മുഖ്യമന്ത്രി വി.ഡി. സതീശൻ ശബരിമല സന്നിധാനത്തേക്ക് നടന്നു കയറുന്നു.
പന്പ: ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. മണ്ഡല മകരവിളക്ക് തീര്ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില് ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന, ഏകോപന യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ തീർഥാടന കാലയളവ് കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് വഴിപാട്, പ്രസാദം തുടങ്ങിയവ ദേവസ്വം ബോർഡ് ഉറപ്പാക്കും. അപ്പം, അരവണ തുടങ്ങിയവയ്ക്ക് ഇത്തവണ ക്ഷാമം ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഭക്തരുടെ സുഗമദർശനത്തിനും സുരക്ഷയ്ക്കും പൊലിസ്, ഫയർ ഫോഴ്സ് സേന എന്നിവയെ അതത് സേനാ മേധാവിമാരുടെ നേതൃത്വത്തിൽ വിന്യസിക്കും. പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് മാലിന്യ പ്രശ്നമാകാതിരിക്കാൻ നിയന്ത്രണ സംവിധാനം ഉറപ്പാക്കും. ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കും.
നിലയ്ക്കലിൽ അയ്യപ്പഭക്തർക്ക് സൗകര്യം
പമ്പയിലെ തിരക്ക് കുറയ്ക്കാൻ നിലയ്ക്കലിൽ ഭക്തരെ സുഗമമായി നിയന്ത്രിക്കാനായി 6000 പേരെ ഉൾക്കൊള്ളുന്ന ജർമൻ മാതൃകയിലുള്ള ഷെഡ് നിർമിക്കും. ശബരിമലയിലെയും പന്പയിലെയും തിരക്ക് വിലയിരുത്തിയാകും നിലയ്ക്കലിൽ നിന്ന് ആളുകളെ പന്പയിലേക്ക് അയയ്ക്കുക.
22 മെഡിക്കൽ എമർജൻസി യൂണിറ്റുകൾ സജ്ജമാക്കും. മാലിന്യ നിർമാർജനം സമയ ബന്ധിതമായി നടപ്പിലാക്കും. ശബരിമല തീർത്ഥാടകർക്കായി 461 ബസുകളാണ് കെഎസ്ആർടിസി സജ്ജമാക്കുന്നത്. പന്പ - നിലയ്ക്കൽ ബസ് സർവീസും ഇതിനൊപ്പമുണ്ടാകും. വിവിധ ക്ഷേത്രങ്ങളെയും ശബരിമലയെയും ചേർത്ത് ടെമ്പിൾ കണക്ടിവിറ്റി ഉറപ്പാക്കും. റോഡ് സുരക്ഷ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തും. ചാലക്കയം റോഡ് പിഡബ്ല്യുഡിയുടെ നേതൃത്വത്തിൽ 15 കോടി രൂപ മുടക്കി നവീകരിക്കുകയാണ്. നിർമാണം വേഗത്തിൽ പൂർത്തിയാക്കും.
