National
ചെന്നൈ: തമിഴ്നാട്ടില്‍ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ ഭരണത്തുടര്ച്ചയിലേക്കെന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍. 234 അംഗസഭയില്‍ 40.1 ശതമാനം വോട്ട് വിഹിതം സ്വന്തമാക്കി ഡിഎംകെ സഖ്യം 181 മുതല്‍ 189 വരെ സീറ്റുകള്‍ നേടുമെന്നാണ് ലോക്പാല്‍ നടത്തിയ സര്‍വേയിലെ നിഗമനം.
29 ശതമാനം വോട്ട് വിഹിതത്തോടെ എഐഎഡിഎംകെ നേതൃത്വത്തിലുള്ള എന്‍ഡിഎ 38 മുതല്‍ 42 വരെ സീറ്റുകള്‍ നേടും-മാര്‍ച്ച് ഒന്നിനും ഏപ്രില്‍ ഒന്നിനും ഇടയില്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള സര്‍വേയില്‍ പറയുന്നു.
നടന് വിജയ് നേതൃത്വം നല്കുന്ന തമിഴക വെട്രി കഴകം (ടിവികെ) 23.9 ശതമാനം വോട്ട് വിഹിതം നേടും. പത്ത് സീറ്റുകള്‍ വരെ ടിവികെ സ്വന്തമാക്കിയേക്കാം. മുഖ്യമന്ത്രിയാകന്‍ ഏറ്റവും യോഗ്യന്‍ സ്റ്റാലിന് ആണെന്നും സര്‍വേ കണ്ടെത്തുന്നു.
വിജയ്, ഇടപ്പാടി കെ.പളനിസ്വാമി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. സൗജന്യ ബസ് യാത്ര, പ്രഭാതഭക്ഷണം ഉള്‍പ്പെടെ ക്ഷേമപദ്ധതികളാണ് സ്റ്റാലിനെ തുണച്ചത്. ടിവികെയുടെ വരവോട് പ്രതിപക്ഷവോട്ടുകള്‍ ഭിന്നിക്കുന്നതും ഭരണകക്ഷിക്കു നേട്ടമായെന്നു സർവേ അഭിപ്രായപ്പെടുന്നു.പോള്‍ ട്രാക്കര്‍ നടത്തിയ സര്‍വേയില്‍ ഡിഎംകെയ്ക്ക് 172 മുതല്‍ 178 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.
എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് 46 മുതല്‍ 52 വരെ സീറ്റുകള്‍ ലഭിക്കും. ടിവികെയ്ക്ക് ആറ് മുതല്‍ 12 സീറ്റുകള്‍ വരെയാണ് സര്‍വേ പ്രവചിക്കുന്നത്.
District News
കൊടുവായൂർ: സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനവും ജൂട്ട് ലാപ്ടോപ് ബാഗ് നിര്‍മാണ പരിശീലനവും പൂര്‍ത്തിയാക്കിയ 57 വനിതാ സംരംഭകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.
പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റി പാലക്കാട്, എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇഡിഐഐ), അക്സഞ്ചര് കൊടുവായൂര്‍, കുടുംബശ്രീ എന്നിവ സംയുക്തമായാണ് 30 ദിവസം നീണ്ടുനിന്ന പരിശീലനം സംഘടിപ്പിച്ചത്.
കൊടുവായൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടത്തിയ പരിപാടി പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റി പാലക്കാട് എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. കൊടുവായൂര്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ മഞ്ജു അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ഇഡിഐഐ കോ- ഓര്‍ഡിനേറ്റര്‍ റിന്‍ഷാദ് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ വൈസ് ചെയര്‍പേഴ്സണ്‍ ശാന്ത പ്രസംഗിച്ചു.
പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോയ് ജോസഫ് സ്വാഗതവും, കുടുംബശ്രീ അക്കൗണ്ടന്റ് പ്രവിത നന്ദിയും പറഞ്ഞു.
