ഇടുക്കി റവന്യു ജില്ലാ സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാർക്കുള്ള ട്രോഫി ആർഡിഎസ്ജിഎ സെക്രട്ടറി കിഷോർ പി. ഗോപിനാഥിൽനിന്ന് കട്ടപ്പന ഉപജില്ലാ സെക്രട്ടറി ജോ
നെടുങ്കണ്ടം: കടുത്ത പോരാട്ടത്തിനൊടുവിൽ ഇടുക്കി റവന്യു ജില്ലാ സ്കൂൾ കായികമേളയിൽ കട്ടപ്പന ഉപജില്ലയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്. മൂന്നു ദിവസവും ആവേശം നിറഞ്ഞ പോരാട്ടത്തിൽ അടിമാലി ഉപജില്ലയെ മൂന്നു പോയിന്റിന് പിന്നിലാക്കിയാണ് കട്ടപ്പന കിരീടം സ്വന്തമാക്കിയത്. 298 പോയിന്റ് നേടിയ കട്ടപ്പനയ്ക്കു പിന്നിൽ 295 പോയിന്റുമായി അടിമാലി രണ്ടാം സ്ഥാനത്തെത്തി. 113 പോയിന്റുമായി തൊടുപുഴ വിദ്യാഭ്യാസ ജില്ല മൂന്നാം സ്ഥാനത്തും 89 പോയിന്റുമായി പീരുമേട് നാലാം സ്ഥാനത്തുമെത്തി. നെടുങ്കണ്ടം 67 പോയിന്റും അറക്കുളം 43 പോയിന്റും മൂന്നാർ ഒമ്പത് പോയിന്റും നേടി.
ആദ്യദിനം മുതൽ കട്ടപ്പനയും അടിമാലിയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ആദ്യദിനം കട്ടപ്പന മുന്നിലെത്തിയപ്പോൾ തുടർന്നുള്ള രണ്ടു ദിവസങ്ങളിലും മൂന്നു പോയിന്റിന്റെ നേരിയ വ്യത്യാസത്തിൽ അടിമാലി ലീഡ് പിടിച്ചു.
അവസാന ഘട്ടത്തിലെ പ്രകടനത്തിലൂടെ കട്ടപ്പന വീണ്ടും മുന്നിലെത്തുകയായിരുന്നു. 35 സ്വർണവും 23 വീതം വെള്ളിയും വെങ്കലവും ഉൾപ്പടെയാണ് കട്ടപ്പന 298 പോയിന്റ് നേടിയത്. അടിമാലി 31 സ്വർണവും 30 വെള്ളിയും 19 വെങ്കലവും നേടി.
ഹയർ സെക്കൻഡറി പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാതിരുന്ന കായികതാരങ്ങൾക്കായി ഇന്നലെ രാവിലെ നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിൽ ട്രയൽ മത്സരങ്ങൾ നടത്തി.
എന്നാൽ, മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാതിരുന്നവരുടെ പങ്കാളിത്തം പ്രതീക്ഷിച്ചതിലും കുറവായിരുന്നു. രാവിലെ ഒമ്പതിന് റിപ്പോർട്ട് ചെയ്യേണ്ടിയിരുന്ന പല താരങ്ങളും 11.30 വരെ കാത്തിരുന്നിട്ടും എത്താതിരുന്നതോടെ ലഭ്യമായ ഫലങ്ങൾ ക്രോഡീകരിച്ച് അന്തിമ റിസൾട്ട് തയാറാക്കുകയായിരുന്നു. ഇതോടെ മൂന്നു ദിവസമായി നടന്ന ജില്ലാ കായികമേളയ്ക്ക് സമാപനമായി.
സ്കൂൾ വിഭാഗത്തിൽ എൻആർസിറ്റി സ്കൂളിന്റെ മുന്നേറ്റവും മേളയിൽ ശ്രദ്ധേയമായി. 19 സ്വർണവും 13 വെള്ളിയും എട്ട് വെങ്കലവും ഉൾപ്പടെ 141 പോയിന്റ് നേടി എൻആർസിറ്റി ഒന്നാം സ്ഥാനം നിലനിർത്തി.
പത്ത് സ്വർണവും ആറു വീതം വെള്ളിയും വെങ്കലവും നേടി 74 പോയിന്റുമായി ഇരട്ടയാർ സെന്റ് തോമസ് രണ്ടാം സ്ഥാനത്തെത്തി.
Tags : NattuVishesham.DistricteNews