ചെങ്ങന്നൂർ ഭദ്രാസന കാതോലിക്കാ ദിന നിധി ശേഖരണം ബഥേൽ അരമനയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്നു.
ചെങ്ങന്നൂർ: ആത്മീയ പ്രതിബദ്ധതയും സാമൂഹിക പ്രതിബദ്ധതയും മലങ്കര സഭയുടെ പാരമ്പര്യമാണെന്നും അത് തുടരുവാൻ സഭ എക്കാലവും പ്രതിജ്ഞാബദ്ധമാണെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവാ. ചെങ്ങന്നൂർ ഭദ്രാസന ഇടവകകളിൽ നിന്നുള്ള കാതോലിക്കാ നിധി ശേഖരണം ബഥേൽ അരമനയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലങ്കര സഭ പൂർണമായും ഒരു തദ്ദേശീയ സഭയാണെന്നും സഭയുടെ സ്വയം ശീർഷകത്വം സുപ്രീം കോടതി അസന്നിഗ്ധമായി അംഗീകരിച്ചിട്ടുണ്ടെന്നും വിദേശ ശക്തികൾക്ക് ഇതിൽ യാതൊരു അധികാരവുമില്ലെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.
ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ തീമോത്തിയോസ് അധ്യക്ഷത വഹിച്ചു. സഭാധ്യക്ഷ സ്ഥാനത്ത് അഞ്ച് വർഷം പൂർത്തീകരിച്ച പരിശുദ്ധ കാതോലിക്കാ ബാവയെ ചെങ്ങന്നൂർ ഭദ്രാസനം ആദരിച്ചു. കൂടാതെ, ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ജനുവരിയിൽ നടത്തപ്പെടുന്ന ഭദ്രാസന ഫെസ്റ്റിന്റെ ലോഗോ പ്രകാശനവും നടത്തി.
യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അല്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറി ഫാ.പി.കെ. കോശി, ഫാ. ജോസഫ് കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. ഭദ്രാസനത്തിലെ മുഴുവൻ ഇടവകകളിൽ നിന്നുമുള്ള വികാരിമാർ, ട്രസ്റ്റിമാർ, സെക്രട്ടറിമാർ എന്നിവർ പ്രതിനിധികളായി പങ്കെടുത്തു.
Tags : NattuVishesham.DistricteNews