മുഹമ്മദ് ഷഹൻഷാഹ്
ദുബായി: അറബ് റീഡിംഗ് ചലഞ്ചിന്റെ പത്താം സീസണിൽ മലയാളി വിദ്യാർഥിക്ക് അഭിമാന നേട്ടം. അറബി മാതൃഭാഷയല്ലാത്ത രാജ്യങ്ങളുടെ അന്താരാഷ്ട്രാ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലപ്പുറം മഅദിൻ അക്കാദമി വിദ്യാർഥി മുഹമ്മദ് ഷഹൻഷാഹ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
11 ദശലക്ഷം യുഎഇ ദിർഹം സമ്മാനത്തുകയുള്ള മത്സരത്തിൽ മലയാളി വിദ്യാർഥി നേടിയ നേട്ടം കേരളത്തിനും അഭിമാനമായി. ദേശീയതലത്തിലെ പ്രാഥമിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഷഹൻഷാഹ് ദുബായിലെ ഗ്രാൻഡ് ഫിനാലെയിൽ എത്തിയത്.
കോഴിക്കോട് കൊടുവള്ളി സ്വദേശികളായ അബൂബക്കർ സിദ്ദിഖ് - ഷമീമ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷഹൻഷാഹ്. ന്യൂസിലൻഡിനെ പ്രതിനിധീകരിച്ച സുഹൈബ് മജ്ദ് മുഹമ്മദിക്കാണ് ഒന്നാം സ്ഥാനം. മലേഷ്യയിൽ നിന്നുള്ള ഹാല ഉസാമ രണ്ടാം സ്ഥാനം നേടി.
ദുബായി വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിച്ചത്. 60 രാജ്യങ്ങളിൽ നിന്നായി 4,02,86,428 വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത്.
വിദ്യാർഥികളിൽ വായനാശീലം വളർത്താനും അറബിക് ഭാഷാ നൈപുണ്യം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശാനുസരണമാണ് പദ്ധതി 2015-ൽ ആരംഭിച്ചത്.
Tags : ArabReadingChallenge MuhammadShahanshah MalayaliStudent GlobalSuccess