക്കം. കാരണം, എട്ട് ഗോളിനൊപ്പം മൂന്ന് അസിസ്റ്റും എംബപ്പെ നടത്തി. മെസിക്ക് ഒരു അസിസ്റ്റ് മാത്രമാണുള്ളത്.
Sports
എതിരാളികളെ നിര്‍ദയം തകര്‍ത്തെറിഞ്ഞു മുന്നേറുന്ന ഫ്രാന്‍സിന്റെ പടയോട്ടത്തില്‍ നിര്‍ണായകം വൈഡ് പ്ലേമേക്കറായ മൈക്കല്‍ ഒലിസിന്റെ നീക്കങ്ങളാണ്. ഫിഫ 2026 ലോകകപ്പ് ക്വാര്‍ട്ടറില്‍ മൊറോക്കോയുടെ മധ്യനിരയെയും പ്രതിരോധത്തെയും കീറിമുറിച്ചുള്ള നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതും 24കാരനായ ഈ മധ്യനിര താരം.
മൊറോക്കോയ്ക്ക് എതിരായ മത്സരത്തില്‍ ഫ്രഞ്ച് നിരയില്‍ ഏറ്റവും കൂടുതല്‍ സമയം കളത്തില്‍ ചെലവിട്ടതും ഒലിസായിരുന്നു. ഇഞ്ചുറി ടൈമുകള്‍ അടക്കം 102 മിനിറ്റാണ് ഒലിസ് മൊറോക്കോയ്ക്ക് എതിരേ കളത്തില്‍ ഉണ്ടായിരുന്നത്.
മത്സരത്തില്‍ ഒലിസിന്റെ ഓവറോള്‍ ഇടപെടല്‍ 12 ശതമാനമുണ്ടായിരുന്നു. മറ്റെല്ലാ ഫ്രഞ്ച് താരങ്ങളേക്കാളും മുന്നില്‍. ഗോള്‍ നേടിയ കിലിയന്‍ എംബപ്പെയുടെ ഇടപെടല്‍ ഏഴ് ശതമാനവും ഉസ്മാന് ഡെംബെലെയുടേത് ഒമ്പത് ശതമാനവുമായിരുന്നു എന്നതും ഇതോടു ചേര്‍ത്തുവായിക്കണം.
മൂന്ന് ഷോട്ട് എടുക്കാനും ഒലിസിനു സാധിച്ചു. രണ്ട് ഷോട്ടിന് അസിസ്റ്റും നടത്തി. മൊറോക്കന്‍ പെനാല്‍റ്റി ഏരിയയില്‍ ഒലിസ് നടത്തിയത് നാല് പാസ്. പെനാല്‍റ്റി ഏരിയയിലെ ടച്ചുകള്‍ 10ഉം. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഫ്രഞ്ച് നിരയില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ഉള്ള കളിക്കാരനും ഒലിസ് തന്നെ.
കിലിയന്‍ എംബപ്പെ, ബ്രാഡ്ലി ബര്‍കോള എന്നിവരാണ് മൊറോക്കോയ്ക്ക് എതിരായ മത്സരത്തിലെ റേറ്റിംഗില്‍ ഒലിസിനു പിന്നിലുള്ളത്. മത്സരത്തില്‍ ആകെ ഒലിസ് നടത്തിയത് 77 ടച്ചുകള്‍. 0.17 ആയിരുന്നു എക്സ്പെറ്റഡ് ഗോള്‍ റേറ്റ്. എക്സ്പെറ്റഡ് അസിസ്റ്റ് റേറ്റ് 0.13ഉം. 2026 ലോകകപ്പില്‍ ഫ്രാന്‍സിന്റെ ഡബിള്‍ എന്‍ജിനാണ് ഒലിസ്.ഇതുവരെ അഞ്ച് ഗോളിന് അസിസ്റ്റ് നടത്തി. 283 പാസുകള്‍ പൂര്‍ത്തിയാക്കി.
Sports
ജക്കാർത്ത: ഇന്തോനേഷ്യ ഓപ്പണ്‍ 2026 പുരുഷ ഡബിൾസ് ടെന്നീസിൽ ഇന്ത്യയുടെ ചിരാഗ് ഷെട്ടി- സാത്വിക്സായിരാജ് റാങ്കിറെഡ്ഡി സഖ്യം ആദ്യ റൗണ്ട് മത്സരത്തിൽനിന്ന് പിന്മാറി.
മലേഷ്യയുടെ ആരോണ്‍ തായ്- കാങ് ഖായ് സിങ് സഖ്യത്തിനെതിരായ മത്സരം 6-11 സ്കോറിന് പിന്നിൽ നിൽക്കവേയാണ് പിന്മാറ്റം.
