വെള്ളംനിറഞ്ഞ മംഗലംഡാം.
മംഗലംഡാം: കർഷകർക്ക് പ്രതീക്ഷനൽകി മംഗലംഡാം നിറഞ്ഞു. റിസർവോയറിലേക്കുള്ള നീരൊഴുക്കും ജലനിരപ്പ് ഉയരുന്നതിന്റെ തോതും കണക്കാക്കി റെഡ് അലർട്ട് പുറപ്പെടുവിച്ച് സ്പിൽവേ ഷട്ടറുകൾ ഏതുസമയവും തുറക്കുമെന്ന് ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനിയർ ഗോകുൽ പറഞ്ഞു.
76.71 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. ഇത് 77.28 ആയി ഉയർന്നാൽ റെഡ് അലർട്ട് അറിയിപ്പുനൽകി ഷട്ടറുകൾ തുറക്കും. ഇതിനാൽ മംഗലം പുഴയോരത്തു താമസിക്കുന്നവരും പുഴയിൽ ഇറങ്ങുന്നവരും ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. 77.88 മീറ്ററാണ് ഡാമിന്റെ പരമാവധി ജലസംഭരണ ശേഷി. കാലവർഷത്തിൽ വെള്ളംനിറഞ്ഞ് ഷട്ടറുകൾ തുറക്കുന്ന സംസ്ഥാനത്തെ ആദ്യ ഡാമുകളിൽ ഒന്നാണ് മംഗലംഡാം. കഴിഞ്ഞവർഷം ജൂൺ 17ന് ഷട്ടറുകൾ തുറന്നിരുന്നു.