Kerala
കൊച്ചി: പോലീസിനെയും ആഭ്യന്തരമന്ത്രിയെയും സിനിമാസ്റ്റൈലില് വെല്ലുവിളിച്ച് ഗുണ്ടാനേതാവ് അര്ജുന് ആയങ്കി. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില് മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അര്ജുന് ആയങ്കിയുടെ പുതിയ വെല്ലുവിളി. "വിരട്ടരുത്.. വളര്ന്ന പാര്ട്ടി വേറെയാണ്" എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടിയായി അര്ജുന് ആയങ്കി കുറിച്ചിരിക്കുന്നത്.
ധൈര്യമുണ്ടെങ്കില് പോലീസ് തന്നെ പിടിക്കട്ടെയെന്ന അര്ജുന് ആയങ്കിയുടെ വെല്ലുവിളിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യാഴാഴ്ച കടുത്ത മറുപടി നല്കിയിരുന്നു. പോലീസിനെ വെല്ലുവിളിച്ചവര്ക്ക് ഇനി എന്താണ് സംഭവിക്കാന് പോകുന്നതെന്ന് കാണാമെന്നും ഗുണ്ടകളെയും ക്രിമിനലുകളെയും നേരിടാന് സര്ക്കാര് ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന് മറുപടിയായാണ് അര്ജുന് ആയങ്കി പുതിയ വെല്ലുവിളിയുമായി രംഗത്തെത്തിയത്.
""ഇനി എന്താ വരുന്നതെന്ന് നോക്കൂ എന്നൊക്കെയാണ് ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല പറയുന്നത്. ഞാനുമെന്റെ സുഹൃത്തുക്കളും പ്രതിചേര്ക്കപ്പെട്ട് ജയിലിലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാന്, ശേഷം ഞാന് നിരപരാധിയെങ്കില് കള്ളക്കേസെടുത്ത് അധികാരദുര്വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാന് ഞാന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില് ഞാന് താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്.. വളര്ന്ന പാര്ട്ടി വേറെയാണ്.'' എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില് കീഴടങ്ങില്ലെന്നായിരുന്നു അര്ജുന് ആയങ്കിയുടെ ആദ്യ നിലപാട്. പറ്റുമെങ്കില് കണ്ടുപിടിക്കാനും പോലീസുകാരെ ഇയാൾ വെല്ലുവിളിച്ചിരുന്നു. കേസില് അര്ജുന് ആയങ്കിയുടെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് തള്ളിയത്. തുടര്ന്ന് ഇയാള്ക്കായുള്ള അന്വേഷണം പോലീസ് ഊര്ജിതമാക്കിയിരിക്കുകയാണ്.
Leader Page
ആഫ്രിക്കയിലെ ഏറ്റവും സമ്പന്ന രാജ്യമായ ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി കുടിയേറ്റവിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. പ്രധാനമായും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് രേഖകളില്ലാതെ എത്തിയ കുടിയേറ്റക്കാരെയാണ് ഈ പ്രക്ഷോഭം ലക്ഷ്യമിടുന്നത്. ജൂൺ 30നകം സ്വമേധയാ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് നിരവധി പേർ മടങ്ങിപ്പോയി.
രേഖകളില്ലാത്ത ഏകദേശം 25 ലക്ഷം കുടിയേറ്റക്കാരിൽ 53,000 പേരെ സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിനുശേഷം എല്ലാ വ്യാഴാഴ്ചയും പ്രധാന നഗരങ്ങളിൽ പ്രതിഷേധ മാർച്ചുകൾ നടക്കുന്നു. ചിലയിടങ്ങളിൽ പ്രതിഷേധക്കാർ നിയമം കൈയിലെടുത്ത് കുടിയേറ്റക്കാരെ തിരിച്ചറിയാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വർണവിവേചന ഭരണത്തിനു ശേഷം ദക്ഷിണാഫ്രിക്കയിൽ നൂറുകണക്കിന് വിദേശിവിരുദ്ധ (സെനോഫോബിക്) ആക്രമണങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇത്തരം ആക്രമണങ്ങളിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഗണ്യമായൊരു വിഭാഗം ദക്ഷിണാഫ്രിക്കക്കാരായിരുന്നു. വിദേശികളാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവരിൽ പലരെയും ആക്രമിക്കുകയും കൊല്ലുകയും ചെയ്തത്.
ഒരുകാലത്ത് പാൻ- ആഫ്രിക്കനിസത്തിന്റെ ശക്തമായ വക്താവായിരുന്ന ദക്ഷിണാഫ്രിക്ക ഇന്ന് സ്വന്തം സഹ ആഫ്രിക്കൻ ജനതയ്ക്കെതിരായ വിദേശിവിരുദ്ധ വികാരങ്ങളുടെ കേന്ദ്രമായി മാറിയെന്നത് വലിയ വൈരുധ്യമാണ്.
►പ്രതിഷേധത്തിനു പിന്നിലെ യാഥാർഥ്യങ്ങൾ
ഈ പ്രക്ഷോഭത്തെ വെറും വിദേശിവിരുദ്ധ വികാരമായി മാത്രം കാണുന്നത് യാഥാർഥ്യത്തെ ലഘൂകരിക്കുന്നതാണ്. അതേസമയം എല്ലാ സാമ്പത്തിക പ്രശ്നങ്ങൾക്കും കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുന്നതും ശരിയല്ല. ദക്ഷിണാഫ്രിക്ക ലോകത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നേരിടുന്ന രാജ്യങ്ങളിലൊന്നാണ്. യുവജന തൊഴിലില്ലായ്മ, സാമ്പത്തികമാന്ദ്യം, കടുത്ത അസമത്വം, ദാരിദ്ര്യം, വൈദ്യുതി ക്ഷാമം, ഭവനപ്രശ്നം, അഴിമതി, ദുർബലമായ ഭരണസംവിധാനം എന്നിവ ജനങ്ങളിൽ കടുത്ത അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർ തൊഴിൽ നഷ്ടപ്പെടുത്തുന്നു, കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നു, സർക്കാർ ആശുപത്രികളിലും വിദ്യാലയങ്ങളിലും അധികഭാരം സൃഷ്ടിക്കുന്നു, കുറ്റകൃത്യങ്ങൾ വർധിപ്പിക്കുന്നു എന്ന വിശ്വാസം ശക്തിപ്പെട്ടിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കയുടെ വികസിത സമ്പദ്വ്യവസ്ഥ സിംബാബ്വെ, മൊസാംബിക്, മലാവി, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ, സൊമാലിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരെ ആകർഷിച്ചിട്ടുണ്ട്. നിയമാനുസൃതമായി എത്തിയവരും രേഖകളില്ലാതെ എത്തിയവരും ഇതിലുണ്ട്. അതിനാൽ അതിർത്തി നിയന്ത്രണവും കുടിയേറ്റ നിയമങ്ങളുടെ ഫലപ്രദമായ നടപ്പാക്കലും സർക്കാരിന്റെ ന്യായമായ ഉത്തരവാദിത്വമാണെന്ന കാര്യത്തിൽ സംശയമില്ല.
►നിയമവാഴ്ചയുടെ പരീക്ഷണം
ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളെ നയിക്കുന്നത് ഒരൊറ്റ സംഘടനയല്ല. ഓപ്പറേഷൻ ദുദുല (Operation Dudula), മാർച്ച് ആൻഡ് മാർച്ച് (March and March), യുണൈറ്റഡ് സൗത്ത് ആഫ്രിക്ക, പുട്ട് സൗത്ത് ആഫ്രിക്കൻസ് ഫസ്റ്റ് തുടങ്ങിയ വിവിധ സംഘടനകളുടെ അയഞ്ഞ കൂട്ടായ്മയാണ് ഈ പ്രസ്ഥാനം. അതിർത്തി സുരക്ഷ ശക്തമാക്കുക, രേഖകളില്ലാത്ത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുക, തൊഴിൽ, പാർപ്പിടം, ആരോഗ്യം എന്നിവയിൽ ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് മുൻഗണന നൽകുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ.
ഈ ആവശ്യങ്ങളിൽ പലതും ഒരു പരമാധികാര രാഷ്ട്രത്തിന്റെ നിയമാനുസൃത അധികാരപരിധിയിലാണ്. എന്നാൽ, സർക്കാർ നിർവഹിക്കേണ്ട ചുമതലകൾ ജനക്കൂട്ടങ്ങൾ ഏറ്റെടുക്കുമ്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്. തിരിച്ചറിയൽ രേഖകൾ പരിശോധിക്കുക, കടകൾ പരിശോധിക്കുക, വിദേശികളെന്ന് സംശയിക്കുന്നവരെ ഭീഷണിപ്പെടുത്തുക തുടങ്ങിയ നടപടികൾ നിയമവാഴ്ചയെ ദുർബലപ്പെടുത്തുകയും ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാവുകയും ചെയ്യുന്നു.
വർണവിവേചന ഭരണത്തിന്റെ കഠിനമായ അനുഭവങ്ങളിൽനിന്നാണ് ദക്ഷിണാഫ്രിക്കയുടെ ഭരണഘടന രൂപംകൊണ്ടത്. അതിനാൽ കുടിയേറ്റനിയമങ്ങൾ കർശനമായി നടപ്പാക്കുമ്പോഴും മനുഷ്യാവകാശങ്ങളും നിയമപരമായ നടപടിക്രമങ്ങളും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്.
