നെന്മാറ: ഇന്നലെ വൈകുന്നേരം പ്രദേശത്തു പെയ്ത കനത്തമഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിനെത്തുടർന്ന് നെന്മാറയിലെ മാട്ടുപ്പാറ പ്രദേശത്ത് നിരവധി നാശനഷ്ടങ്ങൾ. സുരേഷ് എന്നയാളുടെ വീട്ടിലാണ് ഇടിമിന്നലേറ്റ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത്.
ഇടിമിന്നലിന്റെ ആഘാതത്തിൽ വീട്ടിലെ വൈദ്യുത സംവിധാനങ്ങൾ തകരാറിലായി. സ്വിച്ച് ബോർഡുകൾ കത്തിനശിക്കുകയും നിരവധി ബൾബുകൾ പൊട്ടിപ്പോകുകയും ചെയ്തു. അതേസമയം വീട്ടിൽ ഉണ്ടായിരുന്ന മറ്റ് വൈദ്യുതോപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. വൈകുന്നേരം ഏകദേശം 4.30ഓടെ തുടങ്ങിയ മഴയ്ക്കിടെ ഇടിയും മിന്നലും ശക്തമായി ഉണ്ടായതിനെ തുടർന്ന് പ്രദേശത്തെ പല വീടുകളിലും സമാനമായ നാശനഷ്ടങ്ങൾ ഉണ്ടായതായി നാട്ടുകാർ അറിയിച്ചു. ഇതിനിടയിൽ സുരേഷിന്റെ മകൻ റിജുവിന് ഇടിമിന്നലിൽ ആഘാതത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
വീടിന് പിറകിലുള്ള വെള്ളക്കെട്ട് നീക്കുന്നതിനായി മുത്തശ്ശി ലീലയോടൊപ്പം പോയിരിക്കെ തന്നെയാണ് റിജുവിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻതന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് പ്രാഥമിക ശുശ്രൂഷ നൽകി. ഇടിമിന്നലേറ്റ് സുരേഷിന്റെ വീട്ടുമുറ്റത്തെ ഒരു തെങ്ങ് വിണ്ടുകീറിയ നിലയിലാണ്. അതിനാൽ അപകടസാധ്യത കണക്കിലെടുത്ത് ബന്ധപ്പെട്ട അധികാരികൾ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. പ്രദേശത്ത് തുടർച്ചയായി ഇടിമിന്നൽ ഉണ്ടാകുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വീടുകളിൽ വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുമ്പോഴും തുറസായ സ്ഥലങ്ങളിൽ നിൽക്കുമ്പോഴും കൂടുതൽ മുൻകരുതൽ സ്വീകരിക്കണമെന്നും മുന്നറിയിപ്പ് നൽകി.
വേനൽമഴ: കല്ലടിക്കോട് മേഖലയിൽ കനത്ത നാശനഷ്ടം
കല്ലടിക്കോട്: കഴിഞ്ഞദിവസം കല്ലടിക്കോട് മേഖലയിലുണ്ടായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. കുന്നത്ത്കാട് മണിയുടെ വീട് തെങ്ങുവീണു ഭാഗികമായി തകർന്നു. തുപ്പനാട് സുബ്രഹ്മണ്യക്ഷേത്രത്തിലെ ആൽമരം പൊട്ടിവീണു. കല്ലടിക്കോട്, ചുള്ളിയാംകുളം, കരിമ്പ പ്രദേശങ്ങളിൽ റബർ, കമുക്, തെങ്ങ് തുടങ്ങി നൂറുകണക്കിനു മരങ്ങളാണ് പൊട്ടിവീണത്. വൈദ്യുതിക്കാലുകളും പൊട്ടിവീണു. വൈദ്യുതിവിതരണം തടസപ്പെട്ടു. കല്ലടിക്കോട് സമരിറ്റൻ കോൺവന്റിലെ തെങ്ങ്, വാഴകൾ, തേക്ക്മരങ്ങൾ തുടങ്ങിയവ പൊട്ടിവീണു.
Tags : nattu vishesham extensive damage