ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
കുവൈറ്റ് സിറ്റി: ഉമ്മൻ ചാണ്ടി ജനങ്ങളുടെ ഹൃദയത്തിൽ ജീവിച്ച നേതാവായിരുന്നുവെന്ന് ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസ് (ജിപിസിസി) കുവൈറ്റ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
കുവൈറ്റിലെ നിലവിലെ സാഹചര്യത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമായ സൂമിലൂടയായിരുന്നു പരിപാടി നടത്തിയത്. യോഗത്തിൽ കുവൈറ്റിലെ പ്രമുഖ സാമൂഹിക, സാംസ്കാരിക, പ്രാദേശിക സംഘടനാ പ്രതിനിധികൾ ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു.
അധികാരത്തിന്റെ ഇടനാഴികളേക്കാൾ ജനങ്ങളുടെ ഇടയിൽ ജീവിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. "പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്' എന്ന പേരിൽ തുടങ്ങി കേരളത്തിന്റെ മുഖ്യമന്ത്രിപദം വരെ എത്തിയപ്പോഴും സാധാരണക്കാർക്കായി അദ്ദേഹത്തിന്റെ വാതിൽ എപ്പോഴും തുറന്നുകിടന്നു.
കൂടെ നിൽക്കുന്നയാളുടെ വിഷമം സ്വന്തം വിഷമമായി കണ്ട് പരിഹരിച്ച ആ ജനകീയ ഭരണശൈലിയും മണിക്കൂറുകളോളം വിശ്രമമില്ലാതെ ഇരുന്ന് ആയിരക്കണക്കിന് ആളുകളുടെ കണ്ണീരൊപ്പിയ ജനസമ്പർക്ക പരിപാടികളും പൗരസമൂഹം ഒരിക്കലും മറക്കില്ല.
ഐക്യരാഷ്ട്രസഭയുടെ ആഗോള അംഗീകാരം പോലും നേടിയ ആ ജനസേവന പാത എന്നും നമുക്ക് വഴികാട്ടിയായിരിക്കുമെന്ന് പ്രസംഗകർ കൂട്ടിച്ചേർത്തു. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങി വികസനരംഗത്ത് വലിയ മാറ്റങ്ങൾ കുറിച്ചപ്പോഴും "ജനങ്ങളുടെ മനസിലേക്ക് ഇറങ്ങിച്ചെല്ലുക' എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ വികസന പദ്ധതി.
ജിപിസിസി കുവൈറ്റ് പ്രസിഡന്റ് ചെസിൽ ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം (ഐഡിഎഫ്) മുൻ ചെയർമാൻ ഡോ. അമീർ അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.
വേൾഡ് മലയാളി കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ചെയർമാൻ മോഹൻ ജോർജ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ബാബുജി ബത്തേരി (തനിമ), കെ.സി. റഫീഖ് (കെകെഎംഎ), അനീഷ് പി. നായർ (എൻഎസ്എസ് കുവൈറ്റ് ),സുനിൽ തൊടുക (എസ്എംസിഎ), ജിയാഷ് അബ്ദുൾ കരീം (കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ - കുട), ഷമേജ് കുമാർ (ഫൂച്ചർ ഐ തിയേറ്റർ), അൻവർ സെയ്ദ് (കെഐജി), സത്താർ കുന്നിൽ (ഐഎംസിസി), റഫീഖ് ബാബു (പ്രവാസി വെൽഫെയർ കുവൈറ്റ്), സുരേഷ് കുമാർ (ഫ്രണ്ട്സ് ഓഫ് കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ-FOKE) ഷാഹുൽ (കനിവ് - ഇന്ത്യൻ വെൽഫെയർ കമ്മ്യൂണിറ്റി ) , സിബി തോമസ് (കോട്ടയം ഡിസ്ട്രിക്റ്റ് അസോസിയേഷൻ (KDAK) സുമേഷ് (തിരുവനന്തപുരം എക്സ്പാറ്റ്സ് അസോസിയേഷൻ -TEXAS) അൻസാരി ജബ്ബാർ (പത്തനംതിട്ട ജില്ലാ എൻആർഐ അസോസിയേഷൻ ), സക്കീർ പുതുനഗരം, ജിജു മാത്യു, അരവിന്ദാക്ഷൻ(പാലക്കാട് അസ്സോസിയേഷൻ - (PALPAK) , മനാഫ് ചിറ്റാരിൽ , സന്തോഷ് കുമാർ കുട്ടത്ത് (ഫൂച്ചർ ഐ തിയേറ്റർ), ജിജുന ഉണ്ണി, ജിപിസിസി വർക്കിംഗ് പ്രസിഡന്റ് സാം നന്ദിയാട്ട്, വൈസ് പ്രസിഡന്റുമാരായ അരുൺ രാജഗോപാൽ, ഷബീർ കൊയിലാണ്ടി, ജനറൽ സെക്രട്ടറിമാരായ എൽദോ പള്ളിപ്പുറം, ഇസ്മായിൽ പാലക്കാട്, അനൂപ് ആൻഡ്രൂസ്, സി.വി. ഷാനവാസ്, യൂത്ത് വിംഗ് നാഷണൽ പ്രസിഡന്റ് ഷരൺ കോമത്ത്, ജോസഫ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
നാഷണൽ വർക്കിംഗ് പ്രസിഡന്റ് ചന്ദ്രമോഹൻ ആർ. നായർ സ്വാഗതവും ട്രഷറർ മുരളി പണിക്കർ നന്ദിയും രേഖപ്പെടുത്തി.
Tags : OommenChandy GPCCKuwait OommenChandy Remembered