Kerala
തിരുവനന്തപുരം: കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ലെറ്റർഹെഡിൽ വ്യാജവാർത്ത സൃഷ്ടിച്ച് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും സംസ്ഥാന പോലീസ് മേധാവിക്കും കണ്ണൂർ ജില്ലാ പോലീസ് മേധാവിക്കും കളക്ടർക്കും റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകി.
ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവ ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽനിന്നും വ്യാജവാർത്ത നീക്കം ചെയ്യുകയും നിരോധിക്കുകയും ചെയ്യണമെന്നും സണ്ണി ജോസഫ് പരാതിയിൽ ആവശ്യപ്പെട്ടു.
കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ടി.ഒ. മോഹനനെ പിന്തുണച്ചും കെ. സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തുനൽകി എന്നതാണ് വ്യാജമായി പ്രചരിപ്പിക്കുന്ന കത്തിലെ ഉള്ളടക്കം.
ഈ വ്യാജവാർത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും സാധാരണ വോട്ടർമാരുടെ മനസിൽ സംശയം സൃഷ്ടിക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ പ്രചരിപ്പിച്ചതാണ്. കെ. സുധാകരന്റെ സ്ഥാനാർഥിത്വത്തെ താൻ എതിർത്തുവെന്ന തരത്തിൽ തെറ്റായ ധാരണ ഉണ്ടാക്കുകയാണ് ഇത്തരമൊരു വ്യാജ കത്തിന്റെ ലക്ഷ്യം.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിൽ ഒരു കത്തും താൻ തയാറാക്കുകയോ എഐസിസി അധ്യക്ഷന്‍ നൽകുകയോ ചെയ്തിട്ടില്ല. എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് തന്റെ ഒപ്പ് കൃത്രിമമായി സൃഷ്ടിച്ചാണ് ഈ വ്യാജ കത്ത് തയാറാക്കിയിരിക്കുന്നതെന്നും പരാതിയിൽ സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമ പ്രചാരണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക മാർഗനിർദേശങ്ങൾ നിലനിൽക്കെയാണ് തന്റെ പേരിൽ ഇത്തരത്തിൽ ഒരു വ്യാജ പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Kerala
കണ്ണൂര്‍: പേരാവൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ,കെ. ശൈലജയെ പരിഹസിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ്. ശൈലജയ്ക്ക് ഓരോ തോല്‍വിയിലും പാര്‍ട്ടിയിൽ പ്രമോഷനാണെന്നാണ് സണ്ണി ജോസഫ് പറഞ്ഞത്.
വടകരയില്‍ തോറ്റപ്പോള്‍ ശൈലജ കേന്ദ്ര കമ്മിറ്റിയിലെത്തി. ഇത്തവണ പോളിറ്റ് ബ്യൂറോയിലെത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു. മട്ടന്നൂരിൽ നിന്നാണ് ശൈലജ പേരാവൂരിലേക്ക് മാറുന്നത്.
2006 മുതൽ 2011 വരെ പേരാവൂർ എംഎൽഎയായിരുന്നു ശൈലജ. പിന്നീട് നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പേരാവൂരിൽ നിന്ന് മൂന്ന് തവണ എംഎൽഎയായി. ഇപ്രാവശ്യം പേരാവൂർ പിടിച്ചെടുക്കാം എന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.
Kerala
കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന് ഷാജി വി. ജോസഫ് ഇന്ന് ബിജെപിയില്‍ ചേരും.
പുതിയതെരുവില്‍ നടക്കുന്ന എന്‍ഡിഎ റോഡ് ഷോയില്‍ പങ്കെടുക്കുന്ന ഷാജി വി. ജോസഫ്, അഴീക്കോട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഉദ്ഘാടന ചടങ്ങില്‍ സദാനന്ദ് ഷെട്ട് താനേവാദ് എംപിയില്‍ നിന്നും അംഗത്വം സ്വീകരിക്കും.
നേരത്ത, മമ്പറത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്ത സംവാദത്തിലും ഷാജി വി. ജോസഫ് എത്തിയിരുന്നു. ഗ്യാസ് ഏജന്‍സി ലൈസന്‍സുമായി ബന്ധപ്പെട്ട നിവേദനവുമായാണ് എത്തിയത്.
കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മക്കള്‍ക്ക് ബിജെപിയില്‍ പോകാമെങ്കില്‍ തനിക്കുമാവാമെന്നാണ് ഷാജി അന്ന് പ്രതികരിച്ചത്.
Kerala
കണ്ണൂർ: കെഎസ്യു പ്രവർത്തകർക്കെതിരേ വ്യാജ പരാതി നൽകിയ മന്ത്രി വീണാ ജോർജും സിപിഎം നേതൃത്വവും മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും അഴിച്ചുവിട്ട കള്ളപ്രചാരണമാണ് കേരളത്തെ കലാപകലുഷിതമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ഡിസിസി ഓഫീസിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്. കണ്ണൂർ ഡിസിസി അടക്കമുള്ള കോൺഗ്രസ് ഓഫീസുകൾക്കും വീടുകൾക്കും നേരേ സിപിഎം അക്രമം അഴിച്ചുവിടാൻ കാരണം ആരോഗ്യമന്ത്രി നാടകം കളിച്ചതുകൊണ്ടാണ്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കലാപാഹ്വാനംകൂടി നടത്തിയതോടെ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു.
ആരോഗ്യമന്ത്രിയുടെ കള്ളത്തരമാണ് നാട്ടിൽ അക്രമമുണ്ടാകാൻ കാരണം. ഇക്കാര്യത്തിൽ ഗൂഢാലോചന ഉണ്ടെങ്കിൽ അന്വേഷിക്കണം. കെഎസ്യു പ്രവർത്തകർക്കെതിരായ കള്ളക്കേസ് പിൻവലിക്കാനും തെറ്റ് തിരുത്താനും പോലീസും സർക്കാരും തയാറാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സജീവ് ജോസഫ് എംഎൽഎ എന്നിവരും പങ്കെടുത്തു.
Kerala
മട്ടന്നൂർ: ആരോഗ്യ മന്ത്രിക്ക് കെഎസ്യു പ്രവർത്തകരിൽനിന്ന് കൈയേറ്റം ഉണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
കണ്ണൂർ വിമാനത്താവളത്തിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാസ്തവവിരുദ്ധമായ കാര്യം പറഞ്ഞ് അക്രമം അഴിച്ചുവിട്ടത് ആരോഗ്യമന്ത്രിയാണ്. എന്തു പരിക്കാണെന്ന് മന്ത്രി കാണിക്കട്ടെ. വീണാ ജോർജിന്റേത് അഭിനയമാണോയെന്ന് ജനം വിലയിരുത്തും.
കരിങ്കൊടി കാണിച്ചുവെന്നതു യാഥാർഥ്യമാണ്. അവരെ പോലീസ് വളഞ്ഞിട്ട് പിടിച്ചിരുന്നു. ആരോഗ്യമന്ത്രിയാണ് ഇങ്ങോട്ട് ആക്രോശിച്ചത്. പോലീസുകാർ മന്ത്രിക്ക് സംരക്ഷണം ഒരുക്കുന്നതല്ലാതെ പ്രവർത്തകരിൽനിന്ന് അക്രമം ഉണ്ടാകുന്നതൊന്നും ദൃശ്യങ്ങളിലില്ല.
