Kerala
തിരുവനന്തപുരം: പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ശിപാർശ ചെയ്ത മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാജേന്ദ്ര ആർലേക്കർക്കറുടേത് ഭരണഘടനാവിരുദ്ധ നിലപാടാണ്. പിഎസ്സിയെ അട്ടിമറിക്കാൻ ഗവർണറെ ബിജെപി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വിഷയത്തിൽ മുഖ്യമന്ത്രിയും മന്ത്രിസഭയും നിലപാട് വ്യക്തമാക്കണം. മുൻ ഗവർണറുടെ നീക്കത്തെ യുഡിഎഫ് പിന്തുണയ്ക്കുന്നുണ്ടോയെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു. ജനറിക് മരുന്നുകൾക്കെതിരെ എൽഡിഎഫിന്റെ മുൻ ആരോഗ്യമന്ത്രിമാർ നിലപാടെടുത്തുവെന്ന പ്രചാരണം പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. ക്ലിനിക്കൽ ട്രയൽ നടത്തുന്ന മരുന്ന് എന്തിനാണ് നൽകിയതെന്ന് സർക്കാർ വ്യക്തമാക്കണം.
പി.പി. ദിവ്യയുടെ കത്ത് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടില്ല. ദിവ്യയുടെ വിഷയത്തിൽ ഇപ്പോൾ മറുപടി പറയേണ്ടതില്ലെന്നും അവർക്കെതിരായ വിജിലൻസ് അന്വേഷണത്തെക്കുറിച്ച് നിലവിൽ പ്രതികരിക്കാനില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പിഎസ്സി അംഗങ്ങളുടെ നിയമനച്ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ നീക്കം. ഇതു സംബന്ധിച്ച് പൊതുഭരണ സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. അംഗങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം. നിലവിൽ പിഎസ്സി അംഗങ്ങൾക്ക് പ്രത്യേക വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് നിയമന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ശിപാർശ ചെയ്തിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചതെന്നാണ് സൂചന. പിഎസ്സി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് പ്രത്യേക അഭിമുഖ ബോർഡ് രൂപീകരിക്കണമെന്നും അപേക്ഷകരുടെ യോഗ്യതയും പ്രവൃത്തിപരിചയവും വിശദമായി പരിശോധിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.
കൂടാതെ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണം. പൊതുപ്രവർത്തകരെ പിഎസ്സി അംഗങ്ങളായി നിയമിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളും കൊണ്ടുവരണം. നിയമനപ്രക്രിയ കൂടുതൽ കൃത്യവും സുതാര്യവുമാക്കുകയാണ് നിർദേശങ്ങളുടെ ലക്ഷ്യം. ശിപാർശകൾ സർക്കാർ അംഗീകരിച്ചാൽ പിഎസ്സി അംഗങ്ങളുടെ നിയമനരീതിയിലും യോഗ്യതാ മാനദണ്ഡങ്ങളിലും മാറ്റമുണ്ടാകും.
Kerala
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ബൈജു ഉൾപ്പെടെയുള്ള മുഴുവൻ അംഗങ്ങളെയും പദവിയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ശിപാർശ ചെയ്തു. ഗവർണർ സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് ശിപാർശ നൽകിയതെന്നാണ് സൂചന. സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ് ഇത്തരത്തിൽ ഗവർണറുടെ നടപടി. ചെയർമാൻ അടക്കം ആകെ 16 അംഗങ്ങളെ പുറത്താക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്.
ഗവർണർക്ക് പിഎസ്സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കാൻ അധികാരമുണ്ടെങ്കിലും ഭരണഘടനാപരമായ വ്യവസ്ഥകൾ പ്രകാരം അവരെ നീക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. ശിപാർശയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതിഭവൻ സർക്കാരിന്റെ അഭിപ്രായം തേടിയേക്കും. തുടർനടപടികളിൽ സർക്കാരിന്റെ നിലപാടും നിർണായകമാകും. പിഎസ്സിയിലെ നിയമനക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതികളും അന്വേഷണങ്ങളും ശക്തമാകുന്നതിനിടെയാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്.
ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് പിഎസ്സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്. ഇതിനുപുറമെ പിഎസ്സിയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന പരാതികളും ലോക്ഭവനിൽ ലഭിച്ചതായാണ് വിവരം. ഈ പരാതികളിൽ ക്രൈംബ്രാഞ്ച് കൂടുതൽ അന്വേഷണം നടത്താൻ ഒരുങ്ങുന്നതിനിടെയാണ് ഗവർണറുടെ ശിപാർശ പുറത്തുവന്നത്.
Kerala
തിരുവനന്തപുരം: പിഎസ്സി ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ്സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നതിനിടെ പിഎസ്സി നിയമോപദേശം തേടി. ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കു പോകേണ്ടതുണ്ടോ എന്ന കാര്യത്തിലാണ് നിയമോപദേശം തോടിയിരിക്കുന്നത്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് പിഎസ്സി അംഗങ്ങളെ പ്രതിയാക്കിയിട്ടില്ല.
ആ സാഹചര്യത്തില്‍ നോട്ടീസ് നല്കി വിളിപ്പിക്കുമ്പോള്‍ പോകേണ്ടതുണ്ടോ, ഇക്കാര്യത്തില്‍ പിഎസ്സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളിലാണ് നിയമോപദേശം തേടിയിരിക്കുന്നത്. നാളെ നിര്‍ണായക പിഎസ്സി യോഗം നടക്കാനിരിക്കേ വേഗത്തില്‍ നിയമോപദേശം വേണമെന്നാണ് പിഎസ്സിയുടെ നിലപാട്. ചോദ്യംചെയ്യലിനു ഹാജരാകാന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടി പിഎസ്സി ക്രൈംബ്രാഞ്ചിനു കത്ത് നല്‍കിയിരുന്നു.
ഇതു തള്ളിയ സാഹചര്യത്തിലാണ് നിയമോപദേശം തേടുന്നതിനു പിഎസ് സി തീരുമാനിച്ചത്. അതേസമയം ചെയര്‍മാനെയും 15 അംഗങ്ങളെയും ചോദ്യം ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്നു കാണിച്ചാണ് പിഎസ്സി അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍, നിലവില്‍ ഹാജരാകേണ്ടെന്ന നിലപാടിലാണ് പിഎസ്സി അംഗങ്ങള്‍.
ക്രൈംബ്രാഞ്ചിന് പിഎസ്സി അംഗങ്ങളുടെ മുറിയിലെത്തി മൊഴിയെടുക്കാം. എന്നാല്‍ ക്രമിനല്‍ കേസില്‍ സാക്ഷി മൊഴി നല്‍കാനുള്ള നോട്ടീസാണ് നല്‍കിയിരിക്കുന്നതെന്നും അതിനു വിധേയപ്പെട്ടേ പറ്റൂ എന്നുമുള്ള നിലപാടിലാണ് ക്രൈംബ്രാഞ്ച്. അംഗങ്ങള്‍ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് എത്തുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.
ഇല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകും. എന്നാല്‍ അംഗങ്ങള്‍ ഹാജരാകാതിരുന്നാല്‍ അന്വേഷണം നീളുന്ന സാഹചര്യമുണ്ടാകും. കേസില്‍ ചില ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന ശിപാര്‍ശ എസ്ഐടി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാടും ഇതില്‍ നിര്‍ണായകമാകും. ക്രമക്കേടില്‍ ഉന്നതതല ഇടപെടല്‍ നടന്നു എന്നുതന്നെയാണ് എസ്ഐടി കണ്ടെത്തല്‍. ഇതിനു പിന്നാലെയാണ് പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ എസ്ഐടി തീരുമാനിച്ചത്.
രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ക്രമക്കേടില്‍ പങ്കുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. അവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണനയിലാണ്. കുറച്ചുകൂടി വിശദാംശങ്ങള്‍ ശേഖരിച്ച ശേഷമാകും ഇവരെ പ്രതി പട്ടികയില്‍ ചേര്‍ക്കുകയെന്നാണ് വിവരം.ആസൂത്രണ ബോര്‍ഡ് ചീഫ് നിയമനത്തിന് അഭിമുഖം നടത്തിയത് പിഎസ്സി ചെയര്‍മാന്റെ നേതൃത്വത്തിലുള്ള ബോര്‍ഡാണ്. പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ അടക്കം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.
