ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മാൾഡയിൽ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ജോലിയിലുണ്ടായിരുന്ന ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ജനക്കൂട്ടം തടഞ്ഞുവെച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. സുപ്രീംകോടതി നിർദ്ദേശത്തെത്തുടർന്ന് 12 കേസുകളാണ് എൻഐഎ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഏപ്രിൽ ഒന്നിന് മാൾഡ ജില്ലയിലെ മോതബാരി, കലിയാചക് പോലീസ് സ്റ്റേഷൻ പരിധികളിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കപ്പെട്ടതിൽ പ്രതിഷേധിച്ച് എത്തിയ ജനക്കൂട്ടം വനിതകൾ അടക്കമുള്ള ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ എട്ട് മണിക്കൂറോളം ബിഡിഒ ഓഫീസിൽ തടഞ്ഞുവെക്കുകയായിരുന്നു.
സുപ്രീംകോടതിയുടെ പ്രത്യേക ഇടപെടലിനെത്തുടർന്നാണ് കേസ് എൻഐഎയ്ക്ക് കൈമാറിയത്. മൊതബാരി സ്റ്റേഷനിലെ ഏഴ് കേസുകളും കലിയാചക് സ്റ്റേഷനിലെ അഞ്ച് കേസുകളുമാണ് ഏജൻസി ഏറ്റെടുത്തത്. വോട്ടർ പട്ടികയിലെ ആക്ഷേപങ്ങൾ തീർപ്പാക്കാൻ നിയോഗിക്കപ്പെട്ട ജുഡീഷ്യൽ ഓഫീസർമാരാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ വാഹനങ്ങൾ തകർക്കപ്പെടുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Tags : NIA Bengal Latest News