Kerala
കല്പ്പറ്റ: തുരങ്കപാത നിര്മാണ പ്രദേശത്തെ കള്ളാടിക്കടുത്ത് കഴിഞ്ഞ ഏഴിനുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട സമഗ്രാന്വേഷണത്തിന് സംസ്ഥാന സര്ക്കാര് നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് ഉച്ചയ്ക്ക് 12.30ന് ദുരിതബാധിത പ്രദേശം സന്ദര്ശിക്കും.
സംസ്ഥാന ചീഫ് വൈല്ഡ് ലൈഫ് വാര്ഡന് ഡോ.പി. പുകഴേന്തി, ഭൗമ ശാസ്ത്രജ്ഞന് ഡോ.സി.പി. രാജേന്ദ്രന്, പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ.വിഷ്ണുദാസ്, ഹൈഡ്രോളജിസ്റ്റ് ഡോ. ശര്മിഷ്ഠ സിംഗ് (ഐഐടി,പാലക്കാട്), ജിയോ ടെക്നിക്കല് എന്ജിനിയറിംഗ് വിദഗ്ധന് ഡോ.ശ്രീവത്സ കൊളത്തായര്(എന്ഐടി, കര്ണാടക), സ്ട്രക്ചറല് എന്ജിനിയറിംഗ് വിദഗ്ധന് ഡോ.എം. മധു കാര്ത്തിക് (ഐഐടി,പാലക്കാട്), ടണല് എന്ജിനിയറിംഗ് വിദഗ്ധന് ഡോ.അങ്കേഷ് കുമാര്(ഐഐടി, പാലക്കാട്) എന്നിവരടങ്ങുന്നതാണു വിദഗ്ധസംഘം.
ദുരന്തകാരണം, കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് നല്കിയ പരിസ്ഥിതി അനുമതി, കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നല്കിയ അനുമതികള്, കരാര് സ്ഥാപനം വ്യവസ്ഥകള് പാലിക്കുന്നതില് വീഴ്ച വരുത്തിയെന്ന ആരോപണം, തുരങ്കപാത നിര്മാണ മേഖലയിലെ സുരക്ഷാവീഴ്ചകള്, സാങ്കേതികപിഴവുകള്, പരിസ്ഥിതി അനുമതി നടപ്പാക്കല് എന്നിവ സമിതി പരിശോധിക്കും.
അന്വേഷണം പൂര്ത്തിയാക്കി ഒരു മാസത്തിനകം സമിതി സര്ക്കാരിനു റിപ്പോര്ട്ട് സമര്പ്പിക്കും.
Kerala
തിരുവനന്തപുരം: കേരളത്തിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിൽ നിർണായക മാറ്റങ്ങൾ നിർദേശിച്ച് വിദഗ്ധസമിതി ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകും. പദ്ധതിയുടെ പ്രായോഗികതയും സാമ്പത്തിക ബാധ്യതയും കണക്കിലെടുത്താണ് സമിതി പുതിയ മാറ്റങ്ങൾ ശിപാർശ ചെയ്യുന്നത്.
പദ്ധതിയുടെ അലൈൻമെന്റും തുക കണ്ടെത്താനുള്ള ഫണ്ട് മോഡലും സംബന്ധിച്ച അന്തിമ തീരുമാനം സർക്കാരിന് വിട്ടിരിക്കുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ അതിവേഗ റെയിൽ പാത വിഴിഞ്ഞം വരെ നീട്ടണമെന്നതാണ് റിപ്പോർട്ടിലെ ശ്രദ്ധേയമായ ഒരു നിർദേശം.
കൂടാതെ, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മെട്രോ സ്റ്റേഷനുകളുമായി അതിവേഗ റെയിലിനെ ബന്ധിപ്പിക്കണം. ഇതനുസരിച്ച് സ്റ്റോപ്പുകളുടെ പുനഃക്രമീകരണം ആവശ്യമായി വരും. ഇ. ശ്രീധരന്റെ റിപ്പോർട്ടിൽ പറയുന്നതുപോലെ 60,000 കോടി രൂപയിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കില്ലെന്നും ചെലവ് ഇതിലും കൂടുമെന്നും സമിതി വിലയിരുത്തുന്നു.
കെ-റെയിൽ പദ്ധതിക്ക് നേരെ ഉണ്ടായതുപോലെയുള്ള കടുത്ത ജനകീയ പ്രതിഷേങ്ങൾ ഈ പദ്ധതിക്ക് നേരെ ഉണ്ടാകാൻ സാധ്യതയില്ലെന്നും സമിതി വിലയിരുത്തുന്നു.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ‘പ്രിയദർശിനി’ സ്ത്രീ സൗജന്യ യാത്രാപദ്ധതിയെ തുടർന്ന് സ്വകാര്യ ബസുകൾ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ചു.
ഗതാഗത മന്ത്രി സി.പി. ജോണിന്റെ അധ്യക്ഷതയിൽ ഇന്നലെ ബസുടമകളുടെ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
മുൻ ട്രാൻസ്പോർട്ട് കമ്മീഷണറും ഡിജിപിയുമായ കെ.പത്മകുമാറാണ് ഗവേഷണ കമ്മിറ്റി ചെയർമാൻ. ട്രാൻസ്പോർട്ടേഷൻ സ്ഥാപനമായ നാറ്റ്പാക്കിന്റെ മുൻ ഡയറക്ടർ ഡോ. ബി.ജി. ശ്രീദേവിയാണ് ഉപാധ്യക്ഷ.
ഗതാഗത വകുപ്പ് അഡീഷണൽ സെക്രട്ടറി കെ.എസ്. വിജയശ്രീ, നാറ്റ്പാക് ടെക്നിക്കൽ ഓഫീസർ ഡോ. ആർ.ജെ.സഞ്ജയ് എന്നിവർ അംഗങ്ങളായ കമ്മിറ്റിയുടെ മെംബർ സെക്രട്ടറി, ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ / സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റി സെക്രട്ടറിയായ കെ. മനോജ് കുമാറാണ്.
കമ്മിറ്റി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി ബന്ധപ്പെട്ടവരെ നേരിൽ കേട്ട്, അടിസ്ഥാന ഫീൽഡ് ഡാറ്റ വിശകലനം ചെയ്യും. കമ്മിറ്റി പരമാവധി ആറ് ആഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.