►വിമർശനങ്ങളും പ്രാദേശിക പ്രത്യാഘാതങ്ങളും
കുടിയേറ്റക്കാർ ദക്ഷിണാഫ്രിക്കൻ സമ്പദ്വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നുവെന്നും രാജ്യത്തിന്റെ ഘടനാപരമായ സാമ്പത്തിക പ്രതിസന്ധികൾക്ക് അവരെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും മനുഷ്യാവകാശ സംഘടനകളും ഗവേഷണ സ്ഥാപനങ്ങളും ചൂണ്ടിക്കാട്ടുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ പലപ്പോഴും നിയമപരമായി താമസിക്കുന്ന കുടിയേറ്റക്കാരെയും അഭയാർഥികളെയും ഭയത്തിന്റെയും ആക്രമണത്തിന്റെയും ഇരകളാക്കുന്നുവെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
ഇതിന്റെ സ്വാധീനം ദക്ഷിണാഫ്രിക്കയുടെ അതിർത്തിക്കുള്ളിൽ ഒതുങ്ങുന്നില്ല. വർണവിവേചനത്തിനെതിരായ പോരാട്ടകാലത്ത് ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് അഭയവും പരിശീലനവും സാമ്പത്തിക സഹായവും നൽകിയ നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ ഇന്ന് തങ്ങളുടെ പൗരന്മാർക്കെതിരായ ആക്രമണങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഈ പ്രക്ഷോഭം പാൻ-ആഫ്രിക്കൻ ഐക്യത്തിനും ദക്ഷിണാഫ്രിക്കയുടെ പ്രാദേശിക നേതൃപങ്കിനും തിരിച്ചടിയാകാൻ സാധ്യതയുണ്ട്.
സാമ്പത്തികരംഗത്തും പ്രത്യാഘാതങ്ങൾ പ്രകടമാണ്. കുടിയേറ്റക്കാർ നടത്തുന്ന സ്പാസ (Spaza) കടകൾ അടച്ചുപൂട്ടിയാൽ അവയുടെ സ്ഥാനത്ത് ഉടൻ പ്രാദേശിക സംരംഭങ്ങൾ ഉയർന്നുവരുമെന്നുറപ്പില്ല. കൃഷി, നിർമാണം, ആതിഥേയ സേവനമേഖല, ഗാർഹിക തൊഴിൽ, ചെറുകിട വ്യാപാരം എന്നിവ കുടിയേറ്റ തൊഴിലാളികളെ ഗണ്യമായി ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. അതിനാൽ കുടിയേറ്റക്കാരുടെ തൊഴിൽ പെട്ടെന്ന് ഇല്ലാതായാൽ തൊഴിലാളി ക്ഷാമവും ഉത്പാദനച്ചെലവിലെ വർധനയും സാമ്പത്തിക മന്ദഗതിയും ഉണ്ടാകാൻ സാധ്യതയുണ്ട്.
►ഇന്ത്യൻ സമൂഹത്തിന്റെ ആശങ്ക
പ്രതിഷേധങ്ങൾ പ്രധാനമായും രേഖകളില്ലാത്ത ആഫ്രിക്കൻ കുടിയേറ്റക്കാരെ ലക്ഷ്യമിടുന്നതാണെങ്കിലും അതിന്റെ അന്തരീക്ഷം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സമൂഹത്തിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിയമാനുസൃതമായി ജോലി ചെയ്യുന്ന ഇന്ത്യൻ ഡോക്ടർമാർ, അധ്യാപകർ, ഐടി വിദഗ്ധർ, എൻജിനിയർമാർ, ഗവേഷകർ തുടങ്ങിയവർ രാജ്യത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്നവരാണ്.
അതേസമയം, 1860 മുതൽ ദക്ഷിണാഫ്രിക്കയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജർ ഇന്ന് ആ രാജ്യത്തിന്റെ അവിഭാജ്യഘടകമാണ്. മഹാത്മാഗാന്ധി, യൂസഫ് ദാദു, അഹമ്മദ് കത്രാഡ, ഫാത്തിമ മീർ തുടങ്ങിയ നേതാക്കളുടെ സംഭാവനകൾ ദക്ഷിണാഫ്രിക്കയുടെ ദേശീയചരിത്രത്തിന്റെ ഭാഗമാണ്. അതിനാൽ ഇന്നത്തെ കുടിയേറ്റചർച്ചയിൽ ദക്ഷിണാഫ്രിക്കൻ ഇന്ത്യക്കാരെ ‘വിദേശികൾ’ എന്ന നിലയിൽ കാണുന്നത് ചരിത്രപരമായും ഭരണഘടനാപരമായും തെറ്റാണ്. എന്നിരുന്നാലും വിദേശിവിരുദ്ധ വികാരങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്കും ഇന്ത്യൻ പ്രഫഷണലുകൾക്കും സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾ സ്വാഭാവികമാണ്.
►എഎൻസിയുടെ ക്ഷയവും തെരഞ്ഞെെടുപ്പ് രാഷ്ട്രീയവും
കുടിയേറ്റവിരുദ്ധ പ്രക്ഷോഭം സാമൂഹിക പ്രശ്നം മാത്രമല്ല, ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രീയ ഭൂപടത്തെയും മാറ്റിമറിക്കുന്ന ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. വർണവിവേചനത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകി മൂന്നു പതിറ്റാണ്ടോളം രാജ്യത്തെ ഭരിച്ച ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (എഎൻസി) സമീപ വർഷങ്ങളിൽ അഴിമതി ആരോപണങ്ങൾ, സാമ്പത്തിക മുരടിപ്പ്, വൈദ്യുതി പ്രതിസന്ധി, തൊഴിലില്ലായ്മ, ഭരണപരമായ വീഴ്ചകൾ എന്നിവ കാരണം ജനപിന്തുണയിൽ ഗണ്യമായ ഇടിവ് നേരിട്ടു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി പാർട്ടിക്ക് ദേശീയതലത്തിൽ കേവല ഭൂരിപക്ഷം നഷ്ടപ്പെടുകയും സഖ്യഭരണത്തെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തു.
National
കോൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ പിളർപ്പിന് പിന്നാലെ വിമതരെ വെല്ലുവിളിച്ച് പാർട്ടി അധ്യക്ഷ മമതാ ബാനർജി. ചതിയൻമാരായ വിമതർക്ക് ധൈര്യമുണ്ടെങ്കിൽ ബിജെപിയിൽ ചേരണം. അന്നിട്ട് തന്നോട് പൊരുതണമെന്നും അല്ലാതെ ബിജെപിയുടെ സ്പോൺസഡ് കളിക്ക് നിൽക്കരുതെന്നും മമത തുറന്നടിച്ചു.
ഒരു മാസം മുൻപ് നിയമിച്ച ബംഗാൾ ടിഎംസി അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ കൂടി പാർട്ടി വിട്ടതോടെയാണ് രൂക്ഷ പ്രതികരണവുമായി മമത രംഗത്തെത്തിയത്. ടിഎംസി സംസ്ഥാന അധ്യക്ഷ സ്ഥാനം താൻ ഏറ്റെടുക്കുമെന്നും പാർട്ടി ഓഫീസ് വിമതർ പിടിച്ചെടുത്ത സാഹചര്യത്തിൽ തന്റെ വീട് ഓഫീസാണെന്നും മമത പറഞ്ഞു.
പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം തനിക്കും തന്നോട് വിശ്വസ്തത പുലർത്തുന്നവർക്കും ഒപ്പം തന്നെ തുടരും. തന്നെ തടയണമെങ്കിൽ രാഷ്ട്രീയ എതിരാളികൾക്ക് കൊലപ്പെടുത്തേണ്ടി വരുമെന്നും മമത തുറന്നടിച്ചു. അടുത്ത വിശ്വസ്തയും സംസ്ഥാന അധ്യക്ഷയുമായിരുന്ന ചന്ദ്രിമ ഭട്ടാചാര്യ പാർട്ടി വിട്ടതോടെയാണ് ബംഗാൾ രാഷ്ട്രീയത്തിൽ മമത പൂർണമായും പ്രതിരോധത്തിലായത്.
നിയമസഭയിലെ പ്രതിപക്ഷ നേതാവായ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിനൊപ്പമാണ് ഇപ്പോൾ ചന്ദ്രിമ നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച കോൽക്കത്തയിലെ പ്രധാന പാർട്ടി ഓഫീസ് ഋതബ്രതയുടെ അനുയായികൾ പിടിച്ചെടുത്തിരുന്നു. ഇതോടെ പാർട്ടിയിലെ ഭൂരിപക്ഷം നേതാക്കളും മമതയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്.
Kerala
കോട്ടയം: ആധുനികലോകത്തിന്റെ വെല്ലുവിളികൾഏറ്റെടുക്കേണ്ടവരായിരിക്കണം വൈദികരെന്ന് കോഴിക്കോട് ആര്ച്ച്ബിഷപ് ഡോ. വര്ഗീസ് ചക്കാലക്കല്.
ക്രിസ്തുവിനെ അടുത്തറിയാനുള്ള മാര്ഗങ്ങളാണ് തത്വശാസ്ത്രവും ദൈവശാസ്ത്രവുമെന്ന് അദ്ദേഹം ഓര്മിപ്പിച്ചു.