District News
തൃശൂർ: ഇടതുകോട്ടയെന്നാണ് അറിയപ്പെടുന്നതെങ്കിലും വലതുപക്ഷം ചേർന്ന കാലമുണ്ടായിരുന്നു ചേലക്കര മണ്ഡലത്തിന്. 1965ൽ മണ്ഡലം രൂപപ്പെട്ടപ്പോൾ കോൺഗ്രസിലെ കെ.കെ. ബാലകൃഷ്ണനായിരുന്നു ആദ്യ എംഎൽഎ. പിന്നീടു പല മലക്കംമറിച്ചിലുകൾക്കുശേഷമാണ് ചേലക്കര മണ്ഡലം മൂന്നുപതിറ്റാണ്ടിന്റെ വിജയപാരന്പര്യം എൽഡിഎഫിനു നല്‍കിയത്.
സിറ്റിംഗ് എംഎൽഎ യു.ആർ. പ്രദീപാണ് എൽഡിഎഫിനു വേണ്ടി ഇത്തവണ വീണ്ടും ഗോദയിലിറങ്ങുന്നത്. കോൺഗ്രസ് മുസ്ലിം ലീഗിനു വിട്ടുനല്‍കിയ സീറ്റിൽ യുഡിഎഫ് സ്വതന്ത്രനായി ശിവൻ വീട്ടിക്കുന്നും എൻഡിഎയുടെ കെ. ബാലകൃഷ്ണനുമാണ് എതിരാളികൾ.
സിപിഎമ്മും എൻഡിഎയും തുടക്കത്തിലേ സ്ഥാനാർഥികളെ തീരുമാനിച്ചെങ്കിലും സംവരണമണ്ഡലത്തിൽ സ്ഥാനാർഥിയെ കിട്ടാതെ വലഞ്ഞതു ലീഗായിരുന്നു. കോൺഗ്രസ് മത്സരിച്ചിരുന്ന ചേലക്കര, കോങ്ങാട് പകരം നൽകി വാങ്ങിയതാണ് ലീഗിനെ വെട്ടിലാക്കിയത്. സ്ഥാനാർഥിയാകാൻ കോൺഗ്രസുകാരെ തെരഞ്ഞെങ്കിലും ചിഹ്നത്തിൽ മത്സരിക്കണമെന്നായിരുന്നു ആവശ്യം. ഒടുവിൽ യുഡിഎഫ് സ്വതന്ത്രനെ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കി പ്രതിസന്ധിയിൽനിന്നു തലയൂരുകയായിരുന്നു. പൊതുസമ്മതനും ജനകീയനും യുവ കോൺഗ്രസ് നേതാവുമായ ശിവൻ വീട്ടിക്കുന്ന് ചേലക്കരയിൽ നല്ലൊരു പോരാട്ടം കാഴ്ചവയ്ക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.
അഞ്ചുതവണ ചേലക്കരയുടെ പ്രതിനിധിയായി സ് പീക്കറും മന്ത്രിയുമായ കെ. രാധാകൃഷ്ണന്റെ പിൻഗാമിയാണ് നിലവിലെ സിപിഎം സ്ഥാനാർഥി യു.ആർ. പ്രദീപ്. രാധാകൃഷ്ണൻ പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെതുടർന്നുള്ള ഉപതെരഞ്ഞെടുപ്പിലാണ് യു.ആർ. പ്രദീപ് കഴിഞ്ഞതവണ എംഎൽഎയായത്. കെ. ബാലകൃഷ്ണനാണ് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായത്. ബിജെപിക്ക് ഏറെ സ്വാധീനമുള്ള തിരുവില്വാമല പഞ്ചായത്തിന്റെ മുൻ വൈസ് പ്രസിഡന്റാണ് ബാലകൃഷ്ണൻ.
