Kerala
ആലപ്പുഴ: ജി.സുധാകരൻ എംഎൽഎയും സിപിഎം പ്രവർത്തകരും തമ്മിൽ വാക്കുതർക്കവും കൈയ്യാങ്കളിയും. അമ്പലപ്പുഴ നീർക്കുന്നം സ്കൂളിലെ മണ്ണുകടത്ത് ആരോപണവുമായി ബന്ധപ്പെട്ട തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്.
പാർട്ടിയിൽ നിന്ന് എല്ലാം നേടിയ ശേഷമാണ് സുധാകരൻ പാർട്ടി വിട്ടതെന്ന് സിപിഎം പഞ്ചായത്ത് അംഗം പരസ്യമായി ആക്ഷേപിച്ചതാണ് സുധാകരനെ ചൊടിപ്പിച്ചത്. താൻ 25,000 വോട്ടുകളുടെ വൻ ഭൂരിപക്ഷം നേടി ജനപിന്തുണയോടെയാണ് വിജയിച്ചതെന്നും ആരുടെയും ദയയിലല്ല താൻ ഉയർന്നുവന്നതെന്നും സുധാകരൻ പറഞ്ഞു.
നീർക്കുന്നം സ്കൂളിലെ കെട്ടിടം പൊളിച്ചതിന് പിന്നാലെ അവിടെനിന്ന് വൻതോതിൽ മണ്ണ് കടത്തുന്നു എന്ന വിവരമറിഞ്ഞാണ് ജി. സുധാകരൻ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സ്ഥലത്തെത്തിയത്. മണ്ണ് നീക്കം ചെയ്തത് കാരണം സ്കൂൾ പരിസരത്ത് രൂക്ഷമായ വെള്ളക്കെട്ടുണ്ടായതായും സുധാകരൻ ആരോപിച്ചു.
എന്നാൽ ഈ സമയം സ്ഥലത്തുണ്ടായിരുന്ന അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ്, സ്കൂൾ പിടിഎ പ്രസിഡന്റും മുൻ എംഎൽഎ എച്ച്. സലാമിന്റെ പേഴ്സണൽ സ്റ്റാഫ് അംഗവുമായിരുന്ന പ്രശാന്ത് കുട്ടി എന്നിവർ സുധാകരന്റെ ആരോപണങ്ങളെ ശക്തമായി എതിർത്തു. മണ്ണ് മാറ്റിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തങ്ങളുടെ കൈവശമുണ്ടെന്നും സുധാകരൻ ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും അവർ വാദിച്ചു.
തുടർന്ന് ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ വാഗ്വാദവും കൈയ്യാങ്കളിയുമുണ്ടാവുകയായിരുന്നു. തർക്കത്തിനിടെ സുധാകരനൊപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ തങ്ങളെ മർദിച്ചതായി സിപിഎം നേതാക്കൾ ആരോപിച്ചു. പരിക്കേറ്റ പ്രശാന്ത് കുട്ടിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
താൻ രാഷ്ട്രീയം കളിക്കാൻ വന്നതല്ലെന്നും സ്കൂളിന്റെ തകർച്ചയ്ക്ക് കാരണമാകുന്ന മണ്ണുകടത്ത് ചോദ്യം ചെയ്യാനാണ് എത്തിയതെന്നും ജി. സുധാകരൻ വ്യക്തമാക്കി. സുധാകരൻ ബോധപൂർവം രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി കോൺഗ്രസുകാരെയും കൂട്ടി പ്രശ്നമുണ്ടാക്കാൻ എത്തിയതാണെന്നാണ് സിപിഎം പ്രവർത്തകരുടെ ആക്ഷേപം.
Kerala
ആലപ്പുഴ: പിണറായി വിജയന്റെ ചെറ്റ പരാമർശത്തെ രൂക്ഷമായി വിമർശിച്ചും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ പരിഹസിച്ചും ജി.സുധാകരൻ എംഎൽഎ. ചെറ്റക്കുടിലുകളിൽ താമസിച്ചിരുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും അതിനാൽ ചെറ്റ എന്ന പ്രയോഗം കമ്മ്യൂണിസ്റ്റ് ഭാഷയ്ക്ക് ചേർന്നതല്ലെന്നും സുധാകരൻ വ്യക്തമാക്കി.
നിയമസഭയിലെ ബജറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖജനാവിൽ ആറായിരം കോടി രൂപയുണ്ടെന്ന് ബാലഗോപാൽ പറയുന്നതിനെയും അദ്ദേഹം പരിഹസിച്ചു. യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രം ഗംഭീരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാറ്റമാണ് മാർക്സിസം അതാണ് ശാസ്ത്രം.