ആരോഗ്യവകുപ്പിനും സർക്കാരിനുമെതിരേ ഉയരുന്ന പ്രതിഷേധങ്ങൾ തടയുന്നതിനുവേണ്ടി കെട്ടിച്ചമച്ച കള്ളപ്രചാരണമാണിത്. യഥാർഥത്തിൽ സിപിഎം പ്രവർത്തകരാണ് അക്രമം അഴിച്ചുവിട്ടത്. ഡിസിസി ഓഫീസ് ആക്രമിച്ചത് സിപിഎം ജില്ലാ നേതാക്കന്മാരുടെ അറിവോടെയാണ്. എല്ലാ അന്വേഷണത്തോടും സഹകരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
കണ്ണൂർ: ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുകയും നഷ്ടപരിഹാരവും നൽകുകയും ചെയ്യണമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
അതീവ ഗുരുതരവും ഞെട്ടിപ്പിക്കുന്ന സംഭവവുമാണ് ആലപ്പുഴ മെഡിക്കൽ കോളജിൽ നടന്നത്. ആരോഗ്യമേഖല അമേരിക്കൻ നിലവാരത്തിലെത്തിയെന്നു മേനി പറയുന്ന ഇടതുസർക്കാർ ആരോഗ്യമേഖലയെ തകർക്കുകയാണു ചെയ്തതെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Kerala
പാലക്കാട്: യുഡിഎഫിലേക്കു പോകുന്നതിന്റെ ഭാഗമായല്ല കെടിഡിസി ചെയർമാൻസ്ഥാനം രാജിവച്ചതെന്നു പി.കെ. ശശി. കെടിഡിസിയുടെ ചെയർമാൻസ്ഥാനത്തുനിന്നു താൻ സ്വന്തം ഇഷ്ടപ്രകാരമാണ് രാജിവച്ചത്. ആരുടെയോ സമ്മർദമോ പ്രേരണയോ നിർദേശമോ ഉണ്ടായിരുന്നില്ല. ഒരു കമ്മിറ്റിയും രാജിവയ്ക്കാൻ തന്നോടു നിർദേശിച്ചിരുന്നില്ല.
അഞ്ചുവർഷക്കാലത്തെ കെടിഡിസി പ്രവർത്തനത്തിൽ താൻ പൂർണതൃപ്തനാണെന്നു രാജിക്കത്തിൽ പറഞ്ഞിട്ടുണ്ട്. ഒരു ടീമായി പ്രവർത്തിച്ചതിന്റെ ഭാഗമായാണ് കെടിഡിസി ലാഭത്തിലാക്കാൻ കഴിഞ്ഞത്. അതിന്റെ ചാരിതാർഥ്യത്തോടെയാണു പടിയിറങ്ങുന്നത്. വ്യക്തിപരമായ കാരണങ്ങൾകൊണ്ടാണ് രാജിയെന്നും ശശി പറഞ്ഞു.
“ഈ സെക്കൻഡുവരെ സണ്ണി ജോസഫ് എന്ന മനുഷ്യനുമായി സംസാരിച്ചിട്ടില്ല. ഒരു യുഡിഎഫ് നേതാവുമായിട്ടുപോലും എന്റെ ചേരിമാറ്റം സംബന്ധിച്ചു സംസാരിച്ചെന്നു തെളിയിച്ചാൽ മാധ്യമങ്ങൾ പറയുന്ന പണി ഞാൻ ചെയ്യും. ഞാൻ ഇപ്പോഴും സിപിഎം അംഗമാണ്. ട്രേഡ് യൂണിയൻ ഭാരവാഹിയാണ്. മറിച്ച് ഒരു തീരുമാനം എടുത്തിട്ടില്ല. ഒരു മാറ്റത്തെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല.
ഇടതുപക്ഷരാഷ്ട്രീയം മുറുകെപ്പിടിക്കുന്ന ആളാണ്. കഴിഞ്ഞ 45 വർഷത്തെ പ്രവർത്തനം നോക്കിയാൽ അത് എല്ലാവർക്കും മനസിലാകും. അങ്ങനെയുള്ള എന്നോട് ഇടയ്ക്കിടെ യുഡിഎഫിലേക്കു പോകുകയാണോയെന്ന് ചോദിക്കുന്നതു ശുദ്ധ ആഭാസമാണ്. നാളത്തെ കാര്യം എന്താകുമെന്ന് ആർക്കും പറയാൻ കഴിയില്ലല്ലോ’’- ശശി കൂട്ടിച്ചേർത്തു.
National
ന്യൂഡല്‍ഹി: ബാര്‍ സമയമാറ്റം പ്രതിപക്ഷത്തോട് ചര്‍ച്ച ചെയ്തെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ വാദം തള്ളി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്.
എല്‍ഡിഎഫ് കണ്‍വീനര്‍ പോലും അറിയാത്ത സമയമാറ്റം പ്രതിപക്ഷം അറിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്തരവാദിത്വം പ്രതിപക്ഷത്തിന്റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും പൂര്‍ണ ഉത്തരവാദിത്വം ഭരണപക്ഷത്തിനാണെന്നും അദ്ദേഹം പ്രതികരിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഓരോരുത്തർക്കായി ജാമ്യം ലഭിക്കുന്നു. ജയിലില്‍ കഴിയുന്ന പാര്‍ട്ടി നേതാക്കള്‍ക്കെതിരേ ഒരു അച്ചടക്ക നടപടിപോലും സ്വീകരിച്ചിട്ടില്ല. ഇവര്‍ക്ക് നല്കുന്ന സംരക്ഷണത്തിന്റെ തണലില്‍ മറ്റു പ്രതികളും ജയില്‍ മോചിതരാകുന്നു. പ്രത്യേക അന്വേഷണസംഘം പരാജയപ്പെട്ടു.
നഷ്ടപ്പെട്ട സ്വര്‍ണം എത്രയാണെന്ന് കണ്ടെത്താന്‍പോലും അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി. ക്ഷേത്രക്കൊള്ള ഉള്‍പ്പെടെ വന്‍ കൊള്ള നടത്തുന്ന പിണറായി സര്‍ക്കാരിനെ പുറത്താക്കുക തന്നെ ചെയ്യുമെന്നും കെപിസിസി അധ്യക്ഷന്‍ ദീപികയോടു പറഞ്ഞു. സംസ്ഥാനത്താകെ സര്‍ക്കാരിനെതിരേ ജനവികാരം പ്രകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് ഡല്‍ഹിയില്‍ എത്തിയതായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും താരപ്രചാരകരുടെ റാലി ഉള്‍പ്പെടെയുള്ള വിഷയങ്ങളും നേതൃത്വവുമായി ചര്‍ച്ച ചെയ്തു. കെപിസിസി അധ്യക്ഷപദവി മാറാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതടക്കുള്ള കാര്യം നേതൃത്വവുമായി ചര്‍ച്ച ചെയ്തതായാണ് സൂചന.
ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയശേഷം സ ണ്ണി ജോസഫ് ഇന്ന് കേരളത്തിലേക്ക് മടങ്ങും.
Kerala
കാസർഗോഡ്: കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള നവജീവനയാത്രയ്ക്കു കാസർഗോട്ട് തുടക്കമായി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ജാഥാ ക്യാപ്റ്റനായ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർ ഖാന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ജീവനക്കാരുടെ ആശങ്കകൾക്ക് പരിഹാരമാകണമെങ്കിൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യപ്രഭാഷണം നടത്തി.
എൻ.എ. നെല്ലിക്കുന്ന് എംഎൽഎ, ഹക്കിം കുന്നിൽ, കെ. നീലകണ്ഠൻ, ബാലകൃഷ്ണൻ പെരിയ, അനിൽ ബോസ്, എ. ഗോവിന്ദൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരില്‍ പി.വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
ബേപ്പൂര്‍ എംഎല്‍എയായി പി.വി. അൻവർ ബേപ്പൂരിൽ ജയിച്ചുവരുമെന്നും ഘടകകക്ഷികളുമായി ചർച്ച പുരോഗമിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, ബേപ്പൂരിൽ പി.വി. അൻവർ പ്രചാരണം തുടങ്ങിയിരുന്നു. മുസ്ലീം ലീഗ് നേതാവ് എം.സി. മായിന്‍ ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വർ നേരിട്ട് കണ്ട് പിന്തുണ തേടിയിരുന്നു.
Kerala
തിരുവനന്തപുരം: രക്തസാക്ഷികളുടെ ഫണ്ട് തിരിമറി നടത്തുന്ന പാർട്ടിയാണ് സിപിഎമ്മെന്ന ജില്ലാ കമ്മിറ്റി അംഗത്തിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
രക്തസാക്ഷി ഫണ്ട് വെട്ടിപ്പിൽ മറുപടി പറയുന്നതിനുപകരം അത് വെളിപ്പെടുത്തിയ വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽനിന്ന് പുറത്താക്കുകയാണ് സിപിഎം ചെയ്തത്. കൂടാതെ കുഞ്ഞികൃഷ്ണനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പത്രസമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഈ വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ തയാറാകുന്നില്ല.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. കരുവന്നൂർ ബാങ്ക് നിക്ഷേപ തട്ടിപ്പ് കേസിൽ സിപിഎം പാർട്ടിയെ 69-ാം പ്രതിയായി പട്ടികയിൽ ചേർത്തത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. ഇതിൽ സിപിഎം നേതൃത്വം മറുപടി പറയണം. സാന്പത്തിക കാര്യങ്ങളിൽ സിപിഎം എവിടെ നിൽക്കുന്നുവെന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.