65ലെ കോൺഗ്രസ് വിജയത്തിനുശേഷം 67ൽ സിപിഎമ്മിലെ പി. കുഞ്ഞൻ മണ്ഡലത്തിൽ വിജയിച്ചെങ്കിലും പിന്നീട് ഒരു പതിറ്റാണ്ടോളം മൂന്നു തെരഞ്ഞെടുപ്പുകളിലായി കെ.കെ. ബാലകൃഷ്ണനെന്ന കോൺഗ്രസ് ഐക്കാരനെയാണ് ജനം മണ്ഡലം ഏൽപ്പിച്ചത്. 82ൽ സിപിഎമ്മിലെ സി.കെ. ചക്രപാണി മണ്ഡലം എൽഡിഎഫിന്റേതാക്കിയെങ്കിലും 87ൽ എം.എ. കുട്ടപ്പൻ, എം.പി. താമി എന്നിവർ മണ്ഡലത്തെ യുഡിഎഫ് പക്ഷത്തേക്കു ചേർത്തു. 1996ൽ കെ. രാധാകൃഷ്ണന്റെ വരവോടെ, അന്നുമുതൽ ഇന്നുവരെ ഉപതെരഞ്ഞെടുപ്പടക്കം ഏഴു തെരഞ്ഞെടുപ്പുകളിലായി 30 വർഷം എൽഡിഎഫാണ് ചേലക്കരയിൽ കൊടികുത്തിവാഴുന്നത്. നിലവിൽ ആലത്തൂർ എംപിയായ കെ. രാധാകൃഷ്ണൻ ചേലക്കരയിൽനിന്ന് അഞ്ചുതവണയാണ് നിയമസഭയിലെത്തി യത്.
ഒന്‍പതു പഞ്ചായത്തുകളാണ് ചേലക്കര മണ്ഡലത്തിലുള്ളത്. തിരുവില്വാമല, പഴയന്നൂർ, കൊണ്ടാഴി, ചേലക്കര, പാഞ്ഞാൾ, മുള്ളൂർക്കര, വള്ളത്തോൾനഗർ, ദേശമംഗലം, വരവൂർ. ഇതിൽ അഞ്ചിടത്ത് എൽഡിഎഫും മൂന്നിടത്ത് യുഡിഎഫും ഒരിടത്ത് എൻഡിഎയുമാണ് ഭരിക്കുന്നത്.
District News
പെരിന്തൽമണ്ണ: ചെറുകര ആലുംകൂട്ടത്തിലെ റിട്ടയേർഡ് വാട്ടർ അഥോറിറ്റി എഇ കുന്പളക്കുഴി അഫ്സലിന്റെ മകൻ മുഹമ്മദ് ഫർഹാൻ (19) വാഹനാപകടത്തിൽ മരിച്ചു. തൃശൂർ മുണ്ടൂരിൽവച്ച് ഫർഹാൻ ഓടിച്ച ബൈക്കിൽ ടിപ്പർ ലോറിയിടിക്കുകയായിരുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനിയറിംഗ് കോളജിലെ ബിടെക് വിദ്യാർഥിയാണ് ഫർഹാൻ. വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലെത്തി, ഇന്നലെ രാവിലെ തിരിച്ച് കോളജിലേക്ക് പോകുന്പോഴാണ് അപകടം.
മാതാവ്: ഷാജിമോൾ പാലോളിപ്പറന്പ് (അധ്യാപിക, എഎംഎൽപി സ്കൂൾ, ചെറുകര). സഹോദരങ്ങൾ: ഡോ. ഫാത്തിമ ഫിദ (പിജി വിദ്യാർഥി, ബംഗളുരൂ), ഫിയ (എംടെക് വിദ്യാർഥി, എൻഐടി കോഴിക്കോട്). കബറടക്കം ഇന്ന് രാവിലെ ഒന്‍പതിന് ചെറുകര ജുമാമസ്ജിദിൽ.
District News
ഇരിങ്ങാലക്കുട: വികസന പാതയില്‍ ഇരിങ്ങാലക്കുടയുടെ സ്വപ്നങ്ങളെല്ലാം പൂവണിയണമെന്ന് ആഗ്രഹിക്കുമ്പോളും മന്ത്രി ഡോ. ആര്. ബിന്ദു പ്രഖ്യാപിച്ച എഡ്യൂക്കേഷണല്‍ ഹബ് പ്രാവര്‍ത്തികമായാല്‍ അത് ബസ് സ്റ്റാന്‍ഡിന്റെ വികസന മുരടിപ്പിന് കാരണമാകുമോ എന്നാണ് ജനങ്ങളുടെ ആശങ്ക.
