പാലക്കാട്: യുഡിഎഫിലേക്കു പോകുന്നതിന്റെ ഭാഗമായല്ല കെടിഡിസി ചെയർമാൻസ്ഥാനം രാജിവച്ചതെന്നു പി.കെ. ശശി. കെടിഡിസിയുടെ ചെയർമാൻസ്ഥാനത്തുനിന്നു താൻ സ്വന്തം ഇഷ്ടപ്രകാരമാണ് രാജിവച്ചത്. ആരുടെയോ സമ്മർദമോ പ്രേരണയോ നിർദേശമോ ഉണ്ടായിരുന്നില്ല. ഒരു കമ്മിറ്റിയും രാജിവയ്ക്കാൻ തന്നോടു നിർദേശിച്ചിരുന്നില്ല.
അഞ്ചുവർഷക്കാലത്തെ കെടിഡിസി പ്രവർത്തനത്തിൽ താൻ പൂർണതൃപ്തനാണെന്നു രാജിക്കത്തിൽ പറഞ്ഞിട്ടുണ്ട്. ഒരു ടീമായി പ്രവർത്തിച്ചതിന്റെ ഭാഗമായാണ് കെടിഡിസി ലാഭത്തിലാക്കാൻ കഴിഞ്ഞത്. അതിന്റെ ചാരിതാർഥ്യത്തോടെയാണു പടിയിറങ്ങുന്നത്. വ്യക്തിപരമായ കാരണങ്ങൾകൊണ്ടാണ് രാജിയെന്നും ശശി പറഞ്ഞു.
“ഈ സെക്കൻഡുവരെ സണ്ണി ജോസഫ് എന്ന മനുഷ്യനുമായി സംസാരിച്ചിട്ടില്ല. ഒരു യുഡിഎഫ് നേതാവുമായിട്ടുപോലും എന്റെ ചേരിമാറ്റം സംബന്ധിച്ചു സംസാരിച്ചെന്നു തെളിയിച്ചാൽ മാധ്യമങ്ങൾ പറയുന്ന പണി ഞാൻ ചെയ്യും. ഞാൻ ഇപ്പോഴും സിപിഎം അംഗമാണ്. ട്രേഡ് യൂണിയൻ ഭാരവാഹിയാണ്. മറിച്ച് ഒരു തീരുമാനം എടുത്തിട്ടില്ല. ഒരു മാറ്റത്തെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല.
ഇടതുപക്ഷരാഷ്ട്രീയം മുറുകെപ്പിടിക്കുന്ന ആളാണ്. കഴിഞ്ഞ 45 വർഷത്തെ പ്രവർത്തനം നോക്കിയാൽ അത് എല്ലാവർക്കും മനസിലാകും. അങ്ങനെയുള്ള എന്നോട് ഇടയ്ക്കിടെ യുഡിഎഫിലേക്കു പോകുകയാണോയെന്ന് ചോദിക്കുന്നതു ശുദ്ധ ആഭാസമാണ്. നാളത്തെ കാര്യം എന്താകുമെന്ന് ആർക്കും പറയാൻ കഴിയില്ലല്ലോ’’- ശശി കൂട്ടിച്ചേർത്തു.
Tags : UDF P.K. Sasi Sunny Joseph MLA Kpcc President KTDC Chairman