പൊലിസ് സൗകര്യങ്ങൾ മെച്ചമാക്കും
സുരക്ഷാ ചുമതലകൾക്കായി എത്തുന്ന പൊലിസ് സേനയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. നിലയ്ക്കലിൽ പുതുതായി നിർമാണം പൂർത്തിയായ പൊലിസ് ബാരക്കിൽ 600 പേർക്ക് സൗകര്യമുണ്ട്. പഴയ ബാരക്കിന്റെ അറ്റകു്റപ്പണി പൂർത്തിയാക്കണം. നിലയ്ക്കലിൽ ജർമൻ മാതൃകയിലുള്ള പന്തലോടെയുള്ള പൊലിസ് എയ്ഡ് പോസ്റ്റ് നിർമാണം, പമ്പാ, സന്നിധാനം പൊലിസ് മെസ്, പമ്പ പഴയ പൊലിസ് സ്റ്റേഷൻ, സന്നിധാനത്തെ എസ്എച്ച്ഒയുടെ സ്റ്റേഷൻ തുടങ്ങി പൊലിസിനായുള്ള സൗകര്യങ്ങളുടെ അറ്റകുറ്റപ്പണി എന്നിവ ദേവസ്വം ബോർഡ് സമയബന്ധിതമായി നടത്തണം. മാലിന്യ സംസ്കരണത്തിനും ശുചിത്വത്തിനും ഏറ്റവും പ്രാധാന്യം നൽകണം. കുടിവെള്ള വിതരണത്തിന് കൃത്യമായ മോണിറ്ററിംഗ് ഉണ്ടാകണം. തീർഥാടകർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് പരമാവധി സഹായം നൽകണമെന്നും വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നീണ്ട നിര
മുഖ്യമന്ത്രി പങ്കെടുത്ത പന്പയിൽ നടന്ന അവലോകന യോഗത്തിൽ ഏഴ് മന്ത്രിമാരാണ് സംബന്ധിച്ചത്. ശബരിമല ക്രമീകരണങ്ങളുമായി നേരിട്ടു ബന്ധമുള്ള ആഭ്യന്തരം, പൊതുമരാമത്ത്, തദ്ദേശ വകുപ്പുകളൊഴികെയുള്ള മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു. പൊതുമരാമത്ത്, തദ്ദേശ വകുപ്പ് മന്ത്രിമാർ നേരത്തേ ശബരിമലയിലെത്തിയിരുന്നു.
തീർഥാടനവുമായി ബന്ധപ്പെട്ടു തങ്ങളുടെ വകുപ്പുകൾ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു. എംപിമാർ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ എംഎൽഎമാർ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലാ കളക്ടർമാർ, എഡിജിപി പി. വിജയൻ, ഐജി നിശാന്തിനി, ജില്ലാ പൊലിസ് മേധാവിമാർ, ആരോഗ്യം, ഗതാഗതം, റവന്യൂ, പൊതുമരാമത്ത്, ദേവസ്വം, വനം തുടങ്ങിയ വകുപ്പുകളുടെ സെക്രട്ടറിമാർ, കെഎസ്ആർടിസി എംഡി തുടങ്ങി ഉന്നത ഉദ്യോഗസ്ഥരുടെ നീണ്ട നിരയാണ് അവലോകന യോഗത്തിനെത്തിയത്.
മഴയെ അവഗണിച്ച് സന്നിധാനം യാത്ര
പന്പയിലെ അവലോകനയോഗത്തിനുശേഷം ഉച്ചകഴിഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ ശബരിമല സന്നിധാനത്തേക്ക് പോയത് ശക്തമായ മഴയിലാണ്. പന്പയിൽ നിന്നും സന്നിധാനത്തേക്കുള്ള മലകയറ്റം അയ്യപ്പഭക്തർക്കൊപ്പമായിരുന്നു.
കറുത്ത ഷർട്ടും മുണ്ടും ധരിച്ച് അയ്യപ്പഭക്തനായി തന്നെ അഞ്ച് കിലോമീറ്ററും അദ്ദേഹം നടന്നു കയറി.
മുന്പ് സ്ഥിരമായി ശബരിമല ദർശനത്തിനെത്തിയിരുന്നയാളാണ് മുഖ്യമന്ത്രി. അതുകൊണ്ടുതന്നെ മലകയറ്റത്തിൽ പുതുമയില്ലായിരുന്നു.
എംഎൽഎമാരായ പഴകുളം മധു, സി.വി. ശാന്തകുമാർ, കോഗ്രസ് പ്രവർത്തകർ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം മല കയറാനുണ്ടായിരുന്നു. യാത്രയ്ക്കിടെ വഴിയിൽ അയ്യപ്പഭക്തരുമായി സംസാരിക്കാനും ഫോട്ടോയെടുക്കാനുമൊക്കെ മുഖ്യമന്ത്രി സമയം കണ്ടെത്തി. വൈകുന്നേരം നട തുറക്കുന്നതിനു തൊട്ടുമുന്പ് അദ്ദേഹം സന്നിധാനത്തെത്തി.
ദർശനത്തിനുശേഷം തീർഥാടന ക്രമീകരണങ്ങൾ ഒരിക്കൽകൂടി വിലയിരുത്തിയശേഷമായിരുന്നു മലയിറക്കം.
Tags : NattuVishesham.DistricteNews