District News
മംഗലംഡാം: ടൗണിനടുത്ത് പൂതംകോട് രണ്ടു കുട്ടികളുമായി പുലി. പൂതംകോട്ടിലെ പൈനാപ്പിൾ തോട്ടത്തിലാണ് തള്ള പുലിയും അതിന്റെ രണ്ട് കുട്ടികളേയും കണ്ടത്. ഇന്നലെ രാവിലേയും വൈകുന്നേരവും പുലികുടുംബത്തെ കണ്ടതായി തോട്ടത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾ പറഞ്ഞു.
മംഗലംഡാം ടൗണിൽ നിന്നു രണ്ടു കിലോമീറ്ററിൽ താഴെ മാത്രം ദൂരത്താണ് പുലിയെ കണ്ട പൂതംകോട്. തിങ്ങിനിറഞ്ഞ് വീടുകളുള്ള പ്രദേശമാണിത്. പുലിവാർത്ത പരന്നതോടെ ജനങ്ങൾ വലിയ പേടിയിലാണ്. പുലിയെ പിടികൂടി ഭീതിയകറ്റാൻ വനം വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
District News
മംഗലംഡാം: ജലക്ഷാമം രൂക്ഷമായതിനെ തുടർന്ന് മംഗലംഡാമിന്റെ റിവര് സ്ലൂയിസ് തുറന്നു. ഇന്നലെ രാവിലെ എട്ടിന് പത്തു സെന്റീമീറ്ററാണ് ഷട്ടർതുറന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കിയത്.
വേനൽ കഠിനമായതിനാൽ കുടിവെള്ളക്ഷാമവും കാർഷികവിളകൾ ഉണങ്ങിനശിക്കുന്ന സ്ഥിതിയും മേഖലയിലുണ്ട്. ഇതിനെ തുടർന്നാണ് ജില്ലാകളക്ടർ ഇടപെട്ട് ഡാം തുറന്നിട്ടുള്ളത്.
വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ റിവർഷട്ടർ തുറക്കാറുള്ളു. ഡാമിലെ മണ്ണുംചെളിയും നീക്കംചെയ്യാനാണ് ഈ ഷട്ടർ തുറക്കാറുളളത്. പുഴയിലൂടെ വെള്ളംവിടുന്നതുമൂലം സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും തടയണകളിലും വെള്ളമാകും. ഇതു ജലക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
അടുത്തദിവസംതന്നെ കനത്ത വേനൽമഴ ലഭിച്ചാൽ വലിയ ആശ്വാസമാകും. വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ലക്ഷ്യം വച്ചാണ് മംഗലംഡാമിലെ കരുതൽജലം വിട്ടിട്ടുള്ളത്.
വേനൽമഴനോക്കി വെള്ളം വിടുന്നത് ക്രമീകരിക്കുമെന്നു മംഗലംഡാം ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ ഗോകുൽ പറഞ്ഞു. തൃശൂർ ജില്ലയിലെ ചീരക്കുഴിഡാമിൽ വെള്ളമില്ലാതെ 2024ൽ മംഗലംഡാമിൽനിന്നും മംഗലം പുഴവഴി വെളളം കൊണ്ടുപോയിട്ടുള്ള ചരിത്രവും മംഗലംഡാമിനുണ്ട്.
Kerala
വടക്കഞ്ചേരി: മംഗലം പാലത്തിനടുത്ത് 23 ബൈക്കുകൾ കത്തിനശിച്ചു. സിൻഡിക്കേറ്റ് ബാങ്കിനു സമീപത്തെ ബൈക്ക് വർക്ക്പ്പിലാണ് തീപിടിത്തം ഉണ്ടായത്.
23 ബൈക്കുകൾ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചു. പുതുക്കോട് സ്വദേശി മുതസിറിന്റേതാണ് വർക്ക്ഷോപ്പ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
District News
മംഗലംഡാം: പൊൻകണ്ടത്തിനടുത്ത് പൂതംകുഴിക്കു മുകളിലെ കടുവാപ്പാറ മേഖലയിൽ കാട്ടുതീ പടരുന്നത് നിയന്ത്രിക്കാനാകാതെ തുടരുകയാണ്. തീ തുടങ്ങി അഞ്ചാം ദിവസം പിന്നിട്ടു. തീ നിയന്ത്രിക്കാൻ വനപാലകസംഘങ്ങൾ രാപ്പകൽ അധ്വാനിക്കുന്നുണ്ടെങ്കിലും തീ കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കുകയാണ്.
യന്ത്രസഹായത്തോടെ കരിയിലകൾ മാറ്റി തീപടരുന്നതു തടയാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. എന്നാൽ വലിയ മലകളിലേക്കും തീ കയറുന്നതിനാൽ എല്ലാം കൈവിട്ടുപോയ സ്ഥിതിയാണ്.
പൂതംകുഴി മലമുകളിൽ നിന്നാരംഭിച്ച തീ കടപ്പാറ, വെറ്റിലതോട്, വടക്കേമല, ചെമ്പൻകുന്ന്, വെള്ളാട്ടിഭാഗം എന്നിവിടങ്ങളിലാണ് പടർന്നുകൊണ്ടിരിക്കുന്നത്. പകൽസമയം കാട്ടുതീയുടെ ഭീകരത അത്ര ദൃശ്യമാകില്ല. എന്നാൽ രാത്രിയിൽ മലകളിലെ തീ വലിയ തീഗോളങ്ങളായാണ് ദൂരസ്ഥലങ്ങളിലേക്ക് വരെ കാണപ്പെടുന്നത്. അഞ്ഞൂറിലേറെ ഏക്കർ വനപ്രദേശം ഇതിനകം അഗ്നിക്കിരയായി കഴിഞ്ഞു. പെട്ടെന്ന് ഓടി രക്ഷപ്പെടാൻ കഴിയാത്ത ജീവജാലങ്ങളെല്ലാം കത്തിയമർന്നു. തീപിടിച്ച് വൻ മരങ്ങൾ പൊട്ടിത്തെറിക്കുന്നതിന്റെയും വീഴുന്നതിന്റെയും ശബ്ദം ഏറെ അകലേക്ക് വരെ കേൾക്കാം.തടിയ്ക്ക് തീപിടിച്ചാൽ അത് കൂടുതൽ ദിവസം കത്തി കൊണ്ടിരിക്കും.
പല ഭാഗത്തും തീ ഇല്ലാതായിട്ടുണ്ടെന്നും നിയന്ത്രണ വിധേയവുമാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വലിയൊരു പ്രദേശം കത്തി ചാമ്പലായതിനാൽ തീറ്റക്കും വെള്ളത്തിനുമായി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് വരുംദിവസങ്ങളിൽ കൂടുതലാകുമെന്ന ഭീതി ജനങ്ങൾക്കുണ്ട്.
District News
മംഗലംഡാം: അവഗണിക്കപ്പെട്ടു കിടക്കുന്ന മംഗലംഡാം ടൂറിസം, മുടങ്ങിക്കിടക്കുന്ന മംഗലംഡാം കുടിവെള്ള പദ്ധതി, പൂതംകോട് മേഖലയിലെ കുടിവെള്ള പ്രശ്നം, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, തെരുവുവിളക്കുകൾ സ്ഥാപിക്കാത്തത്, ബസ് സ്റ്റാൻഡ് നവീകരണം തുടങ്ങി മലയോര മേഖലയോടുള്ള അവഗണനയുടെ ലിസ്റ്റ് പ്രഖ്യാപിച്ച് കോൺഗ്രസ് കമ്മിറ്റി മംഗലംഡാമിൽ കഴിഞ്ഞ ദിവസം സായാഹ്നധർണ സംഘടിപ്പിച്ചു.
കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും ചിറ്റൂർ- തത്തമംഗലം നഗരസഭ ചെയർപേഴ്സണുമായ സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്തു. വിജേഷ് അധ്യക്ഷത വഹിച്ചു. കെപിസിസി മെംബർമാരായ പാളയം പ്രദീപ്, സുദർശനൻ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരായ കെ.വി. കണ്ണൻ, അഡ്വ.എം. ദിലീപ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ. അശോകൻ മാസ്റ്റർ, ഡിസിസി മെംബർ കെ.രാമകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറിമാരായ വിഷ്ണു, കെ. ഗൗതമൻ, പി.ടി. ജോഷി, ഷീല മേരി, മണ്ഡലം പ്രസിഡന്റുമാരായ ശശീന്ദ്രൻ, സി. ചന്ദ്രൻ, വൈസ് പ്രസിഡന്റ് എ. മൂസക്കുട്ടി എന്നിവർ പ്രസംഗിച്ചു.
District News
മംഗലംഡാം: തകർന്നുതാഴ്ന്ന് ജലവിതരണം മുടങ്ങിയ മംഗലംഡാം റിസർവോയറിൽ നിന്നുള്ള വലതുകര കനാലിലൂടെ ഇന്ന് വെള്ളം തുറന്നുവിടുമെന്നു മംഗലംഡാം അസിസ്റ്റന്റ് എൻജിനീയർ ടി. ഗോകുൽ അറിയിച്ചു.
താഴ്ന്ന് കിണർപ്പോലെയായ ഭാഗത്ത് മണൽ, മണ്ണ് എന്നിവ നിറച്ച ചാക്കുകൾ അട്ടിയിട്ട് അതിനുമുകളിൽ ടാർപോളിൻ വിരിച്ച് ബലപ്പെടുത്തിയാണ് താത്കാലികമായി വെള്ളം വിടുന്നത്.
നടീൽ കഴിഞ്ഞ രണ്ടാം വിളകൃഷിക്ക് ഇപ്പോൾ വെള്ളം അത്യാവശ്യമായതിനാൽ എത്രയും വേഗം വെള്ളം പാടശേഖരങ്ങളിലെത്തിക്കുന്നതിനു മുൻഗണന നൽകിയായിരുന്നു ദ്രുതഗതിയിൽ താത്കാലിക പണികൾ നടത്തിയത്.
കൃഷിക്കുള്ള വെള്ളംവിടുന്നത് അവസാനിക്കുമ്പോൾ മണൽ ചാക്കുകൾ മാറ്റി അടിഭാഗം പൂർണമായും കോൺക്രീറ്റ് ചെയ്തു ശരിയാക്കും.
സമീപത്തെ പാഴ് മരങ്ങളുടെ വേരുകൾ കനാൽക്കെട്ടുകൾ ക്കിടയിലൂടെ ഇറങ്ങുന്നത് മണ്ണൊലിപ്പിനും കനാൽ ചോർച്ചക്കും കാരണമാകുന്നുണ്ട്.
ഇതിനോടു ചേർന്നു തന്നെ വലിയയൊരു പാഴ്മരം ഇനിയും മുറിച്ചു മാറ്റേണ്ടതുണ്ട്. ഡാമിൽ നിന്നുള്ള മെയിൻ കനാലിൽനിന്നും വലതുകര കനാൽ തുടങ്ങുന്ന ഭാഗത്താണ് 14 അടി താഴ്ചയിലേക്ക് നാലുദിവസംമുമ്പ് കനാൽ ഇടിഞ്ഞ് താഴ്ന്ന് കിണർപോലെയായത്.
കനാൽ ലീക്കുചെയ്ത് ഈ ഭാഗത്തെ മണ്ണ് രണ്ടു വശങ്ങളിലൂടെ താഴെയുള്ള ഡാമിന്റെോ പുഴയിലേക്ക് ഒലിച്ചുപോയി തകരുകയായിരുന്നു.
പുഴക്കു കുറുകെയുള്ള കനാൽ പാലത്തിന്റെ തുടക്കത്തിലാണ് തകർച്ചയുണ്ടായത്. വണ്ടാഴി വഴി അണക്കപ്പാറ, കാവശേരിയിലെത്തി 23 കിലോമീറ്റർ വരെ എത്തുന്നതാണ് ഈ വലതുകര കനാൽ.
