Movies
വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത രജ്ഞിനി ഹരിദാസിനെതിരെ എൻഐഎ അന്വേഷണമെന്ന വ്യാജവാർത്തയിൽ പ്രതികരണവുമായി താരം.
സമരത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തി പണം വാങ്ങിയ രഞ്ജിനി ഹരിദാസ് ഉൾപ്പെടെയുള്ള ഇൻഫ്ലുവൻസർമാർക്കെതിരെ എൻഐഎ അന്വേഷണം എന്ന പോസ്റ്റിലാണ് നടി കമന്റുമായി എത്തിയത്.
‘അടുത്ത മാസം 20-ാം തീയതിക്ക് ശേഷം വരാൻ എൻഐഎയോട് പറയാമോ? അതുവരെ എനിക്ക് കുറച്ച തിരക്കുകളുണ്ട്, എന്തായാലും ഇക്കാര്യം അറിയിച്ചതിന് നന്ദി’ എന്നാണ് രഞ്ജിനി കമന്റ് ചെയ്തിരിക്കുന്നത്.
കമന്റിന് പിന്നാലെ രഞ്ജിനിക്ക് പിന്തുണയുമായി നിരവധി പേർ എത്തി.സിജെപി നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ രഞ്ജിനിക്കെതിരെ സാമ്പത്തിക ആരോപണമുന്നയിച്ച ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് രൂക്ഷമായ രഞ്ജിനി ഹരിദാസ് മറുപടി നൽകിയിരുന്നു.
പണം വാങ്ങിയാണ് സമരത്തിൽ പങ്കെടുത്തതെന്ന ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ച രഞ്ജിനി, വിദ്യാർഥികളുടെ ഈ സമരത്തിനൊപ്പം അവസാനം വരെ ഉണ്ടാകുമെന്നും വ്യക്തമാക്കി.
National
ന്യൂഡൽഹി: ആ ഭീകരന്റെ ആവശ്യംകേട്ട് കോടതിയിലുണ്ടായിരുന്നവർ മുഖംപൊത്തി ചിരിച്ചു. തിഹാർ ജയിലിലെ ഭക്ഷണം തനിക്ക് ഇഷ്ടപ്പെടുന്നില്ലെന്നും സ്വന്തമായി പാചകം ചെയ്തു കഴിക്കാനുള്ള അനുമതി നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. കൂടാതെ, തനിക്ക് ആവശ്യമായിവരുന്ന അടുക്കള സാധനങ്ങളുടെ നീണ്ട ലിസ്റ്റും അയാൾ കോടതിയിൽ സമർപ്പിച്ചു.
തീവ്രവാദക്കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്ത് ഡൽഹി തിഹാർ ജയിലിൽ അടച്ച അമേരിക്കൻ പൗരനും വിദേശ കൂലിപ്പടയാളിയുമായ മാത്യു ആരോൺ വാൻഡൈക് ആണ് ജയിൽ ഭക്ഷണത്തിനെതിരേ കോടതിയെ സമീപിച്ചത്. ജയിലിൽ നൽകുന്ന എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കുന്നില്ലെന്നും, അതിനാൽ സ്വന്തമായി ഭക്ഷണം പാകം ചെയ്യാൻ അനുവദിക്കണമെന്നുമാണ് ഇയാൾ ഡൽഹി പട്യാല ഹൗസ് കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടത്. ജയിൽ ഭക്ഷണം കാരണം കഴിഞ്ഞ അന്പതു ദിവസത്തിലേറെയായി താൻ നിരാഹാരത്തിലാണെന്നും ഭീകരൻ അവകാശപ്പെടുന്നു.
ഇന്ത്യൻ ജയിലുകളിൽ നൽകുന്ന സാധാരണ ഭക്ഷണം കഴിച്ച് ശീലമില്ലാത്തതിനാൽ കഴിഞ്ഞ മേയ് ആറു മുതൽ താൻ കടുത്ത നിരാഹാര സമരം നടത്തുകയാണെന്ന് മാത്യു വാൻഡൈക്കിന്റെ ഹർജിയിൽ പറയുന്നു. പോഷകാഹാരക്കുറവുകൊണ്ട് തന്റെ ശരീരഭാരം 14 കിലോയോളം കുറഞ്ഞുവെന്നും അമേരിക്കൻ ഭീകരൻ പറഞ്ഞു.
പ്രതിയുടെ ആരോഗ്യനില വഷളാകാതിരിക്കാൻ സ്വന്തം ചിലവിൽ ജയിലിനുള്ളിൽ ഇൻഡക്ഷൻ കുക്കർ, പാത്രങ്ങൾ, പച്ചക്കറി അരിയുന്നതിനുള്ള ചോപ്പർ എന്നിവ ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. കൂടാതെ പോത്തിറച്ചി, ചിക്കൻ, ചെമ്മീൻ, പാസ്ത, നൂഡിൽസ്, ഒലീവ് ഓയിൽ, സോയ മിൽക്ക്, കുപ്പിവെള്ളം എന്നിവ സ്വന്തം നിലയ്ക്കു വാങ്ങാൻ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള മുഴുവൻ ചിലവും തന്റെ കുടുംബം വഹിച്ചുകൊള്ളാമെന്നും ഭീകരൻ ഹർജിയിൽ വ്യക്തമാക്കുന്നു. ഈ അപേക്ഷയിൽ കോടതി തിഹാർ ജയിൽ അധികൃതരുടെ മറുപടി തേടിയിട്ടുണ്ട്. കേസ് ജൂലൈ 21-ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ഇന്ത്യയിൽ നിരോധിച്ച വിഘടനവാദി ഗ്രൂപ്പുകൾക്ക് ആയുധങ്ങൾ എത്തിക്കുകയും ഡ്രോൺ യുദ്ധമുറകളിൽ പരിശീലനം നൽകുകയും ചെയ്തു എന്ന ഗുരുതരമായ കുറ്റമാണ് മാത്യു വാൻഡൈക്കിനെതിരേ ചുമത്തിയിട്ടുള്ളത്. മാർച്ച് 13-ന് കൊൽക്കത്ത വിമാനത്താവളത്തിൽ വച്ചാണ് ഇയാളെയും സംഘത്തിൽപ്പെട്ട ആറ് യുക്രൈൻ പൗരന്മാരെയും എൻഐഎ പിടികൂടിയത്. പ്രതികൾ ഇന്ത്യക്കെതിരേ ഭീകരപ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയതായും വൻ ആയുധശേഖരം സൂക്ഷിക്കുന്ന ഭീകരസംഘങ്ങളുമായി ഇവർക്കു നേരിട്ടു ബന്ധമുണ്ടെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
യുക്രൈൻ സ്വദേശികളായ 14 പേരടങ്ങുന്ന സംഘം വിനോദസഞ്ചാര വിസയിലാണ് ഇന്ത്യയിലെത്തിയത്. പിന്നീട് ഇവർ അസം, മിസോറാം വഴി മ്യാൻമറിലേക്കു കടക്കുകയും അവിടെയുള്ള സായുധ സംഘടനകൾക്ക് ഡ്രോൺ സാങ്കേതികവിദ്യ കൈമാറാൻ ഇടനിലക്കാരായി പ്രവർത്തിക്കുകയും ചെയ്തുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. നിലവിൽ മാത്യു ഉൾപ്പെടെയുള്ള പ്രതികൾക്കെതിരേ യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
National
ന്യൂഡല്ഹി: ചെങ്കോട്ട സ്ഫോടനക്കേസില് ഒളിവില് പോയ ശിശുരോഗ വിദഗ്ധന് ഉള്പ്പെടെ മൂന്ന് പേര്ക്കെതിരേകൂടി എന്ഐഎ കുറ്റപത്രം സമർപ്പിച്ചു.
കഴിഞ്ഞ വര്ഷം ഡല്ഹിയിലെ ചെങ്കോട്ടയ്ക്കു സമീപം നടന്ന വാഹന ബോംബ് സ്ഫോടനത്തില് പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്ന്നാണ് ഒളിവില് പോയ മൂന്നുപേര്ക്കെതിരെയാണ് ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ) കുറ്റപത്രം സമര്പ്പിച്ചത്.
ജമ്മുകാഷ്മീരില്നിന്നുള്ള സമീര് അഹമ്മദ് അഹാംഗര്, തുഫൈല് അഹമ്മദ് ഭട്ട്, ഒളിവില് പോയ മുസാഫര് അഹമ്മദ് എന്നിവരാണ് എന്ഐഎ പ്രതിപട്ടികയിലുള്ളര്. പട്യാല ഹൗസ് കോടതിയില് സമര്പ്പിച്ച അനുബന്ധ കുറ്റപത്രത്തില് നിലവില് കേസില് 13 പേര്ക്ക് എതിരെ കുറ്റപത്രം സമര്പ്പിച്ചിട്ടുണ്ട്.
സ്ഫോടകവസ്തുക്കള് നിറച്ച കാറിന്റെ ഡ്രൈവര് ഡോ. ഉമര് ഉന് നബിയും ഇതില് ഉള്പ്പെടുന്നു.
Kerala
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണം നടക്കുന്നതിന് ഒരാഴ്ച മുമ്പ് ഗൂഢാലോചന നടന്നെന്ന് എൻഐഎ കുറ്റപത്രം. ആക്രമണത്തിനായുള്ള ലൊക്കേഷൻ കോർഡിനേറ്റുകൾ കൈമാറാൻ ഭീകരർ ട്രെക്കിങ് ആപ്പാണ് ഉപയോഗിച്ചതെന്ന് കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകൾ വ്യക്തമാക്കുന്നുണ്ട്.
2025 ഏപ്രിൽ 22 ന് ഉണ്ടായ ക്രൂരമായ ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് 2025 ഡിസംബറിൽ ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്.
2025 ജൂലൈ 28 ന് ശ്രീനഗറിലെ ഓപ്പറേഷൻ മഹാദേവ് എന്ന സൈനിക നടപടിയിൽ കൊല്ലപ്പെട്ട ഭീകരന്റെ ഫോണിൽ നിന്ന് ഏപ്രിൽ 15, 16 തീയതികളിലെ രണ്ട് മാപ്പ് സ്ക്രീൻഷോട്ടുകൾ കണ്ടെടുത്തു. പർവതാരോഹകർക്കും ട്രക്കിങ്ങിനുമായി ഉപയോഗിക്കുന്ന ഒരു ജിപിഎസ് അധിഷ്ഠിത മൊബൈൽ ആപ്പ് വഴിയാണ് ഭീകരർ ലൊക്കേഷൻ കൈമാറിയത്. ഇത് ഏപ്രിൽ 15 മുതൽ ആക്രമണത്തിനുള്ള പദ്ധതി തയാറായിരുന്നു എന്നതിന് തെളിവാണ്.
