മുഹമ്മദ് ശഹൻഷാഹിനെ ആദരിക്കുന്നു
ദുബായി: അറബ് റീഡിംഗ് ചലഞ്ചിൽ അറബ് ഇതര രാജ്യങ്ങളുടെ അന്താരാഷ്ട്ര വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് ശഹൻഷാഹിനെ യുഎഇ ടീം ടോളറൻസ് ആദരിച്ചു.
ദുബായി വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ഗ്രാൻഡ് ഫിനാലെയിലാണ് മഅ്ദിൻ അക്കാദമി വിദ്യാർഥിയായ കൊടുവള്ളി സ്വദേശി ശഹൻഷാഹ് നേട്ടം കൈവരിച്ചത്.
കരാമ സെന്ററിൽ നടന്ന ചടങ്ങിൽ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും മഹാത്മാഗാന്ധിയുടെയും ചിത്രങ്ങൾ യുഎഇ ടീം ടോളറൻസ് ചെയർമാൻ സി. സാദിഖ് അലി ശഹൻഷാഹിന് സമ്മാനിച്ചു.
ഈ മഹത്തായ വായനാ സംരംഭത്തിന് പ്രചോദനവും പിന്തുണയും നൽകുന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് യുഎഇ ടീം ടോളറൻസ് നന്ദിയും കടപ്പാടും അറിയിച്ചു.
ചടങ്ങിൽ മുഹമ്മദ് റിഹാസ്, സാദിഖ് ചുള്ളൂർ, മുഹമ്മദ് സക്കീർ, വിപിൻ രവീധരൻ, സുൽഫിക്കർ അലി അബൂബക്കർ, ഷമീർ ചാലിൽ, ടി.പി. ഷബീർ എന്നിവർ സംസാരിച്ചു. ദുബായി വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിച്ചത്. 60 രാജ്യങ്ങളിൽ നിന്നായി 4,02,86,428 വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത്.
വിദ്യാർഥികളിൽ വായനാശീലം വളർത്താനും അറബിക് ഭാഷാ നൈപുണ്യം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശാനുസരണമാണ് പദ്ധതി 2015-ൽ ആരംഭിച്ചത്.
Tags : MuhammadShahanshah UAE TeamTolerance Honours NRINews