National
ബംഗളൂരു: മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയുടെ 35 വർഷം നീണ്ടുനിന്ന പാർലമെന്ററി ജീവിതത്തിന് വിരാമമാകുന്നതായി സൂചന. കർണാടകയിൽ നിന്ന് ഒഴിഞ്ഞുകിടക്കുന്ന തങ്ങളുടെ ഏക രാജ്യസഭാ സീറ്റിലേക്ക് ബിജെപി പ്രൊഫ. എം. നാഗരാജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെയാണിത്. ജൂൺ 30-നാണ് ദേവഗൗഡയുടെ നിലവിലുള്ള രാജ്യസഭാ കാലാവധി അവസാനിക്കുന്നത്. മറ്റൊരു സംസ്ഥാനത്ത് നിന്നെങ്കിലും ബിജെപി അദ്ദേഹത്തിന് സീറ്റ് നൽകിയില്ലെങ്കിൽ ദേവഗൗഡയുടെ പാർലമെന്റ് കരിയറിന് ഇതോടെ താത്കാലിക വിരാമമാകും.
കർണാടകയിൽ നിലവിലുള്ള എംഎൽഎമാരുടെ എണ്ണം അനുസരിച്ച് ബിജെപിക്ക് ഒറ്റയ്ക്ക് ഒരു സീറ്റിൽ മാത്രമേ വിജയിക്കാൻ സാധിക്കൂ. സഖ്യകക്ഷിയായ ജെഡിഎസിന് വേണ്ടി ഈ സീറ്റ് ബിജെപി വിട്ടുനൽകുമെന്നും ദേവഗൗഡ വീണ്ടും രാജ്യസഭയിലെത്തുമെന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കരുതിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി പ്രൊഫ. എം. നാഗരാജിനെ രംഗത്തിറക്കാൻ ബിജെപി തീരുമാനിക്കുകയായിരുന്നു.
രാജ്യത്തെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാക്കളിലൊരാളായ ദേവഗൗഡയുടെ രാഷ്ട്രീയ ഭാവി ഇനി ബിജെപി കേന്ദ്ര നേതൃത്വം മറ്റ് സംസ്ഥാനങ്ങളിൽ അദ്ദേഹത്തിന് അവസരം നൽകുമോ എന്നതിനെ ആശ്രയിച്ചിരിക്കും.
National
ന്യൂഡൽഹി: രാജ്യസഭയിലെ നിലവിലെ അംഗങ്ങളിൽ 14 ശതമാനം പേരും കോടീശ്വരന്മാരാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട പുതിയ റിപ്പോർട്ട്. ആകെ വിശകലനം ചെയ്ത 229 എംപിമാരിൽ രാജ്യസഭയിൽ 31 കോടീശ്വരന്മാർ; 32 ശതമാനം എംപിമാർക്കെതിരെ ക്രി31 പേർക്ക് ശതകോടികളുടെ ആസ്തിയുണ്ട്. കൂടാതെ, 32 ശതമാനം എംപിമാർ തങ്ങൾക്കെതിരെ ക്രിമിനൽ കേസുകളുള്ളതായി സത്യവാംഗ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യസഭയിലെ 31 എംപിമാരാണ് ശതകോടീശ്വരന്മാരുടെ പട്ടികയിലുള്ളത്. ഇതിൽ ബിജെപിയിൽ നിന്ന് ആറ് പേരും കോൺഗ്രസിൽ നിന്ന് അഞ്ച് പേരും വൈഎസ്ആർ കോൺഗ്രസിൽ നിന്ന് നാല് പേരും ഉൾപ്പെടുന്നു. എഎപി, ബിആർഎസ് എന്നിവർക്ക് രണ്ട് വീതം കോടീശ്വരൻമാരുണ്ട്.229 എംപിമാരിൽ 73 പേർക്കെതിരെ (32%) ക്രിമിനൽ കേസുകളുണ്ട്. ഇതിൽ 36 പേർ (16%) കൊലപാതകം, വധശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. ക്രിമിനൽ കേസുകളുള്ളവരിൽ ബിജെപിയിലെ 27 പേരും കോൺഗ്രസിലെ 12 പേരും തൃണമൂൽ കോൺഗ്രസിലെ നാല് പേരും ഉൾപ്പെടുന്നു.
