District News
മഞ്ചേരി: ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അടിത്തറ പാകുന്നതിൽ മുഖ്യ പങ്കുവഹിച്ച പ്രഫ. പി. ശ്രീധരനെ അനുസ്മരിച്ചു. പി. ശ്രീധരൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കോവിലകംകുണ്ട് ശ്രീലക്ഷ്മി ഹാളിൽ നടന്ന പരിപാടി മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം അജിത് കൊളാടി, മഞ്ചേരി നഗരസഭാ ചെയർപേഴ്സണ്‍ വല്ലാഞ്ചിറ അബ്ദുൾ മജീദ്, കവി മണന്പൂർ രാജൻ ബാബു, പി. ഗൗരി, സിപിഐ മണ്ഡലം സെക്രട്ടറി ഐ. സനൂപ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രഭാത് എൻഡോവ്മെന്റ് പുസ്തക വിതരണവും കാഷ് അവാർഡ് വിതരണവും നടന്നു. മഞ്ചേരി കോവിലകംകുണ്ട് സൗത്ത് വായനശാല, അമരന്പലം യുവജന വായനശാല ആൻഡ് ഗ്രന്ഥാലയം എന്നിവയിലേക്കുള്ള പുസ്തകങ്ങൾ പ്രസിഡന്റ് പി. വിശ്വനാഥൻ കൈമാറി.
മഞ്ചേരി എൻഎസ്എസ് കോളജിൽ നിന്ന് ബിഎസ്സി ഫിസിക്സിൽ ഉയർന്ന മാർക്ക് നേടിയ കെ. ലിയാഷാനുള്ള കാഷ് അവാർഡ് ശോഭന വിശ്വനാഥ് കൈമാറി. തുടർന്ന് നടന്ന അനുസ്മരണ സെഷനിൽ സി. വിജയലക്ഷ്മി, പി. ശിവകുമാർ, പി. തുളസീദാസ് മേനോൻ, എം.എ. അജയകുമാർ, ഇ. അബ്ദു എന്നിവർ പി. ശ്രീധരന്റെ ഓർമകൾ പങ്കുവച്ചു.
District News
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ സീനിയർ വൈദികനായിരുന്ന, അന്തരിച്ച ഫാ. ജോർജ് നെല്ലിശേരിയെ അനുസ്മരിച്ചു. എറണാകുളം കണ്ണങ്കുന്നത്ത് ആശ്രമ ദേവാലയത്തിലെ കുർബാനയെ തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ അഡ്വ. മത്തായി വർക്കി മുതിരേന്തി അധ്യക്ഷനായിരുന്നു.
ഫാ. തരിയൻ ഞാളിയത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ഫാ. അക്വീനോസ് ചിറ്റിലപ്പള്ളി, അഡ്വ. ജോയി ജോർജ് വെട്ടിക്കൽ, ജോസഫ് പി. ഏബ്രഹാം, വിത്സൻ വടക്കുഞ്ചേരി, ദേവസി നെല്ലിശേരി, ടോമി ജെ. പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
Sports
കോഴിക്കോട്: ഒളിന്പ്യൻ പി.ടി. ഉഷയെന്ന രാജ്യംകണ്ട ഏറ്റവും മികച്ച അത്ലറ്റ് ട്രാക്കില്‍ കുതിച്ചപ്പോള്‍, ജീവിതത്തിലെ ട്രാക്ക് തെറ്റാതെ ഒപ്പം നില്‍ക്കുകയായിരുന്നു വി. ശ്രീനിവാസന് എന്ന ഉഷയുടെ സ്വന്തം ജീവിത പങ്കാളി.
ശനിയാഴ്ച മധുരയിൽ അത്ലറ്റിക്സ് സ്കൂളിലെ സെലക്ഷൻ ട്രയൽസിനു പോകാനിരിക്കേയാണ് ശ്രീനിവാസനെ (67) അപ്രതീക്ഷിതമായി മരണം കവർന്നെടുത്തത്. ഒരു കായികതാരത്തിന് നല്കാവുന്ന എല്ലാ പിന്തുണയും നല്കി ഒപ്പംനിന്ന ശ്രീനിവാസന് വിടവാങ്ങിയത് ട്രാക്കില്‍ പതറാത്ത പി.ടി. ഉഷയ്ക്ക് തീരാവേദനയാണ്.
കബഡി താരം
ദേശീയ സർവകലാശാലതല കബഡി താരം കൂടിയായിരുന്നു വെങ്ങാലിൽ ശ്രീനിവാസൻ എന്ന വി. ശ്രീനിവാസൻ. കിനാലൂരിലെ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന് തുടക്കം കുറിച്ച 1999 മുതൽ മൂന്നര പതിറ്റാണ്ടായി അതിന്റെ എല്ലാ പ്രവർത്തനങ്ങളിലും ജീവവായുപോലെ നിലകൊണ്ട ശ്രീനിവാസൻ സ്കൂളിന്റെ ട്രഷററായും സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ട്രാക്കിലെ വേറിട്ട മികവിലേക്ക് ഏക മകൻ ഡോ. വിഘ്നേഷ് വി. ഉജ്വലിനെ വഴിനടത്തിയതിലും ശ്രീനിവാസന് ഏറെ പങ്കുണ്ട്.
എംബിബിഎസിന് ശേഷം രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ സ്പോർട്സ് മെഡിസിൻ ഡിപ്ലോമ ഡിസ്റ്റിംഗ്ഷനോടെയാണ് ഉജ്വൽ പാസായത്. ഇൻജുറി മാനേജ്മെന്റ് മുതൽ പരിശീലന പ്ലാനിംഗ് വരെ ഇടപെടാനാകുന്ന ഉജ്വലിന്റെ മികവ് ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിനും മികവാകുമെന്ന പ്രതീക്ഷയാണ് ശ്രീനിവാസനുണ്ടായിരുന്നത്.
ഉഷ മ്യൂസിയം ബാക്കിവച്ച് യാത്രയായി
കോച്ച് ഒ.എം. നമ്പ്യാരെപോലെ ഉഷയുടെ കായികജീവിതത്തിൽ എല്ലാ പിന്തുണയുമായി നിലകൊണ്ട ശ്രീനിവാസന് ഉഷയുടേത് ഉൾപ്പെടെ രാജ്യത്തെ വിവിധ കായിക മേഖലകളിലെ പ്രതിഭകളെക്കുറിച്ചും മികച്ച അറിവുണ്ടായിരുന്നു.
കിനാലൂരിലെ പി.ടി. ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് രൂപീകരിക്കുന്നതിലും അതിലെ തുടർപ്രവർത്തനങ്ങളിലും സജീവമായി നിലകൊണ്ട അദ്ദേഹം പി.ടി. ഉഷയെക്കുറിച്ച് ഒരു സമ്പൂർണ മ്യൂസിയം ഒരുക്കുന്നതിന്റെ പ്രവർത്തനങ്ങളിലായിരുന്നു. ഉഷ് സ്കൂളിനോടനുബന്ധിച്ചായിരുന്നു മ്യൂസിയവും ശ്രീനി പ്ലാൻ ചെയ്തത്.
1984ലെ ലോസ് ആഞ്ചലസ് ഒളിന്പിക്സിൽ 400 മീറ്റർ ഹർഡിൽസിൽ ഉഷയ്ക്കു നഷ്ടമായ വെങ്കല മെഡലിന്റെ ചരിത്രം മുതൽ അത്ലറ്റിക്സിൽ പുതുതലമുറയെ വാർത്തെടുക്കാനുള്ള ഉഷയുടെ പരിശ്രമങ്ങൾ വരെ പുതുതലമുറയ്ക്കായി രേഖപ്പെടുത്താനുള്ള ശ്രമമായിരുന്നു ഉഷ സമ്പൂർണ മ്യൂസിയം എന്ന ആശയത്തിലൂടെ ശ്രീനിവാസന്റേത്.
Kerala
മുരിക്കാശേരി: ആദ്യകാല കുടിയേറ്റ കര്‍ഷകനായിരുന്ന തോപ്രാംകുടി (പ്രകാശ്) കണ്ണന്‍ചിറ ഈപ്പന് ചേട്ടന് (89) യാത്രയായി. നാടിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, ആധ്യാത്മിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. ആദ്യകാലങ്ങളില്‍ ദീപിക ഇടുക്കിമേഖലയുടെ ശബ്ദവും ഇടുക്കി മുന്‍ എംഎല്‍എ വി.ടി. സെബാസ്റ്റ്യന്റെ സഹയാത്രികനുമായിരുന്ന ഈപ്പൻ ചേട്ടൻ പള്ളി കൈ ക്കാരനും നിസ്വാർഥനായ പൊതുപ്രവ ർത്തകനുമായി സേവനമനു ഷ്ഠിച്ചിട്ടുണ്ട്.
മത സൗഹാര്‍ദത്തിന്റെ ശക്തനായ വക്താവുകൂടിയായിരുന്നു ഇദ്ദേഹം. വായനയുടെ മനുഷ്യന് എന്നായിരുന്നു ഈപ്പച്ചന് ചേട്ടന് അറിയപ്പെട്ടിരുന്നത്. തന്റെ പിതാവ് നാട്ടില്‍ ആരംഭിച്ച പ്രഭാത് ലൈബ്രറി ശേഖരത്തിലെ കൃതി കളുടെ മികച്ച വായനക്കാ രനുമായിരുന്നു അദ്ദേഹം. വായനയോടുള്ള അദമ്യമായ ദാഹം പുതുതലമുറയ്ക്ക് പകര്ന്നുനല്കാനും ഇദ്ദേഹം ഏറെ ശ്രദ്ധിച്ചു.
മക്കള്‍ക്ക് ബാല്യത്തില്‍ തന്നെ ലൈബ്രറിയില്‍ അംഗത്വം എടുത്ത് നല്കി വായനയുടെ ലോകത്ത് എത്തിച്ചിരുന്നു. കൃത്യനിഷ്ഠയും അടുക്കും ചിട്ടയുമുള്ള ജീവിതത്തിന്റെ ഉടമയായിരുന്നു. പൊ തുപ്രവർത്തനത്തിന്റെ തിര ക്കുകൾക്കിടയിലും സജീ വമായ ആധ്യാത്മിക ജീ വിതം നയിക്കുവാനും ശ്രദ്ധി ച്ചു. കഴിയുന്ന അവസരങ്ങളിലെല്ലാം വിശുദ്ധ കുർബാന യിൽ പങ്കെടുക്കുന്നതും ഇദ്ദേഹത്തിന്റെ ശീലമായിരുന്നു. മക്കളെയും മറ്റുള്ളവരെയും മൂല്യബോധത്തില്‍ വളര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി.
മക്കളായ ഫാ.റോയി കണ്ണന്ചിറയ്ക്കും ഫാ.റോബി കണ്ണന്ചിറയ്ക്കും പൗരോഹിത്യജീവിതത്തിലേക്കു വഴി തുറന്നുനല്‍കിയതും മകൾ സിസ്റ്റര്‍ ജോസിയ എസ്എസ്എസിനെ സന്യസ്ത ജീവിതത്തിലേക്ക് ആനയിച്ചതും ഇദ്ദേഹത്തിന്റെ അടിയുറച്ച വിശ്വാസപൈതൃകത്തിന്റെയും സഭാസ്നേഹത്തിന്റെയും നേര് സാക്ഷ്യം തന്നെ.
ഇവരെ ചെറുപ്പകാലങ്ങളില്‍ പ്രസംഗകലയുടെ ആദ്യപാഠങ്ങള്‍ പഠിപ്പിക്കാനും മുന്‍കൈയെടുത്തു. പിന്നീട് വൈദികരായതിനു ശേഷംഇവരുടെ പ്രസംഗം കേള്‍ക്കാന്‍ പ്രത്യേക താത്പര്യം എടുക്കുകയും ചെയ്തു.
