മംഗലംഡാം: മാതാപിതാക്കൾക്ക് സാങ്കേതികവിദ്യയുടെ പുതുലോകം പരിചയപ്പെടുത്തി മംഗലംഡാം ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ.
സർവം എഐ മയം എന്നുപേരിട്ട പ്രോഗ്രാമിലൂടെ സമീപത്തുള്ള സെന്റ് മേരീസ് എൽപി സ്കൂളിലെ മാതാപിതാക്കൾക്കാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എഐ) അവബോധം നൽകിയത്.
ആധുനിക കാലഘട്ടത്തിൽ എഐ എങ്ങനെയൊക്കെ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്ന് ലളിതമായ രീതിയിൽ വിദ്യാർഥികൾ വിശദീകരിച്ചപ്പോൾ മാതാപിതാക്കൾക്കും ക്ലാസ് ആവേശമായി. അധ്യാപരായി സ്വന്തംമക്കൾതന്നെ മുന്നിലെത്തിയപ്പോൾ ആവേശത്തിനും അതിരില്ലായിരുന്നു.
എഐ ടൂളുകളുടെ ഉപയോഗം, ദൈനംദിന ആവശ്യങ്ങൾക്കായി എഐ എങ്ങനെ പ്രയോജനപ്പെടുത്താം, വിദ്യാഭ്യാസവും എഐയും, കുട്ടികളുടെ പഠനത്തിൽ മാതാപിതാക്കൾക്ക് ലഭിക്കുന്ന സാങ്കേതിക സഹായങ്ങൾ, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം,ഡിജിറ്റൽ ലോകത്തെ ചതിക്കുഴികളെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുമുള്ള അവബോധം നൽകൽ തുടങ്ങിയവയായിരുന്നു പരിശീലന വിഷയങ്ങൾ.
പുതിയ കാലത്തെ സാങ്കേതിക വിദ്യകൾ കുട്ടികൾക്കുമാത്രം അറിയാവുന്ന ഒന്നായി മാറാതെ മാതാപിതാക്കളിലേക്കും എത്തിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.ആദ്യ ക്ലാസുകൾതന്നെ ക്ലിക്കായതിനാൽ കൂടുതൽ സ്കൂളുകളിലേക്ക് എഐ പരിശീലന പരിപാടി വ്യാപിപ്പിക്കാനാണ് വിദ്യാർഥികളുടെ തീരുമാനം.
Tags : nattu vishesham Little Kites students