വടവാതൂർ പൊന്തിഫിക്കല് ഓറിയന്റല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിന്റെയും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെയും അധ്യയനവര്ഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ് ചക്കാലയ്ക്കൽ.
പിഒഐആര്എസ് പ്രസിഡന്റ് ഫാ.ഡോ. പോളി മണിയാട്ട്, സെമിനാരി റെക് ടര് ഫാ.ഡോ. ഡൊമിനിക് വെച്ചൂര്, ഡീക്കന് ക്രിസ്റ്റി ഐക്കുളം, ഫാ. ഡോ. ജോണ് സാമുവല് പാലവിളയില് ഒഐസി എന്നിവര് പ്രസംഗിച്ചു.
Leader Page
വളരെ പുകൾപെറ്റ ‘കേരള മോഡൽ’ വികസന പരിപ്രേക്ഷ്യം പ്രശസ്തിയും ആകർഷണവും കൈവിട്ട് ദ്വിതല പ്രതിസന്ധികളിൽ തളയ്ക്കപ്പെട്ടിരിക്കുന്നു. നിലവിൽ സർക്കാർ ഭരണ നടത്തിപ്പിന്റെ ചെലവുകൾ ഘടനാപരമായി ക്രമാതീതമായി വർധിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ സാന്പത്തികമേന്മയും വളർച്ചയും അഭംഗുരം നിലനിർത്താനുള്ള മികവും സാധ്യതകളും വിഭവലഭ്യതയും തുടരെ ഞെരുക്കത്തിലായിരിക്കുന്നു. വർഷംതോറും ക്രമം തെറ്റി വർധിച്ചുവരുന്ന ബ്യൂറോക്രസിയുടെ ഭരണ-ധന നടത്തിപ്പ് ഭാരം ദുർവഹമായിരിക്കുന്നു. അനുബന്ധ ഭരണ പരാജയങ്ങളും വൈരുദ്ധ്യങ്ങളും പ്രതിസന്ധികളും സദ്ഭരണ തകർച്ച വിളിച്ചോതുന്നു.
ഭരണഭാരം കുറയ്ക്കാം, സദ്ഭരണം വർധിപ്പിക്കാം വികസിത കേരളത്തിനായി. ഇവ രണ്ടും എപ്രകാരമാണ് ബാധകമാക്കുക, എന്ത് പ്രായോഗിക മാറ്റങ്ങളാണ് വരുത്തേണ്ടത്? വോട്ട് ബാങ്ക് പ്രീണനവും ഖജനാവ് ചൂഷണവും ഭാവി കേരളത്തെ സാമൂഹികവും സാന്പത്തികവുമായി മുന്നോട്ട് നയിക്കില്ല. നമുക്ക് സ്വീകരിക്കാവുന്ന പുതിയ വികസന സമീപനം ചെറിയ സർക്കാരും സദ്ഭരണവുമാണ്.
എൽഡിഎഫും യുഡിഎഫും എൻഡിഎയും കേരളത്തിന്റെ വികസനവും വളർച്ചയുമാണ് പൊതുതെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തത്. എന്നാൽ, രാഷ്ട്രീയ സമീപനങ്ങളിലും വോട്ട് ബാങ്ക് പ്രീണന തന്ത്രങ്ങളിലും അടിസ്ഥാനപരമായ വ്യത്യസ്തത പുലർത്തുന്നു. പുതിയ സർക്കാർ (2026-31) ഈ വെല്ലുവിളികൾ ഏറ്റെടുത്ത് നടപ്പിലാക്കുമെന്ന് പ്രത്യാശിക്കാം. ഇതിനായി സുസ്ഥിര വികസന സദ്ഭരണ മിഷൻ കേരള 2026-31 ആരംഭിക്കാം. ഇതിന്റെ കാഴ്ചപ്പാടുകൾ, മാൻഡേറ്റുകൾ, പ്രവർത്തന ശൈലി എന്നിവ വിശദമാക്കേണ്ടതുണ്ട്.
വർധിത ബ്യൂറോക്രസി
കേരളത്തിന്റെ ഭരണ സംവിധാനം വലിയതോതിൽ വികസിച്ചു വരുന്ന കാഴ്ചയാണ് പിന്നിട്ട ദശാബ്ദത്തിൽ കണ്ടത്. ‘കോർ സർക്കാർ’ തൊഴിലുകൾ 2025ൽ 6.2 ലക്ഷമായിരുന്നു. എന്നാൽ, ആകെ ‘പൊതു-സർക്കാർ’ നടത്തിപ്പ് തലങ്ങളിൽ നിലവിൽ 8.5 ലക്ഷം ഉദ്യോഗസ്ഥരുണ്ട്. ഈ കാലയളവിൽ കോർ സർക്കാർ ജീവനക്കാരുടെ എണ്ണം വളരെ മാർജിനലായി മാത്രം വർധിച്ചപ്പോൾ ആകെ മൊത്ത പൊതു തൊഴിലാളികൾ, മുഖ്യമായും എയ്ഡഡ് മേഖല, വിദ്യാഭ്യാസ, നൂനപക്ഷ ക്ഷേമ രംഗങ്ങളിൽ, തദ്ദേശഭരണ തലങ്ങളിൽ, ഇതര പബ്ലിക് സെക്ടർ യൂണിറ്റുകളിൽ (പിഎസ്യു) വലിയ തോതിൽ വർധിച്ചതായി കാണാം.
2025-26ൽ കേരളത്തിൽ ആയിരം ജനസംഖ്യയ്ക്ക് ശരാശരി 23 പൊതു സർക്കാർ ഉദ്യോഗസ്ഥർ പണിയെടുക്കുന്നുണ്ട്.
ഇത് അഖിലേന്ത്യ തലത്തിലെ 18ലും ഉയർന്നതാണ്. എന്നാൽ, ഈ രണ്ടു നിരക്കുകളേക്കാൾ വളരെ താഴ്ന്ന 15 പേർ എന്നതാണ് മറ്റ് വ്യവസായികമായി മുന്നാക്കം നില്ക്കുന്ന സംസ്ഥാനങ്ങളായ, കർണാടക, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽ.
ഭരണഭാരം
പിന്നിട്ട ദശാബ്ദത്തിൽ സംസ്ഥാനത്തിന്റെ നിത്യനിദാന ഭരണ ചെലവുകൾ റവന്യു വരുമാനത്തിന്റെ 60 ശതമാനത്തിൽനിന്ന് വർധിച്ച് 70ൽ എത്തിയിരിക്കുന്നു. പെൻഷൻകാരുടെ എണ്ണം അഞ്ച് ലക്ഷത്തിൽനിന്ന് 7.5 ലക്ഷമായിരിക്കുന്നു, 50 ശതമാനം വർധന. പലിശ തിരിച്ചടവ് 2015ൽ ശ്വാസംമുട്ടിക്കുകയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും സാധാരണക്കാരുടെ ജീവിതം ദുരിത പൂർണമാക്കിയിരിക്കുന്നു.
ക്രൗഡിംഗ് ഔട്ട്
ഉയർന്ന ഭരണ മികവ്, വ്യവസായ വളർച്ച എന്നിവ പുലർത്തുന്ന സംസ്ഥാനങ്ങളിൽ റവന്യു വരവിന്റെ ശരാശരി 40-50 ശതമാനം വികസനത്തിനായി പ്രതിവർഷം മാറ്റിവയ്ക്കപ്പെടുന്നുണ്ട്. ഉദാ: കർണാടകം. എന്നാൽ, കേരളത്തിലിത് 25-30 ശതമാനമത്രെ.
പൊതുമേഖല കെടുതികൾ
സംസ്ഥാനത്തെ 120ലധികം വരുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ 45-55 എണ്ണം നഷ്ടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. ഈ നഷ്ടം സർക്കാരിന്റെ സൃഷ്ടിയാണോ? അതോ ഇവിടെ പണിയെടുക്കുന്ന ഉദ്യോഗസ്ഥരുടേതാണോ? രൂക്ഷമായ സാന്പത്തിക നഷ്ടവും കടഭാരവും ഭരണ തകർച്ചയും നടമാടുന്ന കെഎസ്ആർടിസി, കേരള സിവിൽ സപ്ലൈസ് കോർപറേഷൻ, കേരള സംസ്ഥാന കാഷ്യു വികസന കോർപറേഷൻ, കെഎസ്ഇബി എന്നിവ വെള്ളാനകളായി തുടരുന്നു. നിലവിൽ നഷ്ടത്തിലോടുന്ന പൊതുമേഖലയിലെ 20-25 ശതമാനം സ്ഥാപനങ്ങളെ ഒരു സാന്പത്തിക വർഷത്തിനകം പുതുജീവനം നല്കി ലാഭത്തിലാക്കാൻ പുതിയ സർക്കാർ ആക്ഷൻ പ്ലാൻ തയാറാക്കി നടപ്പിലാക്കട്ടെ.
കാർഷിക മേഖല തകർച്ചയിൽ
2015ൽ സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഎസ്ഡിപി) 11 ശതമാനം ലഭ്യമാക്കിയിരുന്ന കാർഷിക മേഖല 2025ൽ വെറും എട്ട് ശതമാനമെ ഉത്പാദിപ്പിക്കുന്നുള്ളൂ. എന്നാൽ, ഈ സർക്കാർ വകുപ്പിൽ 2015ൽ ഏതാണ്ട് ഏഴ് ശതമാനം ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നു. 2025ൽ ഇത് എട്ട് ശതമാനമായി. ഇത് ഇന്ത്യയിലെതന്നെ വളരെ ഉയർന്ന നിരക്കായി കരുതപ്പെടുന്നു. കേരളത്തിലെ കൃഷി അനുബന്ധ മേഖലയും തുടരെ തകർച്ചയിലാണ്. ഉദാ: ക്ഷീര വികസനം.