ശബരിമല സ്വർണക്കൊള്ളയിലും പ്രതികളെ സംരക്ഷിക്കാനാണ് സിപിഎം ശ്രമം. സ്വർണക്കൊള്ള കേസിൽ പ്രിയങ്കാ ഗാന്ധി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ വയനാട് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത് പ്രതികളായ സിപിഎമ്മുകാരെ സംരക്ഷിക്കാനാണ്.
ഗൂഢാലോചനയിലൂടെ സ്വർണക്കൊള്ള നടത്തി ജയിൽ കഴിയുന്ന സിപിഎം നേതാക്കളുടെ ആസ്ഥാനത്ത് ബിജെപി പ്രതിഷേധം നടത്തുന്നില്ല. പ്രതികളായ സിപിഎം നേതാക്കളെ കുറിച്ച് ബിജെപിക്ക് ആക്ഷേപമില്ല. പ്രിയങ്കാ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരേയാണ് ബിജെപിക്ക് പരാതി. അത് എന്ത് അടിസ്ഥാനത്തിലാണെന്ന് ബിജെപി നേതൃത്വം മറുപടി പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
കണ്ണൂർ: കേരള കോൺഗ്രസ്-എമ്മിന്റെ വരവ് അടഞ്ഞ അധ്യായമല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
കേരള കോൺഗ്രസ്-എം മുന്നണിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, അത് അടഞ്ഞ അധ്യായമാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും വാതിലുകൾ അടയ്ക്കാനും തുറക്കാനും കഴിയുന്നതാണെന്നും മുട്ടുവിൻ തുറക്കപ്പെടും എന്ന വചനമാണ് ഇതിൽ ഓർമിപ്പിക്കാനുള്ളതെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഭാഗമായി ഈ മാസം 27ന് ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റു ജില്ലകളിൽ കളക്ടറേറ്റുകൾക്കു മുന്നിലും വിശ്വാസ സംരക്ഷണ സംഗമങ്ങൾ നടത്തും. സ്വർണക്കൊള്ള കേസിൽ പ്രതികൾക്കു ജാമ്യം ലഭിക്കാൻ സാഹചര്യം ഒരുങ്ങിയത് ബോധപൂർവമായ ഇടപെടൽ മൂലമാണ്. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാൻ വൈകിയത് നിയമം അറിയാത്തതുകൊണ്ടല്ല, മറിച്ച്, പ്രതികളെ സഹായിക്കാൻ വേണ്ടിയുള്ള ബോധപൂർവമായ നീക്കമായിരുന്നു.
അടൂർ പ്രകാശും കേസിലെ പ്രതിയായ പോറ്റിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ഒരു ജനപ്രതിനിധി എന്ന നിലയിൽ ഒരാളുമായി സംസാരിക്കുന്നതോ ഫോട്ടോ എടുക്കുന്നതോ എങ്ങനെയാണ് കേസുമായി ബന്ധപ്പെടുത്താൻ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. ശബരിമലയിൽ ചുമതലയുള്ള ഒരാളുമായി എംപി എന്ന നിലയിൽ പരിചയപ്പെടുന്നതോ ഫോട്ടോ എടുക്കുന്നതോ തെറ്റല്ല. ആ കാലയളവിൽ പ്രതികളെ സഹായിക്കാൻ കഴിയുന്ന പദവിയിലായിരുന്നില്ല അടൂർ പ്രകാശെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രാജ്ഭവന് മുന്നിൽ രാപ്പകൽ സമരം ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾ കോൺഗ്രസ് സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി ഗാന്ധിജി രക്തസാക്ഷിത്വം വരിച്ച 30ന് എല്ലാ പഞ്ചായത്തുകളിലും ദേശീയ തൊഴിലുറപ്പ് സംരക്ഷണ ദിനമായി ആചരിക്കാൻ തീരുമാനിച്ചു.
അന്നേദിവസം തൊഴിലുറപ്പ് പദ്ധതിയുടെ സംരക്ഷണത്തിനായി വിപുലമായ പ്രത്യേക പരിപാടികളും സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി 27ന് തിരുവനന്തപുരത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും.
സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങളുമായി യുഡിഎഫും കോൺഗ്രസും മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: സമുദായ നേതാക്കള്‍ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
എന്‍എസ്എസ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ വി.ഡി. സതീശനെതിരേ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തി. അത് ഒഴിവാക്കേണ്ടതായിരുന്നു.
സമുദായ സംഘടനകളുമായി സൗഹൃദം നിലനിര്‍ത്താനും അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനുമാണ് ശ്രമിക്കുന്നത്. തര്‍ക്കത്തിലേക്കു നീങ്ങുന്നില്ലെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു.
Kerala
കൊച്ചി: പ്രതിപക്ഷനേതാവ് പറഞ്ഞ വിസ്മയം ജനങ്ങളുടെ പിന്തുണയാണെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. യുഡിഎഫിന് പിന്തുണ നല്കുന്ന ജനവിഭാഗം, ശരിതെറ്റിന്റെ രാഷ്ട്രീയം മനസിലാക്കുന്ന ജനങ്ങള്‍, ഭരണമാറ്റം ആഗ്രഹിക്കുന്നവർ തുടങ്ങിയവരെല്ലാം യുഡിഎഫിനൊപ്പം വരും.
വിചാരിച്ചതിനേക്കാള്‍ ജനപിന്തുണയാണ് യുഡിഎഫിനു തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ജനവിശ്വാസത്തിന്റെ കരുത്തില്‍ മുന്നോട്ടുപോകും. മുഖ്യമന്ത്രി പറഞ്ഞ 110 സീറ്റ് ജനങ്ങള്‍ക്കുവേണ്ടിയാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
കേരള കോണ്‍ഗ്രസ്- എമ്മുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. മുസ്ലിം ലീഗ് ചര്‍ച്ച നടത്തിയതിനെക്കുറിച്ച് അറിയില്ല. മുന്നണിയുടെ നന്മയ്ക്കായി ആര്‍ക്കും അവരുടേതായ സംഭാവനകള്‍ നൽകാം. യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലീകരിക്കും.
തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൂടുതല്‍ സീറ്റ് ചോദിച്ചിട്ടില്ല. പാലാ, കൊട്ടാരക്കര സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ല. താന്‍ മത്സരിക്കുന്ന കാര്യത്തിലടക്കം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും. ധര്‍മടത്ത് കരുത്തനായ മത്സരാർഥിയുണ്ടാകും.
രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈപിടിച്ച് രാജിവയ്പിക്കാനാകില്ല. അതു വ്യക്തിപരമായ കാര്യമാണ്. അദ്ദേഹം നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ല. രാജിവയ്ക്കുന്നതാണു നല്ലതെന്ന് താന്‍ നേരത്തേ പറഞ്ഞിരുന്നുവെന്നും സണ്ണി ജോസഫ് കൊച്ചിയില്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ചു ബിജെപി ഭരണകൂടം തൊഴിലുറപ്പു പദ്ധതിയെ കഴുത്തുഞെരിച്ചു കൊല്ലുകയാണെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കർഷകർക്കെതിരേ ഏകപക്ഷീയമായി അടിച്ചേൽപ്പിച്ച മൂന്നു കിരാതനിയമങ്ങൾ ജനകീയ പ്രതിഷേധത്തെത്തുടർന്നു കേന്ദ്രസർക്കാരിനു പിൻവലിക്കേണ്ടിവന്നതു ചരിത്രമാണ്.