2025 ലെ സംസ്ഥാന ബജറ്റില്‍ അനുവദിച്ച ആറുകോടി രൂപ ഉപയോഗിച്ച് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് കിടക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് എഡ്യൂക്കേഷണല്‍ ഹബ് നിര്‍മിക്കും എന്നാണ് കുറച്ചുദിവസം മുമ്പ് മന്ത്രി പ്രഖ്യാപിച്ചത്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തികള്‍ നേരത്തെ ആരംഭിച്ചിരുന്നുവെന്നും ആന്തിമഘട്ടത്തിലാണെന്നും മന്ത്രി സൂചിപ്പിച്ചിരുന്നു. എന്നാല്‍ പദ്ധതി നടപ്പിലായാല്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് വികസനം വെറും സ്വപ്്നമാകും.
ബസ് സ്റ്റാന്‍ഡ് വികസനത്തിനായി ഏറ്റെടുക്കാന്‍ കഴിയുന്ന ഭൂമി നിലവിലെ ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഭാഗം മാത്രമാണ്. ഇവിടെ എഡ്യൂക്കേഷണല്‍ ഹബ് യാഥാര്‍ഥ്യമായാല്‍ ബസ് സ്റ്റാന്‍ഡ് വികസനം അനിശ്ചിതത്വത്തിലാകും എന്നതില്‍ സംശയമില്ല. നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെ സംഗമഗ്രാമമാധവന് പഠന ഗവേഷണകേന്ദ്രം ഉള്‍പ്പടെ ഉന്നത വുദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിദ്യാഭ്യാസ കേന്ദ്രം സാധ്യമാക്കുക എന്ന ലക്ഷ്യമാണ് മന്ത്രി മുന്നോട്ടുവച്ചത്. എന്നാല്‍ അത്രത്തോളം പ്രാധാന്യത്തോടെ നഗര ഹൃദയഭാഗത്ത് പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുക എന്ന ഉത്തരവാദിത്വവും ഊഴം കാത്തിരിപ്പാണ്.
എഡ്യൂക്കേഷണല്‍ ഹബ് നാടിന് ആവശ്യവും അഭിമാനവുമാണ്. അതിനായി അനുയോജ്യമായ മറ്റൊരു സ്ഥലം ഇരിങ്ങാലക്കുടയില്‍ കണ്ടെത്തുകയാണെങ്കില്‍ നാടിന്റെ വികസനം പൂര്‍ണ അര്‍ഥത്തില്‍ മുന്നേറുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
എഡ്യൂക്കേഷണല്‍ ഹബ് ?
പ്രഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ പ്രധാന സ്ഥാപനമായ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരള (സിവില്‍ സര്‍വീസ് അക്കാദമി), അഡീഷണല്‍ സ്കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം (അസാപ്), കേരള ലാംഗ്വേജ് നെറ്റ് വര്‍ക്ക്, സംഗമഗ്രാമ മാധവന് പഠന ഗവേഷണ കേന്ദ്രം, അച്ചടി പഠന രംഗത്തെ സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് എന്നീ സ്ഥാപനങ്ങളാണ്ആദ്യഘട്ടത്തില് ഇരിങ്ങാലക്കുട എഡ്യൂക്കേഷണല്‍ ഹബ്ബില്‍ പ്രവര്‍ത്തനം ആരംഭിക്കുക.
District News
ഇരിട്ടി: മാങ്ങോട് അടിച്ചുവാരി നിർമല എൽപി സ്കൂൾ സുവർണ ജൂബിലി വാർഷികാഘോഷവും സർവീസിൽ നിന്നു വിരമിക്കുന്ന മുഖ്യാധ്യാപിക ജാൻസി മാത്യുവിനുള്ള യാത്രയയപ്പ് സമ്മേളനവും ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. സോണി വടശേരി അധ്യക്ഷത വഹിച്ചു.
