District News
കാഞ്ഞങ്ങാട്: ലിറ്റിൽ കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പിന് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. സബ് ജില്ലാ ക്യാമ്പുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 78 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
രണ്ടു ദിവസത്തെ ക്യാമ്പിൽ ഇവർക്ക് പ്രോഗ്രാമിംഗിലും ത്രീഡി ആനിമേഷനിലും പരിശീലനം നൽകും. ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ 125 സ്കൂളുകൾക്കുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണം കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് ഓൺലൈനായി നിർവഹിച്ചു.
ഐഎസ്ആർഒയും നാസയും തങ്ങളുടെ ബഹിരാകാശ ദൗത്യങ്ങളിൽ റോവറുകളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന അതേ സാങ്കേതിക തത്വങ്ങളാണ് ക്യാമ്പിലെ പ്രോഗ്രാമിംഗ് സെഷനുകളിലൂടെ കുട്ടികളെ പഠിപ്പിക്കുന്നത്.
ഖനികൾ, കുഴൽക്കിണറുകൾ, മാൻഹോളുകൾ തുടങ്ങി മനുഷ്യർക്ക് നേരിട്ടെത്താൻ പ്രയാസമുള്ള ഇടങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കും ഈ വിദൂര നിയന്ത്രിത റോവർ ഉപകരണങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കാം.
District News
തൊടുപുഴ: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ - 3 ദൗത്യത്തിലെ പ്രഗ്യാന്‍ റോവറിനെ ഭൂമിയിലിരുന്ന് നിയന്ത്രിച്ച് ചന്ദ്രനില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചതിന് സമാനമായ സാങ്കേതികവിദ്യകള്‍ സ്കൂള്‍ കുട്ടികള്‍ക്കും സ്വായത്തമാക്കാന്‍ അവസരമൊരുക്കി ലിറ്റില്‍ കൈറ്റ്സ്. ഇതിന്റെ ഭാഗമായുള്ള ജില്ലാ സഹവാസ ക്യാമ്പ് മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടങ്ങി.
ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ 124 സ്കൂളുകള്‍ക്കുള്ള അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണവും കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് ഓണ്‍ലൈനായി നിര്‍വഹിച്ചു. സബ് ജില്ലാ ക്യാമ്പുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 52 കുട്ടികള്‍ക്കാണ് രണ്ട് ദിവസത്തെ ക്യാമ്പില്‍ പ്രോഗ്രാമിനു പുറമേ ത്രിമാന അനിമേഷന്‍ മേഖലയിലും വിദഗ്ധ പരിശീലനം നല്‍കുന്നത്.
കുട്ടികളെ വെറും ഡിജിറ്റല്‍ ഉപഭോക്താക്കളായല്ല, മറിച്ച് സാങ്കേതികവിദ്യ രൂപകല്പന ചെയ്യുന്ന ഡിജിറ്റല്‍ ആര്ക്കിടെക്ടുകളായാണ് സര്‍ക്കാര്‍ വളര്‍ത്തുന്നതെന്ന് കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. പത്താം ക്ലാസിലെ ഐടി പാഠ്യപദ്ധതിയില്‍ നിലവില്‍ റോബോട്ടിക്സ് വിഷയമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളിലൂടെ ഇപ്പോള്‍ നല്കുന്ന അഡ്വാന്‍സ്ഡ് റോബോട്ടിക്സ്, ഐഒടി പരിശീലനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി സ്ഥിരത കൈവരിക്കുന്ന മുറയ്ക്ക് വരുംവര്‍ഷങ്ങളില്‍ ഇത് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ലഭ്യമാകുന്ന രീതിയില്‍ പൊതു പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐഎസ്ആര്‍ഒയും നാസയും ബഹിരാകാശ ദൗത്യങ്ങളില്‍ റോവറുകളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന അതേ സാങ്കേതിക തത്വങ്ങളാണ് ക്യാമ്പിലെ പ്രോഗ്രാമിംഗ് സെഷനുകളുടെ അടിസ്ഥാനം.