അതുപോലെ ഈ തെറ്റായ നയവും കേന്ദ്രസർക്കാരിനു തിരുത്തേണ്ടിവരും. ഗ്രാമീണ ജനതയുടെ ദാരിദ്ര്യം അകറ്റുക എന്ന ലക്ഷ്യത്തോടെയാണു യുപിഎ സർക്കാർ ദേശീയ തൊഴിലുറപ്പു പദ്ധതി നടപ്പാക്കിയത്. ഗ്രാമസ്വരാജ് എന്ന ഗാന്ധിയൻ സങ്കൽപ്പം യാഥാർഥ്യമാക്കുന്നതിനാലാണ് ആ പദ്ധതിക്ക് ഗാന്ധിജിയുടെ പേര് നൽകിയത്. ബിജെപി തുടക്കം മുതൽ ഈ പദ്ധതിക്കെതിരായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
പാവപ്പെട്ടവന്റെ കൈകളിലേക്കു പണമെത്തിച്ച പദ്ധതിയെ ഇഞ്ചിഞ്ചായി കൊല്ലുന്നതിനുള്ള നിയമമാണു കേന്ദ്രസർക്കാർ ഉണ്ടാക്കിയതെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ചരിത്രത്തെ മാറ്റിയെഴുതുകയെന്നതു ഫാസിസ്റ്റ് ശൈലിയാണ്. ഏകാധിപതികൾ എക്കാലവും ശ്രമിച്ചിട്ടുള്ളത് അവർക്ക് ഹിതമായ ചരിത്രം സൃഷ്ടിക്കാനാണ്.
അതിന്റെ ഭാഗമാണു ചരിത്രപുരുഷമാരെ തമസ്കരിക്കാനുള്ള നടപടി. സ്വാതന്ത്ര്യസമരത്തെയും നേതാക്കളെയും ഒറ്റുകൊടുത്ത അഞ്ചാംപത്തി നേതാക്കളുടെ പേരിലേക്കു പല പദ്ധതികളും പുനർനാമകരണം ചെയ്യാനാണു മോദി സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരേ കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടം ഫാസിസത്തിനെതിരായ ശക്തമായി ചെറുത്തുനിൽപ്പായി മാറുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ലോക്ഭവനു മുന്നിൽ നടക്കുന്ന രാപകൽ സമരത്തിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ്, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, മുൻ കെപിസിസി പ്രസിഡന്റുമാരായ കെ. മുരളീധരൻ, എം.എം. ഹസൻ, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്, കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, ഷാഫി പറന്പിൽ, എഐസിസി സെക്രട്ടറിമാരായ പി.വി. മോഹൻ, വി.കെ. അറിവഴകൻ, മൻസൂർ അലി ഖാൻ, കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, എംപിമാർ, എംഎൽഎമാർ, മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.ഇന്നു രാവിലെ 10 ന് രാപകൽ സമരം സമാപിക്കും.
Kerala
കണ്ണൂർ: പുതിയ നിയമനിര്‍മാണത്തിലൂടെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്ത തകര്‍ത്ത മോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രണ്ടാംഘട്ട സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
മുഴുവന്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് 13,14 തീയതികളില്‍ രാജ്ഭവനു മുന്നില്‍ രാപകല്‍ സമരം നടത്തുമെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ 30ന് എല്ലാ പഞ്ചായത്ത് വാര്‍ഡുകളിലും തൊഴിലുറപ്പ് സംരക്ഷണദിനമായി ആചരിക്കും.
പാർലമെന്റിനകത്തും പുറത്തും നടത്തിയ സമരത്തിനു പുറമെ എഐസിസിയുടെ ആഹ്വാനപ്രകാരം കേരളത്തിലും വലിയ സമരങ്ങള്‍ നടത്തി. ഇതിന്റെ തുടര്‍ച്ച യായിട്ടാണ് രണ്ടാംഘട്ട സമരമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
Kerala
സുൽത്താൻ ബത്തേരി: കെപിസിസി നേതൃ ക്യാന്പിലെ ചർച്ചകളും തീരുമാനങ്ങളും കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി പ്രവർത്തനങ്ങൾക്കു വലിയ കരുത്തുനൽകുമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. “എല്ലാവരും ഒറ്റക്കെട്ടായി കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും തുടർന്നുള്ള വിജയപ്രവർത്തനങ്ങൾ തീരുമാനിച്ചു.
നിറഞ്ഞ സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് എല്ലാവരും ക്യാന്പിൽ പങ്കെടുത്തു പിരിഞ്ഞത്. യുഡിഎഫിന് വലിയ വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങൾക്കു കോണ്‍ഗ്രസ് നേതൃത്വം ഹൃദയത്തിൽനിന്നുള്ള നന്ദി അറിയിക്കുകയാണ്. ജനങ്ങൾ അർപ്പിച്ച വിശ്വാസം സംരക്ഷിച്ചുകൊണ്ട് ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളുമായി മുന്നോട്ടുപോകും. അതിശക്തമായ ഭരണവിരുദ്ധ വികാരമാണു തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.
വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷികമേഖലയുടെ തകർച്ച, തീരദേശമേഖലയിലെ പ്രതിസന്ധി, ആശാവർക്കർമാരുടെ ദയനീയാവസ്ഥയ്ക്കെതിരേ സർക്കാർ മുഖം തിരിച്ച് നിന്നത്, അക്രമരാഷ്ട്രീയം, അഴിമതിഭരണം, ശബരിമല സ്വർണക്കൊള്ള എന്നിങ്ങനെ എല്ലാം ചർച്ചയായി. സ്വർണക്കൊള്ളയിൽ പ്രതികളായി ജയിലിൽ കഴിയുന്ന സിപിഎം നേതാക്കളെ മാർക്സിസ്റ്റ് പാർട്ടി സംരക്ഷിച്ചുനിർത്തുന്നതിന്റെ രാഷ്ട്രീയവും ചർച്ചാവിഷയമായി.
കേരളത്തിലെ ജനങ്ങൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മികച്ച വിജയം നൽകി. ഉപതെരഞ്ഞെടുപ്പുകളിലും മികച്ച വിജയം നൽകി. തദ്ദേശതെരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചു. ഇതു നിയമസഭയിലും ആവർത്തിക്കുമെന്ന വിശ്വാസമാണുള്ളത്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ തീരുമാനിച്ചുതന്നെയാണ് ഈ ക്യാന്പിൽ നിന്നു പിരിഞ്ഞത്.
എസ്ഐആർ പട്ടികയിൽ ലക്ഷക്കണക്കിന് അർഹതയുള്ള ആളുകളെ വ്യക്തമായ കാരണങ്ങളില്ലാതെ സാങ്കേതികത്വത്തിന്റെ പേരിൽ ഒഴിവാക്കുകയാണ്. 18 വയസായ മുഴുവൻ പൗരന്മാർക്കും വോട്ടവകാശം നൽകണം. അർഹതപ്പെട്ട മുഴുവൻ പേരെയും പട്ടികയിൽ ഉൾപ്പെടുത്തണം. അനർഹരെ ഒഴിവാക്കണം. നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക കുറ്റമറ്റതായിരിക്കണം.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് എല്ലാ ബൂത്തുകമ്മിറ്റികളും പുനഃസംഘടിപ്പിച്ച് ശക്തീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പുതുതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ക്രമവത്കരണത്തിന്റെ പേരിൽ പ്രത്യേക ഹോംവർക്കൊന്നും നടത്താതെ നിലവിലെ ബൂത്തുകളെ അടർത്തുമാറ്റി മറ്റൊരു ബൂത്തുണ്ടാക്കിയിരിക്കുകയാണ്. അവിടെയും ബൂത്തുകമ്മിറ്റികൾ ശക്തമാക്കും.
ശബരിമല സ്വർണക്കൊള്ളയിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ട് 20നു കെപിസിസിയുടെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് നടത്തും. 23ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ശബരിമല കേസിന്റെ നല്ല നിലയിലുള്ള അന്വേഷണം ആവശ്യപ്പെട്ട് കുറ്റവാളികൾക്ക് ശിക്ഷ ഉറുപ്പാക്കുന്നതിന് ആവശ്യപ്പെട്ടുള്ള സമരം ജില്ലാകളക്ടറേറ്റുകൾക്ക് മുന്പിൽ നടക്കും.
