District News
കൊക്കയാർ: കനത്ത കാറ്റിലും മഴയിലും കൊക്കയാർ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം. വെംബ്ലിയിലെ വിവിധ ഭാഗത്ത് റബർമരങ്ങൾ ഒടിഞ്ഞു വീണതിനെ തുടർന്ന് കൊക്കയാർ-വെംബ്ലി റോഡിൽ ഗതാഗതം തടസപ്പെട്ടു.
വൈദ്യുതിലൈനുകളുടെ മുകളിലേക്ക് റബർ മരങ്ങൾ ഒടിഞ്ഞുവീണ് മേഖലയിൽ വൈദ്യുതിബന്ധം തകരാറിലായി. നിരവധി വൈദ്യുതിപോസ്റ്റുകൾ നിലംപൊത്തി. പ്രദേശത്തെ വീടുകളുടെ മേൽക്കൂരകൾക്കും നാശം സംഭവിച്ചു.
മരം വീണ് ഗതാഗതം തടസപ്പെട്ടു
മുണ്ടക്കയം: മുണ്ടക്കയം മുപ്പത്തഞ്ചാംമൈൽ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ നിന്നിരുന്ന തേക്കുമരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരമാണ് സംഭവം.
പാതയോരത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങൾക്ക് മുകളിലേക്കാണ് മരം വീണത്. കാറുകളുടെ ഗ്ലാസുകൾ തകർന്നു. ഈ സമയത്ത് റോഡിലൂടെ മറ്റു വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. മരം വീണതിനെത്തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു.
District News
പത്തനാപുരം : വേനൽമഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിൽ പിടവൂർ മേഖലയിൽ വ്യാപകനാശം. പത്തനാപുരം-കുന്നിക്കോട് പാതയിൽ ബ്ലോക്ക് ഓഫീസിനു സമീപം ഇഞ്ചപ്പടർപ്പുള്ള കൂറ്റൻമാവ് പിഴുതുവീണ് മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി.
പാതയ്ക്കു കുറുകേ വീണ മരവും ഇഞ്ചപ്പടർപ്പും അഗ്നിരക്ഷാസേനാഗംങ്ങൾ ഏറെനേരം പരിശ്രമിച്ചാണ് വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. വിവിധ സ്ഥലങ്ങളിൽ മരങ്ങൾ പിഴുതും ഒടിഞ്ഞും വീണത് ഗതാഗത തടസത്തിനും വൈദ്യുതിതടസത്തിനും ഇടയാക്കി. പിടവൂർ തടത്തിൽ ഭാഗത്ത് പ്ലാവ് വൈദ്യുതലൈനിൽ വീണു. പ്രധാന വൈദ്യുതലൈനുകളിൽ വീണ മരങ്ങൾ വെട്ടിമാറ്റാൻ സമയമേറെ എടുത്തതിനാൽ താലൂക്കിലെ മിക്ക പഞ്ചായത്തിലും മണിക്കൂറുകളോളം വൈദ്യുതി നിലച്ചു.
കുളത്തൂപ്പുഴയിൽ മരങ്ങൾ കടപുഴകി
കുളത്തൂപ്പുഴ : കിഴക്കൻ മലയോര മേഖലയിൽ ശക്തമായ വേനൽ മഴയിൽ വ്യാപകനാശം. കഴിഞ്ഞദിവസം വൈകുന്നേരം നാലോടെ കുളത്തൂപ്പുഴ ടൗണിലും പരിസരപ്രദേശങ്ങളിലും ഒരുമണിക്കൂറിലധികം നേരം കനത്ത മഴ പെയ്തു. തിങ്കൾക്കരിക്കം, സാംനഗർ, കുളത്തൂപ്പുഴ, കല്ലുവെട്ടാംകുഴി, ഡാലി തുടങ്ങിയ പ്രദേശങ്ങളിൽ മഴയ്ക്കൊപ്പം ആലിപ്പഴം വർഷവും ഉണ്ടായിരുന്നു.
മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ ചോഴിയക്കോട് മേഖലയിൽ ഓന്തുപച്ച-ചണ്ണപ്പേട്ട പാതയിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും വൈദ്യുത ലൈനുകൾക്കടക്കം വ്യാപകനാശം നേരിട്ടു. അഞ്ചൽ റെയ്ഞ്ച് വനമേഖലയിലുൾപ്പെട്ട പ്രദേശത്ത് ഈട്ടി, മരുത്, മാഞ്ചിയം, അക്കേഷ്യ തുടങ്ങിയ ഇനങ്ങളിലുള്ള ഒട്ടേറെ മരങ്ങൾ പാതയ്ക്കു കുറുകേ വീണതോടെ ഗതാഗതം പൂർണമായി തടസപ്പെട്ടു. കടയ്ക്കലിൽനിന്ന് അഗ്നിരക്ഷാസേനാ സംഘമെത്തിയാണ് പാതയിലേക്ക് വീണ മരങ്ങൾ നാട്ടുകാരുടെ സഹായത്തോടെ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
ശക്തമായ കാറ്റിലും ഇടിമിന്നലിലും വനമേഖലകളിലും ജനവാസ കേന്ദ്രങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുളത്തൂപ്പുഴ - അഞ്ചൽ റേഞ്ചിലെ അഞ്ചൽ ഓന്തുപച്ച വനപാതയിൽ കൂറ്റൻ മരം ഒടിഞ്ഞുവീണതിനെത്തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. ആലിപ്പഴ വീഴ്ചയുടെ ആഘാതത്തിൽ മേഖലയിലെ ചില വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരകൾക്ക് തകരാർ സംഭവിച്ചിട്ടുണ്ട്.