വർധിത യൂണിറ്റ് കോസ്റ്റുകൾ
വിദ്യാഭ്യാസ മേഖലയിൽ 30-40 ശതമാനം സംസ്ഥാന ഉദ്യോഗസ്ഥർ നിയോഗിക്കപ്പെട്ടിരിക്കുന്നു. എന്നാൽ, മുൻ ദശാബ്ദത്തിൽ വിദ്യാർഥികളുടെ പങ്കാളിത്തം 10-15 ശതമാനം കുറഞ്ഞു. അനുബന്ധമായിട്ട് ഈ രംഗത്ത് ചെലവാക്കലുകൾ കുറയുന്നതായി റിപ്പോർട്ടില്ല.
വ്യവസായ കാപ്പിറ്റൽ നിക്ഷേപം 14 ശതമാനമായിരുന്നത് പത്തിലേക്ക് താഴ്ന്നത് തികച്ചും അഭിലഷണീയമല്ല. സർക്കാരിന്റെ പല തലങ്ങളിലും ഭരണ നടത്തിപ്പിന്റെ യൂണിറ്റ് കോസ്റ്റുകൾ ക്രമേണ വർധിച്ചുവരുന്നത് കാരണം. സാധാരണക്കാരന് അനുബന്ധ വർധിത സേവന ചെലവുകൾ താങ്ങാനാകുന്നില്ല.
മറ്റൊരു പ്രസക്ത മേഖല പൊതുജനാരോഗ്യമാണ്. ആരോഗ്യരംഗത്ത് രോഗികൾ ചെലവിടേണ്ടിവരുന്ന ‘ഔട്ട് ഓഫ് പോക്കറ്റ്’ ചെലവുകൾ ക്രമാതീതമായി വർധിച്ചുവരുന്നു.
തൊഴിലില്ലായ്മ
ആനുകാലിക ലേബർ ഫോഴ്സ് സർവേ പ്രകാരം കേരളത്തിന്റെ പൊതു തൊഴിലില്ലായ്മ നിരക്ക് (പിഎൽഎഫ്എസ്) ഏഴിൽനിന്ന് ഒമ്പതിലെത്തിയിരിക്കുന്നു. ഇത് ഇന്ത്യയിലെതന്നെ ഏറ്റവും കൂടിയ റേറ്റാണ്. അഖിലേന്ത്യാ തലത്തിലിത് 3-5 ശതമാനമാകുന്നു. സംസ്ഥാനത്തെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ നിരക്കും വളരെ രൂക്ഷമായി ഉയർന്നു തുടരുന്നു. ഉചിതമായ വിദ്യാഭ്യാസം, സ്കിൽ, തൊഴിൽ ഏകോപനങ്ങൾ കേരളത്തിൽ വളരെ കുറവാണ്. ഇക്കാര്യത്തിൽ വിദ്യാഭ്യാസ-തൊഴിൽ വകുപ്പുകൾ ഏകോപിച്ച് പ്രവർത്തിക്കുന്നില്ല.
ഭരണഭാരം കുറയ്ക്കാം, സദ്ഭരണം ഉറപ്പിക്കാം
ഭരണത്തകർച്ചകൾ
ക്രമസമാധാനം തുടരെ അലങ്കോലപ്പെടുന്നത് സദ്ഭരണ പരാജയത്തെയാണ് പ്രതിഫലിപ്പിക്കുക. ബന്ദുകൾ, ഹർത്താലുകൾ, സമരങ്ങൾ എന്നിവ സന്പദ്വ്യവസ്ഥയെ തകർക്കുന്നു. പൊതുമുതലുകൾ നശിപ്പിക്കപ്പെടുകയും തൊഴിലും വരുമാനവും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. സർക്കാർ, സ്വകാര്യ സംരംഭകർക്ക് പ്രാദേശിക, രാഷ്ട്രീയ എതിർപ്പുകൾ നേരിടേണ്ടിവരുന്നുണ്ട്. അഴിമതി, സ്വജന പക്ഷപാതം, രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കൽ, രാഷ്ട്രീയ ഏക പാർട്ടി ധ്രുവീകരണങ്ങൾ/മേൽക്കോയ്മകൾ എന്നിവ ജനാധിപത്യപരമായ ഭരണനടത്തിപ്പിന് ഗുണകരമല്ല.
ധന കമ്മീഷനുകൾ, ഓഡിറ്റ് റിപ്പോർട്ടുകൾ, ജുഡീഷൽ ഉത്തരവുകൾ എന്നിവ പാലിക്കുന്നതിൽ ഭരണഘടനാ സംവിധാനങ്ങളുടെ അലംഭാവം, കാരണക്കാരായവർ ശിക്ഷിക്കപ്പെടാതെ പോവുന്നത്, കഷ്ടനഷ്ടങ്ങൾക്ക് പിഴ വസൂലാക്കാത്തത് എന്നിവയൊക്കെ പലതലങ്ങളിലും നടക്കുന്നു. ഇവയുടെ സമഗ്ര അവലോകന റിപ്പോർട്ടുകൾ സർക്കാർ തയാറാക്കി സദ്ഭരണ വകുപ്പ് രൂപീകരിച്ച് ഫലപ്രദമായ സദ്ഭരണ നിർവഹണം നടപ്പിലാക്കാൻ കഴിയട്ടെ. വിജിലൻസ് റിപ്പോർട്ടുകൾ അവഗണിക്കുന്നതും പൂഴ്ത്തിവയ്ക്കുന്നതും രാഷ്ട്രീയ ദുർഭരണം തന്നെ.
സദ്ഭരണം ഏർപ്പെടുത്തേണ്ടവമാറ്റങ്ങൾ കടന്നുവരേണ്ട സുപ്രധാന ഭരണതലങ്ങൾ:
നിലവിലെ വളരെ ഉയർന്ന റവന്യു ചെലവ് നിരക്ക് 75ൽനിന്നു 65 ശതമാനത്തിലേക്ക് കുറയ്ക്കുക. പൊതുമേഖലയുടെ നഷ്ടം 20-30 ശതമാനം ഓരോ വർഷവും ഇല്ലാതാക്കാം. തുടരെ നഷ്ടത്തിലായ കെഎസ്ആർടിസി/കെഎസ്ഇബി മുതലായവ സ്വകാര്യവത്കരിക്കാം.
നിലവിലെ ഭാഗിക ഡിജിറ്റൈസേഷനുകൾ സന്പൂർണമാക്കാം, എല്ലാ പൊതുഭരണ തലങ്ങളിലും നടത്തിപ്പ്-സുതാര്യത സാധാരണക്കാരന് അനുഭവപ്രദമാകട്ടെ.
അടിസ്ഥാന സൗകര്യ നിക്ഷേപ ചെലവാക്കലുകൾ നിലവിലെ വളരെ താണ 10 ശതമാനത്തിൽ നിന്ന് 18-20 ശതമാനം ആക്കാം. ഭരണ നടത്തിപ്പ്-നിത്യനിദാന ചെലവുകൾ 60 ശതമാനത്തിന് താഴെ നിജപ്പെടുത്താം. കട-ആഭ്യന്തര ഉത്പാദന നിരക്ക് 30 ശതമാനത്തിന് താഴെയെത്തിക്കാം.
ആധികാരിക പഠനങ്ങൾ
ആർബിഐ, ഫിനാൻസ് കമ്മീഷനുകൾ, സിഎജി എന്നിവയുടെ പഠന റിപ്പോർട്ടുകൾ അടിവരയിട്ട് പരാമർശിച്ച മൂന്ന് കേരള സവിശേഷതകളുണ്ട്. വലിയ തോതിലുള്ള കമ്മിറ്റഡ് ചെലവുകൾ, കൂടിയ ധനകാര്യ ഞെരുക്കം, വർധിത കടഭാരം. ഇവയെ ഫലപ്രദമായി മറികടക്കാതെ സാന്പത്തിക അഭിവൃദ്ധി കൈവരിക്കാൻ കേരളത്തിനു കുറുക്കുവഴികളില്ല.
സാന്പത്തിക നേട്ടം
മേൽപ്പടി സദ്ഭരണ പരിഷ്കാരങ്ങൾ വേഗത്തിൽ നടപ്പിലാക്കിയാൽ ലഭ്യമാവുന്ന ഏതാനും പ്രാഥമിക സാന്പത്തിക നേട്ടങ്ങൾ ചുരുക്കത്തിൽ ലളിതമായി വിശദമാക്കട്ടെ:
മറ്റ് ബാധ്യതകൾ സൃഷ്ടിക്കാതെ ധനലഭ്യത 20,000 കോടി വിടുതലാക്കി ലഭ്യമാക്കും. ഉത്പാദന ക്ഷമത 20-30 ശതമാനം വർധിക്കും. ഭരണ ചെലവുകൾ 10 മുതൽ 15 ശതമാനംവരെ കുറവു ചെയ്യുവാൻ സാധിക്കും. സ്വകാര്യ, സഹകരണ, തദ്ദേശീയ മേഖലയുടെ പ്രോത്സാഹനം, പുതിയ തൊഴിലുകൾ, ഉയർന്ന വരുമാനം-വേതനം, ഉത്പാദന ക്ഷമതയ്ക്ക് ആക്കം എന്നിവ താനെ ലഭ്യമാകും. ഇപ്രകാരമുള്ള സംരംഭക സാന്പത്തിക മുന്നേറ്റം വളർച്ചാ കുതിപ്പിനെ പ്രോത്സാഹിപ്പിക്കും.
