District News
ചെറുതോണി: കാൽനട, വാഹനയാത്രികർക്കു ഭീഷണിയായിരിക്കുന്ന മരം മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. വാഴത്തോപ്പ് - തടിയമ്പാട് റോഡിൽ പാപ്പൻസ് കിച്ചനു സമീപമാണ് റോഡരികിലെ മരം ഭീഷണിയായിരിക്കുന്നത്. എതിർദിശയിലെ വൈദ്യുതിലൈനിനു മുകളിലേക്കാണ് മരം ചാഞ്ഞുനിൽക്കുന്നത്.
സ്കൂൾ വാഹനങ്ങളും സർവീസ് ബസുകളും ഉൾപ്പെടെ നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും യാത്ര ചെയ്യുന്ന പ്രധാന റോഡിലാണ് മരം അപകടഭീഷണിയായിരിക്കുന്നത്.
കാലവർഷം ശക്തമാകുന്നതോടെ മരം കടപുഴകി റോഡിലേക്കും വൈദ്യുതിലൈനിലേക്കും പതിക്കാനുള്ള സാധ്യതയേറെയാണെന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്. അടിയന്തരമായി മരം മുറിച്ചുമാറ്റി ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
International
ഒട്ടാവ: ഖലിസ്ഥാൻ തീവ്രവാദം രാജ്യത്തിനു ഭീഷണിയെന്നു കാനഡയിലെ ഇന്റലിജൻസ് ഏജൻസി.
കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഖലിസ്ഥാൻ തീവ്രവാദ പ്രസ്ഥാനങ്ങൾ അക്രമം പ്രോത്സാഹിപ്പിക്കുന്നതായും രാജ്യത്തിന്റെ താത്പര്യങ്ങൾക്കും ജനങ്ങൾക്കും ഭീഷണി ഉയർത്തുന്നതായും കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് തയാറാക്കിയ കഴിഞ്ഞ വർഷത്തെ പബ്ലിക് റിപ്പോർട്ടിൽ പറയുന്നു. കനേഡിയൻ സർക്കാരിന്റെ വെബ്സൈറ്റിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചില ഖലിസ്ഥാൻ തീവ്രവാദ പ്രസ്ഥാനങ്ങൾക്കു കനേഡിയൻ പൗരന്മാരുമായി അടുത്ത ബന്ധമുണ്ട്. പ്രസ്ഥാനങ്ങൾ സമുദായത്തിൽനിന്നു പണം സമാഹരിച്ച് അക്രമപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. 40 വർഷം മുന്‍പ് എയർഇന്ത്യ വിമാനത്തിൽ ബോംബ് വച്ച് 329 പേരെ വധിച്ച സംഭവം കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു.
അതേസമയം, ഖലിസ്ഥാൻ രാഷ്ട്രരൂപവത്കരണത്തിനായി അക്രമവിരുദ്ധ പ്രചാരണം നടത്തുന്നതിനെ തീവ്രവാദമായി കരുതേണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യയിൽ ആക്രമണം നടത്താൻ പണം സമാഹരിക്കുന്നതും പ്രചാരണം നടത്തുന്നതും വളരെ കുറച്ചുപേർ മാത്രമാണെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നു.
NRI
ഫ്ലോറിഡ: അമേരിക്കൻ പൗരത്വത്തിനായി ഏകദേശം പത്ത് വർഷത്തോളം നീണ്ട നിയമപോരാട്ടം പരാജയപ്പെട്ടതോടെ, മുൻ യുഎസ് മറൈൻ കോർപ്സ് ഉദ്യോഗസ്ഥൻ പോൾ കാന്റൺ രാജ്യം വിടാനൊരുങ്ങുന്നു. ഏഴ് വർഷം യുഎസ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയും 35 വർഷമായി അമേരിക്കയിൽ താമസിക്കുകയും ചെയ്യുന്ന കാന്റണെ ഉടൻ തന്നെ ജന്മനാടായ ന്യൂസിലൻഡിലേക്ക് നാടുകടത്തും.
1991 മുതൽ 1998 വരെ യുഎസ് മറൈൻ കോർപ്സിൽ മികച്ച രീതിയിൽ സേവനമനുഷ്ഠിച്ചു. പേർഷ്യൻ ഗൾഫ് യുദ്ധസമയത്താണ് ഇദ്ദേഹം സൈന്യത്തിൽ ചേർന്നത്.