സാത്വിക്കിന് വലതു തോളിൽ പരിക്കേറ്റതാണ് സഖ്യത്തിന് തിരിച്ചടിയായത്. പുരുഷ സിംഗിൾസിൽ പ്രണോയ് എച്ച്എസ് പരാജയപ്പെട്ടപ്പോൾ അയാൻ ഷെട്ടി ജയം നേടി. വനിതാ സിംഗിൾസിൽ ഉന്നതി ഹൂഡയും പരാജയപ്പെട്ടു.
Sports
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ച് സെമി ഫൈനലില്‍. ക്വാര്‍ട്ടറില്‍ ജോക്കോയുടെ എതിരാളിയായ ഇറ്റാലിയന്‍ താരം ലോറെന്‍സോ മുസെറ്റി പരിക്കേറ്റു പുറത്തായി.
6-4, 6-3, 1-3 എന്ന നിലയില്‍ മുന്നിട്ടുനില്‍ക്കുമ്പോഴായിരുന്നു മുസെറ്റി പരിക്കേറ്റ് കോര്‍ട്ട് വിട്ടതും ജോക്കോവിച്ചിനെ സെമിയിലേക്കു ഭാഗ്യം കടാക്ഷിച്ചതും.
സിന്നര്‍ x ജോക്കോ
പുരുഷ സെമിയില്‍ ലോക രണ്ടാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നറാണ് നാലാം സീഡായ ജോക്കോവിച്ചിന്റെ എതിരാളി. അമേരിക്കയുടെ എട്ടാം സീഡായ ബെന്‍ ഷെല്ട്ടണിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് സിന്നര്‍ സെമിയില്‍ പ്രവേശിച്ചത്.
സ്കോര്‍: 6-3, 6-4, 6-4. ഹാര്‍ഡ് കോര്‍ട്ട് ഗ്രാന്‍സ് ലാം മത്സരങ്ങളില്‍ സിന്നറിന്റെ 50-ാം ജയമാണ്. ഇവാന് ലെന്‍ഡല്‍, റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച്, റാഫേല്‍ നദാല്‍ എന്നിവര്‍ക്കുശേഷം തുടര്‍ച്ചയായ ആറ് ഗ്രാന്‍സ് ലാം ഇവന്റുകളില്‍ സെമിയിലെത്തുന്ന പുരുഷ താരമെന്ന നേട്ടവും സിന്നര്‍ സ്വന്തമാക്കി.
ഇഗ ഔട്ട്
വനിതാ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പറായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് ക്വാര്‍ട്ടറില്‍ പുറത്ത്. കസാക്കിസ്ഥാന്റെ എലെന റെബാകിനയാണ് ഇഗയെ അട്ടിമറിച്ചത്.
7-5, 6-1 എന്ന സ്കോറിന് എലെനയ്ക്കു മുന്നില്‍ ഇഗ ഷ്യാങ്ടെക് അടിയറവുപറഞ്ഞു. അമേരിക്കന്‍ താരങ്ങളുടെ പോരാട്ടത്തില്‍ നാലാം സീഡായ അമാന്‍ഡ അനിസിമോവയെ വീഴ്ത്തിയ ആറാം സീഡായ ജെസിക്ക പെഗുലയാണ് സെമിയില്‍ റെബാകിനയുടെ എതിരാളി.
103
ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഏറ്റവും കൂടുതല്‍ ജയമെന്ന റിക്കാര്‍ഡ് നൊവാക് ജോക്കോവിച്ച് സ്വന്തമാക്കി, 103. റോജര്‍ ഫെഡററിന്റെ പേരിലെ 102 ജയമെന്ന റിക്കാര്‍ഡ് ജോക്കോവിച്ച് മറികടന്നു.ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ പ്രവേശിക്കുന്ന ഏറ്റവും പ്രായമുള്ള രണ്ടാമന് എന്ന നേട്ടവും 38 വര്‍ഷവും 241 ദിനവുമുള്ള ജോക്കോവിച്ച് സ്വന്തമാക്കി.
Sports
ന്യൂയോർക്ക്: സീസണിലെ അവസാന ഗ്രാൻഡ്സ്ലാമായ യുഎസ് ഓപ്പണിന്റെ മിക്സഡ് ഡബിൾസ് സെമി ഫൈനല്‍ ലിസ്റ്റായി.
ഇന്ന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ ജാക്ക് ഡ്രാപ്പർ, ജസീക്ക പെഗ്വേല സഖ്യം ഇഗ ഷ്യാങ്ടെക്, കാസ്പർ റൂഡ് സഖ്യത്തെ നേരിടും. വൈകുന്നേരം 4.30നാണ് മത്സരം.