സിപിഐ(എം), ബിആർഎസ് എന്നീ പാർട്ടികളിൽ നിന്ന് മൂന്ന് പേർ വീതം ഈ പട്ടികയിലുണ്ട്. ഒരു രാജ്യസഭാ എംപിയുടെ ശരാശരി ആസ്തി 120.69 കോടി രൂപയാണ്. പാർട്ടികൾ നോക്കിയാൽ എഎപി എംപിമാരുടെ ശരാശരി ആസ്തി 574.09 കോടിയും വൈഎസ്ആർ കോൺഗ്രസിന്റേത് 522.63 കോടിയുമാണ്. ബിജെപി എംപിമാരുടെ ശരാശരി ആസ്തി 28.29 കോടി രൂപയാണ്. ബിആർഎസ് എംപി ബണ്ടി പാർത്ഥ സാരഥി (5,300 കോടിയിലധികം), എഎപിയിലെ രാജീന്ദർ ഗുപ്ത (5,053 കോടിയിലധികം), വൈഎസ്ആർസിപിയിലെ അള്ളാ അയോധ്യ രാമി റെഡ്ഡി (2,577 കോടിയിലധികം) എന്നിവരാണ് ഏറ്റവും സമ്പന്നരായ എംപിമാർ.
ഏറ്റവും കുറഞ്ഞ ആസ്തിയുള്ള എംപി എഎപിയിലെ സന്ത് ബൽബീർ സിംഗ് ആണ് (മൂന്ന് ലക്ഷം രൂപ). മണിപ്പൂരിലെ മഹാരാജ സനാജാവോബ ലീഷെംബ (5 ലക്ഷം), ടിഎംസിയുടെ പ്രകാശ് ചിക് ബാരാക് (9 ലക്ഷം) എന്നിവരും കുറഞ്ഞ ആസ്തിയുള്ളവരുടെ പട്ടികയിലുണ്ട്.
National
ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനെ രാജ്യസഭയിലേയ്ക്ക് പരിഗണിച്ച് ബിജെപി. ബിഹാറിൽ നിന്നാണ് നിതിൻ നബീൻ മത്സരിക്കുക. നിതിൻ നബീനിന് പുറമെ എട്ട് സ്ഥാനാർഥികളുടെ പേരുകൾ കൂടി ബിജെപി പുറത്തുവിട്ടു.
ബീഹാർ, ആസാം, ഛത്തീസ്ഗഡ്, ഹരിയാന, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്കാണ് ബിജെപി സ്ഥാനാർഥിപട്ടിക പുറത്തിറക്കിയത്. എന്നാൽ വിജയിക്കും എന്നുറപ്പുള്ള മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, ഹിമാചൽ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. ഇതിന് പുറമെ അഞ്ച് സിറ്റിംഗ് എംപിമാരെ ബിജെപി ഒഴിവാക്കി.
ജനുവരി 20നാണ് ബിജെപി ദേശീയ അധ്യക്ഷനായി നിതിന്‍ നബിന് ചുമതലയേറ്റത്. ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് 45കാരനായ നിതിന്‍ നബീന്. ദേശീയ അധ്യക്ഷനായുള്ള ജെ.പി. നദ്ദയുടെ കാലാവധി അവസാനിച്ചതോടെയാണ് നിതിൻ നബീൻ തെരഞ്ഞെടുക്കപ്പെട്ടത്.
National
ന്യൂഡൽഹി: പിഎം കെയേഴ്സ് ഫണ്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പാർലമെന്റിൽ അനുവദിക്കാനാവില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഎം എംപി ജോൺ ബ്രിട്ടാസ്. പിഎം കെയേഴ്സ്, പിഎം എൻആർഎഫ് തുടങ്ങിയ ഫണ്ടുകളെ പാർലമെന്ററി പരിശോധനയിൽ നിന്ന് മാറ്റിനിർത്താനുള്ള ഏത് നീക്കവും തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടാസ് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കും രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണനും കത്തയച്ചു.
ഈ ഫണ്ടുകൾ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്നും അതിനാൽ അവയെക്കുറിച്ചുള്ള ചോദ്യങ്ങൾ പാർലമെന്റ് നടപടിക്രമങ്ങൾ അനുസരിച്ച് അനുവദനീയമല്ലെന്നുമാണ് പിഎംഒ കഴിഞ്ഞ ദിവസം ലോക്സഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചത്. ഇതിനെതിരെയാണ് ബ്രിട്ടാസ് രംഗത്തെത്തിയത്.
പിഎം കെയേഴ്സ് ഫണ്ടിലേക്കുള്ള സംഭാവനകൾക്ക് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ആനുകൂല്യം സർക്കാർ തന്നെ നൽകുന്നുണ്ടെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് കോടി രൂപ പൊതുജനങ്ങളിൽ നിന്നും കമ്പനികളിൽ നിന്നും സ്വീകരിക്കുന്ന ഒരു ഫണ്ട്, സർക്കാരിന്റെ വിഷയമല്ലെന്ന് പറഞ്ഞ് പാർലമെന്റിൽ നിന്ന് മറച്ചുവെക്കുന്നത് ജനാധിപത്യപരമായ ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും ബ്രിട്ടാസ് കത്തിൽ പറഞ്ഞു.
കമ്പനി നിയമത്തിൽ ഭേദഗതി വരുത്തിയാണ് പിഎം കെയേഴ്സിനെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് തുല്യമായ പദവി നൽകിയത്. ഇത്തരത്തിൽ നിയമപരമായ പരിരക്ഷയുള്ള ഫണ്ടുകൾക്ക് പാർലമെന്റിനോട് മറുപടി പറയാൻ ബാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പാർലമെന്റിന്റെ മേൽനോട്ടത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം നീക്കങ്ങൾ അനുവദിക്കരുതെന്നും അംഗങ്ങളുടെ ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നുമാണ് ബ്രിട്ടാസിന്റെ ആവശ്യം.
National
ഗോഹട്ടി: ആസാമില്‍ ഏപ്രിലില്‍ ഒഴിവാകുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലും ബിജെപിയും അതിന്റെ സഖ്യകക്ഷികളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ബിജെപി, ആസാം ഗണ പരിഷത്ത് (എജിപി), യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ (യുപിപിഎൽ) തുടങ്ങിയ സഖ്യകക്ഷികള്‍ ചേര്‍ന്ന 'യുണൈറ്റഡ് ഫ്രണ്ട്' ഇത്തവണ മൂന്ന് സീറ്റുകളിലും മത്സരിക്കും. രണ്ട് സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
നിലവില്‍ ഒഴിവാകാന്‍ പോകുന്ന സീറ്റുകള്‍ രണ്ടെണ്ണം ബിജെപി എംപിമാരായ ഭുവനേശ്വര്‍ കലിത, രമേശ്വര്‍ തെലി എന്നിവരുടേതാണ്. മൂന്നാമത്തേത് സ്വതന്ത്ര എംപി അജിത് ഭുയാന്റേതാണ്. കഴിഞ്ഞ തവണ അജിത് ഭുയാനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നത് അദ്ദേഹത്തെ നിഷ്പക്ഷനായി കണക്കാക്കിയതുകൊണ്ടായിരുന്നു. എന്നാൽ, എംപി ഫണ്ടുകളുടെ ദുരുപയോഗ ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇത്തവണ ബിജെപി ഇയാള്‍ക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചത്.
ആസാം നിയമസഭയില്‍ ബിജെപിക്ക് 64 എംഎല്‍എമാരുണ്ട്. സഖ്യകക്ഷികളായ എജിപിക്ക് ഒന്‍പത്, യുപിപിഎല്ലിന് ഏഴ്, ബിപിഎഫിന് മൂന്ന് എന്നിങ്ങനെയാണ് ശക്തി. ഈ ഭൂരിപക്ഷം കൊണ്ട് തന്നെ രണ്ട് സീറ്റുകളെങ്കിലും സഖ്യത്തിന് ഉറപ്പാണെന്നാണ് വിലയിരുത്തൽ. ഈ തീരുമാനം ആസാം രാഷ്ട്രീയത്തില്‍ പുതിയൊരു തിരിവ് സൃഷ്ടിക്കുമെന്നും 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്ത്രപരമായ നീക്കമായും വിലയിരുത്തപ്പെടുന്നുണ്ട്.
National
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്സഭ അനിശ്ചിതമായി പിരിഞ്ഞതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. സമ്മേളനം ഈമാസം ഒന്നിനാണ് ആരംഭിച്ചത്.
സ്പീക്കറുടെ അധ്യക്ഷതയിൽ പാർലമെന്റ് ഹൗസിലെ ചേംബറിൽ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പാർലമെന്റ് അംഗങ്ങളും കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരും പ്രതിപക്ഷ നേതാക്കളും പങ്കെടുത്തു.
19 ദിവസങ്ങൾ നീണ്ട ശീതകാല സമ്മേളനത്തിനിടയിൽ നിരവധി ബില്ലുകൾ പാസാക്കിയെന്ന് സ്പീക്കർ പറഞ്ഞു. വളരെ ബന്ധപ്പെട്ട ബില്ലായ വികസിത് ഭാരത് – റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) എന്ന വിബി – ജി റാം ജി പദ്ധതി വ്യാഴാഴ്ച ലോക്സഭയിൽ പാസാക്കിയിരുന്നു. കൂടാതെ, ആണവോർജത്തിന്റെ സുസ്ഥിര ഉപയോഗവും വികസനവും സംബന്ധിച്ച ബില്ലും ലോക്സഭയിൽ പാസാക്കി.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ ഏകപക്ഷീയ വിജയത്തോടെ ബിഹാറിൽ വരുംവർഷങ്ങളിൽ ഒഴിവുവരുന്ന മുഴുവൻ രാജ്യസഭാ സീറ്റുകളും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ പോക്കറ്റിലാകും. ബിഹാറിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ തേജസ്വി യാദവ് നേതൃത്വം നൽകുന്ന ആർജെഡിക്ക് രാജ്യസഭയിൽ പ്രാതിനിധ്യംപോലും ഇല്ലാതാവുകയും ചെയ്യും.
ബിഹാറിൽ ആകെയുള്ള 16 രാജ്യസഭാംഗങ്ങളിൽ അഞ്ചുപേരാണ് ആർജെഡി പ്രതിനിധികൾ. ഒരംഗം കോൺഗ്രസിൽ നിന്നാണ്. ആർജെഡിയുടെ പ്രേംചന്ദ് ഗുപ്തയുടെയും എ.ഡി. സിംഗിന്റെയും കാലാവധി ഏതാനും മാസങ്ങൾക്കകം പൂർത്തിയാകും.
വരാനിരിക്കുന്ന നിയമസഭയിലെ അംഗബലമനുസരിച്ച് രണ്ടു സീറ്റുകളും എൻഡിഎയ്ക്കു അനായാസം വിജയിക്കാനാകും. എൻഡിഎ അംഗങ്ങളായ ഹരിവംശ്, രാംനാഥ് താക്കൂർ (രണ്ടുപേരും ജെഡിയു) ഉപേന്ദ്ര കുശ്വാഹ (ആർഎൽഎം) എന്നിവരുടെ കാലാവധി അടുത്തവർഷം ഏപ്രിൽ ഒന്‍പതിന് തീരും. അഞ്ച് സീറ്റുകളിലേക്കും വിജയിക്കാൻ ഓരോ സ്ഥാനാർഥിക്കും 42 വോട്ട് വേണമെന്നാണ് വിദഗ്ധർ പറയുന്നത്.
243 അംഗ സഭയിൽ മഹാസഖ്യത്തിന് 35 പേരുടെ പിന്തുണ മാത്രമാണുള്ളത്. ആർജെഡി (25) കോൺഗ്രസ് (ആറ്) സിപിഐ-എംഎൽ (രണ്ട്) എന്നിവയ്ക്കു പുറമേ സിപിഎമ്മിന്റെയും ഐഐപിയുടെയും ഓരോ അംഗങ്ങവും കൂടി ചേരുന്നതാണിത്.ആർജെഡിയുടെ ഫിയാസ് അഹമ്മദ്, ബിജെപിയുടെ സതീഷ് ചന്ദ്ര ദുബെ, മനാൻ കുമാർ മിശ്ര, ശംഭു സഹാരൻ പട്ടേൽ, ജെഡിയു പ്രതിനിധി ഖിരു മഹ്തോ എന്നീ രാജ്യസഭാംഗങ്ങളുടെ കാലാവധി 2028 ജൂലൈ ഏഴിനും അവസാനിക്കും.
ഇതിനുശേഷം 2030ന്റെ തുടക്കത്തിൽ സംസ്ഥാനത്ത് ആറ് രാജ്യസഭാ സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടക്കും. ബിജെപിയിൽനിന്നുള്ള ധർമ്മശില ഗുപ്ത, ഭീംസിംഗ്, ജെഡിയുവിന്റെ സഞ്ജയ് കുമാർ ഝാ, ആർജെഡിയുടെ മനോജ് കുമാർ ഝാ, സഞ്ജയ് യാദവ്, കോൺഗ്രസിന്റെ അഖിലേഷ് പ്രസാദ് സിംഗ് എന്നിവരുടെ കാലാവധി കഴിയുന്നതോടെയാണിത്. വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകളിലൊന്നും സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള അംഗബലം പ്രതിപക്ഷത്തിനില്ല. വിജയം ഉറപ്പായതിനാൽ ഏതാനും വർഷങ്ങൾകൊണ്ട് രാജ്യസഭയിലും ബിജെപി കൂടുതൽ കരുത്തരാകും.