വിദേശ വിനിമയ വിദ്യാർഥി വിസയിൽ അമേരിക്കയിലെത്തിയ കാന്റൺ കാലാവധി കഴിഞ്ഞും അവിടെ തുടർന്നു. സൈന്യത്തിൽ ചേർന്നാൽ പൗരത്വം ലഭിക്കുമെന്ന് റിക്രൂട്ടർ നൽകിയ വാഗ്ദാനത്തിലാണ് അദ്ദേഹം സേവനത്തിന് തയ്യാറായത്.
താൻ പൗരനാണെന്ന വിശ്വാസത്തിൽ കാന്റൺ മുൻപ് വോട്ട് ചെയ്തിരുന്നു. എന്നാൽ രേഖാമൂലം പൗരത്വം ലഭിക്കാത്ത ഒരാൾ വോട്ട് ചെയ്യുന്നത് അമേരിക്കയിൽ വലിയ നിയമലംഘനമാണ്. ഇതാണ് അദ്ദേഹത്തിന്റെ പൗരത്വ അപേക്ഷ നിരസിക്കപ്പെടാൻ പ്രധാന കാരണമായത്.
ഫെബ്രുവരിയിൽ ഫെഡറൽ കോടതി ഇദ്ദേഹത്തിന്റെ അപ്പീൽ തള്ളി. ഇനി പ്രസിഡന്റിന്റെ പ്രത്യേക ഇടപെടലോ അല്ലെങ്കിൽ കോൺഗ്രസ് പാസാക്കുന്ന പ്രത്യേക ബില്ലോ ഉണ്ടെങ്കിൽ മാത്രമേ കാന്റണ്‍ അമേരിക്കയിൽ തുടരാനാകൂ.
അവർക്ക് എനിക്ക് പൗരത്വം നിഷേധിക്കാം, പക്ഷേ 'യുണൈറ്റഡ് സ്റ്റേറ്റ്സ് മറൈൻ എന്ന പദവി എന്നിൽ നിന്ന് എടുത്തുമാറ്റാൻ ആർക്കും കഴിയില്ല, എന്ന് പോൾ കാന്റൺ പ്രതികരിച്ചു. നിലവിൽ വീട് വിറ്റ് ന്യൂസിലൻഡിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹത്തിന്റെ കുടുംബം.
Business
ന്യൂഡൽഹി: ആയിരക്കണക്കിനു മൈലുകൾക്കപ്പുറം നടക്കുന്ന ഒരു യുദ്ധം ഇന്ത്യൻ സാന്പത്തികമേഖലയെ വരിഞ്ഞുമുറുക്കുന്നതാണ് കാണുന്നത്.
എണ്ണ വില ഉയരുന്നതും കടുത്ത പെട്രോളിയം വാതകക്ഷമവും അടുക്കള മുതൽ ഫാക്ടറികൾ വരെ ഒരുപോലെ പ്രതിസന്ധിയിലാക്കുന്നു. ഇത് രാജ്യത്തിന്റെ സാന്പത്തിക വളർച്ചയെ പ്രതിസന്ധിയിലാക്കുകയും പണപ്പെരുപ്പത്തെക്കുറിച്ചുള്ള പുതിയ ആശങ്കകൾക്കു വഴിയൊരുക്കുകയും ചെയ്തിരിക്കുകയാണ്.
പശ്ചിമേഷ്യൻ സംഘർഷത്തിലൂടെ രൂപപ്പെടുന്ന പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്ന സാന്പത്തികവ്യവസ്ഥകളിലൊന്നാണ് ഇന്ത്യയുടേത്. ആവശ്യത്തിന്റെ 90 ശതമാനം അസംസ്കൃത എണ്ണയും ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന്റെ പകുതിയോളവും ഇറക്കുമതി ചെയ്യുകയാണ്.
നിലവിൽ പശ്ചിമേഷ്യയിൽ രൂപപ്പെട്ടിരിക്കുന്ന സംഘർഷത്തെത്തുടർന്ന് ഇറാൻ് ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്. ഇതേത്തുടർന്ന് ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ പകുതിയും എൽപിജി ഇറക്കുമതിയുടെ നാലിൽ മൂന്നു ഭാഗവും തടസപ്പെട്ടിരിക്കുകയാണ്. ഇത് എണ്ണവില ബാരലിന് 100 ഡോളറിനു മുകളിലെത്തുന്നതിന് കാരണമായി.