കുട്ടികൾക്കുള്ള വിവിധ എൻഡോവ്മെന്റുകൾ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൈഹാനത്ത് സുബി വിതരണം ചെയ്തു. സ്കൂൾ മാനേജർ ഫാ. മനോജ് കൊച്ചുപുരയ്ക്കൽ, അസിസ്റ്റന്റ് മാനേജർ ഫാ. മെൽബിൻ വടക്കേൽ, മുഖ്യാധ്യാപിക ജാൻസി മാത്യു, പിടിഎ പ്രസിഡന്റ് ബിനോയ് ജോസഫ്, രാഖി ജോർജ്, നോബിൾ തോമസ്, ആയിഷ നെഹ്റിൻ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
District News
വെള്ളരിക്കുണ്ട്: സംസ്ഥാന യൂത്ത് പാർലമെന്റിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് നാടിന്റെ സ്വീകരണം. വിദ്യാർഥികളെ ഉത്സവാന്തരീക്ഷത്തിൽ ഘോഷയാത്രയോടെ ആനയിച്ചാണ് സ്വീകരണമൊരുക്കിയത്.
തുടർന്ന് ദർശന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഏത് ഭരണകൂടത്തെയും മാറ്റാനും കൊണ്ടുവരാനും രാജ്യത്തെ ജനങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
പുതുതലമുറകൾ രാഷ്ട്രീയത്തിലേക്ക് വന്നാൽ മാത്രമേ ജനാധിപത്യം കരുത്തുറ്റതാവുകയുള്ളുവെന്നും ചെന്നിത്തല പറഞ്ഞു.
സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ യൂത്ത് പാർലമെന്റിനായി കുട്ടികളെ പരിശീലിപ്പിച്ച അധ്യാപകരായ റിൻസി ഏബ്രഹാം, ഷിനോജ് സെബാസ്റ്റ്യൻ, അനു പി. ജോസഫ്, പി.എസ്. കുര്യൻ എന്നിവരെ ആദരിച്ചു.
ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത, വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, ജില്ലാ പഞ്ചായത്തംഗം ബിൻസി ജയിൻ, ബ്ലോക്ക് പഞ്ചായത്തംഗം ഫൗസിയ ഫൈസൽ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഷോബി ജോസഫ്, സ്കൂൾ മാനേജർ റവ. ഡോ. ജോൺസൺ അന്ത്യാംകുളം, പ്രിൻസിപ്പൽ റവ.ഡോ. സന്തോഷ് കെ. പീറ്റർ, മുഖ്യാധ്യാപകൻ എം.യു. ജോസുകുട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ, സിജോ ജെ. അറയ്ക്കൽ, ഷിനി ഡേവിസ്, ഡെന റോസ് ഷാജി എന്നിവർ പ്രസംഗിച്ചു.
District News
കോട്ടയം: ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സ്ഥാപിച്ചുകിട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ പാലാ കോടതിയില്‍ നല്കിയ കേസില്‍ വാദം തുടങ്ങി.
1910ലെ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്നും ഈ രജിസ്റ്റര്‍ സംസ്ഥാനത്തെ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച അടിസ്ഥാന പ്രമാണമാണെന്നും കേസില്‍ വാദിയായ സംസ്ഥാന സര്‍ക്കാർ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സജി കൊടുവത്ത് ബോധിപ്പിച്ചു. സമാനമായ പല കേസുകളിലും മുന്‍പ് ഈ രേഖ അടിസ്ഥാനമാക്കി നടത്തിയ കോടതിവിധികളും നിരത്തി. ബിലീവേഴ്സ് ചര്‍ച്ച് ഹാജരാക്കിയ പ്രമാണങ്ങള്‍ വ്യാജമാണെന്നും സ്ഥലം കൈവശപ്പെടുത്തിയത് ചട്ടവിരുദ്ധമായാണെന്നും വാദിഭാഗം കോടതിയെ ബോധിപ്പിച്ചു.
എന്നാല്‍ തോട്ടത്തിന്റെ ഉടമസ്ഥത ബിലീവേഴ്സ് ചര്ച്ചിനുള്ളതാണെന്ന ഹൈക്കോടതിയുടെ മുന്‍ വിധിയാണു പരിഗണനയ്ക്കെടുക്കേണ്ടതെന്ന് സഭയുടെ അഭിഭാഷകര്‍ ബോധിപ്പിച്ചു. കേസില്‍ നാളെയും വാദം തുടരും. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയും ഉന്നത റവന്യു വകുപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസത്തെ വാദത്തിനു പാലാ കോടതിയില്‍ ഹാജരായിരുന്നു.