രണ്ടാം സെമിയിൽ ഡാനിയൽ കൊള്ളിൻസ്, ക്രിസ്റ്റ്യൻ ഹാരിസണ്‍ സഖ്യം സാറ ഇറാനിം, ആൻഡ്രീ വാവസോറി സഖ്യത്തെ വൈകുന്നേരം 5.40ന് നടക്കുന്ന മത്സരത്തിൽ നേരിടും. ഇരു സെമിയിലെയും വിജയികൾ ഫൈനലിൽ മത്സരിക്കും.
ക്വാർട്ടർ ഫൈനലിൽ ഡ്രാപ്പർ, ജസീക്ക സഖ്യം 4-1, 4-1 സ്കോറിന് ഡാനിൽ മെദ്ദേവ്- മിറ ആൻഡ്രീവ സഖ്യത്തെ പരാജയപ്പെടുത്തിയാണ് സെമിയിൽ പ്രവേശിച്ചത്.
രണ്ടാം ക്വാളിഫയറിൽ ഡാനിയൽ കൊള്ളിൻസ്, ക്രിസ്റ്റ്യൻ ഹാരിസണ്‍ സഖ്യം ടെയ്ലര് ടൗന്സണ്ഡ്, ബെൻ ഷെൽറ്റണ്‍ സഖ്യത്തെ 4-1, 5-4 സ്കോറിന് വീഴ്ത്തി സെമിയിൽ കടന്നു.
Sports
ന്യൂയോര്‍ക്ക്: സീസണിലെ ഗ്രാന്സ്ലാം ടെന്നീസ് പോരാട്ടങ്ങളില്‍ ഏറ്റവും അവസാനത്തേതായ യുഎസ് ഓപ്പണിന് ഇന്നു തുടക്കം. ഗ്ലാമര്‍ വര്‍ധിപ്പിച്ച മിക്സഡ് ഡബിള്‍സ് പോരാട്ടങ്ങളാണ് ഇന്നു തുടങ്ങുക.
പുരുഷ-വനിതാ സിംഗിള്‍സ് യോഗ്യതാ റൗണ്ട് പോരാട്ടങ്ങള്‍ നടക്കുന്ന, ഫാന്‍ വീക്കിലാണ് മിക്സഡ് ഡബിള്‍സിന്റെ പുതിയ പതിപ്പായ ‘ഗ്ലാമര്‍ സ്ലാം’ അരങ്ങേറുന്നതെന്നതും ശ്രദ്ധേയം. സിംഗിള്‍സ് കളിക്കാരെ കൂട്ടിഘടിപ്പിച്ച് സാമ്പത്തിക ലാഭത്തിനായി വാര്‍ത്തെടുത്ത മിക്സഡ് ഡബിള്‍സ് ടീമുകളാണ് ഇത്തവണത്തെ യുഎസ് ഓപ്പണിന്റെ പ്രത്യേകതയെന്നു വിമര്‍ശനമുണ്ട്.
എന്തുകൊണ്ട് ഗ്ലാമര്‍
പതിവിനു വിപരീതമായി പുരുഷ-വനിതാ വിഭാഗങ്ങളിലെ സിംഗിള്‍സ് താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇത്തവണത്തെ മിക്സഡ് ഡബിള്‍സ് ടീമുകളെ ഉണ്ടാക്കിയിരിക്കുന്നത്.
പുരുഷ സിംഗിള്‍സിലെ മുന്‍നിര താരങ്ങളായ യാനിക് സിന്നര്‍, കാര്‍ലോസ് അല്‍കരാസ്, അലക്സാണ്ടര്‍ സ്വരേവ്, ഡാനില്‍ മെദ്വദേവ്, ജാക് ഡ്രെപ്പര്‍, ടെയ്ലര് ഫ്രിറ്റ്സ്, കാസ്പര്‍ റൂഡ്, ഗോള്ജര് റൂണ്, ആന്ദ്രെ റുബ്ലെവ്, നൊവാക് ജോക്കോവിച്ച് തുടങ്ങിയവരെല്ലാം ഡബിള്‍സില്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം വനിതാ സിംഗിള്‍സില്‍ വമ്പന്‍ താരങ്ങളായ ഇഗ ഷ്യാങ്ടെക്, മാഡിസണ്‍ കീസ്, ജെസിക്ക പെഗുല, എലെന റെബാകിന, മിറ ആന്‍ഡ്രീവ, സാറ ഇറാനി, നവോമി ഒസാക്ക, എമ്മ റാഡുകാനു തുടങ്ങിയവരും അണിനിരക്കും.