ഇതിന്റെ പ്രത്യാഘാതങ്ങൾ പെട്ടെന്നുതന്നെ പ്രകടമാകാൻ തുടങ്ങി. പാചകവാതകക്ഷാമം വീടുകളെയും ഭക്ഷണശാലകളെയും ചെറുകിട വ്യവസായശാലകളെയും വരിഞ്ഞുമുറുക്കി. എൽപിജിയെ ആശ്രയിച്ചു പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ പൂർണമായും അടച്ചിടാൻ നിർബന്ധിതരായി. വളരെയകലെ നടക്കുന്ന ഒരു ഭൗമരാഷ്ട്രീയ സംഘർഷം ഇപ്പോൾ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലേക്കും ലാഭനഷ്ടക്കണക്കുകളിലേക്കും പടർന്നിരിക്കുകയാണ്.
ഇന്ത്യ അമിതമായി ഇറക്കുമതി ഇന്ധനങ്ങളെ ആശ്രയിക്കുന്നത് രാജ്യത്തിന്റെ സാന്പത്തികവളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് ഗോൾഡ്മാൻ സാക്സ്, ഓസ്ട്രേലിയ ആൻഡ് ന്യൂസിലൻഡ് ബാങ്കിംഗ് ഗ്രൂപ്പ് (എഎൻസെഡ്), ഇൻഡ്സ്ഇൻഡ് ബാങ്ക് എന്നിവർ മുന്നറിയിപ്പ് നൽകി.
ഗോൾഡ്മാൻ 2026ലെ ഇന്ത്യയുടെ വളർച്ചാ പ്രവചനം 0.5 ശതമാനം കുറച്ച് 6.5 ശതമാനമാക്കി. ഏപ്രിൽ മുതൽ ആരംഭിക്കുന്ന സാന്പത്തികവർഷത്തിന്റെ വളർച്ചാ നിരക്ക് ഏഴു ശതമാനത്തിൽനിന്ന് 6.5 %- 6.8 % ശതമാനമായി കുറയുമെന്ന് എഎൻസെഡ് വിലയിരുത്തുന്നു.
ഇൻഡസ്ഇൻഡിന്റെ സാന്പത്തികവിദഗ്ധൻ ഗൗരവ് കപുറിന്റെ അഭിപ്രായത്തിൽ 30 ബേസിസ് പോയിന്റ് കുറവാണ് കണക്കാക്കുന്നത്. വളർച്ചാ പ്രവചനം ഏകദേശം 6.5 ശതമാനത്തിലെത്തുമെന്നാണ് വിലയിരുത്തുന്നത്. ജനങ്ങളുടെ ഉപഭോഗം കുറയുന്നത് സാന്പത്തിക വളർച്ചയുടെ തിരിച്ചുവരവിനെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
വ്യവസായ മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വളം, അലുമിനിയം വ്യവസായങ്ങൾ മുതൽ സെമികണ്ടക്ടർ നിർമാണത്തിന് ആവശ്യമായ ഹീലിയം വരെയുള്ള മേഖലകളെ ഗ്യാസ് റേഷനിംഗ് തടസപ്പെടുത്തുന്നു. ഇത് ദീർഘകാല സാന്പത്തിക മാന്ദ്യത്തിന്റെ പ്രതീതി ഉയർത്തുന്നു.
►വ്യവസായശാലകൾ അടച്ചുപൂട്ടലിൽ
എല്ലാ ഹീറ്റിംഗ് ഫർണസുകളും എൽപിജിയാണ് ഉപയോഗിക്കുന്നത്. വാതകക്ഷാമവും വ്യാവസായിക ആവശ്യങ്ങൾക്കുപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളുംമൂലം വ്യാവസായശാലകൾ അടച്ചുപൂട്ടിയിരിക്കുകയാണ്. ഗുജറാത്തിലെ 98 ശതമാന എൻജിനിയറിംഗ് സ്ഥാപനങ്ങളും അടച്ചു. മഹാരാഷ്ട്രയിൽ പകുതിയോളം സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തി. എൽപിജിയുടെ വിലവർധന ഇതിനെ ആശ്രയിച്ച് പ്രവർത്തിക്കുന്ന റെസ്റ്ററന്റുകൾ, നിർമാണ യൂണിറ്റുകൾ എന്നിവയുൾപ്പെടെയുള്ള മേഖലകളെ ബാധിക്കും.