കാളിദാസനെയും ഷേക്സ്പിയറെയും വായിച്ച ഒരാൾക്കേ ഇത്രയും ലളിതവും ഗഹനവുമായ ഒരു ബജറ്റ് തയാറാക്കാൻ സാധിക്കൂവെന്നും സുധാകരൻ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സുധാകരനെതിരെ പിണറായി വിജയൻ നടത്തിയ ചെറ്റ പരാമർശം വൻവിവാദമായിരുന്നു.
Kerala
ആലപ്പുഴ: കിഫ്ബി എടുത്ത് കളയുന്നത് ബുദ്ധിയല്ലെന്നും സാമാന്തര സർക്കാർ ആക്കിമാറ്റാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോളാണ് വിമർശനം വന്നതെന്നും ജി.സുധാകരൻ എംഎൽഎ. സംസ്ഥാനത്ത് വൻകിട പദ്ധതികൾ നടപ്പാക്കിയത് കിഫ്ബി വഴിയാണ്.
കിഫ്ബി ഇന്നത്തെ കാലത്തിനനുസരിച്ച് പുനരാവിഷ്കരിക്കണം. താൻ പൊതുമരാമത്ത് മന്ത്രി ആയിരുന്നപ്പോൾ നടത്തിയ വൻകിട നിർമാണത്തിലെ 90 ശതമാനവും കിഫ്ബി വഴിയാണ് നടപ്പിലാക്കിയത്. കിഫ്ബി സർക്കാരിന്റെ കൺട്രോളിലും ധനകാര്യ വകുപ്പിന്റെ നിയന്ത്രണത്തിലുമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിട്ടയേഡ് ഐഎഎസുകാരനെ ഇതിൽ നിയമിച്ചത് തെറ്റായ കാര്യമാണ്. കിഫ്ബിയെ സമാന്തര സർക്കാരായി മാറ്റാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്നും അതിന് അനുമതി കൊടുക്കരുതെന്നും ജി.സുധാകരൻ പറഞ്ഞു.
Kerala
ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി.സുധാകരനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് എച്ച്.സലാം. പിണറായി വിജയനെ നനഞ്ഞ കോഴിയെന്ന് ജി.സുധാകരൻ വിളിച്ചതിനു മറുപടിയായിട്ടാണ് മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എച്ച്. സലാം രംഗത്തെത്തിയത്.
കള്ള് വാങ്ങിക്കൊടുത്താൽ ആരേയും തെറിവിളിക്കുന്ന കോമാളിയായി ജി. സുധാകരൻ അധപതിച്ചു. പിണറായി വിജയന്റെ ഔദാര്യം കൊണ്ടാണ് സുധാകരന്റെ അഴിമതിവിരുദ്ധമുഖം കീറിപ്പോകാത്തത്. പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും സുധാകരന് യോഗ്യതയില്ലെന്നും അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ജി. സുധാകരൻ വലിയ തോതിൽ പണം പിരിച്ചിരുന്നു. ഇതിന്റെ കണക്ക് വ്യക്തമാക്കാൻ സുധാകരന് ധൈര്യമുണ്ടോയെന്നും സലാം ചോദിച്ചു. കഴിഞ്ഞ ദിവസം അമ്പലപ്പുഴയിൽ എംഎൽഎ ഓഫീസ് ഉദ്ഘാടനത്തിനിടെ ജി. സുധാകരൻ പിണറായി വിജയനെതിരേയും കെ.എൻ. ബാലഗോപാലിനെതിരേയും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ തിരിച്ചടിയുണ്ടായേക്കുമെന്ന് സിപിഎം വിലയിരുത്തൽ. അമ്പലപ്പുഴ, കായംകുളം, കുട്ടനാട്, ആലപ്പുഴ, അരൂർ സീറ്റുകളിൽ കടുത്ത മത്സരമാണ് നടന്നതെന്നും പാർട്ടി വിലയിരുത്തുന്നു.
ജി.സുധാകരൻ സ്ഥാനാർഥിയായതോടെ അമ്പലപ്പുഴയിൽ പതിവായി എൽഡിഎഫിന് കിട്ടിയിരുന്ന വോട്ടുകൾ ലഭിച്ചില്ല. ചിലയിടങ്ങളിൽ പ്രതീക്ഷിച്ച വോട്ട് പാർട്ടിക്ക് ലഭിച്ചില്ല. ബിജെപി വോട്ടുകൾ കുറച്ച് ജി.സുധാകരന് ലഭിച്ചിട്ടുണ്ട്. നിഷ്പക്ഷ വോട്ടുകൾ പൂർണമായി കിട്ടിയിട്ടില്ല.
പ്രതികൂല ഘടകങ്ങൾ ഏറെയുണ്ടെങ്കിലും രണ്ടായിരം വോട്ടിനെങ്കിലും വിജയിച്ച് കയറാമെന്നും വിലയിരുത്തുന്നു. ഹരിപ്പാടും കുട്ടനാടും നഷ്ടമാകും. അരൂരിലും പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചില്ല. ഇതും ആശങ്ക ഉളവാക്കുന്നതാണ്. ബൂത്ത് തല കണക്കുകൾ പ്രകാരം ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോർച്ച സംഭവിച്ചതായി പാർട്ടി കണക്കുകൂട്ടുന്നു.
ചെങ്ങന്നൂർ, മാവേലിക്കര, ചേർത്തല എന്നിവിടങ്ങളിൽ വിജയം ഉറപ്പാണ്. വരും ദിവസങ്ങളിൽ പഞ്ചായത്തുതല കണക്കുകൾ എടുത്ത് വിലയിരുത്താണ് പാർട്ടി തീരുമാനം.
Kerala
ആലപ്പുഴ: സിപിഎം, എസ്ഡിപിഐ നേതാക്കൾ വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്നും അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് ജി. സുധാകരൻ ഹൈക്കോടതിയിൽ ഹർജി നൽകി. വോട്ടർമാരെ സിപിഎം ഭീഷണിപ്പെടുത്തുകയാണ്.
വോട്ട് ചെയ്യാൻ എത്തുന്നവരെ തടയുമെന്ന് പരസ്യമായി ഇവർ വെല്ലുവിളിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. ഇതേ ആവശ്യമുയർത്തി തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരേയും ജില്ലാ പോലീസ് മേധാവിയേയും ജില്ലാ കളക്ടറേയും സമീപിച്ചിരുന്നു.
എന്നാൽ അനുകൂല സമീപനമുണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. സിപിഎം ഏരിയാ സെക്രട്ടറി, ഏരിയാ കമ്മിറ്റിയംഗം, ലോക്കൽ കമ്മിറ്റിയംഗം, എസ്ഡിപിഐ ജില്ലാ സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് സുധാകരൻ ഹർജി നൽകിയത്.
Kerala
ആലപ്പുഴ: കോൺഗ്രസ് പിന്തുണ അഭിമാനത്തോടെയാണ് താൻ സ്വീകരിച്ചതെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ജി.സുധാകരൻ. പിണറായി സർക്കാർ കേരളത്തെ നരകമാക്കി മാറ്റി. ഒരു കാലത്ത് പാർലമെന്റിൽ സിപിഎമ്മിന് 64 എംപിമാരുണ്ടായിരുന്നു.
ഇന്ന് സിപിഎം എംപിമാരുടെ എണ്ണം ആറിലേക്ക് ഒതുങ്ങി. പിണറായി വിജയന് അതിൽ വലിയ പങ്കുണ്ട്. പിണറായി വിജയൻ പോളിറ്റ് ബ്യൂറോയിൽ ഉറങ്ങുകയായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. താൻ കോൺഗ്രസ് - ബിജെപി പിന്തുണയിൽ മത്സരിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ ബിജെപി പിന്തുണ താൻ തേടിയിട്ടില്ല.
ബിജെപി മതേതര പ്രസ്ഥാനമല്ല. താൻ എസ്എഫ്ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു. അന്ന് പിണറായിയെ ആർക്കും അറിയുക പോലുമില്ല. ആഞ്ഞു പിടിച്ചാൽ സിപിഎമ്മിന് ഇത്തവണ ഒന്നോ രണ്ടോ സീറ്റ് കിട്ടും. തന്റെ സ്വാതന്ത്ര്യം പിണറായിക്ക് മുന്നിൽ അടിയറവയ്ക്കാൻ ഞാനില്ല. ആലപ്പുഴ ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കുമെന്നും രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിൽ ജി.സുധാകരൻ പറഞ്ഞു.