8.73 കോടി സമ്മാനം
വിജയിക്കുന്ന ടീമിന്, യുഎസ് ഓപ്പണ്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 8.73 കോടി രൂപയാണ് ലഭിക്കുക. അതായത് ഒരു മില്യണ്‍ ഡോളര്‍. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ സമ്മാനത്തുക 20 ലക്ഷം ഡോളര്‍ വര്‍ധിപ്പിച്ചു. 19, 20 തീയതികളിലായി ആര്‍തര്‍ ആഷെ, ലൂയിസ് ആംസ്ട്രോംഗ് സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. 24 മുതലാണ് സിംഗിള്‍സ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്.
റാഡുകാനു-അല്‍കരാസ് സഖ്യം ഒന്നാം സീഡായ ജെസിക്ക പെഗുല-ജാക് ഡ്രെപ്പര്‍ കൂട്ടുകെട്ടിനെ നേരിടും.
16 ടീം, നേരിട്ട് 8 ടീം
പുതിയ ഫോര്‍മാറ്റ് അനുസരിച്ച്, 16 ടീമുകളാണ് മിക്സഡ് ഡബിള്‍സില്‍ പങ്കെടുക്കുക. എന്‍ട്രിക്കായി രജിസ്റ്റര്‍ ചെയ്ത 24 ടീമുകളിലെ പുരുഷ-വനിതാ സിംഗിള്‍സ് റാങ്കിംഗ് അനുസരിച്ചുള്ള റേറ്റിംഗിലൂടെ എട്ട് ടീമുകള്‍ക്കു നേരിട്ട് യോഗ്യത നല്കി.
തുടര്‍ന്ന് എട്ട് ടീമുകളെ വൈല്‍ഡ് കാര്‍ഡിലൂടെയും എടുത്തു. 2024 യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ജേതാക്കളായ ഇറ്റലിയുടെ സാറ ഇറാനി-ആന്‍ഡ്രിയ വാവസോറി സഖ്യത്തിന് വൈല്‍ഡ് കാര്‍ഡിലൂടെ എന്‍ട്രി നല്കി. നോക്കൗട്ട് രൂപത്തില്‍, പ്രീ ക്വാര്‍ട്ടര്‍ മുതലാണ് മത്സരം.
നേരിട്ട് എന്‍ട്രി ലഭിച്ച ടീമുകള്‍
(ബ്രാക്കറ്റില്‍ സിംഗിള്‍സ് റാങ്കിംഗ്)
1. ജെസിക്ക പെഗുല (4)- ജാക് ഡ്രെപ്പര്‍ (5)
2. എലിന റെബാകിന (11)- ടെയ്ലര് ഫ്രിറ്റ്സ് (4)
3. ഇഗ ഷ്യാങ്ടെക് (3)- കാസ്പര്‍ റൂഡ് (13)
4. അമാന്‍ഡ അനിസിമോവ (8)- ഹോള്‍ജര്‍ റൂഡ് (9)
5. ബെലിന്‍ഡ ബെന്സിക് (19)- അലക്സാണ്ടര്‍ സ്വരേവ് (3)
6. മിറ ആന്‍ഡ്രീവ (5)- ഡാനില്‍ മെദ്വദേവ് (14)
7. മാഡിസണ്‍ കീസ് (6)- ഫ്രാന്‍സെസ് തിയാഫോ (12)
8. കരോളിന മുചോവ (15)- ആന്ദ്രെ റുബ്ലെവ് (11)
വൈല്‍ഡ് കാര്‍ഡ്
9. ഒള്‍ഗ ഡാനിലോവിച്ച് (32)- നൊവാക് ജോക്കോവിച്ച് (6)
10. കാറ്റി മക്നാലി (116)- ലോറെന്‍സോ മുസെറ്റി (10)
11. നവോമി ഒസാക (25)- ഗെയ്ല് മോണ്‍ഫില്‍സ് (48)
12. കാറ്റെറിന സിനിയാകോവ (73)- യാനിക് സിന്നര്‍ (1)
13. എമ്മ റാഡുകാനു (33)- കാര്‍ലോസ് അല്‍കരാസ് (2)
14. ടെയ്ലര് ടൗണ്‍സെന്‍ഡ് (75)- ബെന്‍ ഷെല്‍ട്ടണ്‍ (6)
15. വീനസ് വില്യംസ് (643)- റെയ്ലി ഒപെല്‍ക (70)
16. സാറ ഇറാനി- ആന്‍ഡ്രിയ വാവസോറി