►കയറ്റുമതിയും നിലച്ചു
ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഏകദേശം 20,000 കോടി ഡോളറിന്റെ (200 ബില്യണ്‍ ഡോളർ) കയറ്റുമതിയെ തടസങ്ങൾ ബാധിക്കുന്നത് ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് തിരിച്ചടിയുണ്ടാകാം. ഇത് കറന്റ് അക്കൗണ്ട് കമ്മി വർധിപ്പിക്കുകയും, നിലവിൽ ഒരു ഡോളറിന് 92.5 രൂപ എന്ന റിക്കാർഡ് താഴ്ചയ്ക്കടുത്ത് നിൽക്കുന്ന ഇന്ത്യൻ രൂപയ്ക്കു മേൽ കൂടുതൽ സമ്മർദം ചെലുത്തുകയും ചെയ്യും. കൂടാതെ, ഏകദേശം ഒരു കോടി ഇന്ത്യൻ തൊഴിലാളികൾ വർഷം തോറും 5,000 കോടി ഡോളറോളം (50 ബില്യണ്‍ ഡോളർ) നാട്ടിലേക്ക് അയയ്ക്കുന്നതിനാൽ ഈ മേഖല ഏറെ നിർണായകമാണ്.
പണപ്പെരുപ്പം വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്. ഇന്ധനവിലയിലുണ്ടാകുന്ന കുതിച്ചുചാട്ടം, വിലക്കയറ്റം നിയന്ത്രിക്കാനായി ആർബിഐ വർഷങ്ങളായി നടത്തിവരുന്ന ശ്രമങ്ങളെ ഇല്ലാതാക്കുമെന്ന് സാന്പത്തികവിദഗ്ധർ അഭിപ്രായപ്പെടുന്നു.
►സംഘർഷത്തിനു മുന്‍പ്
പശ്ചിമേഷ്യയിലെ സംഘർഷത്തിനു മുന്‍പ് ഇന്ത്യയുടെ സാന്പത്തിക മേഖലയെക്കുറിച്ചുള്ള പ്രവചനം അസാധാരണമാംവിധം സുസ്ഥിരമാണെന്നായിരുന്നു. വരാനിരിക്കുന്ന സാന്പത്തികവർഷത്തിൽ 7.3 ശതമാനം സാന്പത്തികവളർച്ചയാണ് സർക്കാർ പ്രവചിച്ചത്. അതുപോലെ പണപ്പെരുപ്പം സെപ്റ്റംബർ വരെയെങ്കിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്യമായ നാലു ശതമാനത്തിനടുത്തു നിൽക്കുമെന്നും പ്രതീക്ഷിച്ചു.
Kerala
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു ഭീഷണിയുയര്‍ത്തി പാലക്കാട്ടെ സിപിഎം വിമതര്‍. ഡെമോക്രാറ്റിക് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി രൂപവത്കരിക്കാനാണു നീക്കം. പാലക്കാട് കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ടത്തില്‍ നീക്കങ്ങള്‍.
മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പി.കെ. ശശിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിമത കണ്വന്ഷന് വിളിച്ചുചേര്ക്കാനാണു തീരുമാനം. കൊഴിഞ്ഞാമ്പാറ, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം മേഖലയിലെ സിപിഎം വിമതരാണു സംയുക്തനീക്കം നടത്തുന്നത്. യുഡിഎഫ് പിന്തുണയും വിമതര്‍ക്കുണ്ട്.
പാലക്കാട്ടെ വിമതനീക്കം സിപിഎം നിരീക്ഷിച്ചുവരികയാണ്. പി.കെ. ശശിയുടെ നീക്കങ്ങള്‍ കഴിഞ്ഞദിവസം ജില്ലാ സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായിരുന്നു. ശശിയെ കോണ്‍ഗ്രസിലേക്കെത്തിക്കാനുള്ള നീക്കവും സജീവമാണ്. പി.കെ. ശശി എത്തിയാല്‍ ഷൊര്‍ണൂര്‍, ഒറ്റപ്പാലം സീറ്റുകളില്‍ ഏതെങ്കിലും ഒന്ന് നല്‍കിയേക്കും. കെടിഡിസി ചെയര്‍മാന്‍സ്ഥാനം ശശി ഉടന്‍ രാജിവയ്ക്കുമെന്നാണു സൂചന.