കുറഞ്ഞ ബാന്‍ഡ്വിഡ്ത്തിലും ഐഒടി ഉപകരണങ്ങള്‍ തമ്മില്‍ മികച്ച രീതിയില്‍ ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന പ്രോട്ടോക്കോള്‍ ഉപയോഗിച്ചാണ് കുട്ടികള്‍ ഉപകരണങ്ങള്‍ തയാറാക്കുന്നത്.
ഗ്രഹങ്ങള്‍, ഖനികള്‍, കുഴല്‍ക്കിണറുകള്‍, മാന്‍ഹോളുകള്‍ തുടങ്ങി മനുഷ്യര്‍ക്ക് നേരിട്ടെത്താന്‍ പ്രയാസമുള്ള ഇടങ്ങളില്‍ പരീക്ഷണങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന വിദൂര നിയന്ത്രിത റോവര്‍ ഉപകരണങ്ങളുടെ സാങ്കേതികവിദ്യയാണ് കുട്ടികള്‍ ക്യാമ്പിലൂടെ പരിചയപ്പെടുന്നത്.
സ്കൂളുകളിലേക്ക് വിതരണം ചെയ്ത പുതിയ അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍ അത്യാധുനിക സവിശേഷതകളുള്ളതാണ്. ഐഒടി സംവിധാനങ്ങള്‍ ഒരുക്കുന്നതിനാവശ്യമായ വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള ഇഎസ്പി 32 ഡെവലപ്മെന്റ് ബോര്‍ഡ് എന്നിവയാണ് ഇതിലെ പ്രധാന ഘടകം. ഇതിനുപുറമേ അള്‍ട്രാസോണിക് ഡിസ്റ്റന്‍സ്, സോയില്‍ മോയിസ്ചര്‍, പിഐആര് മോഷന്‍, ലൈന്‍ ട്രാക്കിംഗ് തുടങ്ങിയ സെന്‍സറുകളും, നാല് ഡബ്ല്യുഡി സ്മാര്‍ട്ട് കാര്‍ ഷാസി കിറ്റ്, സബ്മെഴ്സിബിള്‍ മിനി വാട്ടര്‍ പമ്പ് എന്നിവ ഉപയോഗിച്ച് സ്മാര്‍ട്ട് ഇറിഗേഷന്‍ സംവിധാനങ്ങള്‍, കാഴ്ച പരിമിതര്‍ക്കുള്ള സ്മാര്‍ട്ട് ഉപകരണങ്ങള്‍, സുരക്ഷാക്രമീകരണങ്ങള്‍ തുടങ്ങിയ സങ്കീര്‍ണമായ പ്രോജക്ടുകള്‍ കുട്ടികള്‍ക്ക് തനിയെ നിര്‍മിക്കാനാകും.
പ്രോജക്ടുകള്‍ തയാറാക്കുന്നതിനൊപ്പം ബ്ലോക്ക് കോഡിംഗ്, പൈത്തണ്‍, സി എന്നീ പ്രോഗ്രാമിംഗ് ഭാഷകള്‍ പ്രായോഗികമായി പഠിക്കാനും ഇതിലൂടെ അവസരം ലഭിക്കും. ജില്ലാ ക്യാമ്പ് ഇന്നു സമാപിക്കും.
District News
കാഞ്ഞങ്ങാട്: ചൊവ്വയിലെ റോവറുകളെ ഭൂമിയിലിരുന്ന് നിയന്ത്രിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയുടെ മാതൃകയില്‍ വിദൂരനിയന്ത്രിത റോവര്‍ നിര്‍മാണമുള്‍പ്പടെ കുട്ടികളെ പരിചയപ്പെടുത്തുന്ന ലിറ്റില്‍ കൈറ്റ്സ് ജില്ലാതല സഹവാസ് ക്യാമ്പ് ഇന്നും നാളെയും കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസില്‍ നടക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) സംഘടിപ്പിക്കുന്ന ക്യാമ്പില്‍ ഐഒടി ഉപകരണങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന എംക്യുടിടി പ്രോട്ടോകോള്‍ ഉപയോഗിച്ചാണ് കുട്ടികള്‍ റോവറുകള്‍ നിയന്ത്രിക്കുന്നത്.