ഫൈസൽ ജാട്ട് (സുലൈമാൻ), ഹബീബ് താഹിർ (ജിബ്രാൻ), ഹംസ അഫ്ഗാനി എന്നീ മൂന്ന് ഭീകരർ ആക്രമണത്തിന് തലേദിവസം (ഏപ്രിൽ 21) പഹൽഗാമിലെ ഉയർന്ന പ്രദേശത്തുള്ള പർവേസ് അഹമ്മദ് എന്നയാളുടെ താൽക്കാലിക മൺകൂരയിൽ എത്തിയിരുന്നു. പർവേസും ഇയാളുടെ അമ്മാവൻ ബഷീർ അഹമ്മദും ഇവർക്ക് ഭക്ഷണവും ഒളിത്താവളവും ഒരുക്കിയതായും കുറ്റപത്രത്തിലുണ്ട്.
നിരോധിത ഭീകരസംഘടനയായ ലഷ്കർ-ഇ-ത്വയിബയുടെയും ഇവരുടെ നിഴൽ സംഘടനയായ ദ് റെസിസ്റ്റൻസ് ഫ്രണ്ടിന്റെയും കമാൻഡറായ അലി സാജിദ് (സാജിദ് ജാട്ട്) ആണ് പാക്കിസ്ഥാനിലിരുന്ന് ആക്രമണം പൂർണമായി നിയന്ത്രിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
Kerala
കാസർഗോഡ്: മലപ്പുറത്ത് നിർത്തിയിട്ട ലോറിയിൽനിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് കുമ്പളയിലും കടുമേനിയിലും എൻഐഎ റെയ്ഡ്.
കേസുമായി ബന്ധപ്പെട്ട് എൻഐഎയുടെ കസ്റ്റഡിയിലുള്ള മുഹമ്മദ് സലീം എന്ന സജിയുടെ ഭാര്യയും മക്കളും താമസിക്കുന്ന കുമ്പള കട്ടത്തടുക്ക എകെജി നഗറിലെ ക്വാർട്ടേഴ്സിലും കടുമേനി പട്ടേങ്ങാനത്തുള്ള സജിയുടെ കുടുംബവീട്ടിലുമാണ് എൻഐഎ സംഘം പരിശോധന നടത്തിയത്.
കുമ്പളയിലെ ക്വാർട്ടേഴ്സിൽനിന്നു സജിയുമായി ബന്ധപ്പെട്ട ഒരു ആർസി ബുക്കും മൂന്ന് വിസിറ്റിംഗ് കാർഡുകളും കടുമേനിയിലെ വീട്ടിൽനിന്ന് അഞ്ച് ജെലാറ്റിൻ സ്റ്റിക്കുകളും എൻഐഎ സംഘം പിടിച്ചെടുത്തു.
ഇന്നലെ പുലർച്ചെയാണ് എൻഐഎ കൊച്ചി യൂണിറ്റിൽനിന്നുള്ള സംഘം പരിശോധനയ്ക്കെത്തിയത്. സജിയുടെ സഹോദരൻ ജോർജും (ജോബി) കുടുംബവുമാണ് കടുമേനി പട്ടേങ്ങാനത്തെ വീട്ടിൽ താമസിക്കുന്നത്. സജി 36 വർഷം മുമ്പ് പത്താം ക്ലാസ് കഴിഞ്ഞയുടനെ നാടുവിട്ടു പോയതാണ്. പിന്നീട് മതപരിവർത്തനം നടത്തി മുഹമ്മദ് സലീം എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നും വിവിധയിടങ്ങളിലായി മൂന്നോ അതിലധികമോ വിവാഹം കഴിച്ചതായി അറിയുന്നതായും നാട്ടുകാരും ബന്ധുക്കളും പറഞ്ഞു.
ജോബിയുടെ കൂടെ താമസിക്കുന്ന അച്ഛനമ്മമാരെ കാണാൻ സജി വർഷത്തിലൊരിക്കൽ നാട്ടിലെത്താറുണ്ട്. കാറിലെത്തി തിരിച്ചുപോകുന്ന മകനെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നാണ് അച്ഛൻ കുട്ടപ്പൻ പറഞ്ഞത്. കാട്ടുമൃഗങ്ങളെ തുരത്താൻ അഞ്ചു വർഷം മുമ്പ് വാങ്ങിയതിൽ ബാക്കിയായതാണ് ഇന്നലെ കണ്ടെടുത്ത ജെലാറ്റിൻ സ്റ്റിക്കുകളെന്നാണ് പച്ചക്കറി കർഷകനായ ജോബി എൻഐഎ അധികൃതർക്ക് നൽകിയിരിക്കുന്ന മൊഴി.
ഈ വർഷം ഫെബ്രുവരി ഏഴിനാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്മാട്-തലപ്പാറ റോഡിലുള്ള ഫർഹ എന്ന ഹോളോബ്രിക്സ് കമ്പനി വളപ്പിൽ നിർത്തിയിട്ടിരുന്ന പച്ചക്കറി ലോറിയിൽനിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടിയത്. ഉള്ളിച്ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്ന 89,600 ജലാറ്റിൻ സ്റ്റിക്കുകളും 10,500 ഷോക്ക് ട്യൂബുകളുമാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് സലീം ഉൾപ്പെടെ മൂന്നു പേരെയാണ് ഇതുവരെ കേസിൽ പ്രതി ചേർത്തിട്ടുള്ളത്.
എൻഐഎ ഡിവൈഎസ്പി രാജന്റെ നേതൃത്വത്തിലാണ് കാസർഗോഡ് ജില്ലയിൽ പരിശോധനകൾ നടത്തിയത്. ചിറ്റാരിക്കാൽ പോലീസ് ഇൻസ്പെക്ടർ കെ.വി. സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കാസർഗോഡ് നിന്നെത്തിയ ബോംബ് സ്ക്വാഡും കടുമേനിയിൽ 10 മണിക്കൂറോളം നീണ്ട പരിശോധനയിൽ പങ്കെടുത്തു.
തിരൂരങ്ങാടി പോലീസ് സ്ഫോടകവസ്തുക്കള് പിടിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ട് ചെറുപുഴ ചുണ്ടയിലും എൻഐഎ റെയ്ഡ് നടത്തി. കേസിലെ രണ്ടാംപ്രതിയായ ചുണ്ടയിലെ അനില്കുമാറിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ഇന്നലെ പുലര്ച്ചെ അഞ്ചോടെ എത്തിയ എന്ഐഎ സംഘം രാവിലെ ഏഴോടെ പരിശോധന പൂർത്തിയാക്കി മടങ്ങി. അനിൽകുമാറിനെ നേരത്തേ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 60 ദിവസത്തോളം ജയിലിലായിരുന്നു.
National
ന്യൂഡൽഹി: ലക്നോയിലെ വിധാൻസഭ ഉൾപ്പെടെ സുപ്രധാനകേന്ദ്രങ്ങളിൽ സ്ഫോടനം നടത്താൻ ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികൾ ശ്രമിച്ചതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). പ്രധാന കെട്ടിടങ്ങളും തിരക്കേറിയ കേന്ദ്രങ്ങളിലും ആക്രമണം ലക്ഷ്യമിട്ട് ചെങ്കോട്ട ആക്രമണത്തിലെ മുഖ്യപ്രതികളായ ഡോ.മുസമ്മിൽ ഷക്കീലും ഡോ.ഷഹീൻ സയിദും 2025 ഓഗസ്റ്റ് 25 നും 30 നും ലക്നോയിൽ എത്തിയിരുന്നു.
ഫരീദാബാദിൽനിന്നാണ് പ്രതികൾ എത്തിയത്.വിധാൻ സഭയുടെ പ്രധാനഭാഗത്തും സിവിൽ സെക്രട്ടറിയേറ്റ് പ്രവർത്തിക്കുന്ന ബാപ്പു ഭവൻ ജനത്തിരക്കേറിയ ഇമാംബര, ലാൽ ബാഗ്, അമിനാബാദ് തുടങ്ങിയ ഇടങ്ങളിലും നിരീക്ഷണം നടത്തി. സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഓടിച്ചുകയറ്റുന്നതിനുള്ള സൗകര്യവും വിലയിരുത്തി.
സ്ഫോടകവസ്തുക്കൾ ശേഖരിക്കാൻ ലക്നോയിൽ രാസവസ്തുക്കൾ വിൽക്കുന്ന കടകളെക്കുറിച്ച് മുസമ്മിൽ മൊബൈൽഫോണിലൂടെ വിവരങ്ങൾ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കുറിപ്പ് മുസമ്മലിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയതായി എൻഐഎ അറിയിച്ചു. ഈ വിവരങ്ങൾ ഉൾപ്പെടെ ചേർത്താണ് ചെങ്കോട്ട സ്ഫോടനക്കേസിൽ 7500 പേജ് വരുന്ന കുറ്റപത്രം എൻഐഎ തയാറാക്കിയത്.
National
ന്യൂഡൽഹി: കഴിഞ്ഞ വർഷം നവംബർ 10ന് ഡൽഹിയിലെ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ 7500 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). 11 പേരുടെ മരണത്തിനിടയായ സ്ഫോടനത്തിൽ പത്തുപേരെ പ്രതി ചേർത്താണ് എൻഐഎ ന്യൂഡൽഹി പട്യാല ഹൗസിലെ എൻഐഎ സ്പെഷൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
സ്ഫോടനത്തിനിടെ കൊല്ലപ്പെട്ട പ്രധാന കുറ്റവാളി ഡോ. ഉമർ നബിയും മറ്റുള്ള പ്രതികളും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ള അൽ ഖ്വയ്ദയുടെ (എക്യുഐഎസ്) ഒരു ശാഖയായ അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് (എജിയുഎച്ച്) എന്ന സംഘടനയുമായി ബന്ധമുള്ളവരാണെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്.
2018ൽ ആഭ്യന്തരമന്ത്രാലയം തീവ്രവാദ സംഘടനയായി വിജ്ഞാപനം ചെയ്തിട്ടുള്ള എക്യുഐഎസിന്റെ പ്രത്യയശാസ്ത്രത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണ് മെഡിക്കൽ പ്രഫഷണലുകളുൾപ്പെടുന്ന പ്രതികളെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
എൻഐഎയുടെ അന്വേഷണത്തിൽനിന്ന് എജിയുഎച്ച് സംഘടനയിലുണ്ടായിരുന്നവർ 2022ൽ ശ്രീനഗറിൽവച്ചു ഒരു രഹസ്യയോഗം ചേർന്നിരുന്നുവെന്നും എജിയുഎച്ചിനെ ‘എജിയുഎച്ച് ഇന്ററിം’ എന്ന് പുനർരൂപീകരിച്ചിരുന്നുവെന്നും എൻഐഎ പറയുന്നു. 588 സാക്ഷിമൊഴികളും 395ലധികം രേഖകളും പിടികൂടിയ 200ലധികം വസ്തുക്കളും ആധാരമാക്കിയാണ് എൻഐഎയുടെ കുറ്റപത്രം.
National
ന്യൂഡൽഹി: ജലന്തറിലും അമൃത്സറിലുമുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. സ്ഫോടന സ്ഥലം അന്വേഷണ ഉദ്യോഗസ്ഥർ സന്ദർശിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അമൃത്സറിൽ സുരക്ഷ ശക്തമാക്കി.