തൊഴിലുറപ്പ് പദ്ധതിയിലെ രാഷ്ട്രപിതാവിന്റെ നാമം വെട്ടിമാറ്റാൻ തെറ്റായ നിയമം കൊണ്ടുവന്നിരിക്കുകയാണ്. ഇതിനെതിരേ ദേശീയതലത്തിൽ തന്നെ സമരങ്ങൾ നടന്നു. ഈ സമരം ശക്തപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് 13, 14 തീയതികളിൽ എജീസ് (അക്കൗണ്ട്സ് ജനറൽ) ഓഫീസിനു മുന്പിൽ കെപിസിസിയുടെ നേതൃത്വത്തിൽ രാപകൽ സമരം നടത്തും.
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെയും സ്ഥാനാർഥികളായവരുടെയും പങ്കാളിത്തതോടെ ഒരു മഹാപഞ്ചായത്ത് 19ന് നടക്കും. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന്റെ യാത്ര ഫെബ്രുവരി ആറു മുതൽ നടക്കും. പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽ നടത്തുന്ന യാത്ര കടന്നുപോകുന്പോൾ തന്നെ സ്ഥാനാർഥി നിർണയുമായി ബന്ധപ്പെട്ട നടപടികളും നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കണ്ണൂർ: ശബരിമല സ്വർണക്കൊള്ളയിൽ ആരോപണവിധേയനായ പോറ്റിയുമായി ബന്ധപ്പെടുത്തി കോൺഗ്രസ് നേതാക്കൾക്കെതിരേ സിപിഎമ്മും ബിജെപിയും നടത്തുന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
കോൺഗ്രസിനെ ആക്ഷേപിക്കാനായി സിപിഎമ്മും ബിജെപിയും ഒന്നിച്ചു പരിശ്രമിക്കുകയാണെന്നും സണ്ണി ജോസഫ് കണ്ണൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. കൊള്ള നടത്തിയവരെ സംരക്ഷിക്കാനായി ഭരണസംവിധാനത്തെ സിപിഎം ദുരുപയോഗം ചെയ്യുകയാണ്.
കോണ്‍ഗ്രസ് രാജ്യത്തും സംസ്ഥാനത്തും പ്രതിപക്ഷത്താണ്. അതുകൊണ്ട് ശബരിമലയിലെ കള്ളന്മാര്ക്ക് ഒത്താശ ചെയ്യാന്‍ സാധിക്കുക ഭരണകക്ഷിക്കാണ്. ശബരിമലക്കൊള്ളയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പ്രതികള്‍ക്കെതിരേ സിപിഎം ചെറിയ ശിക്ഷണനടപടി പോലും എടുത്തില്ല. പോറ്റി മുഖ്യമന്ത്രിയുടെ അടുത്തെത്തിയത് എന്തിനാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് ജയിക്കാന്‍ യുഡിഎഫ് സ്വതന്ത്രനെ പണം നല്കി സിപിഎം സ്വാധീനിച്ചു. അതിന്റെ ഫോണ്‍ സന്ദേശം പുറത്തുവന്നു. കുതിരക്കച്ചവടം നടത്തി തെരഞ്ഞെടുപ്പ് പരാജയം മറച്ചുപിടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മറ്റത്തൂരിലും കാലുമാറ്റത്തിനു പ്രോത്സാഹനം നടത്തുകയാണു ചെയ്തത്. ഇതെല്ലാം സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളാണു തെളിയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം അംഗീകരിക്കുന്നതിന് പകരം കുതിരക്കച്ചവടത്തിലൂടെ അധികാരം ഉറപ്പിക്കാനുള്ള സിപിഎം നടപടികള്‍ പ്രതിഷേധാര്‍ഹവും തികച്ചും ജനാധിപത്യ വിരുദ്ധവുമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുന്നതിന് യുഡിഎഫ് സ്വതന്ത്രനായി വിജയിച്ച അംഗത്തെ സിപിഎം വിലയ്ക്കെടുത്തത് എങ്ങനെയെന്നതു തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടുണ്ട്. അധികാരസ്ഥാനവും ലക്ഷക്കണക്കിന് രൂപയും വാഗ്ദാനം ചെയ്തും നല്‍കിയും അധികാരത്തുടര്‍ച്ചയ്ക്ക് വേണ്ടി സിപിഎം നടത്തിയ അധാര്‍മികവും നിയമവിരുദ്ധവുമായ നടപടികള്‍ അവരുടെ ഉന്നത നേതൃത്വത്തിന്റെ അറിവോടും പങ്കാളിത്തത്തോടും കൂടിയാണ് നടന്നിട്ടുള്ളത്.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലും കൂറുമാറ്റത്തിനും കുതിരക്കച്ചവടത്തിനും സിപിഎം നടത്തിയ കുതന്ത്രങ്ങളും കുടിലബുദ്ധിയും അവരുടെ ജനാധിപത്യ ധ്വംസനത്തിന്റെ മറ്റൊരു ഉദാഹരണമാണ്. വടക്കാഞ്ചേരിയിലെ ഗുരുതരമായ കുറ്റകൃത്യത്തില്‍ നേരിട്ടും ഗൂഢാലോചനയിലും പങ്കാളികളായവരെ അറസ്റ്റ് ചെയ്തു നിയമനടപടി സ്വീകരിക്കണം. ഇവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനുള്ള ധൈര്യം സിപിഎം കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
കണ്ണൂർ: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന ബജ്റംഗ്ദൾ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് സിഎസ്ഐ ദക്ഷിണ കേരള രൂപതയായ നാഗ്പുർ മിഷൻ വൈദികനായ ഫാ.സുധീര്‍, ഭാര്യ ജാസ്മിന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത് രാജ്യത്തെ മതസ്വാതന്ത്ര്യത്തിനു മേലുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. പോലീസിന്റെ നടപടി ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും സമത്വത്തിനും നേരെയുള്ള ഗുരുതരമായ വെല്ലുവിളിയാണിത്.
രാജ്യത്തെ ഓരോ പൗരനും ഭയമില്ലാതെ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കണം. ബിജെപി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് ക്രൈസ്തവ സമൂഹത്തിന് എതിരെ നടക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണിത്. വര്‍ഗീയ ഫാസിസ്റ്റുകളുടെ വിദ്വേഷ രാഷ്ട്രീയം മതേതര ഇന്ത്യയുടെ ആത്മാവിനെയാണ് മുറിവേല്‍പ്പിക്കുന്നത്.
പോലീസ് നടപടിയിലെ നിയമവിരുദ്ധതയും വൈദികന്റെ നിരപരാധിത്വവും ബോധ്യപ്പെട്ടതിനാലാണ് അറസ്റ്റിലായ എല്ലാവര്ക്കും കോടതി ജാമ്യം നല്‍കിയതെന്നും സണ്ണി ജോസഫ് പ്രസ്താവനയിൽ പറഞ്ഞു.സമാധാനപരമായി പ്രാര്‍ഥന നടത്തുന്ന വിശ്വാസികളെ അറസ്റ്റ് ചെയ്ത നടപടി ഒരു ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചു വൈകിവന്ന വിലയിരുത്തലിൽപോലും യാഥാർഥ്യങ്ങൾ മറച്ചുവയ്ക്കാനാണ് സിപിഎം നേതൃത്വം ശ്രമിച്ചതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
തൃശൂർ മറ്റത്തൂരിൽ കോണ്‍ഗ്രസ് പ്രവർത്തകരോ ജനപ്രതിനിധികളോ ആരും ബിജെപിയിൽ ചേർന്നിട്ടില്ല. ജീവനുണ്ടെങ്കിൽ ബിജെപിയിൽ ചേരുകയില്ലെന്നും അവർ പരസ്യമായി വ്യക്തമാക്കിയിട്ടുള്ളതാണ്.
ബിജെപിയുടെ പിന്തുണയോടെ ഒരു സ്വതന്ത്രയെ പഞ്ചായത്ത് പ്രസിഡന്റാക്കിയ നടപടിയെ അതീവ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് കണ്ടത്. ആ തെറ്റ് തിരുത്താൻ അവിടത്തെ കോണ്‍ഗ്രസ് പ്രവർത്തകർ തയാറാകുമെന്നാണ് വിശ്വാസം. കോണ്‍ഗ്രസിനോട് ആത്മാർഥതയും വിശ്വാസ്യതയും അവർ പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പോകാത്തവരെപോലും ബിജെപിയിലേക്ക് പോയെന്ന് ചിത്രീകരിച്ച് കൊട്ടിഘോഷിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയകുടിലതന്ത്രമാണ്. സന്ദീപ് വാര്യർ ബിജെപി വിട്ട് കോണ്‍ഗ്രസിൽ ചേർന്നപ്പോൾ അദ്ദേഹത്തിനെതിരേ സിപിഎം നടത്തിയ പടയൊരുക്കം കേരളജനത കണ്ടതാണ്.
സിപിഎം ജൽപനങ്ങൾ ജനം വിശ്വസിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി.
Kerala
മട്ടന്നൂർ: ചില ആളുകളെ പരിചയപ്പെടുന്നത് അവരുടെ എല്ലാ വിവരങ്ങളും അറിഞ്ഞിട്ടല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സോണിയാ ഗാന്ധിയുടെ അടുത്ത് സ്വർണപ്പാളി കേസ് പ്രതികൾ പോയ സംഭവത്തിൽ മട്ടന്നൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു സ്ഥലത്താണ് മേയർസ്ഥാനാർഥികളെ പ്രഖ്യാപിച്ചു മത്സരിപ്പിച്ചത്. കൊല്ലവും തിരുവനന്തപുരവും. ദീപ്തി മേരി വർഗീസിനു പരാതിയുണ്ടെങ്കിൽ എല്ലാ വിഷയവും പരിശോധിക്കുമെന്ന് മേയർ തർക്കവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുത്തരമായി സണ്ണി ജോസഫ് പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടിക ക്രമക്കേടുകളും വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയും കള്ളവോട്ടും അക്രമങ്ങളുമെല്ലാം ഉണ്ടായിട്ടും യുഡിഎഫ് കേരളമൊട്ടാകെ ചരിത്രവിജയം നേടി. മുഖ്യമന്ത്രി മറ്റെന്തു ന്യായീകരണം പറഞ്ഞാലും വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്മസ് ദിനത്തിൽ ക്രൈസ്തവ ആരാധാനാലയങ്ങൾക്കും പ്രാർഥനാകേന്ദ്രത്തിനും നേരേ നടന്ന അക്രമങ്ങൾ വേദനിപ്പിക്കുന്ന സംഭവങ്ങളാണ്. രാജ്യത്തെ മതേതരത്വത്തെ ചോദ്യം ചെയ്യുന്ന നടപടികളിൽ വലിയ പ്രതിഷേധമാണുയരുന്നത്. ഈ പ്രതിഷേധത്തിൽ താനും പങ്കു ചേരുന്നതായും സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയുടെ ഇന്നു മുതൽ മൂന്നു ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി കെപിസിസി ഓഫീസ് അറിയിച്ചു.
ഡോക്ടർമാർ മൂന്നു ദിവസത്തെ വോയിസ് റസ്റ്റ് നിർദേശിച്ചതിനെ തുടർന്നാണിത്.
Kerala
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ പിന്തുണച്ചു കൊണ്ടുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാമർശത്തിൽ അതൃപ്തിയുമായി കെപിസിസി.
കോൺഗ്രസ് അതിജീവിതക്കൊപ്പമാണെന്നും സർക്കാർ അപ്പീൽ പോകണമെന്നാണ് നിലപാടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഗൂഢാലോചനക്ക് തെളിവ് നൽകാൻ സാധിച്ചില്ല. അടൂര്‍ പ്രകാശിന്റെ പ്രസ്താവന വ്യക്തിപരമായ പ്രസ്താവനയാണ്. കെപിസിസി ആ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
Kerala
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ നടപടി പാർട്ടി തീരുമാനമെന്ന് ഷാഫി പറമ്പിൽ എംപി. ഇനിയുള്ളത് നിയമപരമായുള്ള കാര്യങ്ങൾ. ജാമ്യം കിട്ടിയാൽ തിരിച്ചെടുക്കുമോ എന്ന കാര്യം കെപിസിസി അധ്യക്ഷൻ പറയും.
ഈ തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യുന്നത് ശബരിമല സ്വർണക്കൊള്ളയാണ്. ശബരിമല അയ്യപ്പന്റെ സ്വത്തിനുപോലും സുരക്ഷിതത്വമില്ലാത്ത ഒരു കെട്ടകാലം മുമ്പെങ്ങും ഉണ്ടായിട്ടില്ല. അയ്യന്റെ സ്വർണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും.
സർക്കാർ സ്പോൺസേഡ് കൊള്ളയായിരുന്നു ശബരിമലയിൽ നടന്നത്. സിപിഎം അറിഞ്ഞുകൊണ്ടുള്ള കൊള്ളയാണ് ശബരിമലയിൽ നടന്നതെന്നും ഷാഫി കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണം കാക്കാന്‍ ഉത്തരവാദപ്പെട്ട ദേവസ്വം ബോര്‍ഡാണ് സ്വര്‍ണം കവര്‍ന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി നടത്തുന്ന അന്വേഷണത്തിൽ പൂർണ തൃപ്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. പത്തനംതിട്ട പ്രസ്ക്ലബ്ബിൽ ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കേസന്വേഷണം എസ്ഐടി മനഃപൂർവം നീട്ടിക്കൊണ്ടുപോകുകയാണ്. കേസിൽ കൂടുതൽ ഉന്നതരുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടും അവരിലേക്ക് അന്വേഷണം എത്തുന്നില്ല. മുഖ്യമന്ത്രിയുടെ നിർദേശങ്ങൾക്ക് അനുസരിച്ചുകൂടിയാണ് അന്വേഷണ ഉദ്യോഗസ്ഥർ പെരുമാറുന്നത്. പ്രതികൾക്ക് സല്യൂട്ട് നൽകുന്ന സ്ഥിതിയാണ്.
പ്രതികൾക്ക് ശിക്ഷ കിട്ടണമെങ്കിൽ തെളിവുകൾ അനിവാര്യമാണ്. എന്നാൽ നഷ്ടപ്പെട്ട സ്വർണം എത്രയാണെന്നോ കവർന്ന സ്വർണം ആർക്ക് വിറ്റുവെന്നോ വ്യക്തമല്ല. നഷ്ടമായ സ്വർണം തൊണ്ടിയായി വീണ്ടെടുക്കണം. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം പ്രസിഡന്റുമാരായ എ. പത്മകുമാറും എൻ. വാസുവും ജയിലിലാണ്. ഇവർക്കെതിരേയുള്ള നടപടിയെക്കുറിച്ച് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മിണ്ടുന്നില്ല. പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമായ എ. പത്മകുമാറിനെതിരേ രണ്ട് കേസുകൾ ചുമത്തിയിട്ടും നടപടി ഉണ്ടായില്ല.
തങ്ങളുടെ ആളുകളെക്കുറിച്ച് സിപിഎമ്മിനു വ്യക്തമായ ബോധ്യമുള്ളതിനാലാണ് എല്ലാവരെയും ഒഴിവാക്കി കെ. ജയകുമാറിനെ പ്രസിഡന്റാക്കിയത്. ശബരിമലയിലെത്തിയാൽ സിപിഎം നോമിനികളായ ദേവസ്വം ബോർഡ് ഭാരവാഹികളുടെയും മന്ത്രിയുടെയും ഒക്കെ കണ്ണ് സ്വർണത്തിലാണ്.
ശബരിമല സ്വർണക്കൊള്ളയിൽ ഇഡിയുടെ ഇടപെടലും ദുരൂഹമാണ്. കേരളത്തിൽ ഇഡി നടത്തുന്ന ഇടപെടലുകളും അന്വേഷണങ്ങളുമൊക്കെ സിപിഎമ്മിനു സഹായകരമായിട്ടുള്ളതാണെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
Kerala
കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് കടന്നുപോകുമ്പോഴാണ് വീണ്ടുമൊരു തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്ക്കലെത്തിയിരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം തുടങ്ങിയ വിഷയങ്ങളില്‍ എല്‍ഡിഎഫ് ഉയര്‍ത്തുന്ന ആരോപണങ്ങളെയെല്ലാം പ്രതിരോധിച്ചുകൊണ്ട്, അടിക്കു തിരിച്ചടി നല്കി, രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ട് വിശ്രമമില്ലാതെ ഓടിനടക്കുകയാണു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
കാലം കാത്തുവച്ച അവസരമെന്ന വിലയിരുത്തലില്‍ ഈ തെരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് അദ്ദേഹം. കോഴിക്കോട് ഗവ. ലോ കോളജ് വിദ്യാര്‍ഥിയായിരിക്കേയാണ് സണ്ണി ജോസഫ് രാഷ്ട്രീയത്തിൽ സജീവമായിത്തുടങ്ങിയത്. അതേ കോഴിക്കോടിന്റെ മണ്ണിലായിരുന്നു ഇന്നലെ സണ്ണി ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍. തിരക്കിനിടയിലും അദ്ദേഹം ദീപികയുമായി മനസു തുറക്കാന്‍ സന്നദ്ധനായി.
രാഹുല്‍ മാങ്കൂട്ടം കേസും ശബരിമല സ്വര്‍ണക്കൊള്ളയും. ഇടതു-വലതു മുന്നണികളെ കുരുക്കിലാക്കിയിരിക്കുന്ന വിവാദങ്ങള്‍. ഒരേപോലെ ഗൗരവതരമാണോ ഇവ രണ്ടും?
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള കേസിന്റെ കാര്യം പറഞ്ഞ് ശബരിമല സ്വര്‍ണക്കൊള്ളയെ നിസാരവത്കരിക്കാന്‍ കഴിയില്ല. ശബരിമലയിലെ സ്വര്‍ണം കട്ടുകടത്തിയതിലൂടെ ലക്ഷക്കണക്കിനു വിശ്വാസികളുടെ ഹൃദയത്തിലാണു മുറിവേറ്റത്. അത്രത്തോളം ഗൗരവം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള കേസിനില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ഉടന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ചു. അദ്ദേഹത്തിനെതിരായി എനിക്ക് ഒരു പരാതി പോലും ലഭിക്കും മുമ്പേയാണ് ആ വിഷയം അറിഞ്ഞ് നടപടി സ്വീകരിച്ചത്.
എന്നാല്‍, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ സിപിഎം നേതാക്കളായ വാസുവിനും പത്മകുമാറിനും എതിരേ നടപടി എടുക്കാന്‍ സിപിഎം തയാറായിട്ടില്ല. പ്രത്യേക അന്വേഷണ സംഘം തയാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അവര്‍ക്കെതിരേ ഗുരുതരമായ കണ്ടെത്തലുകള്‍ ആണുള്ളത്. എന്നിട്ടും കുറ്റവാളികളെ സംരക്ഷിക്കുകയാണു സിപിഎം. പത്മകുമാറിനെയും വാസുവിനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയാല്‍ അവര്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തും. ഉന്നത സിപിഎം നേതാക്കള്‍ വരെ കുടുങ്ങുമെന്നതിനാലാണ് പാര്‍ട്ടി ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികളെ സംരക്ഷിക്കുന്നത്.
രാഹുലിനെ കോണ്‍ഗ്രസ് ഒളിപ്പിച്ചിരിക്കുകയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം?
എന്റെ പോക്കറ്റിലാണു രാഹുലിനെ ഒളിപ്പിച്ചുവച്ചിരിക്കുന്നത്. ഗോവിന്ദന് മാഷ് വന്ന് കണ്ടെത്തട്ടെ. അറിയാമെങ്കില്‍ അദ്ദേഹം സ്ഥലം പറയട്ടെ. ഞാനുംകൂടി പോയി പിടിക്കാം. രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്. രാഹുലിന്റെ പാലക്കാട്ടെ ഫ്ളാറ്റ് പോലീസ് പരിശോധിച്ചിട്ടുമുണ്ട്. നിയമം അതിന്റെ വഴിക്കു പോകട്ടെ.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഒന്നര മാസം കഴിഞ്ഞിട്ടല്ലേ പത്മകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്? ശബരിമല സ്വര്‍ണക്കൊള്ള, രാഹുല്‍ മാങ്കൂട്ടം വിഷയങ്ങളില്‍ രണ്ടുപാര്‍ട്ടികളും സ്വീകരിച്ച നിലപാട് വ്യത്യസ്തമല്ലേ?
കുറ്റക്കാരെ സംരക്ഷിക്കുന്നതു ഞങ്ങളുടെ നിലപാടല്ല. രാഹുലിനെതിരായ നടപടികളിലൂടെ അത് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയിലെ സ്വര്‍ണം കട്ട സിപിഎം നേതാക്കള്‍ക്കെതിരേ പാര്‍ട്ടി ഇതുവരെ നടപടി സ്വീകരിച്ചോ? ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്, വിലയിരുത്തുന്നുണ്ട്.
അറസ്റ്റിലായാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എസ്ഥാനം രാജിവയ്ക്കുമോ?
അക്കാര്യം സിനിമാ നടന് മുകേഷ് എംഎല്‍എയുടെ മാതൃകയില്‍ ഞങ്ങള്‍ ആലോചിക്കാം. അത്തരത്തില്‍ രാജിവയ്ക്കുന്നൊരു കീഴവഴക്കമേയില്ല. ആ കട്ടിൽ കണ്ട് സിപിഎം പനിക്കേണ്ട. ധാര്‍മികതയില്‍ ഞങ്ങളും സിപിഎമ്മും രണ്ടു നിലപാടിലാണ്. രാഹുലിനെതിരേയുള്ള ആരോപണങ്ങള്‍ വന്നപ്പോള്‍ത്തന്നെ യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കി. അദ്ദേഹം പാര്‍ട്ടിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ല. അനൗദ്യോഗിക യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടാകാം. ഞങ്ങള്‍ അദ്ദേഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ല. മുകേഷ് എംഎല്‍എ അടക്കം ലൈംഗിക പീഡനക്കേസുകളില്‍പ്പെട്ട നേതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കാത്ത സിപിഎമ്മാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ ഇരട്ടത്താപ്പു കാട്ടുന്നത്. രാഹുലിന്റെ വിഷയത്തില്‍ ഇതില്‍കൂടുതലൊന്നും പറയാനില്ല.
സോണിയാഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരെ വേട്ടയാടുന്നതുപോലെ തന്നെയാണോ പിണറായി വിജയനെതിരായ ഇഡി നടപടിയും?
മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇഡി നടപടി ഒത്തുകളിയുടെ ഭാഗമാണ്. ഇഡി അയച്ച കാരണംകാണിക്കല്‍ നോട്ടീസ് തമാശയാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ശബരിമല വിഷയങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാനുള്ള മസാലയാണിത്. തെരഞ്ഞെടുപ്പു സമയത്ത് മുഖ്യമന്ത്രിയെ സഹായിക്കാന്‍ വേണ്ടിയാണ് കേന്ദ്രത്തിന്റെ ഒത്തുകളി. അതില്‍ പുതുമയുമില്ല. ഒന്നും സംഭവിക്കുകയുമില്ല. ഈ നോട്ടീസിന്റെ ഗതിയും മല എലിയെ പ്രസവിക്കുന്നതു പോലെയാകും.
മുഖ്യമന്ത്രിയുടെ മകന് ഇഡി അയച്ച നോട്ടീസ് ആകാശത്ത് പറന്ന് നടക്കുകയാണ്. ഇല്ലത്തുനിന്നു പുറപ്പെട്ടിട്ട് കുടുംബത്ത് എത്തിയില്ലെന്ന അവസ്ഥയാണതിന്. എന്തിനാണ് നോട്ടീസ് അയച്ചത്? അത് മുഖ്യമന്ത്രിയുടെ മകന് കൈപ്പറ്റിയോ? ഇല്ലെങ്കിലത് ഇഡി വ്യക്തമാക്കട്ടെ. ആ കേസിന്റെ ഗതിയും സ്ഥിതിയുമെന്തായി? സ്വര്‍ണ്ണക്കള്ളക്കടത്ത്, ലൈഫ് മിഷന് കേസുകളില്‍ ഇതുപോലെ നോട്ടീസ് അയച്ചു, ഒടുവിലതും ഒത്തുതീര്‍പ്പാക്കി. ലാവ്ലിന് കേസ് നീട്ടിക്കൊണ്ടുപോയി ഇല്ലായ്മ ചെയ്യാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച നീക്കം നടക്കുന്നു. ശബരിമല സ്വര്‍ണക്കേസില്‍ നിന്നു ജനശ്രദ്ധ തിരിക്കാനുള്ള സിപിഎമ്മിന്റെ അടവുനയമായി ഇഡി നടപടിയെ കാണാം.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കൂട്ടുകെട്ട്?
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫിന് കൂട്ടുകെട്ട് ഉണ്ടെന്ന സിപിഎം ആക്ഷേപം ശരിയല്ല. ജമാഅത്തെ ഇസ്ലാമിയുമായി സിപിഎം കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്ന എം.വി. ഗോവിന്ദന് മാഷിന്റെ വാദം തമാശയാണ്. അവരാണു വ്യക്തമായ കൂട്ടുകെട്ട് മുന്‍പ് ഉണ്ടാക്കിയതെന്നതു പരസ്യമാണ്. വോട്ട് വേണ്ടെന്നു തങ്ങള്‍ പറഞ്ഞിട്ടില്ലെന്നാണ് ഗോവിന്ദന് മാഷ് പറയുന്നത്. അതേ നിലപാടാണ് കോണ്‍ഗ്രസിനുമുള്ളത്.
ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അവകാശവാദങ്ങള്‍ ?
രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് തികച്ചും അനുകൂലമാണ്. കോഴിക്കോട് കോര്‍പറേഷനടക്കം സിപിഎമ്മിന്റെ കോട്ടകളെല്ലാം കടപുഴകും. കോഴിക്കോട് കോര്‍പറേഷനിലെ യുഡിഎഫിന്റെ തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നതു രമേശ് ചെന്നിത്തലയാണ്. സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാരം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രകടമാകും. വിലക്കയറ്റം രൂക്ഷമാണ്. വൈദ്യുതി, കുടിവെളളം, ഭൂനികുതി, കെട്ടിട നികുതി തുടങ്ങി എല്ലാ മേഖലകളിലും നിരക്ക് ക്രമാതീതമായി വര്‍ധിപ്പിച്ചു. ഇക്കാര്യം ഉള്‍ക്കൊള്ളിച്ച ലഘുലേഖ വീടുകളില്‍ എത്തിച്ചാണു യുഡിഎഫിന്റെ പ്രചാരണം.
ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധ നിലപാടുകളും കാപട്യവും തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു ഗുണം ചെയ്യും. മറ്റു സംസ്ഥാനങ്ങളില്‍ വൈദികരെയും കന്യാസ്ത്രീകളെയും വേട്ടയാടുന്ന ആട്ടിന്‍തോലണിഞ്ഞ ചെന്നായ് ആണ് ബിജെപി. അവരുടെ തന്ത്രം ഇവിടെ ഫലിക്കില്ല. എന്തുകൊണ്ടും യുഡിഎഫിന് അനുകൂലമാണ് രാഷ്ട്രീയ കാലാവസ്ഥ.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ 23,000ലധികം വരുന്ന വാർഡുകൾക്ക് വികസന ഫണ്ട് നൽകുവാനുള്ള യുഡിഎഫ് പ്രകടന പത്രികയിലെ നിർദേശത്തെ തോമസ് ഐസക്ക് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ എതിർക്കുന്നത് അധികാര വികേന്ദ്രീകരണത്തോടുള്ള അവരുടെ അസഹിഷ്ണുതമൂലമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ.
താഴെത്തട്ടിൽ വികസനം വരുന്നതിനെയാണിവർ യഥാർഥത്തിൽ എതിർക്കുന്നത്. ഇവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം ചുട്ടമറുപടി നല്‍കും. അവികസിത മേഖലകളിൽ വികസനം എത്തിക്കുക എന്ന വിപ്ലവകരമായ ആശയമാണ് യുഡിഎഫ് മുന്നോട്ടു വയ്ക്കുന്നത്. ഇതിനെ എതിർക്കുന്നവരെ വികസന വിരുദ്ധർ എന്നല്ലാതെ മറ്റെന്ത് വിളിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
Kerala
തിരുവനന്തപുരം: ശബരിമലയിൽ ഭക്തർക്ക് ദർശന സൗകര്യം ഒരുക്കുന്നതിൽ സർക്കാരും ദേവസ്വം ബോർഡും സന്പൂർണ പരാജയമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ഇക്കാര്യം പരസ്യമായി സമ്മതിക്കുന്നതാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ പ്രതികരണം.
ശബരിമലയിൽ ഭക്തർക്ക് ആവശ്യമായ മുന്നൊരുക്കം നടത്തുന്നതിൽ ഗുരുതര വീഴ്ചയാണുണ്ടായത്.വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം നടത്താത്തത് ശബരിമലയിൽ സ്ഥിതി വഷളാക്കി.മുഖ്യമന്ത്രി കൂടി പങ്കെടുക്കേണ്ട പല സുപ്രധാന അവലോകന യോഗങ്ങളും വേണ്ടെന്നുവച്ചു.
അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിന് പോലും ക്രമീകരണം ഒരുക്കിയില്ല. തിരക്ക് നിയന്ത്രിച്ച് ഭക്തർക്ക് സുഗമമായ അയ്യപ്പ ദർശനം ഒരുക്കാൻ സർക്കാർ തയാറകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ആരോഗ്യരംഗത്തെ ദുരവസ്ഥ ഒരിക്കല്‍കൂടി വെളിപ്പെടുത്തുന്നതാണ് കൊല്ലം പത്മന സ്വദേശി വേണു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരണമടഞ്ഞ സംഭവമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗിക്ക് മരണമൊഴി നല്‍കേണ്ടിവരുന്നത് ഗുരുതരസാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പിഎംശ്രീ പദ്ധതിയിൽനിന്ന് പിന്മാറുമെന്നു സിപിഎം സിപിഐക്കു നൽകിയ ഉറപ്പ് കുറുപ്പിന്റെ ഉറപ്പുപോലെയായെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
സിപിഐയെ ഒരിക്കൽക്കൂടി വല്യേട്ടൻ പറഞ്ഞു പറ്റിച്ചു.ഒന്നു പ്രതിഷേധിക്കാൻ പോലും ത്രാണിയില്ലാതെ സിപിഐ കീഴടങ്ങി. സിപിഎമ്മിനെ അടിയറവ് പറയിച്ചെന്നുള്ള സിപിഐയുടെ അവകാശവാദത്തിന് ഒരു ദിവസത്തെ ആയുസു പോലും ലഭിച്ചില്ല. സിപിഐ മന്ത്രിമാരും നേതാക്കളും ദിവസേന സിപിഎമ്മിനോടു മാപ്പുപറഞ്ഞ് കൂട്ടക്കരച്ചിൽ നടത്തുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
എസ്എസ്കെ ഫണ്ടിന്റെ ആദ്യഗഡു നേടിയ വിദ്യാഭ്യാസമന്ത്രി അടുത്ത ഗഡു നേടാൻ ഡൽഹിക്ക് ചർച്ചയ്ക്ക് പോകുകയാണ്. ബിജെപിയുമായുള്ള ബന്ധം സുദൃഢമാക്കുന്നതിന്റെ ഭാഗമാണിത്. ഇക്കാര്യത്തിൽ സിപിഐ സ്വന്തം നിലപാട് വ്യക്തമാക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നിലവിലെ ദേവസ്വം ബോർഡ് ഭരണസമിതിക്ക് കാലാവധി നീട്ടിക്കൊടുക്കാനുള്ള നീക്കമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
തെളിവു നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയതു ഗുരുതര വീഴ്ചയാണ്. കേസിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണം ഒരു മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ ഒരു പുരോഗതിയുമില്ല.
ദേവസ്വം ബോർഡ് അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്.കാര്യക്ഷമമായ ചോദ്യം ചെയ്യൽ നടക്കുന്നില്ല. സ്വർണം വീണ്ടെടുക്കുന്നില്ല. അന്വേഷണം മരവിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.