ഈസ് ഓഫ് ബിസിനസ്
സംസ്ഥാനം പൊതുവേ വ്യവസായ സൗഹൃദമല്ലായെന്ന ആക്ഷേപത്തിന് അറുതി വന്നതായി കേരള സർക്കാർ 2024-25 കളിൽ അവകാശപ്പെട്ടു തുടങ്ങിയിരുന്നു. കേന്ദ്ര സർക്കാരിന്റെ ബിസിനസ് റിഫോം ആക്ഷൻ പ്ലാൻ പ്രകാരം ‘പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നതിൽ’ ഏറ്റവും ഉയർന്ന നേട്ടം 2022ൽ കൈവരിച്ചതായി 2024 സെപ്റ്റംബറിൽ കേരള സർക്കാർ പ്രഖ്യാപിച്ചു.
അതായത് ബിആർഎപി ഘടനകൾ പ്രകാരം പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ കേരള വ്യവസായ വകുപ്പ് മുന്നേറ്റം നടത്തിയിരിക്കുന്നു. ഈ നേട്ടം പ്രശംസനീയം തന്നെ. ഇടതുപക്ഷം വ്യവസായ സൗഹൃദമല്ലായെന്ന ആക്ഷേപം ഇനി നിലനില്ക്കില്ല. ചുരുക്കത്തിൽ, ഈ ബിആർഎപി അളക്കുന്നത് വ്യവസായരംഗത്ത് കടന്നുവന്നിരിക്കുന്ന റെഗുലേറ്ററി പരിഷ്കാരങ്ങൾ, സിസ്റ്റം മോടിപിടിപ്പിക്കലുകൾ, നിക്ഷേപ സൗഹൃദ നിലപാടുകൾ പ്രോത്സാഹിപ്പിക്കലുകൾ എന്നിവകളെയാണ്. എന്നാൽ, പരിണിത വ്യവസായ നേട്ടങ്ങൾ എന്താണ്?
മേൽ പരിഷ്കാരങ്ങൾ വേണ്ടത്ര പരിഗണിക്കാത്ത ചില പ്രധാന ഇനങ്ങൾ ശ്രദ്ധ അർഹിക്കുന്നു. (1) വ്യവസായ വളർച്ചയെ ഇവ എത്രമാത്രം പ്രോത്സാഹിപ്പിച്ചു (2) പുതിയ വ്യവസായ നിക്ഷേപങ്ങൾ എത്ര കാര്യമാത്ര പ്രസക്തമായി കടന്നുവന്നു? (3) പുതിയ തൊഴിലവസരങ്ങൾ എത്ര ഫലപ്രദമായി? (4) തൊഴിലാളികളുടെ വരുമാനം, വേതനം എന്നിവയിൽ വർധന രേഖപ്പെടുത്തിയൊ? (5) വ്യവസായങ്ങൾ ആരംഭിക്കുവാനുള്ള ഭൂമിയുടെ ലഭ്യത മെച്ചപ്പെട്ടോ? (6) ഇതര അടിസ്ഥാന സൗകര്യങ്ങളുടെ അഭാവങ്ങൾ എപ്രകാരമാണ് മെച്ചപ്പെട്ടത്? (7) കേരളത്തിന്റെ പ്രകൃതി സൗഹൃദ-സുസ്ഥിര വികസനം ഉറപ്പാക്കാൻ എന്ത് നടപടികളാണ് ഇതിൻപ്രകാരം തുടർന്നു പോരുന്നത്? ഇവ സംബന്ധിച്ച വിവരങ്ങൾ വ്യവസായ വകുപ്പ് വിശദമാക്കേണ്ടതുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഹാപ്രളയം സംബന്ധിച്ച് വിവാദ ഫോണ് സംഭാഷണത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കെതിരേ കൂടുതൽ ആരോപണങ്ങളുമായി ജനതാദൾ മുൻ നേതാവ് ആർ.എസ്. പ്രഭാത്.
സംഭാഷണത്തിലെ ശബ്ദം എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിച്ചതാകാമെന്നു പറഞ്ഞ മന്ത്രി കൃഷ്ണൻകുട്ടി എന്തുകൊണ്ടാണ് ഇത്ര സമയം കഴിഞ്ഞിട്ടും പരാതി നല്കാത്തതെന്ന് പ്രഭാത് പത്രസമ്മേളനത്തിൽ ചോദിച്ചു.
ഫോണ് സംഭാഷണം സംബന്ധിച്ച് പരാതിയും കേസും വരുന്പോൾ സംസാരിച്ച ആളിന്റെ പേര് വെളിപ്പെടുത്തുമെന്നും പ്രഭാത് പറഞ്ഞു.
International
ടെഹ്റാൻ: ഇസ്രയേലിനും അമേരിക്കയ്ക്കും എതിരേ ഇറാൻ നടത്തുന്ന പോരാട്ടം മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനയ്.
എഴുതി തയാറാക്കി ദേശീയ ടെലിവിഷനിലൂടെ പുറത്തുവിട്ട ഈദ് സന്ദേശത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. രക്തസാക്ഷികളായവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം ആഗോള അഹങ്കാരത്തിനെതിരേയാണു ഇറാന്റെ പ്രതിരോധമെന്നും അതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇറാൻ മൂന്നു യുദ്ധങ്ങൾ നേരിട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ ആദ്യത്തേത് കഴിഞ്ഞ വർഷം നടന്ന ‘ജൂൺ യുദ്ധം’ ആണ്. ഇതിനുശേഷം ഫെബ്രുവരി അവസാന വാരത്തിൽ രാജ്യത്തു നടന്ന പ്രതിഷേധങ്ങളെ ‘രണ്ടാം യുദ്ധം’ എന്നാണ് മുജ്തബ ഖമേനയ് വിശേഷിപ്പിച്ചത്.
ഇറാൻ ഇപ്പോൾ നേരിടുന്നത് മൂന്നാം യുദ്ധമാണ്. ഇറാന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മുതലെടുത്ത് ജനങ്ങൾ ശത്രുക്കളുടെ അജൻഡകൾ നടപ്പിലാക്കുമെന്ന് കരുതി അമേരിക്കയും ഇസ്രയേലും തങ്ങളുടെ കൂലിപ്പടയാളികളെ ഉപയോഗിച്ച് രാജ്യത്ത് ആക്രമണങ്ങളുണ്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Leader Page
കേരളത്തിന്റെ ധനകാര്യമന്ത്രി ബാലഗോപാൽ അദ്ദേഹത്തിന്റെ ആറാമത്തെ ബജറ്റും അവതരിപ്പിച്ചുകഴിഞ്ഞു. ഹൈസ്പീഡ് റെയിൽവേയ്ക്കായി 31,000 കോടി വകയിരുത്തിയതായും പ്രഖ്യാപിച്ചു. സിഗ്നൽ ലൈറ്റ് ഇല്ലാതെ 600 കിലോമീറ്റർ അതിവേഗം സുഗമമായി യാത്ര ചെയ്യാനാകുന്ന നാഷണൽ ഹൈവേ 66 ന്റെ ആദ്യഘട്ടം 2026 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യാൻ പോകുകയുമാണ്!
ഇതൊക്കെ കാണുമ്പോൾ കേരളീയർ എത്ര ഭാഗ്യവാന്മാരെന്നു നമ്മൾ ചിന്തിച്ചുപോകും. ഒരുഭാഗത്ത് അതിവേഗ സഞ്ചാരയോഗ്യമായ റോഡുകൾ തയാറാവുമ്പോൾ മറുഭാഗത്ത് അതിവേഗ ട്രെയിനും വരികയാണ്. എല്ലാം നല്ലകാര്യം തന്നെ. പക്ഷേ, നമ്മൾ ഇവിടത്തെ ഭൂവിസ്തൃതിയെപ്പറ്റിക്കൂടി ചിന്തിക്കുന്നതു നന്നാവും.
38,000 സ്ക്വയർ കിലോമീറ്റർ മാത്രമുള്ള ഒരു സംസ്ഥാനമാണ് കേരളം. അതിൽ കുറെ ഭാഗം ഇപ്പോൾത്തന്നെ റയിൽവേയുടെ കൈയിലാണുതാനും. ഒരുവർഷം മുമ്പ് വന്ന കെ-റെയിൽ പദ്ധതിക്കായി കണ്ടെത്തേണ്ട 1,383 ഹെക്ടർ ഭൂമിയിൽ 185 ഹെക്ടർ റെയിൽവേ നല്കാമെന്നു സമ്മതിച്ചു. ബാക്കി കണ്ടെത്താൻ നേരിട്ട പ്രതിസന്ധികൾ നമ്മൾ കണ്ടതാണ്. ഭൂമി ഏറ്റെടുക്കൽ വരുമ്പോൾ ഇപ്പോൾ തണുത്തിരിക്കുന്ന വിഷയം വീണ്ടും ഉയർന്നുവരും.