ബിജെപി നേതാവ് പ്രമീള ശശിധരനെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമവും കോണ്‍ഗ്രസില്‍ നടക്കുന്നതായാണു വിവരം. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗയാത്ര പാലക്കാട്ടെത്തുമ്പോൾ കൂടുതൽ നേതാക്കളുടെ പാര്ട്ടിപ്രവേശനമുണ്ടാവുമെന്നു സൂചനകളുണ്ട്.
വി.എസ്. അച്യുതാനന്ദന്റെ മുന്‍ പിഎ സുരേഷിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള ചര്‍ച്ചയ്ക്കു പിന്നാലെയാണു പുതിയ നീക്കങ്ങള്‍. മലമ്പുഴ മണ്ഡലത്തില്‍ മത്സരിപ്പിക്കാമെന്നാണ് സുരേഷിനു വാഗ്ദാനം നല്‍കിയിരിക്കുന്നത്. സുരേഷ് മത്സരിച്ചാല്‍ വിജയിക്കുമെന്നാണു കോണ്‍ഗ്രസ് കണക്കുകൂട്ടൽ.
ദീര്‍ഘകാലമായി പാര്‍ട്ടിയുമായി അകന്നുനില്ക്കുകയാണു സുരേഷ്. കല്‍മണ്ഡപം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സുരേഷ് 2002-ലാണ് വിഎസിനൊപ്പം ചേരുന്നത്. ഇതോടെ ഔദ്യോഗിക നേതൃതത്തിന്റെ കണ്ണില്‍ കരടാവുകയും പുറത്താകുകയുമായിരുന്നു.
Kerala
പത്തനംതിട്ട: ബലാത്സംഗ കേസില്‍ അറസ്റ്റിലായ മരണ സുബിന് എന്നറിയപ്പെടുന്ന സുബിന് അലക്സാണ്ടര്‍ക്കെതിരേ വീണ്ടും കാപ്പ ചുമത്താന്‍ പോലീസ് നീക്കം.
കാപ്പാ നിയമ പ്രകാരം ആറുമാസത്തെ കരുതല്‍ തടങ്കലിനുശേഷം 2025 മാര്‍ച്ചിലാണ് ഇയാള്‍ പുറത്തിറങ്ങിയത്. കുറ്റകൃത്യങ്ങള്‍ തുടരുന്നതിനാലാണ് വീണ്ടും കടുത്ത നടപടിക്ക് ആലോചിക്കുന്നത്.
ബലാത്സംഗം അന്വേഷിക്കാന്‍ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. കുറ്റപ്പുഴ, പാപ്പാനവേലില്‍ മരണം സുബിന്എന്നറിയപ്പെടുന്ന സുബിന് അലക്സാണ്ടര്‍ ചാക്കോ (27), തിരുവല്ല മുപ്പിരിയില്‍ ബെര്ലന്ദാസ് (38) എന്നിവരാണ് സ്പാ അതിക്രമക്കേസില്‍ അറസ്റ്റിലായത്. മറ്റു നാലുപേര്‍ കൂടി പിടിയിലാകാനുണ്ട്.
District News
വണ്ടിത്താവളം: പള്ളിമൊക്ക് കനാൽപ്പാലത്തിനു സമീപം ഉണങ്ങി അപകടവസ്ഥയിലുള്ള വ്യക്ഷം മുറിച്ച് നീക്കണമെന്നു യാത്രക്കാർ. കൊടുവായൂർ- പൊള്ളാച്ചി അന്തർസംസ്ഥാന പാതയെന്നതിനാൽ വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന റോഡാണിത്.
ഇടക്കിടെ മരശിഖരങ്ങൾ റോഡിൽ പൊട്ടി വീഴാറുണ്ട്. ഏകദേശം 60 വർഷത്തിൽ കൂടുതൽ പഴക്കം മരത്തിനുണ്ടെന്നാണ് സമീപവാസികൾ പറയുന്നത്.മരത്തിനു താഴെയായി വൈദ്യുതി ലൈനുകളുള്ളതിനാൽ മരം നിലംപതിച്ചാൽ അപകട സാധ്യതയുണ്ടാവുന്ന സാഹചര്യവുമുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള തന്റെ മോഹത്തിന് എതിരു നിൽക്കുന്ന രാജ്യങ്ങൾക്കുമേൽ ഇറക്കുമതിച്ചുങ്കം ചുമത്തേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭീഷണി.
