ജി. സുധാകരൻ എംഎൽഎ
ആലപ്പുഴ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി കോൺഗ്രസിനെയും പോലീസിനെയും വിമർശിച്ച് ജി.സുധാകരൻ എംഎൽഎ. ആലപ്പുഴയിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ കൂട്ടുകച്ചവടമുണ്ട്. രാഷ്ട്രീയ ക്രിമിനലുകളുമായുള്ള ബന്ധം ഉപേക്ഷിച്ചാൽ അടുത്ത തവണ ആലപ്പുഴയിൽ ഒമ്പത് സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരസഭയിൽ തനിക്കെതിരെയുണ്ടായ പ്രതിഷേധത്തിൽ പോലീസിനെയും കോൺഗ്രസ് ഭരണസമിതിയെയും സുധാകരൻ ചോദ്യം ചെയ്തു. നഗരസഭയിൽ പ്രതിഷേധം ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും പോലീസ് തന്നെ മുൻകൂട്ടി അറിയിച്ചില്ല. നഗരസഭയിൽ സ്വീകരണത്തിന് വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. അവിടെ വിളിച്ചുവരുത്തി പ്രതിഷേധിക്കാനായിരുന്നു എൽഡിഎഫ് പ്ലാൻ.
കോൺഗ്രസാണ് നഗരസഭ ഭരിക്കുന്നത്. തനിക്കെതിരെ പ്ലക്കാർഡ് ഉയർത്തിയിട്ടും എന്തുകൊണ്ട് യുഡിഎഫ് കൗൺസിലർമാർ അത് നീക്കം ചെയ്തില്ല. എന്തുകൊണ്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തില്ല. താൻ അവിടെ ഉണ്ടായിരുന്നെങ്കിൽ കരണക്കുറ്റിക്ക് അടിച്ചേനെ. തന്റെ ഉടുപ്പിൽ പോലും ഒരുത്തനും തൊടില്ല.
പോലീസ് എന്ത് കൊണ്ടാണ് ആരെയും തൊടാത്തതെന്നും ജി. സുധാകരൻ ചോദിച്ചു. അഴിമതിയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജി.സുധാകരനെ അപമാനിക്കാനും ആക്ഷേപിക്കാനുമുള്ള നീക്കങ്ങളിൽ നിന്ന് സിപിഎം പിന്തിരിയണം. കോൺഗ്രസിന്റെ പൂർണ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും സുധാകരൻ ഉന്നയിച്ച കൂട്ടുകച്ചവട ആരോപണത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ചെന്നിത്തല പറഞ്ഞു.
Tags : G.Sudhakaran Criticizes Congress Police Ramesh Chennithala Alappuzha Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash