പ്രതീകാത്മക ചിത്രം
കോന്നി: റീസർവേയിൽ പുറമ്പോക്കായി മാറി വർഷങ്ങളായി കുരുക്കിൽപ്പെട്ടുകിടന്ന കോന്നി നാരായണപുരം മാർക്കറ്റ് സ്ഥിതി ചെയ്യുന്ന ഒന്നരയേക്കറിലധികം സ്ഥലം ഇനി പഞ്ചായത്തിനു സ്വന്തം. ഈ ഭൂമിയുടെ കരമടച്ച് ഔദ്യോഗിക രസീത് നേടിയതോടെ, പഞ്ചായത്തിന്റെ വികസന വഴികളിലെ പ്രതിസന്ധികളാണ് പൂർണമായും വഴിമാറുന്നത്.
1996ലെ റീസർവേയിലാണ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ പ്രദേശം പുറമ്പോക്കെന്നു തെറ്റായി രേഖപ്പെടുത്തപ്പെട്ടത്. ഇതുമൂലം ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ നിയമക്കുരുക്കിൽപ്പെടുകയായിരുന്നു.
എന്നാൽ, പഞ്ചായത്ത് ഭരണസമിതിയുടെനേതൃത്വത്തിൽ ആരംഭിച്ച നിരന്തര ശ്രമങ്ങളും റവന്യുവകുപ്പിൽ നടത്തിയ ഇടപെടലുകളും ഒടുവിൽ ലക്ഷ്യംകണ്ടു.താലൂക്ക് സർവേയറുടെ റിപ്പോർട്ടിന്റെയും ഭൂരേഖ തഹസിൽദാരുടെയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കോന്നി വില്ലേജ് ഓഫീസിൽനിന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ കരമടച്ചത്.
ടാക്സി സ്റ്റാൻഡ് ഭാഗത്തെ 35 സെന്റിനു പുറമേ ചന്ത മൈതാനി ഉൾപ്പെടുന്ന 1.57 ഏക്കർ ഭൂമിയാണ് ഇപ്പോൾ പഞ്ചായത്തിന്റെ പേരിലാക്കിയത്.ഭൂമി സ്വന്തം പേരിലായതോടെ ഷോപ്പിംഗ് കോംപ്ലക്സ്, ഓപ്പൺ എയർ സ്റ്റേജ്, ആധുനിക ശുചിമുറി സമുച്ചയം തുടങ്ങി കോന്നിയുടെ മുഖച്ഛായ മാറ്റുന്ന വിവിധ വികസന പദ്ധതികൾക്ക് ഇനി വേഗത്തിൽ ജീവൻ നൽകാനാകും.
Tags : Nattuvishesham LocalNews M Panchayat