മട്ടന്നൂർ: ആരോഗ്യ മന്ത്രിക്ക് കെഎസ്യു പ്രവർത്തകരിൽനിന്ന് കൈയേറ്റം ഉണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
കണ്ണൂർ വിമാനത്താവളത്തിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാസ്തവവിരുദ്ധമായ കാര്യം പറഞ്ഞ് അക്രമം അഴിച്ചുവിട്ടത് ആരോഗ്യമന്ത്രിയാണ്. എന്തു പരിക്കാണെന്ന് മന്ത്രി കാണിക്കട്ടെ. വീണാ ജോർജിന്റേത് അഭിനയമാണോയെന്ന് ജനം വിലയിരുത്തും.
കരിങ്കൊടി കാണിച്ചുവെന്നതു യാഥാർഥ്യമാണ്. അവരെ പോലീസ് വളഞ്ഞിട്ട് പിടിച്ചിരുന്നു. ആരോഗ്യമന്ത്രിയാണ് ഇങ്ങോട്ട് ആക്രോശിച്ചത്. പോലീസുകാർ മന്ത്രിക്ക് സംരക്ഷണം ഒരുക്കുന്നതല്ലാതെ പ്രവർത്തകരിൽനിന്ന് അക്രമം ഉണ്ടാകുന്നതൊന്നും ദൃശ്യങ്ങളിലില്ല.
ആരോഗ്യവകുപ്പിനും സർക്കാരിനുമെതിരേ ഉയരുന്ന പ്രതിഷേധങ്ങൾ തടയുന്നതിനുവേണ്ടി കെട്ടിച്ചമച്ച കള്ളപ്രചാരണമാണിത്. യഥാർഥത്തിൽ സിപിഎം പ്രവർത്തകരാണ് അക്രമം അഴിച്ചുവിട്ടത്. ഡിസിസി ഓഫീസ് ആക്രമിച്ചത് സിപിഎം ജില്ലാ നേതാക്കന്മാരുടെ അറിവോടെയാണ്. എല്ലാ അന്വേഷണത്തോടും സഹകരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
Tags : Sunny Joseph MLA KPCC President KSU activists Veena George attacked