ഇപ്പോഴിതാ കിലോമീറ്ററിന് 200 കോടിയിലധികം രൂപ വീതം കണക്കാക്കി 62,000 കോടി രൂപ മുതൽമുടക്കി ഒരു പുതിയ ഹൈസ്പീഡ് പദ്ധതി വരാൻ പോകുന്നുവത്രെ! വലിയ വ്യവസായ ശൃംഖലകളുടെ നാടാണ് കേരളമെങ്കിൽ നിർബന്ധമായും ചെയ്തേ പറ്റൂ എന്നു നമുക്കു സമ്മതിക്കാം. പക്ഷേ, സ്ഥിതി അതല്ലല്ലോ. ആ സാഹചര്യത്തിൽ ഞാൻ ചില ആശങ്കകൾ പങ്കുവയ്ക്കുകയാണ്.
നമ്മുടെ ഇപ്പോഴത്തെ റെയിൽ പാതകൾതന്നെ പഴയതാണെന്ന ആരോപണം നിലവിലുണ്ട്. അതുകൊണ്ടാണ് 60 കിലോമീറ്റർ വേഗം നൂറോ എൺപതോ ആക്കാൻതന്നെ നമുക്കു സാധിക്കാത്തത്.
സ്ഥിരം റെയിൽ യാത്രക്കാരനായ ഞാൻ മറ്റ് യാത്രക്കാരുമായി സംസാരിച്ചപ്പോൾ മനസിലായത്, വന്ദേഭാരതിനു വലിയ പ്രാധാന്യം കൊടുക്കുന്നതിനുവേണ്ടി മറ്റു ട്രയിനുകൾ ഇടയ്ക്കു പിടിച്ചിടുക, വൈകിക്കുക തുടങ്ങി ഒരുപാടു ബുദ്ധിമുട്ടുകൾ ഇപ്പോഴുണ്ടെന്നാണ്. പ്രത്യേകിച്ചും ഒറ്റവരിപ്പാതയുള്ള എറണാകുളം-കായംകുളംവരെയുള്ള സ്ഥലങ്ങളിൽ. അപ്പോൾ അത്യാവശ്യക്കാർക്ക് തിരുവനന്തപുരത്തുനിന്ന് എട്ട് മണിക്കൂർകൊണ്ട് കണ്ണൂരിലെത്തുന്ന വന്ദേഭാരത് പോരേ എന്നാണ് പൊതുജനത്തിന്റെ ചോദ്യം.
വന്ദേഭാരതിലെ1,400 പേർക്കുവേണ്ടി അയ്യായിരത്തോളം യാത്രക്കാർ വീതമുള്ള പത്തോ പതിനഞ്ചോ ട്രെയിനുകൾ വൈകിയാൽ എത്രയാളുകൾ കഷ്ടതയനുഭവിക്കണം? ഇനിയും ഈ റെയിൽവേ ലൈനിലൂടെ കൂടുതൽ അതിവേഗ ട്രെയിനുകൾ ഓടിയാൽ സാധാരണ യാത്രക്കാരുടെ ഗതി എന്താവും എന്നുകൂടി നമ്മൾ ചിന്തിക്കേണ്ടേ?
ചൈനയിൽ കാന്തികശക്തി ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഷാങ്ഹായ് മഗ്ലേവ്, ചൈനയിലെ തന്നെ സിആർ450, സിആർ400 ഫുക്സിങ് ട്രെയിനിന്റെ അതേ വേഗം നമ്മൾ ആഗ്രഹിക്കുന്നത് എന്തിനാണെന്നു മനസിലാവുന്നില്ല. ലോകത്തെ 70 ശതമാനത്തിലധികം സാധനസാമഗ്രികൾ നിർമിക്കുന്ന ലോകവ്യാപാര കേന്ദ്രമാണ് ചൈന. 1,372 കിലോമീറ്റർ അതിവേഗം യാത്രചെയ്യുന്ന അവർ ബിസിനസിലൂടെ ഒരുവർഷം 75 മുതൽ 85 കോടിവരെ യുഎസ് ഡോളർ വരുമാനമുണ്ടാക്കുന്നവരാണ്.
യാത്ര അതിവേഗത്തിലാകുന്നതുകൊണ്ട് അവർക്കു പ്രയോജനമുണ്ടെന്നു പറഞ്ഞാൽ മനസിലാക്കാം. പക്ഷേ നമുക്കോ? കാസർഗോട്ടുനിന്ന് തിരുവനന്തപുരം വരെ വേഗത്തിൽ യാത്രചെയ്യുന്നുവെന്നിരിക്കട്ടെ! എന്തു ബിസിനസ് ലാഭമാണ് നമുക്കുണ്ടാവുന്നത്? വേഗത്തിൽ യാത്ര ചെയ്തുവെന്നു വരുത്തിത്തീർക്കാൻവേണ്ടി മാത്രം ഒരു ട്രെയിൻ! അപഹാസ്യമെന്നല്ലാതെ എന്തു പറയാൻ?
അമേരിക്കയിൽ അതിവേഗയാത്രയ്ക്ക് എയർപോർട്ട് സംവിധാനങ്ങളാണ് കൂടുതൽ. അതുപോലെ 600 കിലോമീറ്ററിനകത്ത് നാല് ഇന്റർനാഷണൽ വിമാനത്താവളങ്ങളുള്ള സംസ്ഥാനമാണ് കേരളം. ലോകത്തൊരിടത്തുമില്ലാത്ത ഈ സൗകര്യം അത്യാവശ്യക്കാർ ഉപയോഗിക്കുന്നുമുണ്ട്. വിമാനത്താവളങ്ങളുടെ എണ്ണം കൂട്ടിയും അമ്പതോ നൂറോ സീറ്റിന്റെ ചെറിയ വിമാനങ്ങൾ ഒരുക്കിയും അതിവേഗത്തിലെത്താനുള്ള സാധ്യത നമ്മൾ പരിശോധിക്കണം.
ആകെ 600 കിലോമീറ്റർ സഞ്ചരിക്കാൻ നമ്മൾ അതിവേഗം വേണമെന്നു പറയുന്നത് യുക്തിരാഹിത്യമാണ്. നിലവിൽ റോഡിന്റെയും വാഹനങ്ങളുടെയും കാര്യത്തിൽത്തന്നെ കേരളം വീർപ്പുമുട്ടുകയാണ്. പ്രതിദിനം 2,500 വാഹനങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നുവെന്നാണ് കണക്ക്. ഇന്ത്യയിൽ ആകെയുള്ള 41 കോടിയിൽ രണ്ടു കോടി വാഹനങ്ങൾ ഈ കൊച്ചുകേരളത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത്.
ഭൂമി ഏറ്റെടുക്കാൻ കഴിയാത്തതു കാരണം റോഡിന്റെ വീതി കൂട്ടാനാവുന്നില്ല. പലയിടത്തും മണിക്കൂറുകൾ വാഹനം നിർത്തിയിടേണ്ടസ്ഥിതി. അപകടങ്ങൾ വേറെയും. അതിനിടയിൽ ഹൈസ്പീഡ് റെയിൽവേയ്ക്ക് എങ്ങനെ ഭൂമി കണ്ടെത്തുമെന്നത് നമ്മുടെ മുന്നിലെ വലിയ വിഷയമാവും.
നാം എല്ലാറ്റിലും വേഗം കൈവരിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ അടിസ്ഥാന സൗകര്യമാണ് ആദ്യം വേണ്ടതെന്ന കാര്യം മറക്കരുത്. ഭൂമി വേണം, അതിവേഗം സഞ്ചരിച്ചെത്തുന്നതിനുള്ള കാരണങ്ങളും വേണം. ദീർഘദൂരയാത്രകൾ ഉണ്ടെങ്കിൽ മാത്രമേ ഇലക്ട്രിക് ട്രെയിൻകൊണ്ടു ലാഭമുണ്ടാക്കാനും കഴിയുകയുള്ളൂ.
കുറഞ്ഞ സമയംകൊണ്ട് നമ്മൾ കാസർഗോട്ടുനിന്ന് തിരുവനന്തപുരത്ത് എത്തുന്നുവെന്നിരിക്കട്ടെ. വലിയ തുക മുടക്കി പെട്ടെന്ന് എത്താൻ എത്രപേർ എത്രദിവസം തയാറാവും? അതുകൊണ്ട് വന്ദേഭാരതിനേക്കാൾ നേട്ടമുണ്ടാക്കാൻ ഈ അതിവേഗംകൊണ്ട് കഴിയുമെന്ന് തോന്നുന്നില്ല. ഇത്തരം വാഹനങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാലുണ്ടാകുന്ന പുകിലുകൾ വേറെ! പെരുമൺ ദുരന്തം നമ്മളാരും ഇതേവരെ മറന്നിട്ടില്ല. അടിസ്ഥാന സൗകര്യമില്ലാതെ എന്തിനു തുടങ്ങി? അപകടം മനഃപൂർവം വരുത്തി വച്ചതല്ലേ? അന്നേ ഞങ്ങൾ പറഞ്ഞതല്ലെ? ഇങ്ങനെ നൂറു നൂറു ചോദ്യങ്ങളും പറച്ചിലുകളുമായി.