നഗരപ്രദേശങ്ങളിലും കരുനാഗപ്പള്ളി ഉൾപ്പെടെയുള്ള തീരദേശ മേഖലകളിലും ഉച്ചയ്ക്ക് ശേഷം അന്തരീക്ഷം മേഘാവൃതമായിരുന്നു. പലയിടങ്ങളിലും ശക്തമായ ഇടിയും മിന്നലും ഉണ്ടായെങ്കിലും കിഴക്കൻ മേഖലയെ അപേക്ഷിച്ച് മഴ കുറവായിരുന്നു. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറിയിച്ചു. കനത്ത ചൂടിൽ വലയുന്ന കാർഷിക മേഖലയ്ക്കും തോട്ടം മേഖലയ്ക്കും ഇപ്പോഴത്തെ മഴ വലിയ ആശ്വാസമാണ് പകരുന്നത്.
District News
ഇലഞ്ഞി: മുത്തോലപുരം ഭാഗത്ത് ഇന്നലെ വൈകുന്നേരമുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശം. മുദേവർ ക്ഷേത്രത്തിനു സമീപം ചിറ്റേത്തുപീടികയിൽ അനന്തു രാജുവിന്റെ വീടിനു മുകളിലേക്ക് വൻമരം കടപുഴകി വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു.
മുത്തോലപുരം ബാങ്ക് കവലയ്ക്ക് സമീപം നിന്നിരുന്ന ബദാം മരം റോഡിലേക്ക് ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ് അഗ്നിരക്ഷാസേന എത്തി മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഇലഞ്ഞി മേഖലയിൽ പല സ്ഥലങ്ങളിലും മരങ്ങൾ ഒടിഞ്ഞുവീണ് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും നിലച്ച അവസ്ഥയിലാണ്.
District News
പത്തനംതിട്ട: ജില്ലയില്‍ വേനല്‍മഴയിലും കാറ്റിലും വ്യാപക കൃഷിനാശം. കഴിഞ്ഞ രണ്ടുദിവസങ്ങളിലെ കാറ്റിലും മഴയിലും വ്യാപകമായി മരങ്ങളും വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞുവീണു. സീതത്തോട്ടില്‍ കൊച്ചുകോയിക്കലില് അടിമണ്ണ് ഇളകി കൂറ്റന്‍ പാറ വീട്ടിനുള്ളില്‍ പതിച്ചു. നാലാം ബ്ലോക്കില്‍ വാലുപറമ്പില്‍ അനിതാ രാജീവിന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്.
ഇലന്തൂരില്‍ ഇന്നലെ വീശിയടിച്ച കാറ്റ് വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടാക്കി. ബ്ലോക്ക്പടി ജംഗ്ഷനു സമീപം മരം വീഴുകയും ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെടുകയും ചെയ്തു.
പമ്പ്ഹൗസിനു സമീപം തേക്കും പോസ്റ്റും ഒടിഞ്ഞു വീണു. പതിമൂന്നാം വാര്‍ഡിലെ മുട്ടത്തില്‍ ഭാഗത്ത് വീടിന് മുകളിലേക്ക് മരം വീഴുകയും പോസ്റ്റ് ഒടിയുകയും ചെയ്തു. ടികെ റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു.
മൂന്നാം വാര്‍ഡിലെ മുരളീഭവനത്തില്‍ മുരളീധരന്, കിഴക്കേതില്‍ മേച്ചിലോട്ട് വീട്ടില്‍ സലിജ എന്നിവരുടെ വീട്ടിലെ ഓടുകള്‍ കാറ്റത്തു പറന്നുപോയി.
കോയിക്കലേത്ത് കെ. ജി ഏബ്രഹാമിന്റെ വാഴകള്‍ നശിച്ചു. ഭാര്‍ഗവീനിലയം സുകുമാരന്റെ വീടിന്റെ മുകളിലേക്ക് തെങ്ങ് വീണു. വിളവെടുക്കാറായ കപ്പയും നശിച്ചു.നാരങ്ങാനത്ത് ആലുങ്കല്‍, തെക്കേഭാഗം, വലിയകുളം, കണമുക്ക്, കടമ്മനിട്ട എന്നിവിടങ്ങളില്‍ വാഴകള്‍ വ്യാപകമായി നശിച്ചു.
തിരുവല്ലയിലും വ്യാപക നാശം
തിരുവല്ല: ശക്തമായ കാറ്റിലും മഴയിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകനാശം. വൈദ്യുതി വിതരണം പലയിടത്തും നിലച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും വൈകുന്നേരമാണ് ഒരു മണിക്കൂറോളം ശക്തമായി വീശിയടിച്ച കാറ്റ് കനത്തനാശം വിതച്ചത്.