സ്ഫോടനം നടന്ന അമൃത്സറിൽ ഫോറൻസിക് തെളിവുകളടക്കം എൻഐഎ സംഘം ശേഖരിക്കും. ജലന്ധറിലെ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ഫോറൻസിക് സയൻസ് ലബോറട്ടറി സംഘം ശേഖരിച്ച സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതേസമയം ജലന്ധറിലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖലിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തതായി പഞ്ചാബ് പോലീസ് വ്യക്തമാക്കി. ജലന്ധറിലെ സ്ഫോടനത്തിൽ പരിക്കേറ്റ ഡെലിവറി ജീവനക്കാരനെ അന്വേഷണസംഘം ചോദ്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് ജലന്ധറിലും അമൃത്സറിലും സ്ഫോടനമുണ്ടായത്. ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപത്തുവച്ച് ഇരുചക്രവാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. അമൃത്സറിൽ ഖാസ കരസേന ക്യാമ്പിന് സമീപത്തായിരുന്നു സ്ഫോടനം.
Kerala
നാസിക്: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ബിസിനസ് പ്രോസസ് ഔട്ടസോഴ്സിംഗ് (ബിപിഒ) ഓഫീസിൽ നടന്ന ലൈംഗികപീഡനങ്ങളുടെയും വിദ്വേഷത്തിന്റെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. കമ്പനിയിലെ മുൻ ജീവനക്കാരിയാണ് നാസിക് ഓഫീസിലെ സംഭവങ്ങൾ വെളിപ്പെടുത്തിയത്. ദേശീയ മാധ്യമമാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്.
അശ്ലീല സംസാരം
ഓഫീസിലെ ടീം ലീഡർമാർ തങ്ങളുടെ പദവി ദുരുപയോഗം ചെയ്ത് വനിതാ ജീവനക്കാരെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തിരുന്നതായി മുൻ ജീവനക്കാരി പറഞ്ഞു. ടീം ലീഡർമാരുടെ കാബിനിലേക്കു വനിതാ ജീവനക്കാരെ വിളിച്ചുവരുത്തി അശ്ലീല ഭാഷയിലാണു സംസാരിച്ചിരുന്നത്. വാരാന്ത്യങ്ങളിൽ ഹോട്ടലുകളിലും റിസോർട്ടുകളിലും എത്താൻ യുവതികളെ ഇവർ നിർബന്ധിച്ചിരുന്നു.
കേസിലെ പ്രധാന പ്രതിയായ തൗസിഫ് അത്താർ ഹൈന്ദവ ആചാരങ്ങളെ നിരന്തരം പരിഹസിച്ചിരുന്നതായും യുവതി വെളിപ്പെടുത്തി. ആഘോഷദിവസങ്ങളിൽ സാരി ധരിച്ചോ പൊട്ടുതൊട്ടോ എത്തുന്നവരോട് ഇയാൾ മോശമായി സംസാരിക്കുമായിരുന്നു. നാസിക് ഓഫീസിലെ മറ്റൊരു ജീവനക്കാരനായിരുന്ന കൃഷ്ണ എന്നയാളെ ഇസ്ലാം മതത്തിലേക്കു പരിവർത്തനം നടത്തി. ഇയാൾ രുദ്രാക്ഷ മാല ധരിച്ചിരുന്ന വ്യക്തിയായിരുന്നെന്നും മുൻ ജീവനക്കാരി പറയുന്നു. ഡാനിഷ്, റാസ എന്നിവർ ചേർന്നാണ് യുവതികളെ ഹോട്ടലുകളിലേക്കു വരാൻ നിർബന്ധിച്ചിരുന്നത്.
കടുത്ത നിയന്ത്രണം
ഓഫീസിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ പുറംലോകം അറിയാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. സുരക്ഷയുടെ പേരിൽ ജീവനക്കാരുടെ ഫോണുകളും ബാഗുകളും ഉച്ചഭക്ഷണപാത്രങ്ങൾ പോലും ഓഫീസിനു പുറത്തുവയ്ക്കാൻ നിർബന്ധിച്ചിരുന്നു.
ടിസിഎസ് നാസിക് ബ്രാഞ്ചിലെ എട്ടു വനിതാ ജീവനക്കാർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണു നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ നടന്ന സംഭവങ്ങളാണിവ. സംഭവത്തിൽ കഴിഞ്ഞ ആഴ്ച പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
23കാരിയുടെ പരാതി
നാസിക് ഓഫീസിലെ 23 വയസുള്ള ജീവനക്കാരി നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം. സീനിയർ ജീവനക്കാരനായ ഡാനിഷ് ഷെയ്ഖ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും, ഇയാൾ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചെന്നുമാണു പരാതി. കൂടാതെ ഡാനിഷും തൗസിഫും ചേർന്ന് ഇസ്ലാം മതത്തിലേക്കു മാറാൻ പ്രേരിപ്പിച്ചതായും പരാതിക്കാരി ആരോപിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്താർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി, എച്ച്ആർ മാനേജർ നിദ ഖാൻ എന്നിവരാണു പിടിയിലായത്. ഒരു വനിതാ ജീവനക്കാരിയെ കണ്ടെത്താനുണ്ട്. അറസ്റ്റിലായ എല്ലാവരെയും ടിസിഎസ് സസ്പെൻഡ് ചെയ്തു. കേസിലെ പ്രധാന പ്രതിയാണ് നിദ ഖാൻ.
നാസിക്കിലെ ബിപിഒ ഓഫീസ് താത്കാലികമായി അടച്ചുപൂട്ടി. അറിയിപ്പുണ്ടാകുന്നതുവരെ വീട്ടിലിരുന്നു ജോലി ചെയ്യാൻ കന്പനി നിർദേശം നൽകി. സംഭവം രാജ്യവ്യാപകമായി ചർച്ചയായതോടെ, വഞ്ചനാപരമായ മതപരിവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് അശ്വിനി കുമാർ ഉപാധ്യായ സുപ്രീം കോടതിയിൽ ഹർജി നൽകി. നാസിക്കിൽ നടന്ന സംഘടിത മതപരിവർത്തന നീക്കം രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചുവെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നീക്കങ്ങൾ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും ഹർജിയിൽ പറയുന്നു.
ആരാണ് നിദ ഖാൻ?
നാസിക്കിലെ ടിസിഎസ് ബിപിഒയുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ, മതപരിവർത്തനക്കേസിലെ പ്രധാന കണ്ണി എന്ന് പോലീസ് വിശേഷിപ്പിച്ച നിദാ ഖാനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യസൂത്രധാരയെന്ന് പോലീസ് ആരോപിക്കുന്ന നിദാ ഖാൻ ഒളിവിലാണെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.
എന്നാൽ ഒളിവിലല്ലെന്നും മുംബൈയിലെ വീട്ടിലുണ്ടെന്നും വ്യക്തമാക്കി നിദയുടെ കുടുംബം രംഗത്തെത്തി. നാസിക്കിലെ ബിപിഒ കേന്ദ്രീകരിച്ചു നടന്ന മതപരിവർത്തന നീക്കങ്ങളുടെ സൂത്രധാര നിദയാണെന്നാണ് പോലീസ് പറയുന്നത്. എച്ച്ആർ മാനേജർ എന്ന നിലയിൽ നിദ ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയെന്ന് പോലീസ് ആരോപിക്കുമ്പോൾ, താൻ ഒരു പ്രോസസ് അസോസിയേറ്റ് മാത്രമാണെന്നാണ് നിദയുടെ വാദം.
മറ്റൊരു പ്രതിയായ തൗസിഫുമായി ചേർന്ന് മതവിദ്വേഷം പടർത്തിയെന്നും നിർബന്ധിത മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മാൾഡയിൽ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ജോലിയിലുണ്ടായിരുന്ന ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ജനക്കൂട്ടം തടഞ്ഞുവെച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. സുപ്രീംകോടതി നിർദ്ദേശത്തെത്തുടർന്ന് 12 കേസുകളാണ് എൻഐഎ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഏപ്രിൽ ഒന്നിന് മാൾഡ ജില്ലയിലെ മോതബാരി, കലിയാചക് പോലീസ് സ്റ്റേഷൻ പരിധികളിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കപ്പെട്ടതിൽ പ്രതിഷേധിച്ച് എത്തിയ ജനക്കൂട്ടം വനിതകൾ അടക്കമുള്ള ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ എട്ട് മണിക്കൂറോളം ബിഡിഒ ഓഫീസിൽ തടഞ്ഞുവെക്കുകയായിരുന്നു.
സുപ്രീംകോടതിയുടെ പ്രത്യേക ഇടപെടലിനെത്തുടർന്നാണ് കേസ് എൻഐഎയ്ക്ക് കൈമാറിയത്. മൊതബാരി സ്റ്റേഷനിലെ ഏഴ് കേസുകളും കലിയാചക് സ്റ്റേഷനിലെ അഞ്ച് കേസുകളുമാണ് ഏജൻസി ഏറ്റെടുത്തത്. വോട്ടർ പട്ടികയിലെ ആക്ഷേപങ്ങൾ തീർപ്പാക്കാൻ നിയോഗിക്കപ്പെട്ട ജുഡീഷ്യൽ ഓഫീസർമാരാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ വാഹനങ്ങൾ തകർക്കപ്പെടുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
National
ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ ബോംബാക്രമണത്തിൽ രണ്ട് മെയ്തെയ് കുട്ടികൾ കൊല്ലപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച അജ്ഞാതരെ കണ്ടെത്താൻ ഊർജിതമായ അന്വേഷണം തുടരുന്നതിനിടയിലാണ് കേസ് എൻഐഎയ്ക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
മണിപ്പൂർ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ നിലവിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ബിഷ്ണുപൂർ ജില്ലയിലെ മൊയ്റാംഗിലുള്ള ഒരു വീടിന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. ആക്രമണത്തിൽ അഞ്ച് വയസുകാരനും ആറ് മാസം പ്രായമുള്ള സഹോദരിയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
നിലവിൽ പോലീസും കേന്ദ്ര സേനയും ചേർന്ന് പ്രദേശത്ത് വിപുലമായ തെരച്ചിൽ നടത്തിവരികയാണ്. കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഈ കൊലപാതകത്തെത്തുടർന്ന് മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ജനങ്ങൾ സംയമനം പാലിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസുമായി സഹകരിക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു.
National
ചണ്ഡീഗഢ്: പഞ്ചാബിലെ മലർകോട്ലയിൽ ജമ്മുകാഷ്മീർ പോലീസും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ രണ്ട് പാകിസ്ഥാൻ ഭീകരരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ശ്രീനഗർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. പാക് ഭീകരരായ അബു ഹുറൈറ, ഉസ്മാൻ എന്നിവരും ഇവർക്ക് താമസസൗകര്യം ഒരുക്കി നൽകിയ മലർകോട്ല സ്വദേശി ജമീലുമാണ് പിടിയിലായത്. ഇതിൽ അബു ഹുറൈറ 'എ പ്ലസ്' വിഭാഗത്തിൽപ്പെട്ട കൊടുംഭീകരനാണെന്ന് പോലീസ് അറിയിച്ചു.