അതുകൊണ്ട് നിലവിലെ റെയിൽ പാളത്തോടു ചേർന്ന് തൂണുകൾ സ്ഥാപിച്ചുകൊണ്ടും വളവുനിവർത്താൻ ആവശ്യമുള്ളിടത്തു മാത്രം ഭൂമിയേറ്റെടുത്തുകൊണ്ടും അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കിയാൽ എത്ര കോടി രൂപ ലാഭിക്കാനാവും എന്നു ലേഖകൻ ചിന്തിച്ചുപോവുകയാണ്. മിച്ചം ലഭിക്കുന്ന തുക സ്ത്രീസുരക്ഷയ്ക്കും ആരോഗ്യമേഖലയ്ക്കും ആദിവാസി ഗോത്രവിഭാഗങ്ങളെപ്പോലെ സാധാരണക്കാരായ മനുഷ്യരുടെ ഉന്നമനത്തിനുമായി ഉപയോഗിക്കാമെന്നിരിക്കേ കിടപ്പാടമില്ലാത്തവരുടെ ഭൂമിയേറ്റെടുത്തുകൊണ്ട് ഞങ്ങൾ ഇതുതന്നെ കൊണ്ടുവരുമെന്ന് വാശിപിടിക്കുന്നത് ആലോചനക്കുറവുകൊണ്ടാണോ മറ്റെന്തെങ്കിലും ലക്ഷ്യമുള്ളതുകൊണ്ടാണോ എന്നറിയില്ല.
Leader Page
2015 സെപ്റ്റംബറിൽ നടന്ന ചരിത്രപ്രധാനമായ യുഎൻ ഉച്ചകോടിയിൽ ലോക നേതാക്കൾ അംഗീകരിച്ച 2030ലെ സുസ്ഥിരവികസന അജൻഡയിലെ 17 സുസ്ഥിരവികസന ലക്ഷ്യങ്ങൾ (എസ്ഡിജി) 2016 ജനുവരി ഒന്നിന് പ്രാബല്യത്തിൽവന്നു. ഇപ്പോൾ പത്തു വർഷം പൂർത്തിയായിരിക്കുന്നു. ഇനി അഞ്ച് വർഷംകൊണ്ട് ഫലപ്രദമായി നടപ്പാക്കേണ്ടതാണ് ഇവ.
2025ലെ എസ്ഡിജി റിപ്പോർട്ട് യുഎൻ പ്രസിദ്ധീകരിക്കുകയുണ്ടായി.
ഇതിൻപ്രകാരം ഐക്യരാഷ്ട്രസഭയിലെ 193 അംഗങ്ങളുടെ എസ്ഡിജി സ്കോർ നിലവാരത്തിൽ ഏറ്റവും മുന്നിൽ 87.023 സ്കോറുമായി ഫിൻലാൻഡാണ്. തുടർന്ന് സ്വീഡൻ (85.74) ഡെൻമാർക്ക് (85.26), ജർമനി (83.67), ഫ്രാൻസ് (83.14), ഓസ്ട്രിയ (83.01), ക്രൊയേഷ്യ (82.39), പോളണ്ട് (82.09), ചെക്ക് റിപ്പബ്ലിക്ക് (81.94), യുകെ (81.85) എന്നിവയാണ്. ഏഷ്യൻ രാജ്യങ്ങളിൽ ജപ്പാനാണ് മുന്നിൽ (80.6). ഇന്ത്യക്ക് 99-ാമത്തെ സ്ഥാനമാണ് ഉള്ളത് (66.95) 167-ാം സ്ഥാനം ലഭിച്ചിരിക്കുന്നത് സൗത്ത് സുഡാനാണ് (41.55). 26 രാജ്യങ്ങളുടെ പേര് റാങ്കിംഗിൽ വന്നിട്ടില്ല.
സുസ്ഥിരവികസന ലക്ഷ്യങ്ങളോടുള്ള ആഗോള പ്രതിബദ്ധത ശക്തമാണ്. 193 രാജ്യങ്ങളിൽ 190 എണ്ണവും സുസ്ഥിരവികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ദേശീയ കർമപദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. അജൻഡ 2030ഉം എസ്ഡിജികളും അംഗീകരിച്ച് ഒരു ദശാബ്ദത്തിനുശേഷം, 193 യുഎൻ അംഗരാജ്യങ്ങളിൽ 190 എണ്ണവും സന്നദ്ധ ദേശീയ അവലോകന (വിഎൻആർ) പ്രക്രിയയിൽ പങ്കെടുത്ത് അവരുടെ എസ്ഡിജി നിർവഹണ പദ്ധതികളും സുസ്ഥിരവികസന മുൻഗണനകളും അവതരിപ്പിക്കുകയുണ്ടായി.
സുസ്ഥിരവികസന സൂചികയിൽ യൂറോപ്യൻ രാജ്യങ്ങൾ ഒന്നാം സ്ഥാനത്ത് തുടരുന്നു. മികച്ച 20 രാജ്യങ്ങളിൽ 19ഉം യൂറോപ്പിലാണ്. എന്നിരുന്നാലും, കാലാവസ്ഥയും ജൈവവൈവിധ്യവുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ കുറഞ്ഞത് രണ്ട് ലക്ഷ്യങ്ങളെങ്കിലും കൈവരിക്കുന്നതിൽ ഈ രാജ്യങ്ങൾപോലും കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഈ വർഷത്തെ സുസ്ഥിരവികസന സൂചികയിൽ, ചൈന (49) ഉം ഇന്ത്യ (99) ഉം യഥാക്രമം മികച്ച പ്രകടനം കാഴ്ചവച്ച 50, മികച്ച 100 സ്ഥാനങ്ങളിൽ ഇടം നേടി!
ലക്ഷ്യങ്ങളുടെ പുരോഗതി തടസപ്പെടുന്നു
ആഗോള തലത്തിൽ, 2030 ആകുന്പോഴേക്കും കൈവരിക്കേണ്ട 17 ലക്ഷ്യങ്ങളിൽ ഒന്നുപോലും നിലവിൽ ലക്ഷ്യത്തിലെത്തുന്നില്ല. സംഘർഷങ്ങൾ, ഘടനാപരമായ ദുർബലതകൾ, പരിമിതമായ സാന്പത്തിക ഇടം എന്നിവ ലോകത്തിന്റെ പല ഭാഗങ്ങളിലും സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ പുരോഗതിയെ തടസപ്പെടുത്തുന്നു.
മൊബൈൽ ബ്രോഡ്ബാൻഡ് ഉപയോഗം, വൈദ്യുതി ലഭ്യത, ഇന്റർനെറ്റ് ഉപയോഗം, അഞ്ച് വയസിന് താഴെയുള്ളവരുടെ മരണനിരക്ക്, നവജാതശിശു മരണനിരക്ക് എന്നിവയുൾപ്പെടെ അടിസ്ഥാന സേവനങ്ങളിലേക്കും അടിസ്ഥാന സൗകര്യങ്ങളിലേക്കുമുള്ള ലഭ്യതയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളിൽ മിക്ക യുഎൻ അംഗരാജ്യങ്ങളും ശക്തമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.
ബെനിൻ (സബ്-സഹാറൻ ആഫ്രിക്ക), നേപ്പാൾ (കിഴക്കും ദക്ഷിണേഷ്യയും), പെറു (ലാറ്റിൻ അമേരിക്കയും കരീബിയനും), യുണൈറ്റഡ് അറബ് എമിറേറ്റ്സ് (മിഡിൽ ഈസ്റ്റും വടക്കേ ആഫ്രിക്കയും), ഉസ്ബെക്കിസ്ഥാൻ (കിഴക്കൻ യൂറോപ്പും മധ്യേഷ്യയും), കോസ്റ്റാറിക്ക (ഒഇസിഡി), സൗദി അറേബ്യ (ജി 20) എന്നീ രാജ്യങ്ങൾ എടുത്തുപറയത്തക്ക വിധത്തിൽ പുരോഗതി കൈവരിച്ചിട്ടുണ്ട്.
ഇതര രാഷ്ട്രങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തിൽ ബാർബഡോസ് ഒന്നാം സ്ഥാനത്തും അമേരിക്ക അവസാന സ്ഥാനത്തും നിൽക്കുന്നു. 2025ന്റെ തുടക്കത്തിൽ, പാരീസ് കാലാവസ്ഥാ കരാറിൽനിന്നും ലോകാരോഗ്യ സംഘടനയിൽനിന്നും പിന്മാറുന്നതായി അമേരിക്ക പ്രഖ്യാപിക്കുകയും എസ്ഡിജികളോടും 2030 അജൻഡയോടും എതിർപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ജി20 രാജ്യങ്ങളിൽ, ഇതര രാഷ്ട്രങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തിൽ ഏറ്റവും പ്രതിജ്ഞാബദ്ധതയുള്ളത് ബ്രസീലാണ്, ഒഇസിഡി രാജ്യങ്ങളിൽ ചിലി മുന്നിലാണ്.