മക്കളുടെ ജീവിതവിജയത്തിനായി എന്തുത്യാഗം സഹിക്കാനും തയാറായിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ സ്പെഷല്‍ കണ്‍സള്‍ട്ടേറ്റീവ് സ്റ്റാറ്റസ് ലഭിച്ച ഫാ.റോബി കണ്ണന്‍ചിറയേയും 34 വര്‍ഷമായി ഡിസിഎല്‍ കൊച്ചേട്ടന് സ്ഥാനവും മൂന്നു വർഷമായി സിഎംഐ സന്യാസ സമൂഹത്തിന്റെ മൂവാറ്റുപുഴ പ്രൊവിന്‍സിന്റെ വികാര്‍ പ്രൊവിന്‍ഷ്യല്‍ സ്ഥാനവും വഹിക്കുന്ന ഫാ.റോയി കണ്ണന്ചിറയെയും വളര്‍ച്ചയുടെ പാതയില്‍ അഭിനന്ദിക്കാനും ദത്തശ്രദ്ധനായിരുന്നു ഈ പിതാവ്.
ഈപ്പൻ ചേട്ടന്റെ സംസ്കാരം ഇന്ന് 2.30നു കിളിയാര്‍കണ്ടം ഹോളിഫാമിലി പള്ളിയില്‍ നടക്കും.
ഭാര്യ അന്നമ്മ ഇടുക്കി നാരകക്കാനം പാലക്കീല്‍ കുടുംബാംഗം. ബീന മാത്യൂസ് (ബംഗളൂരു), റോബര്‍ട്ട് (ജനറല്‍ സെക്രട്ടറി മര്‍ച്ചന്റ്സ് അസോസിയേഷന്, മരിയന്‍ ബുക്ക് സെന്റര്‍ മുരിക്കാശേരി), റോബിന് (കറുകുറ്റി), ഗില്‍ബര്‍ട്ട്(യുകെ)എന്നിവരാണ് മറ്റുമക്കള്‍.
District News
വടക്കഞ്ചേരി: ജീവിതത്തിൽ ഒരു ദിവസംപോലും ആശുപത്രിയിൽ കിടക്കാതെ മരിക്കണമെന്ന ആഗ്രഹം നിറവേറിയാണ് വടക്കഞ്ചേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു മുന്നിലെ പഴക്കട ഉടമ ദാർസലാം മൻസിലിൽ അബ്ദുൾ അസീസ് (105) ഓർമയായത്.
ഇന്നലെ രാവിലെയായിരുന്നു മരണം. വൈകീട്ട് കബറടക്കം നടത്തി. ഭാര്യ: പരേതയായ സബൂറ. മക്കൾ: കാസിം, നബീസ, സഫിയ. മരുമക്കൾ: ഷമീറ, കമാൽ,നൂർമുഹമ്മദ്. മരിക്കുന്നതിനു തൊട്ടുമുമ്പുവരെ സാധാരണപോലെ കടന്നുപോയതായി മകൻ കാസിം പറഞ്ഞു.
തൊഴിലിന്റെ മഹത്വം പുതുതലമുറകൾക്കു പകർന്നുനൽകിയ അബ്ദുൾ അസീസ് മരിക്കുംവരെ തൊഴിലിൽ കർമനിരതനായിരുന്നു. വീടിനോടുചേർന്നുള്ള വാഴപ്പഴക്കടയുടെ മുഖ്യ ചുമതലക്കാരനായിരുന്നു.
കടയെന്നു പറഞ്ഞാൽ ഒരു സൂപ്പർമാർക്കറ്റ് പോലെയാണ്. സ്റ്റേഷനറി, ബേക്കറി, പലചരക്ക്, പച്ചക്കറികൾ, വാഴപ്പഴങ്ങൾ തുടങ്ങി കടയിൽ കിട്ടാത്തതൊന്നും തന്നെയില്ല. രാവിലെ തുടങ്ങുന്ന അബ്ദുൾ അസീസിന്റെ പണികൾക്ക് ശമനമാകണമെങ്കിൽ രാത്രിയാകും. ഇതിനിടയ്ക്ക് അഞ്ചുനേരത്തെ നിസ്കാരസമയത്തുമാത്രമാണ് കടയിൽനിന്നു മാറിനിൽക്കുക.