Kerala
ന്യൂഡല്‍ഹി: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിലപാടിലുറച്ച് കേന്ദ്ര സര്‍ക്കാര്‍. ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ നല്കിയ നോട്ടീസ് തള്ളി. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു.
ഓപ്പരേഷന് സിന്ദൂറിലാണ് ഇന്ന് ചര്‍ച്ച നടക്കുന്നതെന്നും മറ്റ് ചര്‍ച്ചകളിലേക്ക് കടക്കുന്നില്ലെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെയാണ് സഭാനടപടികള്‍ നിര്‍ത്തിവച്ചത്. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിപക്ഷം നോട്ടീസ് നല്‍കിയെങ്കിലും ചെയര്മാന് ആവശ്യം തള്ളുകയായിരുന്നു.
അതേസമയം രാവിലെ പ്രിയങ്കാ ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിച്ചിരുന്നു. കന്യാസ്ത്രീകളെ മോചിപ്പിക്കാന്‍ കേന്ദ്രം എത്രയും വേഗം ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുഡിഎഫ് എംപിമാര്‍ പ്രതിഷേധിച്ചത്.
Movies
തമിഴ് സിനിമയിലെ ‘ഉലകനായകൻ’ കമൽ ഹാസൻ ഇന്നു രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. മക്കൾ നീതി മയ്യം (എംഎൻഎം) അധ്യക്ഷനായ കമൽ ഹാസൻ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുടെ പിന്തുണയോടെയാണ് ഉപരിസഭയിലേക്കെത്തുന്നത്.
കമൽ ഹാസന്റെ സത്യപ്രതിജ്ഞയോടെയാകും രാജ്യസഭയിൽ ഇന്നത്തെ നടപടിക്രമങ്ങൾക്ക് തുടക്കമാകുക.
എംഎൻഎം പാർട്ടിയുടെ അധ്യക്ഷന്‍ തങ്ങളുടെ രാജ്യസഭാസീറ്റ് വിട്ടുനൽകുന്നതിലൂടെ തമിഴ്നാട്ടിലെ സഖ്യം വികസിപ്പിക്കാനാണു ഡിഎംകെ ലക്ഷ്യമിടുന്നത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എംഎൻഎം മത്സരിക്കാതിരുന്നതിന് പ്രത്യുപകാരമായാണു ഡിഎംകെ തങ്ങളുടെ ഒരു സീറ്റ് കമൽ ഹാസനു വിട്ടുനൽകിയത്.
Kerala
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തില്‍ രാജ്യസഭയില്‍ മറുപടിയുമായി വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു. സത്യത്തിനൊപ്പം നില്‍ക്കണമെന്നും അന്തിമ റിപ്പോര്‍ട്ടിന് ശേഷമേ നിഗമനങ്ങളില്‍ എത്താവൂവെന്നും മന്ത്രി പറഞ്ഞു.
അപകടത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്തിയുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പാശ്ചാത്യ മാധ്യമങ്ങളെ നായിഡു വിമർശിച്ചു. അപകടം സംബന്ധിച്ച് സ്വന്തമായി വിവരങ്ങൾ നൽകാനാണ് അവർ ശ്രമിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
അപകടത്തിന്റെ കൃത്യമായ കാരണങ്ങൾ അന്തിമ അന്വേഷണ റിപ്പോർട്ടിൽ പുറത്തുവരും. അന്താരാഷ്ട്ര വ്യോമയാന പ്രോട്ടോക്കോളുകൾ അനുസരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും പൂർണ സുതാര്യതയോടെയാണ് ഇക്കാര്യം കൈകാര്യം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
വ്യോമയാന മേഖലയിൽ സുരക്ഷാനടപടികൾ വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തലുകൾ നിർദേശിക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ കീഴിൽ ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് നായിഡു പാർലമെന്റിനെ അറിയിച്ചു. അന്താരാഷ്ട്രതലത്തിലുള്ള മികച്ച സംവിധാനങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന കമ്മിറ്റി മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളുടെ കുടുംബത്തിനും യാത്രക്കാർക്ക് നൽകുന്ന അതേ സഹായധനം തന്നെ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.