പത്തനംതിട്ട: റാന്നി വനം ഡിവിഷനു കീഴിൽ വിവിധ ആവശ്യങ്ങൾക്കായി സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ ഏജൻസികൾക്കും പാട്ടത്തിന് നൽകിയ വനഭൂമിയുടെ കണക്കുകളിൽ പൊരുത്തക്കേട്. വിവരാവകാശ രേഖയിലെ പട്ടികയിൽ 17 ഇനങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്ന ആകെ വിസ്തീർണം 4,469.53 ഹെക്ടറാണ് . എന്നാൽ കരാർ ഒപ്പിട്ട ഭൂമിയുടെ വിസ്തീർണം 1,438.35 ഹെക്ടറും കരാർ ഒപ്പിടാത്ത ഭൂമിയുടേത് 2,084.34 ഹെക്ടറുമാണ്. ഇതാകട്ടെ 3,522.69 ഹെക്ടർ മാത്രമാണ്.
ഇരുകണക്കുകളും തമ്മിൽ 946.84 ഹെക്ടറിന്റെ വ്യത്യാസമുണ്ട്. പട്ടികയിലെ എല്ലാ ഇനങ്ങളും കരാർ സംബന്ധിച്ച കണക്കിൽ ഉൾപ്പെട്ടിട്ടുണ്ടോ, ചില ഇനങ്ങൾ ഒഴിവാക്കിയിട്ടുണ്ടോ, അല്ലെങ്കിൽ കണക്കെടുപ്പിൽ പിഴവുണ്ടോ എന്നതിൽ വനംവകുപ്പിന്റെ വിശദീകരണം പുറത്തുവരേണ്ടതുണ്ട്.
എന്നാൽ പാട്ടക്കരാർ ഒപ്പിട്ട ഭൂമിയുടെയും കരാർ ഒപ്പിടാത്ത ഭൂമിയുടെയും വിസ്തീർണം സംബന്ധിച്ച കണക്കുകൾ ഇതുമായി പൊരുത്തപ്പെടുന്നില്ല. വനഭൂമി പാട്ടത്തിന്റെ കാലാവധി, കരാർ രേഖകളുടെ ലഭ്യത, പാട്ടത്തുകയുടെ കണക്കാക്കൽ എന്നിവയിലും വ്യക്തതയില്ല. റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്ന് വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലായ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയിലാണ് വിവിധ സ്ഥാപനങ്ങൾക്കും ഏജൻസികൾക്കുമായി അനുവദിച്ച ഭൂമിയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജലവൈദ്യുത പദ്ധതികൾക്ക് ഭൂമി
മൂഴിയാറിലെ ശബരിഗിരി ജലവൈദ്യുത പദ്ധതിക്കായി കെഎസ്ഇബിക്ക് 2,045.43 ഹെക്ടർ വനഭൂമി അനുവദിച്ചതായാണ് രേഖയിലുള്ളത്. ഇതിൽ 77.83 ഹെക്ടർ യഥാർഥ കൈവശ ഭൂമിയും 1,967.60 ഹെക്ടർ ജലവ്യാപന മേഖലയുമാണ്.
ശബരിഗിരി പദ്ധതിയുടെ പാട്ടക്കാലാവധി സംബന്ധിച്ച വിവരങ്ങൾ പട്ടികയിൽ രേഖപ്പെടുത്തിയിട്ടില്ല. 77.83 ഹെക്ടറിന് 1,300 രൂപയും 1,963 ഹെക്ടറിന് 325 രൂപയുമാണ് പാട്ടനിരക്കായി രേഖപ്പെടുത്തിയിരിക്കുന്നത്. ജലവ്യാപന മേഖലയിലെ ആകെ വിസ്തീർണവും പാട്ടനിരക്ക് രേഖപ്പെടുത്തിയ വിസ്തീർണവും തമ്മിലുള്ള വ്യത്യാസവും വനം വകുപ്പിന് അവ്യക്തമായി തുടരുന്നു.
ശബരിഗിരി, കക്കാട് ജലവൈദ്യുത പദ്ധതികൾ, പമ്പ സംഭരണി എന്നിവക്കായും കെഎസ്ഇബിക്ക് ഭൂമി അനുവദിച്ചിട്ടുണ്ട്. ഇവയിൽ ചിലതിന് പാട്ടക്കാലാവധി രേഖപ്പെടുത്തിയിട്ടില്ല. മറ്റ് ചിലതിന് കരാർ രേഖകളും വനംവകുപ്പിന്റെ കൈവശമില്ല. രേഖകളുണ്ടോ അതോ നഷ്ടപ്പെട്ടതാണോ എന്ന് വനം വകുപ്പ്് വ്യക്തമാക്കുന്നില്ല.