ഇരുവിഭാഗങ്ങളുടെയും വാദം കേട്ടതിനുശേഷം ഈ മാസാവസാനം കേസില്‍ വിധി പറയും. ശബരി എയര്‍പോര്‍ട്ട് എസ്റ്റേറ്റില്‍ നിര്‍മിക്കാനുദ്ദേശിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉടമസ്ഥതാവകാശം സ്ഥാപിച്ചു കിട്ടാന്‍ കോടതിയെ സമീപിച്ചത്.
District News
കാസര്‍ഗോഡ്: പാലക്കാട് നടന്ന സംസ്ഥാന സ്പെഷല്‍ സ്കൂള്‍ പ്രവൃത്തിപരിചയമേളയില്‍ ചെര്‍ക്കള മാര്‍ത്തോമാ ബധിര വിദ്യാലയത്തിന് മികച്ച നേട്ടം. മത്സരിച്ച 18 ഇനങ്ങളിലും എ ഗ്രേഡ് ലഭിച്ചു.
യുപി വിഭാഗം ക്ലേ മോഡലിംഗില്‍ സ്കൂളിലെ ഏഴാംതരം വിദ്യാര്‍ഥി കെ.എ.പൃഥ്വി രണ്ടാംസ്ഥാനം നേടി. യുപി വിഭാഗം കോയര്‍ ഡോര്‍ മാറ്റ്സില് സി.എസ്.ഇബ്രാഹിം മൂന്നാംസ്ഥാനം നേടി. യുപി വിഭാഗം ബീഡ്സ് വര്‍ക്കില്‍ മുഹമ്മദ് ഹഫീല്, എംബ്രോയിഡറിയില്‍ ഫാത്തിമത്ത് ഷര്‍ബീന, മെറ്റല്‍ എന്‍ഗ്രേവിംഗില്‍ മുഹമ്മദ് അഹ്സാന്, അഗര്‍ബത്തി മേക്കിംഗില്‍ മുഹമ്മദ് ബിലാല്‍ എന്നിവര്‍ എ ഗ്രേഡ് നേടി.
ഹൈസ്കൂള്‍ വിഭാഗം പേപ്പര്‍ ക്രാഫ്റ്റില്‍ ദീപശിഖ, എംബ്രോയ്ഡറിയില്‍ മേഖശ്രീ, മെറ്റല്‍ എന്‍ഗ്രേവിംഗില്‍ ഹസൈനാര്‍, അഗര്‍ബത്തി മേക്കിംഗില്‍ കെ.കെ.കീര്ത്തന്രാജ്, ഗാര്‍മെന്റ് മേക്കിംഗില്‍ എച്ച്.സൈനബ, ബീഡ്സ് വര്‍ക്കില്‍ ഫാത്തിമ റിഹ, കൊയര്‍ ഡോര്‍ മാറ്റ്സില് പൂര്‍ണേഷ്, ക്ലേ മോഡലിംഗില്‍ നിഷാന്ത് എന്നിവര്‍ യഥാക്രമം എ ഗ്രേഡ്നേട. ഹയര്‍സെക്കന്‍ഡറി വിഭാഗം വെജിറ്റബിള്‍ പ്രിന്റിംഗില്‍ മുഹമ്മദ് നിയാസ്, എംബ്രോയ്ഡറിയില്‍ മറിയം ഹിബ, മെറ്റല്‍ എന്‍ഗ്രേവിംഗില്‍ എ.ജീവന്, കൊയര്‍ ഡോര്‍ മറ്റ്സില് കെ.കെ.കിഷന്‍രാജ് എന്നിവര്‍ക്ക് എ ഗ്രേഡ് ലഭിച്ചു. അധ്യാപകരായ കെ.ടി.ജോഷിമോന്, സി.ബിജുമോന്, സിബി സി.കുഞ്ഞപ്പന്, പി.രേഷ്മ, നിദ ഫാത്തിമ എന്നിവരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്.