മംഗലംഡാം റിസർവോയറിൽ പാണ്ടിക്കടവിൽ മത്സ്യംവളർത്താൻ നിർമിച്ച പെൻകൾച്ചർ.
മംഗലംഡാം: മംഗലംഡാം റിസർവോയറിലെ പെൻകൾച്ചറിൽ മൂന്നുഘട്ടങ്ങളിലായി 12 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിഷേപിക്കും. ഒന്നാംഘട്ടത്തിൽ നാലുസെന്റീമീറ്റർ വലുപ്പമുള്ള നാലുലക്ഷം കട്ട്ള ഇനം കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുകയെന്നു മംഗലംഡാം പട്ടികജാതി-വർഗ ഫിഷറീസ് കോ- ഓപറേറ്റീവ് സൊസൈറ്റി അധികൃതർ പറഞ്ഞു. മഴ കുറവായതിനാൽ റിസർവോയറിൽ പാണ്ടിക്കടവ് തീരത്തായി പണിതിട്ടുള്ള പെൻകൾച്ചറിൽ (വേലികെട്ടിയുള്ള മത്സ്യകൃഷി) ഇനിയും വെള്ളമായിട്ടില്ല.
റിസർവോയറിലെ ജലനിരപ്പ് ഉയരുമ്പോഴേ പെൻകൾച്ചറിലേക്കും വെള്ളം കയറൂ. മുൻവർഷങ്ങളിലെല്ലാം ഈ സമയമാകുമ്പോൾ ജലനിരപ്പ് ഉയർന്ന തോതിലെത്താറുണ്ട്.
റോഹു, മൃഗാല, സൈപ്രസ് എന്നീ മൂന്നിനം മത്സ്യക്കുഞ്ഞുങ്ങളെ രണ്ടുംമൂന്നും ഘട്ടങ്ങളിലായും നിക്ഷേപിക്കും. ഈ മത്സ്യകുഞ്ഞുങ്ങൾക്ക് കാൽകിലോവരെ തൂക്കം വരുമ്പോഴാണ് പെൻകൾച്ചർ പൊളിച്ച് റിസർവോയറിലേക്കു വിടുക.
കട്ട്ള പെട്ടെന്നുവളരുന്ന മത്സ്യമായതിനാൽ ഒരുവർഷത്തെ വളർച്ചയിൽ പിടിച്ചെടുക്കാനാകും. മറ്റു മത്സ്യങ്ങൾക്കു രണ്ടുവർഷമെങ്കിലും വളർച്ച വേണം. എല്ലാ മത്സ്യങ്ങളും കിലോക്ക് 150 രൂപ നിരക്കിലാണ് സൊസൈറ്റിവഴി വില്പന നടത്തുന്നത്.
മംഗലംഡാമിലെ മത്സ്യങ്ങൾക്ക് നല്ല ഡിമാൻഡുള്ളതിനാൽ ആവശ്യക്കാർക്ക് കൊടുക്കാനുള്ള മത്സ്യം പലദിവസങ്ങളിലും കിട്ടാത്ത സ്ഥിതിയാണ്. റിസർവോയറിൽ നീർനായ്ക്കൾ പെരുകിയതും മത്സ്യങ്ങൾ വലിയ തോതിൽ നഷ്ടപ്പെടാൻ കാരണമാകുന്നുണ്ട്. വല കടിച്ചുപറിച്ചും നീർനായ്ക്കൾ മീൻമോഷണം നടത്തും.
ഇതുമൂലം വല നശിച്ചും സൊസൈറ്റിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ വർഷവുമുണ്ടാകുന്നത്. നീർനായ്ക്കളെ പിടികൂടാൻ വനംവകുപ്പിന് പലതവണ കത്തുനൽകുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് സൊസൈറ്റിയിലെ മത്സ്യതൊഴിലാളികളും അധികൃതരും പറയുന്നു.
Tags : Local News Nattuvishesham 12 lakh fish fry Mangalam Dam