കെഎഫ്ഡിസിക്ക് 1,364 ഹെക്ടറിലധികം ഭൂമി
കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷന് (കെഎഫ്ഡിസി) വടശേരിക്കരയിലും ഗവിയിലും പമ്പയിലുമായി തോട്ടം കൃഷി ആവശ്യങ്ങൾക്ക് ഭൂമി നൽകിയിട്ടുണ്ട്. രേഖയിൽ 339.85 ഹെക്ടർ, 441.59 ഹെക്ടർ, 582.75 ഹെക്ടർ എന്നിങ്ങനെ മൂന്ന് ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ ആകെ വിസ്തീർണം 1,364.19 ഹെക്ടറാണ്. ഈ മൂന്ന് ഇനങ്ങൾക്കും 25 വർഷത്തെ പാട്ടക്കാലാവധിയാണ് പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
പാട്ടം അനുവദിച്ച തീയതിയും കാലാവധി ആരംഭിച്ച തീയതിയും തമ്മിലുള്ള ബന്ധം, കാലാവധി പുതുക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ബന്ധപ്പെട്ട കരാറുകളും ഉത്തരവുകളും പരിശോധിച്ചേ സ്ഥിരീകരിക്കാനാകൂവെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് ഒഴിഞ്ഞു മാറുകയാണ്.
ദേവസ്വം ബോർഡ് മുതൽ സ്വകാര്യ വൈദ്യുത പദ്ധതികൾ വരെ
തിരുവിതാംകൂർ ദേവസ്വം ബോർഡിന് പമ്പയിലെ പാർക്കിംഗ് സൗകര്യത്തിനായി 4.0469 ഹെക്ടറും പമ്പ റോഡ് വീതി കൂട്ടുന്നതിനായി 3.62 ഹെക്ടറും അനുവദിച്ചതായി രേഖയിലുണ്ട്. ബിഎസ്എൻഎല്ലിന് പമ്പയിലെ ടെലിഫോൺ എക്സ്ചേഞ്ചിനും ളാഹയിൽ മൈക്രോവേവ് സ്റ്റേഷനുമായി 0.202 ഹെക്ടർ വീതമുള്ള രണ്ട് ഇനങ്ങളുണ്ട്. ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സെൻട്രൽ ഫാം സ്ഥാപിക്കുന്നതിനായി 254.74 ഹെക്ടറും കെഎസ്ആർടിസിക്ക് ത്രിവേണിയിൽ ബസ് സ്റ്റേഷൻ നിർമിക്കുന്നതിന് 1.214 ഹെക്ടറും നൽകിയിട്ടുണ്ട്.
തണ്ണിത്തോട്ടിലെ തോട്ടം കൃഷിക്കായി പ്ലാന്റേഷൻ കോർപറേഷന് 699.35 ഹെക്ടറും ഗ്രാമീണ കുടിവെള്ള പദ്ധതിക്കായി കേരള ജല അഥോറിറ്റിക്ക് 0.04202 ഹെക്ടറും അനുവദിച്ചതായി പട്ടിക വ്യക്തമാക്കുന്നു. വടശേരിക്കരയിലെ ജലവൈദ്യുത പദ്ധതികൾക്കായി സ്വകാര്യ ഏജൻസികൾക്കും ഭൂമി നൽകിയിട്ടുണ്ട്.
പാട്ടത്തുകയുടെ പിരിവ് സംബന്ധിച്ച വിവരങ്ങൾ വ്യക്തമല്ല
വിവിധ ഭൂമികൾക്ക് ഹെക്ടറിന് 50 മുതൽ 1,300 രൂപ വരെയുള്ള പാട്ടനിരക്കുകളാണ് ഈടാക്കുന്നത്. എന്നാൽ യഥാർഥത്തിൽ എത്ര തുക പിരിച്ചെടുത്തു, കുടിശിക, കരാർ കാലാവധി കഴിഞ്ഞ ഭൂമികളിൽ പാട്ടത്തുക ഈടാക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങളിൽ വനം വകുപ്പിന് അവ്യക്തതയുണ്ട്.
കരാർ ഒപ്പിടാത്തതായി രേഖപ്പെടുത്തിയ ഭൂമികളുടെ നിയമപരമായ അടിസ്ഥാനം, കാലാവധി പൂർത്തിയായ പാട്ടങ്ങൾ പുതുക്കിയിട്ടുണ്ടോ, പുതുക്കൽ നടപടികൾ പുരോഗമിക്കുന്നുണ്ടോ, കുടിശ്ശികയുണ്ടെങ്കിൽ അതിന്റെ തുക എത്രയാണ് തുടങ്ങിയ കാര്യങ്ങളിലും വകുപ്പ് ഉരുണ്ടു കളിക്കുയണ്.
വനഭൂമി പാട്ടത്തിന്റെ നിലവിലെ സ്ഥിതി, ഓരോ സ്ഥാപനത്തിന്റെയും കൈവശമുള്ള ഭൂമിയുടെ കൃത്യമായ അളവ്, കരാർ രേഖകൾ, പാട്ടക്കാലാവധി, പാട്ടത്തുകയുടെ പിരിവ് എന്നിവ സംബന്ധിച്ച് വനംവകുപ്പ് വ്യക്തമായ കണക്കുകൾ പുറത്തുവിടണമെന്ന ആവശ്യമാണ് ഈ രേഖകൾ ഉയർത്തുന്നത്. നിയമപ്രകാരം, കരാർ കാലാവധി കഴിഞ്ഞ ഭൂമി വനം വകുപ്പ് തിരിച്ചു പിടിക്കുകയോ കരാർ പുതുക്കുകയോ ചെയ്യേണ്ടതുണ്ട്.
Tags : NattuVishesham.DistricteNews