ഗ്രഹങ്ങള്‍, ഖനികള്‍, മാന്‍ഹോളുകള്‍ തുടങ്ങി മനുഷ്യര്‍ക്ക് എത്താന്‍ പ്രയാസമുള്ള ഇടങ്ങളില്‍ പരീക്ഷണങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്ന വിദൂരനിയന്ത്രിത റോവര്‍ ഉപകരണങ്ങള്‍ തയാറാക്കാന്‍ കുട്ടികള്‍ ഇതിലൂടെ പരിശീലനം നേടുന്നു. കൈറ്റ് പുതുതായി സ്കൂളുകൾക്ക് നല്കുന്ന ഇഎസ്പി 32 മൈക്രോ കണ്ട്രോളര് ഉള്‍പ്പെട്ട അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
ലിറ്റില്‍ കൈറ്റ്സ് പദ്ധതിയിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി സബ്ജില്ലാ ക്യാമ്പുകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 78 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പില്‍ പ്രോഗ്രാമിംഗ്, ആനിമേഷന്‍ മേഖലകളില്‍ പ്രത്യേക പരിശീലനമാണ് കുട്ടികള്‍ക്ക് ലഭിക്കുന്നത്. ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്), റോബോട്ടിക്സ് തുടങ്ങിയ ആധുനിക കംപ്യൂട്ടിംഗ് സങ്കേതങ്ങളില്‍ താത്പര്യത്തെ ഉണര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ പ്രോഗ്രാമിംഗ് മേഖലയില്‍ പരിശീലനത്തില്‍ പരിചയപ്പെടുന്നു.
മൊബൈല്‍ ആപ്പ് നിര്‍മാണം, ഐഒടി നിയന്ത്രിത റോബോട്ടിക് ഉപകരണങ്ങളായ സ്മാര്‍ട്ട് എല്‍ഇഡി, സ്മാര്‍ട്ട് റോവര്‍ ഡിവൈസ് തുടങ്ങിയവ തയാറാക്കുന്ന വിധം വിശദീകരിക്കും.
വസ്തുക്കളെ സൂക്ഷ്മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം കംപ്യൂട്ടറില്‍ സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളര്‍ത്തുകയാണ് ആനിമേഷന്‍ മേഖലയിലെ പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.
ത്രിമാന ആനിമേഷന്‍ നിര്‍മാണത്തിലെ വിവിധ ഘട്ടങ്ങളായ മോഡലിംഗ്, ടെക്സ്റ്റിംഗ്, ലൈറ്റിംഗ്, കാമറ അറേഞ്ച്മെന്റ്, റിഗിംഗ്, സൗണ്ട് മിക്സിംഗ് എന്നിവ കുട്ടികള്‍ വിശദമായി പരിചയപ്പെടുന്നു. ഗെയിമിംഗ്, ആനിമേഷന്‍ രംഗത്ത് ആഗോളതലത്തില്‍ ശ്രദ്ധേയമായ ബ്ലെന്‍ഡര്‍ എന്ന സ്വതന്ത്ര ആനിമേഷന്‍ സോഫ്റ്റ്വേറാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്.
ഇന്നു രാവിലെ പത്തിന് കൈറ്റ് സിഇഒ കെ.അന്‍വര്‍ സാദത്ത് കുട്ടികളുമായി സംവദിക്കും. ജില്ലയിലെ സ്കൂളുകള്‍ക്കുള്ള അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണവും തുടര്‍ന്ന് നടത്തും.