കാവുംഭാഗം - ഇടിഞ്ഞില്ലം റോഡില്‍ അഴിയിടത്തുചിറയ്ക്കു സമീപം ആഞ്ഞിലിമരം തട്ടുകടയ്ക്കു മുകളിലേക്കു വീണ് നാശംവിതച്ചു. കുഴിവേലിപ്പുറം പുല്ലാട്ട് കലുങ്കിന് സമീപം റോഡിന് കുറുകെ മരംവീണ് ഗതാഗതം തടസപ്പെട്ടു. പ്രദേശത്തെ വൈദ്യുതി വിതരണവും താറുമാറായി.
നെടുമ്പ്രം പഞ്ചായത്തില്‍ വൈക്കത്തില്ലം - കോച്ചാരിമുക്കം റോഡില്‍ പനമരം വീണ് വൈദ്യുതിയും ഗതാഗതവും നിലച്ചു. സമീപത്ത് മാമ്മൂട്ടില്‍ പടി - പെരിങ്ങര റോഡില്‍ പോസ്റ്റ് ഒടിഞ്ഞുവീണു. ഇവിടെ മരങ്ങളും റോഡിനു കുറുകെ വീണതിനേ ത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. നിരവധി വാഴകളും മരച്ചീനി ഉള്‍പ്പെടെയുള്ള കൃഷികളും നശിച്ചു. പലപ്രദേശങ്ങളിലും രാത്രിവൈകിയും ഗതാഗതം നിലച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം തിരുവല്ല - കായംകുളം റോഡില്‍ പാലിയേക്കര പള്ളിക്കു സമീപം റോഡിലേക്ക് മരംവീണ് വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു.
ഫയര്‍ഫോഴ്സ്, കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി നാട്ടുകാരുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ഇന്നലെ വൈകിയും പല സ്ഥലങ്ങളിലും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടില്ല
പടിഞ്ഞാറന്‍ മേഖലയിലും ആശങ്ക
തിരുവല്ല: വേനല്‍മഴ തുടരുന്നത് അപ്പര്‍കുട്ടനാട്ടിലെ നെൽകര്‍ഷകരുടെ നെഞ്ചിടിപ്പ് കൂട്ടി. കൊയ്ത്ത് പൂര്‍ണമാകാത്തതും നെല്ല് സംഭരണം നടക്കാത്തതുമായ പാടശേഖരങ്ങളാണ് ഏറെയും. കൊയ്ത്തു നടക്കുന്ന പാടശേഖരങ്ങളില്‍ പാടത്ത് കൂട്ടിയിടുന്ന നെല്ലിനും മഴ ഭീഷണിയാണ്. സംഭരണ നടപടികള്‍ ഇഴയുന്നതു കാരണമാണ് കൊയ്ത്ത് പലയിടത്തും വൈകിയത്.
കൃഷി ഇറക്കാന്‍ വൈകിയ പാടശേഖരങ്ങളുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് തിരുവല്ല താലൂക്കില്‍ ലഭിച്ചത്. ജില്ലയിലാകമാനം 11 സെന്റീമീറ്റര്‍ മഴ ലഭിച്ചു. ശരാശരി പ്രതീക്ഷിച്ചിരുന്ന അളവിലും അഞ്ച് സെന്റീമീറ്ററോളം അധികമഴയാണ് ലഭിച്ചത്.
ഏറ്റവും കൂടുതല്‍ മഴ ഞായറാഴ്ച രേഖപ്പെടുത്തിയത് കുന്നന്താനത്താണ്. അഞ്ച് സെന്റീമീറ്റര്‍ മഴ ലഭിച്ചു.
മഴയുണ്ടെങ്കിലും പകല്ച്ചൂടിനു കുറവില്ല; സൂര്യാതപ മുന്നറിയിപ്പ്
വേനൽമഴ ശക്തമായെങ്കിലും പകല്‍ച്ചൂടിന്റെ കാഠിന്യം കുറഞ്ഞിട്ടില്ല. ശരാശരി താപനില 37 ഡിഗ്രിയാണ്. വൈകുന്നേരം മഴ ലഭിക്കുന്നതിനാല്‍ ഉച്ചകഴിയുന്നതോടെ ചൂടിനു നേരിയ ശമനമുണ്ട്. വേനല്‍മഴയുടെ ഭാഗമായ മേഘപടലങ്ങള്‍ ഉച്ചകഴിയുന്നതോടെ ആകാശത്ത് നിറയുന്നതിനാല്‍ അള്‍ട്രാവയലറ്റ് വികരണത്തോതും അല്പം കുറഞ്ഞു.
പകല്‍ച്ചൂട് ഉയര്‍ന്നു നില്ക്കുന്നതിനാല് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും നിര്‍ദേശത്തിലുണ്ട്. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുന്നത് നിര്‍ജലീകരണ സാധ്യത ഒഴിവാക്കും.