സാന്പത്തിക ഭദ്രതയുടെ അഭാവം
പല വികസ്വര രാജ്യങ്ങൾക്കും, സാന്പത്തിക ഭദ്രതയുടെ അഭാവമാണ് എസ്ഡിജി പുരോഗതിക്ക് പ്രധാന തടസം. കടബാധ്യതയും താങ്ങാനാവുന്ന, ദീർഘകാല മൂലധനത്തിന്റെ ലഭ്യതക്കുറവും കാരണം സുസ്ഥിരവികസനത്തിൽ വേണ്ടത്ര നിക്ഷേപം നടത്താൻ കഴിയാത്ത രാജ്യങ്ങളിലാണ് ലോകജനസംഖ്യയുടെ ഏകദേശം പകുതിയും താമസിക്കുന്നത്. സുസ്ഥിരവികസനം, ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു. വളർന്നുവരുന്ന, വികസ്വര രാജ്യങ്ങളിലേക്ക് മൂലധനം കൂടുതൽ അനുകൂലമായ വ്യവസ്ഥകളിൽ എത്തിച്ചേരുന്നുണ്ട്. ഉയർന്ന വളർച്ചാ സാധ്യതയും വരുമാനനിരക്കും വാഗ്ദാനം ചെയ്യുന്ന, വളർന്നുവരുന്ന വികസ്വര സന്പദ്വ്യവസ്ഥകളിലേക്കല്ല, സന്പന്നരാജ്യങ്ങളിലേക്കാണ് പണം എളുപ്പത്തിൽ ഒഴുകുന്നത്.
17 സുസ്ഥിരവികസന ലക്ഷ്യങ്ങളും കൈവരിക്കുന്നതിലേക്കുള്ള മൊത്തം പുരോഗതിയാണ് മൊത്തത്തിലുള്ള സ്കോർ അളക്കുന്നത്. സുസ്ഥിരവികസന ലക്ഷ്യ നേട്ടത്തിന്റെ ശതമാനമായി ഈ സ്കോറിനെ വ്യാഖ്യാനിക്കാം. 100 എന്ന സ്കോർ എല്ലാ സുസ്ഥിരവികസന ലക്ഷ്യങ്ങളും നേടിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു.
പ്രധാന പോസിറ്റീവ് ട്രെൻഡുകൾ ഇവയാണ്: മെച്ചപ്പെട്ട വിദ്യാഭ്യാസം, മാതൃ/ശിശു ആരോഗ്യം, വൈദ്യുതി ലഭ്യത, രോഗ നിയന്ത്രണം (എച്ച്ഐവി, മലേറിയ) എന്നിവയിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെട്ടു. പുനരുപയോഗിക്കാവുന്ന ഊർജം വർധിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ, 5ജി ലോകത്തിന്റെ പകുതിയിലധികവും ഉൾക്കൊള്ളുന്നു. എന്നാൽ, പുരോഗതി ദുർബലമാണ്, തുല്യതയുള്ളതുമല്ല. ദാരിദ്ര്യം, വിശപ്പ്, വ്യവസ്ഥാപരമായ പോരായ്മകൾ എന്നിവ പല രാജ്യങ്ങളിലും നിലനിൽക്കുന്നു. സംഘർഷം, കാലാവസ്ഥാ പ്രതിസന്ധികൾ, സാന്പത്തിക പ്രശ്നങ്ങൾ എന്നിവയാണ് പ്രധാന തടസങ്ങൾ, ഏകദേശം പകുതി ലക്ഷ്യങ്ങളിലെ പുരോഗതി മന്ദഗതിയിലാണ്. ചിലത് പിന്നോട്ട് പോകുന്നു. ഇവയാണ് പ്രധാന വെല്ലുവിളികൾ.
മാതൃ മരണനിരക്ക് കുറയുന്നു; അഞ്ചു വയസിന് താഴെയുള്ള മരണങ്ങൾ കുറയുന്നു; ആരോഗ്യകരമായ ആയുർദൈർഘ്യം വർധിക്കുന്നു. രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിക്കുന്നു എന്നിവ പ്രാധാന്യമർഹിക്കുന്ന മാറ്റങ്ങളാണ്.
(തുടരും)
(കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജ്
ഡീൻ റിസർച്ച് ആണ് ലേഖകൻ)
Kerala
ചങ്ങനാശേരി: വെല്ലുവിളികളെ നേരിടാന് സമകാലിക വിദ്യാര്ഥീസമൂഹം സജ്ജരാവണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ജോഷ്വ മാര് ഇഗ്നാത്തിയോസ്.
കെസിഎസ്എല് സംസ്ഥാന കലോത്സവം ചങ്ങനാശേരി എസ്ബി ഹയര് സെക്കന്ഡറി സ്കൂള് ഓഡിറ്റോറിയത്തില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്ഥികളുടെ സമഗ്ര വളര്ച്ചയില് കേരള കത്തോലിക്ക വിദ്യാര്ഥി പ്രസ്ഥാനം വഹിച്ചപങ്ക് വലുതെന്ന് ബിഷപ് ഓര്മ്മിപ്പിച്ചു.
സംസ്ഥാന ചെയര്പേഴ്സന് നേഹ മരിയ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില് ചങ്ങനാശേരി അതിരൂപത വികാരി ജനറാള് മോണ്. മാത്യു ചങ്ങങ്കേരി, സംസ്ഥാന ഡയറക്ടര് ഫാ. ലിജോ ഓടത്തക്കല്, അതിരൂപത ഡയറക്ടര് ഫാ. ജോജോ പള്ളിച്ചിറ, ഫാ. ടോണി ചെത്തിപ്പുഴ, ഫാ. റോജി വല്ലയില്, ജോയി ഫ്രാന്സിസ്, ജോസ് അനൂപ്, റിന്സ് വര്ഗീസ്, വിനോദ് ബാബു എസ്, തെരേസ ബിജു സെബാസ്റ്റ്യന്, സിസ്റ്റര് മോളി ദേവസി, സോജന് ചാക്കോ, എസ്. ബിജു, ജിജോ മാത്യു, ജിജോമോന് തോമസ്, എല്സി ആന്റണി, ആല്ജിന് ഇമ്മാനുവേല്, ടിന്റു ആന് തോമസ്, മനോജ് ചാക്കോ, സിസ്റ്റര് ജോയിസ് മരിയ, ജോര്ജ് കൊച്ചറയ്ക്കല്, സജിന് എന്, ലിനിമോള് ആന്റണി, ടോം ചാക്കോ, സബീഷ് നെടുംപറമ്പില് എന്നിവര് പ്രസംഗിച്ചു.
ഇന്ന് രാവിലെ ഒമ്പതിന് ചങ്ങനാശേരി എസ്ബി, സെന്റ് ആന്സ് സ്കൂളുകളിലെ പതിനഞ്ച് വേദികളിലായി ഇരുപത്തിഅഞ്ച് രൂപതകളില് നിന്നുള്ള രണ്ടായിരത്തിലധികം പ്രതിഭകള് കലോത്സവത്തില് പങ്കാളികളാവും. വൈകുന്നേരം നടക്കുന്ന നൂറ്റിപത്താമത് സംസ്ഥാന സമ്മേളനം ചങ്ങനാശേരി അതിരുപത കോര്പറേറ്റ് മാനേജര് റവ.ഡോ. ജോബി മൂലയില്ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില് കലോത്സവ പുരസ്കാരങ്ങള് വിതരണം ചെയ്യും.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചൊവ്വാഴ്ച കെപിസിസിക്ക് ലൈംഗിക പീഡന പരാതി നൽകിയ പരാതിക്കാരിയെ വെല്ലുവിളിച്ച് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ. വ്യാജ പരാതിയെന്ന് ആവര്ത്തിച്ച ഫെന്നി പോലീസ് അന്വേഷിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കിൽ സ്ഥാനാർഥിത്വം പിന്വലിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.
അടൂര് നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്ഥിയാണ് ഫെന്നി നൈനാൻ. ഹോം സ്റ്റേ പോലൊരു കെട്ടിടത്തിലെത്തിച്ചതും തിരികെ കൊണ്ടുപോയതും ഫെന്നി നൈനാൻ ആണെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. എന്നാൽ, പരാതി വ്യാജമാണെന്നും തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഫെന്നി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂര് ജാമ്യ ഹര്ജി തള്ളിക്കാനുള്ള നീക്കമാണെന്നും പരാതി നൽകിയത് ആണാണോ പെണ്ണാണോ എന്ന് പോലും അറിയില്ലെന്നും ഏതു വാഹനത്തിൽ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കണമെന്നും ഫെന്നി നൈനാൻ വെല്ലുവിളിച്ചു. ഏതു ഹോംസ്റ്റേയിലേക്കാണ് കയറ്റി കൊണ്ടുപോയതെന്നും അവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്നും വ്യക്തമാക്കണം.
ഒരു സ്ഥാനാർഥിയെ ഏത് വിധേനയും തേജോവധം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. പോലീസ് അന്വേഷിച്ച് തെളിവ് കണ്ടെത്തിയാൽ സ്ഥാനാര്ത്ഥിത്വം പിന്വലിക്കാം. വ്യാജ പരാതി കൊടുത്ത വ്യക്തി ആദ്യം ചോദ്യങ്ങളിൽ മറുപടി പറയട്ടെ. പരാതി നൽകിയ ആളെ താൻ വെല്ലുവിളിക്കുകയാണ്.
ഏതുവാഹനത്തിലാണ് കൊണ്ടുപോയതെന്നും പറയണം. പരാതിക്ക് പിന്നിൽ വലിയ ഗൂഢാലോചനയാണുള്ളത്. സര്ക്കാരും പൊതുപ്രവര്ത്തകനും ഒരു ചാനലും ഉള്പ്പെട്ട ഗൂഢാലോചനയാണിതെന്നും ഫെന്നി ആരോപിച്ചു.