കൊച്ചി: പെരുമ്പാവൂരില്‍ യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ കഞ്ചാവ് കണ്ടെടുത്ത സംഭവത്തെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ പ്രദേശത്ത് നിന്ന് കൂടുതല്‍ കഞ്ചാവ് കണ്ടെത്തി.
അപകടം നടന്ന സ്ഥലത്തിന് സമീപത്തുള്ള പറമ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികള്‍.ഞായറാഴ്ച രാത്രിയാണ് ഊരക്കാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്.
റോഡില്‍ നിന്ന് 12 അടിയോളം താഴെയുള്ള മുരിങ്ങനാട്ട് ജയന്റെ വീടിന്റെ മുകളിലേക്കായിരുന്നു കാര്‍ മറിഞ്ഞത്. അപകടത്തെ തുടർന്ന് കാറിലുള്ള യുവാക്കളെ നാട്ടുകാർ രക്ഷപ്പെടുത്തുന്നതിനിടെ ആയിരുന്നു വാഹനത്തിനുള്ളിലെ കഞ്ചാവ് ശ്രദ്ധയിൽപ്പെട്ടത്.
ഇതേ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. എന്നാൽ പോലീസ് സ്ഥലത്തെത്തുന്നതിന് മുൻപ് കാറിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. രണ്ടാമനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സമീപത്തെ പറമ്പിൽ ഒളിപ്പിച്ച കഞ്ചാവിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. മൂന്ന് കിലോയിലേറെ കഞ്ചാവാണ് പറമ്പിലെ പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : kerala police crime news marijuana kochi