മലർകോട്ലയിലെ ഷെർവാനി കോട്ട് ഗ്രാമത്തിലെ ഒരു വാടകവീട്ടിലായിരുന്നു ഇവർ ഒളിച്ചുതാമസിച്ചിരുന്നത്. റെയ്ഡിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 15 വർഷമായി ഇവർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ച് സാധാരണക്കാരായി ജീവിക്കുകയായിരുന്നു. പഞ്ചർ ഒട്ടിക്കുന്ന ജോലി ഉൾപ്പെടെയുള്ളവ ചെയ്താണ് ഇവർ ജനങ്ങൾക്കിടയിൽ സംശയമില്ലാതെ കഴിഞ്ഞിരുന്നത്.
ഇന്ത്യയിൽ വൻ ഭീകരാക്രമണങ്ങൾ നടത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇവർ എത്തിയതെന്നാണ് കരുതപ്പെടുന്നത്. ഇവരിൽ നിന്ന് രാജ്യത്തെ പാക് ഭീകര ശൃംഖലയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്നാണ് ഇന്റലിജൻസ് ഏജൻസികളുടെ പ്രതീക്ഷ.
National
ന്യൂഡൽഹി: ഇന്ത്യ-മ്യാൻമർ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിമത ഗ്രൂപ്പുകൾക്ക് സൈനിക സഹായവും ഡ്രോൺ പരിശീലനവും നൽകിവന്ന ഏഴ് വിദേശികളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. കോൽക്കത്ത, ഡൽഹി, ലക്നൗ വിമാനത്താവളങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്.
ആറ് യുക്രെയ്ൻ പൗരന്മാരും ഒരു അമേരിക്കൻ പൗരനുമാണ് പിടിയിലായത്. അമേരിക്കൻ പൗരനായ മാത്യു ആരോൺ വാൻ ഡൈക് ആണ് സംഘത്തിലെ പ്രമുഖൻ. വിനോദസഞ്ചാര വിസയിൽ ഇന്ത്യയിലെത്തിയ ഇവർ, മിസോറാം വഴി അനധികൃതമായി മ്യാൻമറിലേക്ക് കടക്കുകയും അവിടെയുള്ള വംശീയ സായുധ ഗ്രൂപ്പുകൾക്ക് ഡ്രോൺ കൈകാര്യം ചെയ്യുന്നതിലും നിർമിക്കുന്നതിലും പരിശീലനം നൽകുകയും ചെയ്തു.
യൂറോപ്പിൽ നിന്ന് ഡ്രോണുകൾ ഇന്ത്യ വഴി അതിർത്തി കടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മണിപ്പൂർ, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് എൻഐഎ കരുതുന്നു. യുഎപിഎ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഡൽഹി കോടതി പ്രതികളെ മാർച്ച് 27 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.
Kerala
കോട്ടയം: ഇസ്ലാം മത വിമർശകനും എക്സ് മുസ്ലിമുമായ ഡോ. ആരിഫ് ഹുസൈനു വധഭീഷണി. ഇ മെയിലിൽ ആണ് അദ്ദേഹത്തിനു ഭീഷണി സന്ദേശം കിട്ടിയത്. അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഭീഷണിയെത്തിയ വിവരം പുറത്തുവിട്ടത്.
ഹിന്ദിയിലും ഇംഗ്ലീഷിലുമായിട്ടാണ് സന്ദേശം എത്തിയത്. സന്ദേശം ഇങ്ങനെ: ഡോ.ആരിഫ് ഹുസൈൻ ഞങ്ങൾ ഇന്ത്യയിലെ ശരിയ ഇസ്ലാമിക് പോരാളികൾ ശരിയ നിയമപ്രകാരം താങ്കൾക്കു വധശിക്ഷ പ്രഖ്യാപിക്കുന്നു. അയത്തൊള്ള അലി ഖമനയ്യെ അധിക്ഷേപിച്ചു സംസാരിച്ചതിനാണ് ഈ ശിക്ഷ. ഞങ്ങളുടെ സൈബർ ടീം നിങ്ങളുടെ കേരളത്തിലെ വിലാസവും വീടും കണ്ടെത്തിക്കഴിഞ്ഞു. ലക്നോയിൽനിന്നും ഹൈദരാബാദിൽനിന്നുമുള്ള ഞങ്ങളുടെ പോരാളികൾ കേരളത്തിൽ എത്തിക്കഴിഞ്ഞു. ഏറ്റവും മൃഗീയമായ രീതിയിൽ ആക്രമിച്ച് നിന്നെ കൊല്ലും, തല വെട്ടിയെടുക്കും. നിന്റെ തല കേരളത്തിലെ പൊതുസമൂഹത്തിനു തുപ്പാനായി പൊതുസ്ഥലത്തു പ്രദർശിപ്പിക്കും... ഇതാണ് മെയിലിൽ വന്ന സന്ദേശം.
മുഖ്യമന്ത്രിയെയും കേരള പോലീസിനെയും എൻഐഎയും ടാഗ് ചെയ്തുകൊണ്ടാണ് ആരിഫ് ഹുസൈൻ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
Kerala
കൊച്ചി: പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യക്ക് (പിഎഫ്ഐ) എതിരേദേശീയ അന്വേഷണ ഏജന്സി (എന്ഐഎ) രജിസ്റ്റര് ചെയ്ത കേസുകളുടെ തുടര്ച്ചയായി സംസ്ഥാനത്തെ ഒമ്പത് ഇടങ്ങളില് എന്ഐഎ പരിശോധന നടത്തി.
വിവിധ യുഎപിഎ കേസുകളുമായി ബന്ധപ്പെട്ട പ്രതികള്ക്കു സഹായം നല്കിയവരുടെയും പിഎഫ്ഐ ഭാരവാഹികളുടെയുമടക്കം വീടുകളിലായിരുന്നു പരിശോധന. നിര്ണായക രേഖകള് എന്ഐഎ പിടിച്ചെടുത്തു. ഡിജിറ്റല് ഉപകരണങ്ങളും രേഖകളും മറ്റുമാണ് പിടിച്ചെടുത്തിട്ടുള്ളത്.
2022ലാണ് യുഎപിഎ നിയമപ്രകാരം പിഎഫ്ഐക്കെതിരേ എന്ഐഎ കേസ് രജിസ്റ്റര് ചെയ്തു നേതാക്കളെ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത തെളിവുകളുടെ അടിസ്ഥാനത്തില് ദേശവിരുദ്ധ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടവരെ പ്രതിപ്പട്ടികയില് ചേര്ക്കാനാണ് എന്ഐഎ നീക്കം.
Kerala
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദേശ ഫണ്ടിംഗും രാജ്യവിരുദ്ധ ഗൂഢാലോചനകളും അന്വേഷിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ എൻഐഎയുടെ വ്യാപക റെയ്ഡ്.
ബുധനാഴ്ച പുലർച്ചെ മുതൽ സംസ്ഥാനത്തെ ഒൻപതോളം കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. 2022ൽ രജിസ്റ്റർ ചെയ്ത ജിഹാദി ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.
എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലായി നടന്ന റെയ്ഡിൽ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, സിം കാർഡുകൾ എന്നിവയുൾപ്പെടെ നിരവധി ഡിജിറ്റൽ ഉപകരണങ്ങളും സുപ്രധാന രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു.
പിഎഫ്ഐയുടെ അനുബന്ധ സംഘടനകളുമായി ബന്ധമുള്ള വ്യക്തികളുടെ വീടുകളും ഓഫീസുകളുമാണ് പ്രധാനമായും നിരീക്ഷണത്തിലുണ്ടായിരുന്നത്.
National
ബംഗളൂരു: മൈസൂരു പാലസിനുമുന്നിൽ ബലൂണിൽ നിറയ്ക്കുന്ന വാതകം നിറച്ച സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു മരിക്കാനിടയായ സംഭവം എൻഐഎ അന്വേഷിക്കും. സിലിണ്ടർ കൊണ്ടുവന്ന ഉത്തർപ്രദേശ് സ്വദേശി സലിം ഉൾപ്പെടെ രണ്ടു പേരാണു മരിച്ചത്.
24 ന് വൈകുന്നേരമുണ്ടായ സ്ഫോടനത്തിൽ നാലു പേർക്ക് പരിക്കേറ്റിരുന്നു. സലിമിനൊപ്പം ലഷ്കർ മൊഹല്ലയിൽ താമസിച്ചുവന്ന രണ്ടുപേരെ എൻഐഎ ഇന്നലെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
വ്യാപാരമേളകളിലും മറ്റും എത്തുന്ന ഇക്കൂട്ടരെ പരിശോധിക്കാൻ നിലവിൽ സംവിധാനങ്ങളൊന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. കൂടുതൽ വിനോദസഞ്ചാരികളെത്തുന്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് രൂപരേഖ തയാറാക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ടെന്ന് പരമേശ്വര കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: അയൽരാജ്യങ്ങളിൽനിന്ന് ആയുധങ്ങൾ വാങ്ങി കേഡർമാർക്കു പരിശീലനം നല്കാൻ പോപ്പുലർ ഫ്രണ്ട് ശ്രമിച്ചെന്ന് എൻഐഎ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.
20 പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരേയുള്ള കേസ് പരിഗണിക്കുന്ന പ്രത്യേക എൻഐഎ കോടതി ജഡ്ജി പ്രശാന്ത് ശർമയ്ക്കു മുന്പാകെയാണ് ഇക്കാര്യം എൻഐഎ അഭിഭാഷകൻ രാഹുൽ ത്യാഗി ഉന്നയിച്ചത്.
""ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും പോപ്പുലർ ഫ്രണ്ട് ഭീഷണിയാണ്. ഇന്ത്യ-പാക് യുദ്ധമുണ്ടായാൽ ദക്ഷിണേന്ത്യ പിടിച്ചെടുക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടു. പോപ്പുലർ ഫ്രണ്ട് ക്ലാസുകളിൽ ഇക്കാര്യം പഠിപ്പിച്ചിരുന്നതായി ഒരു സംരക്ഷിത സാക്ഷി മൊഴി നല്കിയിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റിന്റെ തന്ത്രങ്ങൾ പഠിപ്പിക്കാൻ കേഡർമാരെ സിറിയയിലേക്ക് അയച്ചു. ബിജെപി, ആർഎസ്എസ്, വിഎച്ച്പി നേതാക്കളെ ലക്ഷ്യമിട്ട് പ്രത്യേക ഹിറ്റ് സ്ക്വാഡുകൾ രൂപവത്കരിച്ചു''-എൻഐഎ അഭിഭാഷകൻ പറഞ്ഞു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിൽ ജമ്മു കാഷ്മീർ സ്വദേശിയെ എൻഐഎ അറസ്റ്റ് ചെയ്തു.
ചാവേർസ്ഫോടനം നടത്തിയ ഉമർ-ഉൻ-നബിയുടെ ഉറ്റ കൂട്ടാളിയായ യാസിർ അഹമ്മദ് ദാർ ആണു പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 26 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.
ഷോപിയാൻ സ്വദേശിയായ ഇയാളെ ഡൽഹിയിൽനിന്നാണ് പിടികൂടിയത്. സ്ഫോടനത്തിനു യാസൂർ ഗൂഢാലോചന നടത്തിയെന്ന് എൻഐഎ വൃത്തങ്ങൾ പറഞ്ഞു.
National
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ടിആർഎഫ്, ലഷ്കറെ ത്വയ്ബ സംഘടനകളുടെ പേരുകൾ കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ടെന്നാണ് സൂചന.
350 പ്രദേശവാസികളെ ഉൾപ്പെടെ രണ്ടായിരത്തോളം പേരെ എൻഐഎ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളും തെളിവുകളോടൊപ്പം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അറസ്റ്റിലായ പർവേസ് അഹമദും,ബഷീർ അഹമ്മദും ആക്രമണം നടത്തിയ ഭീകരരെ കുറിച്ച് ചോദ്യം ചെയ്യലിൽ വിശദാംശങ്ങൾ നൽകിയെന്ന് എൻഐഎ വ്യക്തമാക്കി.
ഓപ്പറേഷൻ മഹാദേവിൽ വധിച്ച മൂന്ന് ഭീകരരുടെ പേരുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പഹൽഗാം ഭീകരാക്രമണം നടന്ന് ഏഴു മാസങ്ങൾക്ക് ശേഷമാണ് എൻഐഎ കുറ്റപത്രം സമർപ്പിക്കുന്നത്. സാജിദ് ജാട്ടാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ എന്ന് കുറ്റപത്രത്തില് പറയുന്നു.
National
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ജമ്മു പ്രത്യേക എൻഐഎ കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിക്കുക.
ഏപ്രിൽ 22 ലെ ഭീകരാക്രമണത്തിൽ മൂന്ന് തീവ്രവാദികൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയത്.
ജൂണിൽ മൂന്ന് പാക്കിസ്താൻ ഭീകരർക്ക് അഭയം നൽകിയതിന് രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ബട്കോട്ടിൽ നിന്നുള്ള പർവൈസ് അഹമ്മദ് ജോത്തറും പഹൽഗാമിൽ നിന്നുള്ള ബഷീർ അഹമ്മദ് ജോത്തറും എന്നിവരാണ് അറസ്റ്റിലായത്.
ഭീകരർക്ക് ഭക്ഷണം, താമസം, ലോജിസ്റ്റിക്കൽ സഹായം എന്നിവ നൽകിയവരാണ് ഇരുവരും എന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
National
ന്യൂഡൽഹി: ചെങ്കോട്ടയിലെ കാർ ബോംബ് സ്ഫോടനക്കേസിൽ ഒരു ഡോക്ടറെക്കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ഡോ. ബിലാൽ നസീർ മല്ലയാണ് അറസ്റ്റിലായത്. ചാവേർ സ്ഫോടനം നടത്തിയ ഡോ. ഉമർ ഉൻ നബിക്ക് ഒളിയിടമൊരുക്കിയതും തെളിവു നശിപ്പിച്ചതുമാണ് ബിലാലിനെതിരേയുള്ള കുറ്റം.
വടക്കൻ കാഷ്മീരിലെ ബാരാമുള്ള സ്വദേശിയാണ് ഡോ. ബിലാൽ. കേസിൽ അറസ്റ്റിലാകുന്ന എട്ടാമനാണ് ഇയാൾ. കോടതിയിൽ ഹജാരാക്കിയ ബിലാലിനെ ഏഴു ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു.
ഭീകരാക്രമണത്തിനുള്ള ഗൂഢാലോചനയിൽ ബിലാൽ പങ്കാളിയായിരുന്നുവെന്ന് എൻഐഎ അറിയിച്ചു. നവംബർ പത്തിനു രാജ്യത്തെ നടുക്കിയ സ്ഫോടനത്തിൽ 15 പേരാണു കൊല്ലപ്പെട്ടത്. ഒട്ടേറെ പേർക്കു പരിക്കേറ്റു.
Kerala
ന്യൂഡൽഹി/കൊച്ചി: പാലക്കാട്ട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലിരിക്കെ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻഐഎ കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്.
ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ അന്പതാം പ്രതിയായ ഷാഹുൽ ഹമീദിനെ നവംബർ 27ന് പുലർച്ചെ 4.15ന് ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് പിടികൂടുന്നത്. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഷാഹുൽ ഹമീദ് നിരോധിത സംഘടനയായ പിഎഫ്ഐയുടെ സജീവ അംഗമാണെന്ന് എൻഐഎ പറഞ്ഞു. പിഎഫ്ഐയുടെ "ഇന്ത്യ 2047' അജണ്ടയിലെ പ്രധാനിയാണ് ഇയാളെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
തീവ്രവാദ സംഘത്തിൽ അംഗമാണെന്നും ശ്രീനിവാസന്റെ കൊലപാതകത്തിനു ശേഷം പതിനെട്ടാം പ്രതിക്ക് അഭയം നൽകിയെന്നും കേരളത്തിലെ സാമുദായിക ഐക്യത്തിനും പൊതുസമാധാനത്തിനും ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നുമുള്ള കുറ്റങ്ങൾ ഷാഹുൽ ഹമീദിനെതിരേ എൻഐഎ ചുമത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുറ്റകൃത്യത്തിനു മുമ്പും കുറ്റകൃത്യത്തിനിടയിലും ശേഷവും രഹസ്യ ആശയവിനിമയത്തിനായി ഷാഹുൽ ഹമീദ് വിവിധ ഡിജിറ്റൽ സാങ്കേതികതയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചെന്നും മൂന്നു വർഷത്തിലേറെയായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
അറസ്റ്റിന്റെ സമയത്ത് ഷാഹുൽ ഹമീദിൽനിന്നു പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ വിശദമായ പരിശോധനയ്ക്ക് ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയയ്ക്കുന്നതിനായി കോടതിയിൽ ഹാജരാക്കി.
2022 ഏപ്രിൽ 16ന് പാലക്കാട് മേലാമുറിയിലാണ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. എൻഐഎയുടെ പ്രാരംഭ കുറ്റപത്രത്തിൽ 70 - ലധികം പ്രതികളുണ്ടായിരുന്നു. അന്വേഷണത്തിനിടെ, രഹസ്യ ആയുധ പരിശീലനം നടത്തിയിരുന്ന പിഎഫ്ഐ പ്രവർത്തകരുടെ ശൃംഖല എൻഐഎ കണ്ടെത്തിയിരുന്നു.
National
ന്യൂഡൽഹി: കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയിയുടെ കസ്റ്റഡി ഏഴ് ദിവസത്തേക്ക് നീട്ടി എൻഐഎ കോടതി.
സുരക്ഷാ കാരണങ്ങളാൽ, എൻഐഎ ജഡ്ജി, എൻഐഎ ആസ്ഥാനം നേരിട്ട് സന്ദർശിക്കുകയായിരുന്നു. അൻമോൾ ബിഷ്ണോയിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ജഡജി നേരിട്ടെത്തിയത്.
ഡസംബർ അഞ്ച് വരെയാണ് കസ്റ്റഡി നീട്ടിയത്. നവംബർ 19ന് പ്രത്യേക കോടതി അൻമോൾ ബിഷ്ണോയിയെ 11 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരുന്നു.
National
ന്യൂഡൽഹി: ചെങ്കോട്ട ചാവേർ സ്ഫോടനത്തിൽ ഏഴാമത്തെ അറസ്റ്റ് രേഖപ്പെടുത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ).
സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനും ചാവേറുമായ ഉമർ നബിക്ക് അഭയം നൽകിയതിന് ഫരീദാബാദിലെ ദൗജ് സ്വദേശി സോയബിനെയാണ് ഇന്നലെ എൻഐഎ അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിന് തൊട്ടുമുന്പ് ഉമറിന് ഇയാൾ സാങ്കേതിക പിന്തുണ നൽകിയിരുന്നതായും എൻഐഎ കണ്ടെത്തി.
സ്ഫോടനവുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളിൽ ഉമറിന് സഹായം നൽകിയ ആറുപേരെ ഇതിനോടകം കസ്റ്റഡിയിലെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനുമായി വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനയുമായി ഏകോപിപ്പിച്ച് തെരച്ചിൽ തുടരുകയാണെന്നും എൻഐഎ അറിയിച്ചു.
സ്ഫോടനത്തിനു പിന്നിലെ മുഴുവൻ ഭീകരവാദികളെയും കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി. ആക്രമണത്തിനു പിന്നിലെ ഗൂഢാലോചനയിൽ പങ്കാളിയും മുഖ്യപ്രതികളിൽ ഒരാളുമായ കാഷ്മീർ സ്വദേശി ജാസിർ ബിലാലിനെ ഡൽഹി കോടതി പത്തു ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടിരുന്നു.
അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതോടെ വൈറ്റ് കോളർ മൊഡ്യൂളുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് വരുംദിവസങ്ങളിൽ ഉണ്ടായേക്കും.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിന് എൻഐഎ. പ്രതി സവാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണം നടത്തുന്നത്.
കേസിൽ 14 വർഷം ഒളിവിൽ കഴിഞ്ഞ സവാദിനെ 2024 ലാണ് പിടികൂടിയത്. 14 വർഷം ഒളിവിൽ തുടരാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സഹായം കിട്ടിയെന്നാണ് സവാദിന്റെ മൊഴിയിലുള്ളത്.
ദിണ്ഡിഗലിന് അടുത്തുള്ള പന്തിരുമലയിലും കണ്ണൂരിലും സവാദിന് ഒളിവിൽ കഴിയാൻ സഹായം കിട്ടി. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എൻഐഎ കോടതിയെ അറിയിച്ചു.
സവാദിന്റെ വിചാരണ വൈകിപ്പിക്കാനുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ മനപ്പൂർവമായ നീക്കമാണിതെന്ന് പ്രതിഭാഗം അഭിഭാഷകനും കോടതിയിൽ നിലപാട് എടുത്തു.
കേസിലെ 19 പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. 2010 ജൂലൈ നാലിനാണ് പ്രഫസർ ടി.ജെ. ജോസഫ് ആക്രമിക്കപ്പെട്ടത്.
National
ബംഗളൂരു: ഭീകരശ്രംഖല രൂപീകരിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് കർണാടകയിലെ ശിവമോഗയിൽ അറസ്റ്റിലായ രണ്ടു പേർക്കു പ്രത്യേക എൻഐഎ കോടതി ആറുവർഷം കഠിനതടവ് ശിക്ഷിച്ചു.