അസഭ്യം പറയലാണ് രാഷ്ട്രീയമെന്ന് സിപിഎം നേതാക്കൾ കരുതുന്നു. സജി ചെറിയാൻ ബിജെപിയുമായി ഡീൽ ഉണ്ടാക്കി മത്സരിക്കുന്നു. പിണറായി വിജയന്റെ വലം കൈയാണ് സജി ചെറിയാൻ. രണ്ട് സിപിഎം സ്ഥാനാർഥികൾ ഇന്ന് കോടീശ്വരന്മാരാണ്. ദാരിദ്ര്യത്തിൽ ജനിച്ചവർ എങ്ങനെ കോടീശ്വരന്മാരായെന്ന് അദ്ദേഹം ചോദിച്ചു.
Kerala
തിരുവനന്തപുരം: ജി.സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചെറ്റത്തരം പ്രയോഗത്തിൽ ന്യായീകരണവുമായി എ.കെ.ബാലൻ. ചെറ്റത്തരം എന്ന വാക്കിന് ഇംഗ്ലീഷ്, മലയാളം നിഘണ്ടുവില് അര്ത്ഥമായി പറയുന്നത് അല്പ്പത്തം, ഹീനത എന്നിങ്ങനെയാണ്.
അല്പ്പത്തം നിറഞ്ഞ പെരുമാറ്റമായിപ്പോയി ജി.സുധാകരന്റേത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ബാലന് വിശദീകരിച്ചു. ചെറ്റത്തരമെന്ന മുഖ്യമന്ത്രിയുടെ പ്രയോഗം ചർച്ചയാക്കേണ്ടേ കാര്യമില്ല. മുഖ്യമന്ത്രി ജി. സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല. ചെറ്റത്തരമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
വഞ്ചന നിറഞ്ഞ സമീപനം ജി. സുധാകരൻ സ്വീകരിച്ചപ്പോൾ ഉചിതമായ വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചു. സുധാകരൻ അധഃപതിച്ച് പോയതിൽ വിഷമമുണ്ട്. കോൺഗ്രസിൽ ചേർന്നത് കൊണ്ടാണ് ജി. സുധാകരൻ ഉത്തമനായ കമ്യൂണിസ്റ്റായി പ്രതിപക്ഷ നേതാവിന് തോന്നിയതെന്നും ബാലൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിളിച്ചിട്ടില്ലെന്ന് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്ഥി ജി. സുധാകരൻ. സിഎം എന്ന പേരിലാണ് പിണറായി വിജയന്റെ പേര് സേവ് ചെയ്തിരിക്കുന്നത്. ആ നമ്പരിൽ നിന്ന് കോൾ വന്നിട്ടില്ല.
വിളിച്ചു എന്ന പറയുന്നതിന് രണ്ടാഴ്ച മുമ്പ് ആലപ്പുഴയില് വരുമ്പോള് കാണണമെന്ന് സിഎം ആവശ്യപ്പെട്ടിരുന്നു. അറിയിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് മറുപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ജി.സുധാകരനെ പാര്ട്ടി അവഗണിച്ചിട്ടില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.
മൂന്ന് തവണ ഫോണിൽ വിളിച്ചിട്ടും എടുത്തില്ല. പാര്ട്ടി നിബന്ധനകള്ക്ക് വിധേയനാകാൻ സുധാകരൻ തയാറായില്ല. അവഗണിച്ചുവെന്നത് അദ്ദേഹത്തിന്റെ തോന്നലാണെന്നും പിണറായി വിജയൻ പറഞ്ഞു. വാര്ത്തകള് വന്നപ്പോള് സുധാകരനെ വിളിച്ചു.
ആദ്യം എൻഗേജ്ഡ് ആയിരുന്നു. രണ്ടാമത് വിളിച്ചപ്പോള് എടുത്തില്ല. മൂന്നാമത് വിളിച്ചപ്പോഴും എടുത്തില്ല. മൂന്നാമത് വിളിച്ചപ്പോഴും കിട്ടാതായതോടെ മനപ്പൂര്വം എടുക്കാതിരിക്കുന്നതാണെന്ന് മനസിലായി. അദ്ദേഹവുമായി സംസാരിക്കുന്നതിനായി ജില്ലാ സെക്രട്ടറി നാസറിനെ വിളിച്ചു.
നാസര് സുധാകരനോട് മുഖ്യമന്ത്രി വിളിച്ചിരുന്ന കാര്യം പറഞ്ഞപ്പോള് വിളിച്ചില്ലെന്നാണ് സുധാകരൻ മറുപടി നൽകി. എങ്കിൽ ഇപ്പോൾ വിളിച്ചുതരാമെന്ന് സെക്രട്ടറി പറഞ്ഞപ്പോൾ വേണ്ടാ താൻ വിളിച്ചോളാമെന്നു പറഞ്ഞു. താൻ അദ്ദേഹത്തോടു സംസാരിച്ചാൽ എന്തെങ്കിലും മാറ്റം വരുമെന്ന് അർഥമില്ലയെന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി.സുധാകരനുമായി കോൺഗ്രസിന്റെ ജില്ലാ നേതാക്കള് ചർച്ച നടത്തി. യുഡിഎഫ് ജില്ലാ കൺവീനർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ബ്ലോക്ക് ഭാരവാഹികൾ തുടങ്ങിയവരാണ് വ്യാഴാഴ്ച രാത്രി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്.