Kerala
തിരുവനന്തപുരം: കേരളത്തിലെ പിഎസ്സി പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടൽ ശക്തമാക്കുന്നു. പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് നൂറോളം പരാതികൾ ഉയർന്ന സാഹചര്യത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുന്നതിനുള്ള നീക്കമാണ് ഗവർണർ നടത്തുന്നത്.
പിഎസ്സി ഭരണഘടനാ സ്ഥാപനമായതിനാൽ അതിനെതിരായ നടപടികളുടെ നിയമസാധ്യത സംബന്ധിച്ചാണ് ഗവർണർ നിയമോപദേശം തേടിയതെന്നാണ് ലോക്ഭവൻ വൃത്തങ്ങൾ പറയുന്നത്. രാഷ്ട്രപതി വിഷയം സുപ്രീംകോടതിയുടെ അന്വേഷണത്തിന് റഫർ ചെയ്താൽ പിഎസ്സി ചെയർമാനെയും അംഗങ്ങളെയും സസ്പെൻഡ് ചെയ്യാൻ ഗവർണർക്ക് കഴിയുമോയെന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.
സുപ്രീംകോടതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതിക്ക് പിഎസ്സിയെ പിരിച്ചുവിടാൻ ഭരണഘടനാപരമായി സാധിക്കുമോയെന്നും ഗവർണർ പരിശോധിക്കുന്നുണ്ട്. നിലവിലെ സർക്കാർ നടപടികളിലും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണത്തിലും ഗവർണർ തൃപ്തനല്ലെന്നാണ് ലോക്ഭവൻ വൃത്തങ്ങളുടെ വിശദീകരണം.
രണ്ടുമാസമായി വിവാദം തുടരുന്ന സാഹചര്യത്തിലും കേസിൽ കാര്യമായ വഴിത്തിരിവുണ്ടായിട്ടില്ലെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ. പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് നൂറോളം പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും നിലവിൽ പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റു പരാതികൾ പരിശോധിച്ചുവരികയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നുമാണ് അന്വേഷണസംഘത്തിന്റെ നിലപാട്.
അതിനിടെ ചരിത്രത്തിലാദ്യമായി പോലീസ് പിഎസ്സിയുടെ പരീക്ഷാവിഭാഗത്തിലെത്തി രേഖകൾ പരിശോധിച്ചതും കേസിൽ നിർണായക നീക്കമായിരുന്നു. എന്നാൽ ഇതുവരെ സമഗ്രമായ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഗവർണർ നേരിട്ട് ഇടപെടൽ ശക്തമാക്കുന്നത്.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷയിൽ ഉൾപ്പടെ ക്രമക്കേടുകൾ നടന്നതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലഭിച്ച വിവരങ്ങളിൽ പലതും ഇപ്പോൾ പുറത്തുപറയാനാകില്ലെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഗൗരവമായ അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രൈംബ്രാഞ്ച് റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎസ്സി ചെയർമാന്റെ ഔദ്യോഗിക വാഹനത്തിന് ഒമ്പത് വർഷമായി യാത്രാരേഖകളില്ലെന്ന പരാതിയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 500 ഒഴിവുകളുണ്ടായിരുന്നപ്പോഴാണ് എൽപിഎസ്ടി പരീക്ഷ നടത്തിയത്. തുടർന്ന് 15,000 പേരുടെ റാങ്ക് പട്ടിക തയാറാക്കി.
എന്നാൽ ഇതേ കാലയളവിൽ ഡിവിഷൻ ഫാൾ കാരണം 1,131 അധ്യാപകർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. അവരെ സംരക്ഷിക്കേണ്ട സാഹചര്യം നിലനിന്നതിനാൽ യഥാർഥത്തിൽ ആവശ്യമായ ഒഴിവുകൾ ഉണ്ടായിരുന്നില്ല. ഇതോടെ റാങ്ക് പട്ടികയിലുള്ളവരുടെ നിയമനം നിലവിലെ യുഡിഎഫ്. സർക്കാരിന് ബാധ്യതയായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധ്യാപക-വിദ്യാർഥി അനുപാതം 1:40ൽനിന്ന് 1:30 ആയി കുറച്ചതോടെ നിയമനസാധ്യത വർധിച്ചെങ്കിലും ഇപ്പോൾ അത് 1:25 ആക്കണമെന്നാണ് ആവശ്യം. അതേസമയം സർക്കാർ സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം കുറയുന്ന സാഹചര്യവുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എൽപി.എസ്ടിസമരക്കാരുമായി വിദ്യാഭ്യാസ മന്ത്രി മൂന്ന് തവണയും മുഖ്യമന്ത്രി ഒരുതവണയും ചർച്ച നടത്തിയതായി സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം ആരംഭിച്ച എസ്ഐടിയ്ക്ക് പരാതി പ്രവാഹം. ആദ്യ ദിവസം പത്തിലേറെ പരാതികളാണ് ലഭിച്ചത്. കെഎഎസ് പരീക്ഷയിലും ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയിലും ഉള്‍പ്പെടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം.
പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. പിഎസ്സിയിലെ രേഖകളും പരിശോധിക്കും. പിഎസ്സി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം പ്രാഥമിക റിപ്പോര്‍ട്ട് ജൂലൈ 25ന് ഡിജിപിക്കു കൈമാറും. പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുക.
പിഎസ്സി ക്രമക്കേട് അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിലെ അംഗസംഖ്യ എട്ടായി ഉയര്‍ത്തി. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എഡിജിപി എച്ച്. വെങ്കിടേഷിനാണ് മേല്‍നോട്ട ചുമതല. ഒരു എസ്പിയും ഡിവൈഎസ്പിയും ഇന്‍സ്പെക്ടറും അന്വേഷണസംഘത്തിലുണ്ട്.
പ്ലാനിംഗ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുളള പരീക്ഷ, ഡിവൈഎസ്പി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്, കെഎഎസ് എന്നിങ്ങനെ ആദ്യം അന്വേഷിക്കേണ്ട പരീക്ഷകളുടെ പട്ടിക അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. ഓരോ ദിവസവും ആരോപണങ്ങള്‍ ഉയരുന്നത് കണക്കിലെടുത്ത് പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം തുടര്‍നടപടി എന്ന നിലപാടാണ് അന്വേഷണസംഘത്തിനുളളത്. പിഎസ്സിക്കെതിരെ പ്രതിദിനം പരാതികളുയരുന്ന സാഹചര്യത്തിലായിരുന്നു സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.
ആസൂത്രണ ബോര്‍ഡ് ചീഫ്, കെഎഎസ് പരീക്ഷകളില്‍ അടക്കമാണ് ക്രമക്കേട് ആരോപണം ഉയര്‍ന്നത്. സമാന തസ്തികകളിൽ മുന്‍പ് നടന്നിട്ടുള്ള അഭിമുഖങ്ങളിലും എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയിലും ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നിരുന്നു. ഹോട്ടല്‍ മാനേജ്മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന പരീക്ഷയിലും പരാതി ഉയർന്നിട്ടുണ്ട്.
CAREER DEEPIKA
കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) അസിസ്റ്റന്റ് പ്രൊഫസർ ഉൾപ്പെടെ നിരവധി തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ സേവനം, വ്യാവസായിക പരിശീലനം, പട്ടികജാതി വികസന വകുപ്പ് തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളിലാണ് ഒഴിവുകൾ. മെയ് 1, 2025-ന് പുറത്തിറങ്ങിയ ഗസറ്റ് വിജ്ഞാപനത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
സെർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, അനാട്ടമി, മെഡിക്കൽ ഓങ്കോളജി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ), നഴ്സ് ഗ്രേഡ് II, ഓവർസിയർ ഗ്രേഡ് III, ഹൈസ്കൂൾ ടീച്ചർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഓരോ തസ്തികയുടെയും വിശദമായ യോഗ്യതകൾ പി.എസ്.സിയുടെ വെബ്സൈറ്റിൽ കാണാവുന്നതാണ്.
സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഏറെ പ്രയോജനകരമാണ്. സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കുകയും ആവശ്യമായ രേഖകൾ സഹിതം അഭിമുഖത്തിന് തയ്യാറെടുക്കുകയും ചെയ്യുക. സുരക്ഷിതവും സ്ഥിരവുമായ ഒരു തൊഴിൽ ജീവിതം കെട്ടിപ്പടുക്കാൻ ഇത് സഹായകമാകും