Kerala
കൊച്ചി: പെരുമ്പാവൂരില്‍ യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ കഞ്ചാവ് കണ്ടെടുത്ത സംഭവത്തെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ പ്രദേശത്ത് നിന്ന് കൂടുതല്‍ കഞ്ചാവ് കണ്ടെത്തി.
അപകടം നടന്ന സ്ഥലത്തിന് സമീപത്തുള്ള പറമ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികള്‍.ഞായറാഴ്ച രാത്രിയാണ് ഊരക്കാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്.
റോഡില്‍ നിന്ന് 12 അടിയോളം താഴെയുള്ള മുരിങ്ങനാട്ട് ജയന്റെ വീടിന്റെ മുകളിലേക്കായിരുന്നു കാര്‍ മറിഞ്ഞത്. അപകടത്തെ തുടർന്ന് കാറിലുള്ള യുവാക്കളെ നാട്ടുകാർ രക്ഷപ്പെടുത്തുന്നതിനിടെ ആയിരുന്നു വാഹനത്തിനുള്ളിലെ കഞ്ചാവ് ശ്രദ്ധയിൽപ്പെട്ടത്.
ഇതേ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. എന്നാൽ പോലീസ് സ്ഥലത്തെത്തുന്നതിന് മുൻപ് കാറിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. രണ്ടാമനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സമീപത്തെ പറമ്പിൽ ഒളിപ്പിച്ച കഞ്ചാവിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. മൂന്ന് കിലോയിലേറെ കഞ്ചാവാണ് പറമ്പിലെ പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തൃശൂർ: ഏഴ് കിലോയോളം കഞ്ചാവും മാരകായുധങ്ങളുമായി യുവാവ് പിടിയിൽ. നാട്ടിക സ്വദേശി വിഷ്ണു (37) ആണ് പിടിയിലായത്. ഡാൻസാഫ് സംഘവും വലപ്പാട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
വിഷ്ണുവിന്റെ വീടിന്റെ ടെറസിൽ ഒളിപ്പിച്ച നിലയിൽ വിൽപനയ്ക്കായി സൂക്ഷിച്ച 6 കിലോ 830 ഗ്രാം കഞ്ചാവ് ആണ് പിടിച്ചെടുത്തത്. ഇതോടൊപ്പം വ്യത്യസ്ത ആകൃതികളിലുള്ള അഞ്ച് വടിവാളുകൾ, പ്രത്യേക തരം കത്തി, എയർഗൺ എന്നിവയും കണ്ടെടുത്തു.
ഗ്രാമപ്രദേശങ്ങളിലെ തോടുകളിലും കുളങ്ങളിലും മീൻപിടിക്കാനെന്ന വ്യാജേന വലയുമായെത്തിയാണ് പ്രതി കഞ്ചാവ് വിൽപന നടത്തിയിരുന്നത്. വിഷ്ണു മലപ്പുറം ജില്ലയിലും ഇടുക്കി ജില്ലയിലും കഞ്ചാവുമായി നേരത്തെ പിടിയിലായിട്ടുണ്ട്.
Kerala
ആലപ്പുഴ: തണ്ണീർമുക്കം ബസ് സ്റ്റാൻഡിൽ നിന്ന് നൈട്രോസെപാം ഗുളികകളും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. അമ്പലപ്പുഴ വണ്ടാനം സ്വദേശി ഇജാസ് (26), മാഹിൻ (23) എന്നിവരാണ് ലഹരി വസ്തുക്കളുമായി അറസ്റ്റിലായത്.
പ്രതികളിൽ നിന്ന് 200ഓളം നൈട്രോസെപാം ഗുളികകളും 250 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മുഹമ്മ പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.
മാസങ്ങളായി ജില്ലയ്ക്ക് പുറത്ത് താമസിച്ച് ഒഡിഷയിൽ പോയി കഞ്ചാവ് വാങ്ങി വിൽപന നടത്തിവരികയായിരുന്നു ഇരുവരും. ട്രെയിൻ മാർഗം ലഹരിയെത്തിക്കുന്ന പ്രതികൾ ജില്ലയ്ക്ക് പുറത്തിറങ്ങി ബസിലോ ബൈക്കിലോ എത്തിയാണ് ഇവർ ഇടപാടുകാർക്ക് മയക്കുമരുന്ന് കൈമാറുന്നത്.