അര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ നേതാക്കൾ പൂർണ പിന്തുണ സുധാകരനെ അറിയിച്ചു. ഇന്ന് മുതൽ സുധാകരനൊപ്പം പ്രചരണത്തിനുണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു. അവസാന വട്ട അനുനയ നീക്കത്തിന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാതയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും വീട്ടിൽ എത്തിയപ്പോൾ വീടിന് പുറത്ത് വെച്ചായിരുന്നു ചർച്ച.
എന്നാൽ ഇന്നലെ പിന്തുണ അറിയിക്കാൻ വീട്ടിൽ എത്തിയ കോൺഗ്രസ് നേതാക്കളുമായി വീടിന് അകത്ത് വച്ചായിരുന്നു ജി.സുധാകരൻ കൂടിക്കാഴ്ച നടത്തിയത്. കൂടുതൽ നേതാക്കൾ വോട്ട് അഭ്യർഥിച്ച് മണ്ഡലത്തിലെത്തുമെന്ന് നേതാക്കൾ പറഞ്ഞു.
Kerala
ആലപ്പുഴ: മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകുമെന്ന് മുൻമന്ത്രിയും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. സുധാകരൻ. സിപിഎം നേതൃത്വം രാഷ്ട്രീയമായി പരാജയപെട്ടപ്പോൾ കോൺഗ്രസ് നേതൃത്വം രാഷ്ട്രീയമായി വിജയിക്കുന്നതായാണ് കാണുന്നതെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
ആറു പതിറ്റാണ്ടിലേറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം അണിയായും നേതൃത്വ ഭാഗമായും പ്രവർത്തിച്ച എനിക്ക് നിർഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവർത്തനം തുടരാനാകാത്ത സാഹചര്യമാണ് വർഷങ്ങളായി അനുഭവപ്പെടുന്നതെന്നും സുധാകരൻ കുറിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകർ മണ്ഡലത്തിൽ ശക്തമായും ആത്മാർഥമായും എനിക്കുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്നുണ്ടെന്നും അവരോടെല്ലാം ഉള്ള എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
Kerala
ആലപ്പുഴ: ജി.സുധാകരനെതിരെ ജന്മനാട്ടില് സിപിഎം പ്രതിഷേധം. ചാരുമൂട്ടില് നിന്നും കരിമുളയ്ക്കല് ഭുവനേശ്വരന് രക്തസാക്ഷി മണ്ഡപത്തിലേക്ക് നടത്തിയ പ്രതിഷേധത്തിൽ നൂറുകണക്കിനുപേർ പങ്കെടുത്തു.
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി.സുധാകരൻ പ്രഖ്യാപിച്ചതിനു പിന്നാലെ അദ്ദേഹത്തിനെതിരെ വ്യാപക പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ താൻ ഒന്നും പറയില്ലെന്നും ആരെയും വ്യക്തിഹത്യ ചെയ്യില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.
ഒരു പാര്ട്ടിയിലും മുന്നണിയിലും ചേരാന് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സുധാകരനുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
Kerala
ആലപ്പുഴ: വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ പറവൂരിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം.
ശുചിമുറിയിൽ വീണ് കാലിന് പരിക്കേറ്റ് വിശ്രമത്തിൽ കഴിയുകയാണ് ജി.സുധാകരൻ. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ, എച്ച്.സലാം എംഎൽഎ തുടങ്ങിയ സിപിഎം നേതാക്കളും മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു. കൊല്ലത്തെ പരിപാടി കഴിഞ്ഞ് എറണാകുളത്തേക്ക് പോകവേ ആയിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം.
എത്രയുംവേഗം പൂര്ണാരോഗ്യം തിരിച്ചെടുക്കട്ടെയെന്ന് ആശംസിച്ചശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. ജി സുധാകരനെ സന്ദര്ശിക്കുന്ന ചിത്രവും അദ്ദേഹം ഫേസ്ബുക്കില് പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ജി.സുധാകരന് വീണ് പരിക്കേറ്റത്.