District News
മംഗലംഡാം: മംഗലംഡാമിനടുത്ത് കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തിയ അഞ്ചംഗ യുവാക്കളുടെ സംഘത്തിലെ 17 കാരൻ വെള്ളച്ചാട്ടത്തിനടുത്തെ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു.തൃശൂർ കാളത്തോട് ചക്കാലത്തറ അത്തിക്കൽ വീട്ടിൽ യൂസഫിന്റെ മകൻ അക്മലാണ് (17) മരിച്ചത്.
ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. ഫോട്ടോയെടുക്കാൻ പാറക്കെട്ടിൽ കയറിയപ്പോൾ തെന്നി കയത്തിലേക്ക് വീഴുകയായിരുന്നു. കൂട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചെങ്കുത്തായ പാറയിലിറങ്ങി കൂട്ടുകാരിലൊരാൾ അക്മലിന്റെ കൈപിടിച്ച് നിന്നെങ്കിലും കൈവിട്ടു പോയി. പേടിച്ച യുവാക്കൾ സമീപവാസികളായ ദിനേഷ്, മനയിൽ സണ്ണി, സജീവൻ തുടങ്ങിയവരോട് വിവരം പറഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മംഗലംഡാം പോലീസും വടക്കഞ്ചേരിയിൽ നിന്നുള്ള അഗ്നിശമന രക്ഷാസേനയും തെരച്ചിലിനുണ്ടായിരുന്നു.
രണ്ടാഴ്ച മുമ്പ് കളമശേരിയിൽ ട്രെയിനിയായി കയറിയ അക്മൽ ശനിയാഴ്ച വൈകീട്ടാണ് വീട്ടിൽ വന്നത്. ഇതിനിടെയാണ് കൂട്ടുകാരുമായുള്ള ട്രിപ്പ് ക്രമീകരിച്ചത്. ഇന്നു രാവിലെ കളമശേരിയിലേക്ക് തിരിച്ചുപോകേണ്ടതായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വീട്ടിൽ കൊണ്ടുപോയി വൈകീട്ട് കാളത്തോട് ജുമാ മസ്ജിദിൽ സംസ്കരിച്ചു. അമ്മ: മാജിന. സഹോദരങ്ങൾ: ഫർഹാന ഫിദ.
District News
മംഗലംഡാം: മംഗലംഡാമിൽനിന്നുള്ള ഇടത്-വലതു മെയിന് കനാലുകൾ വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുന്നു. ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് പണികൾ നടക്കുന്നത്. മുമ്പ് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു പണികൾ നടത്തിയിരുന്നത്. ഇതു കാര്യക്ഷമമായിരുന്നില്ല. വർഷം മഴ തുടരുന്നതിനാൽ കൃഷിപ്പണികൾക്ക് വെള്ളത്തിന്റെ ആവശ്യം പാടശേഖര സമിതികളിൽ നിന്നും വന്നിട്ടില്ലെന്ന് എഇ ഗോകുൽ പറഞ്ഞു.
മഴ മാറിനിന്നാൽ വെള്ളം വിടേണ്ടി വരും. ഒന്നാംവിളയുടെ നെല്ല് സംഭരണം ഒന്നരമാസം വൈകിയതിനാൽ രണ്ടാംവിള കൃഷിയിറക്കാൻ തന്നെ പല കർഷകർക്കും താത്പര്യമില്ല. കടം വാങ്ങി കൃഷി ചെയ്താൽ തന്നെ നെല്ല് സംഭരണം യഥാസമയം നടക്കാത്തതിനാൽ നഷ്ടം കണക്കുകൂട്ടി വലിയ ബാധ്യതകൾ വരുത്തി വയ്ക്കാൻ കർഷകരും തയ്യാറല്ല.
നെല്ലിന്റെ സംഭരണവില 30 രൂപയാക്കി ഉയർത്തിയെങ്കിലും ഇതിന്റെ പ്രയോജനവും കർഷകർക്ക് ലഭിക്കുന്നില്ല. സംഭരണം വൈകിയതിനാൽ പലരും കിട്ടിയ വിലയ്ക്ക് സ്വകാര്യ മില്ലുകാർക്കും ഏജൻസികൾക്കും നെല്ല് വിറ്റു. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ സ്ഥിതി തുടരുകയാണെന്നാണ് കർഷകർ പറയുന്നത്.