സുരക്ഷിതമായി ലഹരി കൈമാറ്റം നടത്തുന്നതിനായാണ് ഇവർ തണ്ണീർമുക്കം ബണ്ട് മേഖല തെരഞ്ഞെടുത്തത്. ഒഡിഷയിൽ നിന്നെത്തിക്കുന്ന കഞ്ചാവ് പലയിടങ്ങളിലായി വിൽപന നടത്തി വരുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.
District News
അടിമാലി: വില്‍പ്പനയ്ക്കായി സൂക്ഷിച്ച രണ്ടു കിലോയിലധികം ഉണക്ക കഞ്ചാവ് അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സംഘം കണ്ടെത്തി. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ രാഹുല്‍ ശശിയും സംഘവും മാങ്കുളത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
കുരിശുപാറ കല്ലാര്‍വാലി സ്വദേശി മിഥുനെ (27) നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സംഘം അറസ്റ്റ് ചെയ്തു. ഇയാള്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. അറസ്റ്റിലായ മിഥുന് കഞ്ചാവ് കൊടുത്ത മാങ്കുളം ആറാംമൈല്‍ സ്വദേശി അമലിനെ രണ്ടാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളുടെ വീട്ടില്‍നിന്ന് 1.420 കിലോഗ്രാം കഞ്ചാവും സംഘം കണ്ടെടുത്തു.
രണ്ടാം പ്രതിക്കായി നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സംഘം അന്വേഷണം ആരംഭിച്ചു. ആകെ 2.450 കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തിട്ടുള്ളത്. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എൻ.കെ. ദിലീപ് , ബിജു മാത്യു, പ്രിവന്റീവ് ഓഫീസര്‍ വി.ആർ. സുധീര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ യദു വംശരാജ്, മുഹമ്മദ് ഷാന്‍, അലി അഷ്ക്കര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ വിസ്മയ മുരളി, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ നിധിന് ജോണി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
National
ബംഗളൂരു: കർണാടകയിലെ ശിവമോഗ സെൻട്രൽ ജയിലിൽ നിന്നും കഞ്ചാവും സിഗരറ്റുകളും പിടികൂടി. 123ഗ്രാം കഞ്ചാവും ഡസൻ കണക്കിന് സിഗരറ്റുകളുമാണ് ജയിലിൽ എത്തിച്ചത്.
ജയിൽ കാന്റിനിലേക്ക് ഓട്ടോറിക്ഷയിൽ എത്തിച്ച പഴ ചാക്കുകളിലാണ് ലഹരി വസ്തുക്കൾ നിറച്ചത്. ഡ്രൈവർ ചാക്കുകൾ ജയിലിന് മുന്നിലെ ഗേറ്റിന് പുറത്ത് ഉപേക്ഷിച്ച് പോകുകയായിരുന്നു.
ജയിൽ ഉദ്യോഗസ്ഥർ നടത്തിയ പതിവ് പരിശോധനയിൽ വാഴപ്പഴ ചാക്കുകൾ പൊട്ടിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. അതിനുള്ളിൽ നിന്നാണ് ടേപ്പിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് പാക്കറ്റുകളും സിഗരറ്റുകളും കണ്ടെത്തിയത്.
ഉദ്യോഗസ്ഥർ ചാക്ക് പരിശോധിക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന ജയിൽ ജീവനക്കാരൻ സാത്വിക്കിൽ നിന്നും 170 ഗ്രാം കഞ്ചാവ് കണ്ടെത്തി. ടേപ്പിൽ പൊതിഞ്ഞ കഞ്ചാവ് തന്റെ അടിവസ്ത്രത്തിലാണ് ഇയാൾ ഒളിപ്പിച്ചത്. ഇയാളെ ഉടൻതന്നെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി.