അടിമാലി: വില്‍പ്പനയ്ക്കായി സൂക്ഷിച്ച രണ്ടു കിലോയിലധികം ഉണക്ക കഞ്ചാവ് അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സംഘം കണ്ടെത്തി. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ രാഹുല്‍ ശശിയും സംഘവും മാങ്കുളത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
കുരിശുപാറ കല്ലാര്‍വാലി സ്വദേശി മിഥുനെ (27) നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സംഘം അറസ്റ്റ് ചെയ്തു. ഇയാള്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. അറസ്റ്റിലായ മിഥുന് കഞ്ചാവ് കൊടുത്ത മാങ്കുളം ആറാംമൈല്‍ സ്വദേശി അമലിനെ രണ്ടാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളുടെ വീട്ടില്‍നിന്ന് 1.420 കിലോഗ്രാം കഞ്ചാവും സംഘം കണ്ടെടുത്തു.
രണ്ടാം പ്രതിക്കായി നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സംഘം അന്വേഷണം ആരംഭിച്ചു. ആകെ 2.450 കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തിട്ടുള്ളത്. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എൻ.കെ. ദിലീപ് , ബിജു മാത്യു, പ്രിവന്റീവ് ഓഫീസര്‍ വി.ആർ. സുധീര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ യദു വംശരാജ്, മുഹമ്മദ് ഷാന്‍, അലി അഷ്ക്കര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ വിസ്മയ മുരളി, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ നിധിന് ജോണി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Tags : nattu vishesham marijuana stored