34 കാരനായ സാബിയുള്ളയെയും നദീം ഫൈസലിനെയുമാണ് (29) ഗൂഢാലോചന. രാജ്യദ്രോഹം, ഭീകരപ്രവർത്തനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ശിക്ഷിച്ചത്.
Kerala
കൊച്ചി: അവയവക്കടത്തിന് പിന്നില് വന് റാക്കറ്റുണ്ടെന്നും ഇന്ത്യയില്നിന്ന് അവയക്കടത്ത് ലക്ഷ്യമിട്ട് പതിനാല് പേരെ ഇറാനിലേക്ക് കൊണ്ടു പോയതായും എന്ഐഎ കോടതിയെ അറിയിച്ചു.
റാക്കറ്റിന്റെ ഇരകളായ കൂടുതല് പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്നിന്ന് കണ്ടെത്തിയെന്നും എന്ഐഎ അറിയിച്ചു. ഇറാന് അവയക്കടത്തു കേസില് അറസ്റ്റിലായ മുഖ്യപ്രതി മധുവിനെ കൊച്ചിയിലെ എന്ഐഎ കോടതി 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു.
ഇറാനിലെ ടെഹ്റാന് കേന്ദ്രീകരിച്ച് ടൂറിസം രംഗത്ത് പ്രവര്ത്തിച്ചിരുന്നയാളാണ് അറസ്റ്റിലായ മധു. 2024 മേയ് 18ന് അവയവക്കടത്ത് ശൃംഖലയില് പങ്കുണ്ടെന്ന് സംശയിച്ച് ഒരു യുവാവിനെ കൊച്ചി വിമാനത്താവളത്തില്നിന്ന് പിടികൂടിയതിനെത്തുടര്ന്നാണ് കേസ് ആരംഭിക്കുന്നത്.
ആദ്യം എറണാകുളം റൂറല് പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്ഐഎയ്ക്ക് കൈമാറുകയായിരുന്നു. 2025 ഫെബ്രുവരിയില് ഇറാനില് താമസിച്ചിരുന്ന മധുവിനെതിരേ ഇന്റര്പോള് റെഡ് കോര്ണര് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്ന്നാണ് ഇയാളെ പിടികൂടിയത്.
National
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയ ഭീകരർ ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലിൽ നടത്തിയതിന് സമാനമായ ആക്രമണം രാജ്യ തലസ്ഥാനത്ത് പദ്ധതിയിട്ടിരുന്നതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.
ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചുള്ള ആക്രമണത്തിനായിരുന്നു പദ്ധതി. ചാവേർ ആക്രമണം നടത്തിയ ഉമർ ഉൻ നബിക്കൊപ്പം പ്രവർത്തിച്ച രണ്ടാമത്തെ ഭീകരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്.
ജാസിർ ബിലാൽ വാനി എന്ന ഡാനിഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഡ്രോൺ ആക്രമണങ്ങളെ കുറിച്ച് വിവരം ലഭിച്ചത്. ആയുധങ്ങളും ബോംബുകളും വഹിക്കാൻ ശേഷിയുള്ള തരത്തിലേക്ക് ഭീകരർക്ക് വേണ്ടി ഡ്രോണുകൾ ഇയാൾ പരിഷ്കരിക്കാൻ ശ്രമിച്ചിരുന്നു.
ഇതുകൂടാതെ റോക്കറ്റുകൾ നിർമ്മിക്കാൻ ശ്രമിച്ചതിനും എൻഐഎ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഡാനിഷ് ആണ് ഭീകരർക്ക് ഇതിനായി സാങ്കേതിക സഹായം നൽകിയിരുന്നത്. ജമ്മുകശ്മീർ സ്വദേശിയായ ഡാനിഷിനെ ശ്രീനഗറിൽ നിന്നാണ് പിടികൂടിയത്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാനി(ഡാനിഷ്) ആണ് അറസ്റ്റിലായത്.
ഉമർ നബി ഉൾപ്പെടെയുള്ള ഭീകര സംഘത്തിന് സാങ്കേതിക സഹായം നൽകിയത് ഇയാളായിരുന്നു. ഡ്രോൺ അടക്കം ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതി.
ഡ്രോണുകളെ റോക്കറ്റ് ആക്കി മാറ്റിയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയെന്ന് എൻഐഎ അറിയിച്ചു.
അതേസമയം, ചെങ്കോട്ട സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 15 ആയി. ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ലുക്മാൻ (50), വിനയ് പഥക് (50) എന്നിവരാണ് മരിച്ചത്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് അറസ്റ്റിലായത്. എൻഐഎ ആണ് ഇയാളെ പിടികൂടിയത്.
ഇയാളുടെ പേരിലാണ് കാർ വാങ്ങിയത്. നിലവില് കേസുമായി ബന്ധപ്പെട്ട് 73 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഫോടനത്തിനുവേണ്ടി കാർ വാങ്ങാൻ ആണ് അമീർ റഷീദ് അലി ഡൽഹിക്ക് എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻഐഎ വ്യക്തമാക്കി. കേസില് ഇതാദ്യമാാണ് ഏജൻസി പ്രതികരിക്കുന്നത്.
ചെങ്കോട്ട സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച വൈറ്റ് കോളർ ഭീകരതയുടെ വേരുകൾ തേടുകയാണ് അന്വേഷണ ഏജൻസികൾ. കേസിൽ കഴിഞ്ഞ ദിവസവും അറസ്റ്റ് നടന്നിരുന്നു. പഞ്ചാബിലെ പഠാൻകോട്ടിൽ നിന്ന് റയീസ് അഹമ്മദ് എന്ന സർജനാണ് അന്വേഷണ ഏജൻസികളുടെ പിടിയിലായത്.
ഇയാൾ പലതവണ അൽഫലാ സർവകലാശാലയിലേക്ക് വിളിച്ചതായാണ് വിവരം. ഏതെങ്കിലും ഘട്ടത്തിൽ ഇയാൾ ഉമറുമായോ പിടിയിലായ മറ്റു ഡോക്ടർമാരുമായോ ബന്ധപ്പെട്ടിരുന്നോ എന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മുകാഷ്മീരിൽ നിന്ന് 10 പേരെ എൻഐഎ അറസ്റ്റ് ചെയ്തു. പുൽവാമ, കുൽഗാം, അനന്തനാഗ് ജില്ലകളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും ഇതിൽ ഒരാൾ സർക്കാർ ജീവനക്കാരനാണെന്നും അന്വേഷണസംഘം പറഞ്ഞു.
അറസ്റ്റിലായ ലക്നോ സ്വദേശി ഡോക്ടര് ഷഹീന് ജെയ്ഷേ തലവന് മസൂദ് അസറിന്റെ അനന്തരവന്റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. ആരീഫാ ബീവിയുമായി ഡോക്ടര് ഷഹീൻ സമ്പർക്കത്തിലായിരുന്നുവെന്ന് ഏജൻസികൾ വ്യക്തമാക്കി.
ജെയ്ഷേ വനിതാ സംഘത്തിനായി ഷഹീൻ പ്രവർത്തിച്ചിരുന്നു എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കാളികളായ കൂടുതൽ ഡോക്ടർമാർക്കായി എൻഐഎ തെരച്ചിൽ തുടരുകയാണ്. രണ്ടിലേറെ ഡോക്ടർമാർ കൂടി ഈ ശൃംഖലയിലുണ്ടെന്നാണ് നിഗമനം.
ചെങ്കോട്ട സ്ഫോടനം ഭീകരാക്രമണംതന്നെയാണെന്ന് ബുധനാഴ്ച കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയിൽ വിളിച്ചുചേർത്ത സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതിയുടെ (സിസിഎസ്) അടിയന്തര യോഗത്തിൽ പാസാക്കിയ പ്രമേയത്തിലാണ് സ്ഫോടനം രാജ്യവിരുദ്ധ ശക്തികൾ നടത്തിയ ആക്രമണമാണെന്നതിൽ വ്യക്തത വരുത്തിയത്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികൾ ഉപയോഗിച്ച ബ്രീസാ കാർ കണ്ടെത്തി. അൽ ഫലാഹ് സർവകലാശാലയിൽ പാർക്ക് ചെയ്ത നിലയിലാണ് കാര് കണ്ടെത്തിയത്.
ഭീകര സംഘത്തിലെ വനിത ഡോക്ടറായ ഷഹീന്റെ കാറാണ് കണ്ടെത്തിയത്. പ്രതികള് ഉപയോഗിച്ചിരുന്ന രണ്ടാമത്തെ കാർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ചുവന്ന എക്കോ സ്പോർട്ട് കാറാണ് കണ്ടെത്തിയത്.
ഫരീദാബാദ് പോലീസാണ് വാഹനം പിടികൂടിയത്. ഖണ്ഡവാലി ഗ്രാമത്തിൽ പാർക്ക് ചെയ്തിരുന്ന നിലയിലായിരുന്നു ഈ കാർ. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറിന് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് പോലീസിന്റെ കണ്ടെത്തല്.
വ്യാജ വിലാസത്തിലാണ് ഈ കാർ രജിസ്റ്റർ ചെയ്തിരുന്നത്. രണ്ടാമത്തെ കാർ രജിസ്റ്റർ ചെയ്തിരുന്നത് ഡൽഹി ന്യൂ സീലംപൂരിലെ ഒരു വിലാസത്തിലാണ്. പോലീസ് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു.
വ്യാജ രേഖകൾ നൽകി വാഹനം രജിസ്റ്റർ ചെയ്തുവെന്നാണ് പോലീസിന്റെ നിഗമനം. രേഖകൾ പ്രകാരം ഡോക്ടർ ഉമർ നബി എന്നയാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർഥികൾ കസ്റ്റഡിയിൽ. ഫരീദാബാദ് സർവകലാശാലയിലെ വിദ്യാർഥികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
സ്ഫോടനവുമായി ബന്ധപ്പെട്ട് ഇക്കോ സ്പോർട്ട് കാർ പാർക്ക് ചെയ്ത വ്യക്തി കൂടി അറസ്റ്റിലായിട്ടുണ്ട്. ഫഹീം ആണ് അറസ്റ്റിലായത്. അറസ്റ്റിലായ ഫഹീം ഉമറിന്റെ ബന്ധുവെന്നാണ് വിവരം.
ചെങ്കോട്ട സ്ഫോടനത്തിൽ പുതിയ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. സ്ഫോടനത്തിനു മുൻപ് ഉമർ നബി വെള്ള ഐ20 കാറുമായി കൊണാട് പ്ലേസിൽ എത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിലാൽ എന്നയാളാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു.
അതേസമയം രാജ്യതലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ അന്വേഷണം വ്യാപിപ്പിച്ചതിനു പുറമെ ഭീകരരുടെ വിദേശബന്ധങ്ങളും സംശയത്തിന്റെ നിഴലിലെന്നാണ് സൂചന.
സ്ഫോടനം ഭീകരവാദപ്രവർത്തനത്തിന്റെ ഫലമാണോയെന്നതിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ലെങ്കിലും അതിർത്തി കടന്നുള്ള തീവ്രവാദവും വിദേശ തീവ്രവാദസംഘങ്ങളുടെ പങ്കും അന്വേഷണ ഉദ്യോഗസ്ഥരുടെ റഡാറിനു കീഴിൽ വരുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സ്ഫോടനത്തിനു പിന്നിലെ കാരണക്കാരനെന്നു പോലീസ് വൃത്തങ്ങൾ വ്യക്തമാക്കിയ ഡോ. ഉമർ മുഹമ്മദും ഫരീദാബാദിലെ റെയ്ഡിൽ പിടിയിലായ ഡോ. മുസമ്മിൽ ഷക്കീലും തുർക്കി സന്ദർശിച്ചെന്നും അവിടെ അവർ ജയ്ഷ് ഇ മുഹമ്മദ് സംഘടനയുടെ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയെന്നുമാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇവരുടെ പാസ്പോർട്ടുകളിൽ കണ്ടെത്തിയിട്ടുള്ള തുർക്കിഷ് ഇമിഗ്രേഷൻ സ്റ്റാന്പുകൾ അന്താരാഷ്ട്ര ഭീകര ശൃംഖലയുമായുള്ള ബന്ധം വ്യക്തമാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ജയ്ഷ് ഇ മുഹമ്മദിന്റെ ഇന്ത്യയിലെ വനിതാ വിംഗ് കൈകാര്യം ചെയ്തിരുന്ന ഡോ. ഷഹീൻ അതിർത്തിക്കപ്പുറമുള്ള ഭീകര പ്രതിനിധിയുമായി സ്ഥിരമായ ബന്ധം പുലർത്തിയിരുന്നതായി നേരത്തേ വിവരമുണ്ടായിരുന്നു.
ഇപ്പോൾ ഉമറും മുസമ്മിലും തുർക്കിയിൽ മറ്റൊരു പ്രതിനിധിയെ കണ്ടെന്ന സംശയം ബലപ്പെട്ടു നിൽക്കുന്നതിനാൽ മുഴുവൻ ഗൂഢാലോചനയും വിദേശത്ത് ഉദ്ഭവിച്ചതാണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയിൽ ഡൽഹിയിൽ ആക്രമണപരമ്പര തന്നെ ലക്ഷ്യമിട്ടിരുന്നതായും സൂചനയുണ്ട്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനം നടന്ന സ്ഥലത്തിനു സമീപത്തു നിന്ന് ഒരു കൈപ്പത്തി കണ്ടെത്തി. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ ന്യൂ ലജ്പത് റായ് മാർക്കറ്റിലെ പബ്ലിക് ടോയ്റ്റിന്റെ ടെറസിലാണ് ഇത് കണ്ടെത്തിയത്. ചെങ്കോട്ടയ്ക്ക് എതിർവശത്തായി സ്ഥിതി ചെയ്യുന്ന പ്രധാന മാർക്കറ്റാണിത്.
രാവിലെ നാട്ടുകാരാണ് കൈപ്പത്തി കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടർ കൂടി കസ്റ്റഡിയിൽ. അനന്ത്നാഗ് സ്വദേശി മുഹമ്മദ് ആരിഫ് ആണ് പിടിയിലായത്. യുപിയിലെ കാൺപുരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി.
അതേസമയം, കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കാളികളായ കൂടുതൽ ഡോക്ടർമാർക്കായി എൻഐഎ തിരച്ചിൽ തുടരുകയാണ്. രണ്ടിലേറെ ഡോക്ടർമാർ കൂടി ഈ ശൃംഖലയിലുണ്ടെന്നാണ് നിഗമനം.
ചെങ്കോട്ട സ്ഫോടനം ഭീകരാക്രമണംതന്നെയാണെന്ന് ബുധനാഴ്ച കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയിൽ വിളിച്ചുചേർത്ത സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതിയുടെ (സിസിഎസ്) അടിയന്തര യോഗത്തിൽ പാസാക്കിയ പ്രമേയത്തിലാണ് സ്ഫോടനം രാജ്യവിരുദ്ധ ശക്തികൾ നടത്തിയ ആക്രമണമാണെന്നതിൽ വ്യക്തത വരുത്തിയത്.
മന്ത്രിസഭായോഗം ചേർന്നതിനുശേഷം കേന്ദ്ര പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തിൽ പാസാക്കിയ പ്രമേയങ്ങളെക്കുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ ഒരു ഭീകരസംഭവത്തിൽ കുറ്റവാളികളെയും അവരുടെ സഹകാരികളെയും അവരുടെ സ്പോണ്സർമാരെയും കാലതാമസമില്ലാതെ തിരിച്ചറിഞ്ഞ് നിയമത്തിനു മുന്നിൽ കൊണ്ടുവരാനായി അന്വേഷണം മികവോടെയും എത്രയും വേഗവും നടത്താൻ മന്ത്രിസഭ നിർദേശിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ചെങ്കോട്ടയിലെ മെട്രോ സ്റ്റേഷനു സമീപമുണ്ടായ സ്ഫോടനത്തിൽ അന്വേഷണം നടത്തുക ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പത്തംഗസംഘം. എൻഐഎ ഡയറക്ടർ ജനറൽ (ഡിജി) വിജയ് സാഖറെയാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്. ഐജി, രണ്ട് ഡിഐജിമാർ, മൂന്ന് എസ്പിമാർ എന്നിവരും ഡിഎസ്പി തലത്തിലുള്ള ഓഫീസർമാരുമാണ് സംഘത്തിലുള്ളത്.
ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദ മോഡ്യൂളിനെപ്പറ്റിയുള്ള എല്ലാ കേസ് ഡയറികളും വിഷയത്തിൽ ഇതുവരെ അന്വേഷണം നടത്തിയിരുന്ന ജമ്മു കാഷ്മീർ പോലീസിൽനിന്നും ഡൽഹി പോലീസിൽനിന്നും ഹരിയാന പോലീസിൽനിന്നും എൻഐഎ ഏറ്റെടുക്കും. അമോണിയം നൈട്രേറ്റടക്കമുള്ള സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ ഫരീദാബാദിലെ തീവ്രവാദകേന്ദ്രത്തിൽ എൻഐഎ അധികം വൈകാതെ അന്വേഷണം ആരംഭിക്കും.
സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ ഫരീദാബാദിലെ അപാർട്ട്മെന്റ് അൽ ഫലാഹ് മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്ന ഡോക്ടർമാരായ മുസമ്മിൽ അഹമ്മദുമായും ഉമർ ഉൻ നബിയുമായി ബന്ധപ്പെട്ടതാണ്. അമോണിയം നൈട്രേറ്റെന്നു സംശയിക്കുന്ന വസ്തുക്കളുടെ അംശം പരിസരപ്രദേശങ്ങളിൽനിന്നു കണ്ടെത്തിയതിനെത്തുടർന്ന് മെഡിക്കൽ കോളജിലെ ബയോകെമിസ്ട്രി ലബോറട്ടറിയും ടോയ്ലറ്റ് ബ്ലോക്കും ഫരീദാബാദ് പോലീസ് സീൽ ചെയ്തിരിക്കുകയാണ്.
കോളജിന്റെ ലാബിൽനിന്നു പിടിയിലായ പ്രതികൾ അമോണിയം കോംപൗണ്ടുകളും ഓക്സിഡൈസറുകളും ആഴ്ചകളെടുത്ത് ചെറിയ അളവിൽ കടത്തിക്കൊണ്ടുപോയി ഫരീദാബാദിലും ഫത്തേപുരിലും സംഭരിച്ചതായാണു സംശയിക്കുന്നത്. ലാബിൽനിന്നു അമോണിയം നൈട്രേറ്റെന്ന് സംശയിക്കപ്പെടുന്ന വസ്തുക്കളുടെ അംശം കണ്ടെത്തിയിട്ടുണ്ടെന്നും മെഡിക്കൽ കോളജ് കാന്പസിനുള്ളിൽ ഭീകരർ നിയന്ത്രിത അളവിൽ രാസപ്രവർത്തനങ്ങൾ പരീക്ഷിച്ചതായി സംശയിക്കുന്നുവെന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
മെഡിക്കൽ കോളജിൽനിന്നു കണ്ടെത്തിയ സാന്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനയുടെ ഫലം വന്നാൽ മാത്രമേ കോളജ് ലാബിൽനിന്നു ഭീകരർ എന്തെങ്കിലും വസ്തുക്കൾ കടത്തിക്കൊണ്ടു പോയിട്ടുണ്ടോയെന്നതിൽ വ്യക്തത വരൂ. കോളജ് ലാബിൽനിന്ന് ഒരു ഡസനിലധികം കുപ്പികൾ, ഗ്ലാസ് ഫ്ലാസ്കുകൾ, സീൽ ചെയ്ത പാത്രങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വിജയ് സാഖറെ 1996 ബാച്ച് കേരള കേഡർ ഓഫീസറായിരുന്നു. എൻഐഎയിൽ മുന്പ് ഐജിയായിരുന്ന വിജയിയെ ഈ വർഷം സെപ്റ്റംബറിലാണ് എൻഐഎ ഡിജിയായി നിയമിച്ചത്. വിജയ് ഇന്നലെ ഇന്റലിജൻസ് ബ്യൂറോ തലവനുമായി കൂടിക്കാഴ്ച നടത്തി.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിനു ഉപയോഗിച്ച ഹ്യുണ്ടായി ഐ20ക്ക് പുറമേ രണ്ട് കാറുകൾ കൂടി ഭീകരർ വാങ്ങിയിരുന്നുവെന്ന് സൂചന. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു ചുവന്ന കളർ ഫോർഡ് എക്കോസ്പോർട്ട് കാർ കണ്ടെത്തുന്നതിനായി പരിശോധന ആരംഭിച്ചിട്ടുണ്ട്.
സ്ഫോടനത്തിൽ ഉപയോഗിച്ച ഐ20 കാറിന്റെ ഉടമസ്ഥർക്ക് എക്കോ സ്പോർട്ട് കാറുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
അതിർത്തി ചെക്ക് പോസ്റ്റുകളിലും ജാഗ്രത നിർദേശമുണ്ട്. യുപി, ഹരിയാന പോലീസിനും ജാഗ്രതാ നിർദേശം നൽകി. അഞ്ചു പോലീസ് സംഘങ്ങളാണ് ഡൽഹിയിൽ വാഹനത്തിനായി തെരച്ചിൽ നടത്തുന്നത്.
അതേസമയം, സ്ഫോടനം നടത്തിയ ഭീകരർക്ക് ലഭിച്ചത് 3,200 കിലോ സ്ഫോടക വസ്തുക്കൾ എന്നാണ് കണ്ടെത്തൽ. ഇതിൽ മൂന്നൂറ് കിലോ സ്ഫോടക വസ്തുക്കൾ ഇനിയും കണ്ടെത്താനുണ്ടെന്ന് വിവരം. ഇതുവരെ കണ്ടെത്തിയത് 2900 കിലോ സ്ഫോടക വസ്തുക്കളാണ്.
National
ന്യൂഡല്ഹി: ചെങ്കോട്ട സ്ഫോടനത്തില് വിശദമായ അന്വേഷണത്തിന് എന്ഐഎ തയാറെടുക്കുന്നു. എൻഐഎ അഡീഷണൽ ഡയറക്ടർ ജനറൽ വിജയ് സാക്കറെയുടെ നേതൃത്വത്തിൽ പത്തംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു.
കേസ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്സിക്ക് കൈമാറിയതിന് പിന്നാലെ ജമ്മു കാഷ്മീർ, ഡൽഹി പോലീസിൽ നിന്ന് എൻഐഎ കേസിന്റെ രേഖകൾ ഏറ്റെടുത്തു. ഡല്ഹിക്ക് പുറമേ ഹരിയാന, ജമ്മു കശ്മീര് എന്നിവിടങ്ങള് കേന്ദ്രീകരിച്ചും വിശദമായ അന്വേഷണം നടത്തും. കേസ് ഉടന് രജിസ്റ്റര് ചെയ്യും.
പ്രാഥമിക പരിശോധനയില് ഡല്ഹിയില് നടന്നത് ചാവേര് ആക്രമണമല്ലെന്നാണ് എന്ഐഎയുടെ നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിന് പുറമേ കാറിലുണ്ടായിരുന്നത് ഫരീദാബാദ് അല്ഫല സര്വകലാശാലയിലെ ഡോക്ടര് ഉമര് നബി തന്നെയാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിനായി കാറില് നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങള് ഡിഎന്എ പരിശോധനയ്ക്ക് വിധേയമാക്കും.
അന്വേഷണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില് സന്ദര്ശകര്ക്ക് പ്രവേശനം അനുവദിക്കില്ല. ലാല് കില മെട്രോ സ്റ്റേഷന്റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാല് ഡിഎംആര്സി അടച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്ത്. സൈന്യം ഉപയോഗിക്കുന്ന രാസവസ്തുവായ അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. അതേസമയം, മറ്റു പദാർഥങ്ങൾ ഉപയോഗിച്ചിട്ടൂണ്ടോ എന്നത് പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂ.
അതേസമയം, കഴിഞ്ഞ ദിവസം ഫരീദാബാദ്, സഹറൻപുർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ ഡോക്ടർമാരായ ആദിൽ, മുസ്മീൽ, ഷഹീനാ എന്നിവരെ എൻഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
സ്ഫോടനത്തിൽ 12 പേർ മരിച്ചതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. മരിച്ചവരിൽ എട്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മരിച്ചവരിൽ ഏറെയും ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി സ്വദേശികളാണ്. പരിക്കേറ്റ 24 പേർ ചികിത്സയിലാണ്.
അതേസമയം, ഭൂട്ടാൻ സന്ദർശനം പൂർത്തിയാക്കി ഇന്നു തിരിച്ചെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മന്ത്രിതല സുരക്ഷാ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.
സ്ഫോടനത്തിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച രണ്ടു തവണയാണ് ഉന്നതതല സമിതി യോഗം ചേർന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഐബി ഡയറക്ടർ തപൻ ദേക, ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച, എൻഐഎ ഡയറക്ടർ ജനറൽ സദാനന്ദ് വസന്ത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജമ്മു കാഷ്മീർ ഡിജിപി നളിൻ പ്രഭാത് വീഡിയോ കോണ്ഫറൻസിലൂടെ യോഗത്തിൽ പങ്കെടുത്തു.
ഉന്നതതല യോഗത്തിനു ശേഷം അന്വേഷണച്ചുമതല ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) കൈമാറിയിരുന്നു. സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ കുറ്റവാളികളെയും വേട്ടയാടാൻ മുതിർന്ന ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായി യോഗത്തിനുശേഷം അമിത് ഷാ അറിയിച്ചു. ഭീകരാക്രമണത്തിനുള്ള സാധ്യത സർക്കാർ ഉറപ്പിക്കുന്നുവെന്ന സൂചനയാണ് കേസ് എൻഐഎക്കു കൈമാറുന്നതിൽനിന്നും വ്യക്തമാകുന്നത്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ചാവേർ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജൻസിയും സംശയിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ അമ്മയെയും രണ്ട് സഹോദരന്മാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
മൃതദേഹം ഉമറിന്റേതാണോയെന്ന് സ്ഥിരീകരിക്കാൻ ഇവരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും. ഫരീദാബാദില് നിന്നും അറസ്റ്റിലായ ഡോക്ടർമാരുടെ സംഘാംഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഭീകരർ ലക്ഷ്യമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്ന സൂചന പുറത്തുവന്നിരുന്നു.
സ്ഫോടനം നടത്തിയ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ20 കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
കറുത്ത മാസ്ക് ഇട്ടയാൾ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കും. ചാവേർ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജൻസി സംശയിക്കുന്നത്.
സ്ഫോടനം നടത്തിയ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ20 കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
കറുത്ത മാസ്ക് ഇട്ടയാൾ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാറോടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ഉമർ മുഹമ്മദാണെന്ന സംശയം ഉണ്ട്. ഇത് സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധന നടത്തും. വിവിധ സംഘങ്ങളായി ചേർന്ന് വിശദമായ അന്വേഷണം തുടരുകയാണ്.
അതേസമയം, സ്ഫോടനം ചാവേർ ആക്രമണമെന്ന് ഡൽഹി പോലീസ് സ്ഥിരീകരിച്ചു. ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പദ്ധതിയിട്ട ആക്രമണമാണിതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഭീകരർ ലക്ഷ്യമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റ് ആണെന്ന സൂചന പുറത്തുവന്നിരുന്നു.
ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലുകളിലും മെട്രോ സ്റ്റേഷനുകളിലും പോലീസിനെ നിയോഗിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ കൂടുതൽ ശക്തമാക്കി. മൂന്ന് ദിവസത്തേക്ക് കർശന പരിശോധന നടത്താനാനാണ് തീരുമാനം.
യാത്രക്കാരുടെ ബാഗേജുകൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. പരിശോധനയ്ക്ക് ഡോഗ് സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ മരണ സംഖ്യ 13ആയി. 30ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ ആറുപേർ ഗുരുതരാവസ്ഥയിൽ ഡൽഹി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലാണ്.
വൈകുന്നേരം 6.55നാണ് സ്ഫോടനമുണ്ടായത്. ലാൽകിലാ മെട്രോ സ്റ്റേഷന് സമീപം പതിയെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു.
അതേസമയം, സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും വെടിയുണ്ട കണ്ടെത്തി. സംഭവസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് വെടിയുണ്ട റോഡിൽ നിന്നും കണ്ടെത്തിയത്. ഒരാളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. എന്നാൽ ഇക്കര്യത്തിൽ സ്ഥിരീകരണമില്ല.
National
ന്യൂഡൽഹി: ജമ്മു കാഷ്മീർ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്. ഭീകരവാദ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
കാഷ്മീരിലെ ഒമ്പത് സ്ഥലങ്ങളിലും, ബിഹാറിലെ എട്ട് സ്ഥലങ്ങളിലും, ഉത്തർപ്രദേശിലെ രണ്ട് സ്ഥലങ്ങളിലും, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ ഓരോ സ്ഥലങ്ങളിലുമാണ് തെരച്ചിൽ നടന്നത്.
കാഷ്മീരിലെ ബാരാമുള്ള, കുൽഗാം, അനന്ത്നാഗ്, പുൽവാമ ജില്ലകളിൽ തെരച്ചിൽ നടന്നു.
Kerala
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തില് മുന് ജില്ലാ ജഡ്ജിയടക്കം 950 ആളുകളുടെ ഹിറ്റ്ലിസ്റ്റ് തയാറാക്കിയിരുന്നതായി ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ) കോടതിയെ അറിയിച്ചു. വിവിധ കേസുകളില് അറസ്റ്റിലായ പിഎഫ്ഐ പ്രവര്ത്തകരില്നിന്നു ലഭിച്ച ഹിറ്റ്ലിസ്റ്റിന്റെ വിവരങ്ങളാണ് കോടതിയില് നല്കിയതെന്ന് എന്ഐഎ അറിയിച്ചു. എന്ഐഎ രജിസ്റ്റര് ചെയ്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ എന്ഐഎ കോടതി പരിഗണിക്കുമ്പോഴാണു ഹിറ്റ്ലിസ്റ്റിന്റെ കാര്യം കോടതിയുടെ ശ്രദ്ധയില്പ്പെടുത്തിയത്.
പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാല്, റിയാസുദ്ദീന്, കെ.പി. അന്സാര്, കെ.വി. സഹീര് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. സംഘടനയ്ക്ക് ഭീഷണിയാകുന്ന ആളുകളുടെ പട്ടികയാണു പിഎഫ്ഐ തയാറാക്കിയിരുന്നത്. അവരെ ഇല്ലാതാക്കാന് പദ്ധതി തയാറാക്കിയിരുന്നതായും എന്ഐഎ കോടതിയെ അറിയിച്ചു. ഹിറ്റ്ലിസ്റ്റിന് പിന്നില് ഒരു സംഘം പ്രവര്ത്തിച്ചിരുന്നുവെന്നും ആക്രമണം സംഘടിപ്പിക്കാന് ഇവര്ക്ക് പ്രത്യേക പരിശീലനം നല്കിയിരുന്നുവെന്നും കണ്ടെത്തിയെന്നാണ് എന്ഐഎ പറയുന്നത്.
എന്ഐഎ അറസ്റ്റു ചെയ്ത സിറാജുദ്ദീനില്നിന്ന് 240 പേരുടെ പട്ടികയും ഒളിവിലുള്ള പിഎഫ്ഐ പ്രവര്ത്തകനായ അബ്ദുള് വഹദില്നിന്ന് അഞ്ച് പേരുടെയും മറ്റൊരാളില്നിന്ന് 232 പേരുടെയും അയൂബിന്റെ പക്കല്നിന്ന് 500 പേരുടെയും പട്ടിക ലഭിച്ചു.
അതേസമയം ജാമ്യഹര്ജി നല്കിയ നാല് പിഎഫ്ഐ പ്രവര്ത്തകരും തങ്ങള് നിരപരാധികളാണെന്നും എന്ഐഎയുടെ ആരോപണങ്ങള് കെട്ടിച്ചമച്ചതാണെന്നും വാദിച്ചു. എന്നാല്, ഈ ഘട്ടത്തില് ജാമ്യം നല്കാനാകില്ലെന്നു വ്യക്തമാക്കിയ കോടതി ഹര്ജി തള്ളി.
അന്തിമ റിപ്പോര്ട്ട് സമര്പ്പിച്ചതിനാല് വിചാരണ ഉടന് ആരംഭിക്കുമെന്ന് കോടതി വ്യക്തമാക്കി.