കഴിഞ്ഞദിവസം വൈറ്റ് ഹൗസിൽ ഒരു യോഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് വേണമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
ഏതൊക്കെ രാജ്യങ്ങളായിരിക്കും നടപടി നേരിടേണ്ടിവരുകയെന്ന് ട്രംപ് വ്യക്തമാക്കിയില്ല. ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിനെ അമേരിക്ക പിടിച്ചെടുക്കുന്നതിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് വലിയ എതിർപ്പുണ്ട്.
ഇതിനിടെ ട്രംപിന്റെ നീക്കങ്ങളിൽ അമേരിക്കയിലെ ഒരു വിഭാഗം ജനപ്രതിനികൾക്കും എതിർപ്പുണ്ട്. കഴിഞ്ഞദിവസം 11 അംഗ കോൺഗ്രസ് സമിതി ഗ്രീൻലാൻഡ് സന്ദർശിച്ചു. ട്രംപിന്റെ നീക്കങ്ങളോടുള്ള എതിർപ്പും ഗ്രീൻലാൻഡിനുള്ള പിന്തുണയും സമിതി അറിയിച്ചു. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും സമതിയിലുണ്ടായിരുന്നു.
ഗ്രീൻലാൻഡ് പ്രധാനമന്ത്രി യെൻസ് ഫ്രെഡറിക് നീൽസൺ, ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ എന്നിവരുമായി സമിതി ചർച്ച നടത്തി.
Kerala
കൊച്ചി: ദിലീപിനെതിരെ സംസാരിച്ചതിന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദിലീപിനെതിരെ ഇനി സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷമുള്ള ശക്തമായ നിലപാടുകളുടെ പേരിലാണ് ഭീഷണി. മുമ്പും ഇത്തരത്തിൽ ഭീഷണി ലഭിച്ചപ്പോൾ പോലീസിൽ പരാതി നൽകിയിരുന്നു. ആ പരാതിയിൽ യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഭീഷണി സന്ദേശമെത്തിയ ഫോൺ നമ്പർ സഹിതമാണ് പരാതി നൽകിയത്. അന്വേഷണം ആരംഭിച്ചെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് സൗത്ത് ഇന്ത്യൻ ബാങ്കിൽ ബോംബ് ഭീഷണി.എസ്ഐബിയുടെ തിരുവനന്തപുരം മുക്കോല ശാഖയിലാണ് ഭീഷണി സന്ദേശമെത്തിയത്.
ബാങ്കിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതേ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന എംഎസ്സി ഷിപ്പിംഗ് കമ്പനിയുടെ ഓഫീസിലും പോലീസ് പരിശോധന നടത്തി.
[email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍നിന്നാണ് ഭീഷണി സന്ദേശം എത്തിയത്.
National
ചെന്നൈ: നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ചെന്നൈ ഇസിആറിലുള്ള വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം പോലീസ് ആസ്ഥാനത്തേക്കാണെത്തിയത്.
തുടർന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും തന്നെ കണ്ടെത്താനായില്ല. സന്ദേശം അയച്ച ഇമെയിലിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.
ദിവസങ്ങൾക്കു മുമ്പ് നടി രമ്യ കൃഷ്ണന്റെ വീട്ടിലും ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തില്‍ ഇമെയില്‍ സന്ദേശം ലഭിച്ചിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അജിത്തിന്റെ വീട്ടിലും ബോംബ് ഭീഷണിയെത്തിയത്.
International
ന്യൂഡൽഹി: സിന്ധു നദീതടത്തെ ഉപയോഗിച്ച് പാകിസ്ഥാനെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടാൻ ഇന്ത്യക്ക് കഴിയുമെന്ന് റിപ്പോര്‍ട്ട്. സിഡ്നി ആസ്ഥാനമായുള്ള സ്വതന്ത്ര തിങ്ക് ടാങ്കായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സിന്ധുവിന്റെയും പോഷകനദികളുടെയും പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാനുള്ള ശേഷി ഇന്ത്യക്കുള്ളതിനാൽ ഇന്ത്യയുടെ ചെറിയ ഇടപെടല്‍ പോലും പാകിസ്ഥാന് പ്രതിസന്ധി സൃഷ്ടിക്കും.
