ചക്കിട്ടപാറ: കഴിഞ്ഞ ദിവസമുണ്ടായ മഴയിലും ശക്തമായ ചുഴലിക്കാറ്റിലും ചക്കിട്ടപാറ പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ വ്യാപക നാശനഷ്ടം. മിന്നല്‍ ചുഴലിയിലാണ് പലയിടങ്ങളിലും വീടുകള്‍ക്ക് മേല്‍ മരങ്ങള്‍ വീഴുകയും കാര്‍ഷിക വിളകള്‍ നശിക്കുകയും ചെയ്തത്.
മരങ്ങള്‍ വീണ് വൈദ്യുതി തൂണുകളും ലൈനും പൊട്ടി വീണ് വൈദ്യുതി വിതരണം തകരാറിലായി. ചക്കിട്ടപാറ പഞ്ചായത്തിലെ 15 ാം വാര്‍ഡിലെ മുടിയന് ചാല് കോട്ടോല്മീത്തല് കണാരന്‍കുട്ടിയുടെ വീടിനു മേല്‍ തെങ്ങും, പുത്തന്‍പുരയ്ക്കല്‍ രാജുവിന്റെ വീടിനു മേല്‍ കമുങ്ങും, വലിയപറമ്പില്‍ പത്മനാഭന്റെ വീടിനു മേല്‍ പ്ലാവും, പന്തിരിക്കരമീത്തല്‍ പ്രകാശിന്റെ വീടിനു മേല്‍ തെങ്ങും, ചക്കിട്ടപാറയിലെ കരുമാംതടത്തില് മോളി സുരേഷിന്റെ വീടിനു മേല്‍ വന്മരവും വീണ് നാശനഷ്ടമുണ്ടായി. കൃഷിയിടങ്ങളില്‍ ഒട്ടേറെ കാര്‍ഷിക വിളകള്‍ നശിച്ചു.
കൂവപ്പൊയില്‍ ആലക്കളത്തില്‍ പ്രസാദ് ജോര്‍ജ്, പഴയപറമ്പില്‍ ഷെറി എന്നിവരുടെ വിളകളാണ് നശിച്ചത്. കുളത്തുവയല്‍ സ്കൂളിന്റെ ജനല്‍ ചില്ലുകളും കാറ്റില്‍ നശിച്ചു. മറുമണ്ണ് വാഴുന്നോര്വയലില് കാര്‍ത്ത്യായനിയുടെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. പഞ്ചായത്ത് അംഗങ്ങളായ സുജാത മനയ്ക്കല്‍, ബിന്ദു ബാലകൃഷ്ണന് എന്നിവര്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദര്‍ശിച്ചു.