ആശുപത്രി വീടിനു മുന്നിലാണെങ്കിലും ആ സ്ഥാപനവുമായി വലിയ അടുപ്പമൊന്നും അബ്ദുൾ അസീസ് ചെറുപ്പം മുതലേ കാണിക്കാറില്ല. നൂറു കടന്നും തൊഴിലിൽ സജീവമായി നിൽക്കുന്ന ഇക്കയെക്കുറിച്ച് ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
District News
പാറശാല: സിപിഐ ചെങ്കല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന സഖാവ് കെ. ഭാസ്കരന്റെ നാലാം ചരമദിനം ആചരിച്ചു.
മേലമ്മാകത്തെ ഭാസ്കരന് സ്മൃതി മണ്ഡപത്തില്‍ നടന്ന അനുസ്മരണയോഗം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എ.എസ്. ആനന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ജി.എന്‍. ശ്രീകുമാരന്‍ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി എല്‍.ടി. പ്രശാന്ത്, പ്രസിഡന്റ് വി.വി. വിശാഖ്, ചെങ്കല്‍ സുരേഷ്, കെ. മോഹന്‍ കുമാര്‍, പ്രേമചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
കോഴിക്കോട്: ബഹുസ്വര രാഷ്ട്രീയത്തിന്റെ വഴിയിലൂടെ നടന്ന നേതാവായിരുന്നു ലീഡര്‍ കെ. കരുണാകരനെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസിസിയില്‍ നടന്ന ലീഡര്‍ കെ. കരുണാകരന് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തില്‍ കെ. കരുണാകരനെ പോലെ സോഷ്യല്‍ എന്‍ജിനിയറിങ് വൈദഗ്ധ്യം ഉണ്ടായിരുന്ന നേതാക്കള്‍ വിരളമാണ്. രാഷ്ട്രീയ പ്രതിയോഗികള്‍ പോലും ലീഡറുടെ ചാണക്യ തന്ത്രങ്ങളെ ശ്ലാഘിച്ചു.
പ്രതിസന്ധി ഘട്ടങ്ങളില്ലെല്ലാം ലീഡര്‍ കോണ്‍ഗ്രസിന് രക്ഷകനായിരുന്നു. തെളിഞ്ഞ കാഴ്ചപ്പാടുകളായിരുന്നു ലീഡറുടെ പ്രത്യേകത. കറകളഞ്ഞ മതേതരവാദിയായ ലീഡറുടെ പോരാട്ട വീര്യമാണ് ഇന്നത്തെ തലമുറ ജീവിതത്തില്‍ പുലര്‍ത്തേണ്ടത്.രാജ്യം തീവ്ര ഹിന്ദു രാഷ്ട്രമാക്കാനുള്ള ബിജെപി ശ്രമങ്ങള്‍ ചെറുക്കാന്‍ ജനാധിപത്യ മതേതരശക്തികളുടെ ചെറുത്ത് നില്പ് അനിവാര്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ലീഡറുടെ മൂല്യം നാം തിരിച്ചറിയപ്പെടുന്നതെന്നും മുല്ലപ്പള്ളി കൂട്ടിചേര്‍ത്തു.ശൂന്യതയില്‍ നിന്നും കോണ്‍ഗ്രസിനെ വളര്‍ത്തിയത് ലീഡര്‍ കെ. കരുണാകരനായിരുന്നുവെന്ന് മുഖ്യപ്രഭാഷണത്തില്‍ എം.കെ. രാaഘവന് എംപി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി.അബു, കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ്, യുഡിഎഫ് ജില്ല ചെയര്മാന് കെ. ബാലനാരായണന്‍, കെപിസിസി അംഗങ്ങളായ കെ. രാമചന്ദ്രന് , കെ.പി. ബാബു, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ.എം.അഭിജിത്ത്എന്നിവര് പ്രസംഗിച്ചു.