ഈ വർഷം ആദ്യം ഇന്ത്യ സിന്ധു ജല ഉടമ്പടി (ഐഡബ്ല്യുടി) താൽക്കാലികമായി നിർത്തിവച്ചതിനുശേഷം പാകിസ്ഥാന് ഗുരുതരമായ പ്രതിസന്ധി നേരിടുന്നുവെന്നും ഇക്കോളജിക്കൽ ത്രെറ്റ് റിപ്പോർട്ട് 2025 പറയുന്നു.
പാകിസ്ഥാനിലെ കാർഷികാവശ്യങ്ങൾക്കായി 80 ശതമാനവും സിന്ധു നദീജലത്തെയാണ് ആശ്രയിക്കുന്നത്. പാകിസ്ഥാനിലെ അണക്കെട്ടുകൾക്ക് നിലവിൽ 30 ദിവസത്തേക്കുള്ള ജലം മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ. അതുകൊണ്ടുതന്നെ ജലം സംബന്ധിച്ച ഇന്ത്യയുടെ ഏതൊരു നടപടിയും പാകിസ്ഥാനെ ഗുരുതരമായി ബാധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സിന്ധു നദിയുടെ ഒഴുക്ക് ഇന്ത്യ തടയുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്താൽ പാകിസ്ഥാനിലെ ജനസാന്ദ്രതയുള്ള സമതലങ്ങൾ ശൈത്യകാലത്തും വേനൽക്കാലത്തും കടുത്ത ജലക്ഷാമം നേരിടേണ്ടിവരും. എന്നാൽ നദിയുടെ ഒഴുക്ക് പൂർണമായി തടയാനുള്ള സൗകര്യം നിലവിൽ ഇന്ത്യക്കില്ല. എങ്കിലും ചെറിയ തടസങ്ങൾ പോലും പാകിസ്ഥാന്റെ കാർഷിക മേഖലയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
Kerala
കൊച്ചി: യുവാവ് തോക്കുമായി എത്തിയതിനെ തുടർന്ന് കൊച്ചിയിൽ നടത്തുന്ന നിരീശ്വരവാദി കൂട്ടായ്മ എസന്‍സ് നിര്‍ത്തിവെച്ചു. കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയിൽ എഴുത്തുകാരി തസ്ലീമ നസ്രിൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നുണ്ട്.
രാവിലെ പരിപാടി ആരംഭിച്ചപ്പോഴാണ് ഒരാൾ തോക്കുമായി എത്തിയത്. സുരക്ഷാ പരിശോധനയിൽ ഇത് തെളിഞ്ഞതോടെയാണ് സംഘാടകർ പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തി ഉദയംപേരൂര്‍ സ്വദേശിയായ ഇയാളെ അറസ്റ്റ് ചെയ്തു.
ലൈസന്‍സുള്ള തോക്കാണെന്നും സ്വയ രക്ഷയ്ക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്നും അറസ്റ്റിലായ ആൾ പറഞ്ഞു. സ്ഥലത്ത് ബോംബ് സക്വാഡ് അടക്കം എത്തി പരിശോധന നടത്തി. ആറായിരത്തോളം പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്.
Kerala
ഇടുക്കി: ബോംബ് ഭീഷണിയെ തുടർന്ന് മുല്ലപ്പെരിയാര്‍ ഡാമില്‍ പോലീസ് പരിശോധന നടത്തി. ഡാമിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് തൃശൂർ കോടതിയിലേയ്ക്കാണ് ഇമെയിൽ സന്ദേശം ലഭിച്ചത്. തുടർന്ന് ഇടുക്കി ജില്ലാ കളക്ടറെ വിവരം അറിയിക്കുകയായിരുന്നു.
ഇടുക്കിയിലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പോലീസും സംയുക്തമായി അണക്കെട്ടിൽ പരിശോധന നടത്തി. തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഷട്ടർ, മെയിൻ ഡാം, ബേബി ഡാം ഷട്ടർ എന്നിവിടങ്ങളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ഇതിനിടെ തേക്കടിയിൽ വാർത്തകൾ ശേഖരിക്കുന്നതിനും ദൃശ്യങ്ങൾ പകർത്തുന്നതിനും എത്തിയ മാധ്യമപ്രവർത്തകരെ വനംവകുപ്പ് ഉദ്യോഗസ്ഥൻ തടഞ്ഞത് പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.