Kerala
നെടുമ്പാശേരി: കേരളത്തിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മരണനിരക്ക് ഉയരുന്നു. ഒരാഴ്ചയ്ക്കിടെ മാത്രം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി 25ഓളം തൊഴിലാളികളുടെ മൃതദേഹങ്ങളാണ് സ്വദേശങ്ങളിലേക്കു കൊണ്ടുപോയത്. ഇതിൽ 15ഓളം മൃതദേഹങ്ങൾ പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അതിഥി വെൽഫെയർ ഫോറം എന്ന എൻജിഒയുടെ നേതൃത്വത്തിലാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചത്.
ശനിയാഴ്ച രാത്രിയിൽ വിവിധ വിമാനങ്ങളിലായി അഞ്ചു തൊഴിലാളികളുടെ മൃതദേഹങ്ങൾ കൊച്ചി വിമാനത്താവളം വഴി സ്വദേശങ്ങളിലേക്കു കൊണ്ടുപോയി. അപകടമരണം, ആത്മഹത്യ, സാംക്രമിക രോഗങ്ങൾ തുടങ്ങിയ വിവിധ കാരണങ്ങളാണ് മരണങ്ങൾക്കു പിന്നിൽ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് മരിച്ചവർ.
കുടുംബത്തിന്റെ ഉപജീവനമാർഗമായിരുന്ന തൊഴിലാളിയുടെ അപ്രതീക്ഷിത മരണം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതോടൊപ്പം മൃതദേഹം സ്വദേശത്ത് എത്തിക്കുന്നതിനുള്ള ചെലവും കുടുംബങ്ങൾക്ക് അധികബാധ്യതയാകുന്നു.
തൊഴിലുടമയുള്ള തൊഴിലാളിയാണെങ്കിൽ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള ചെലവ് തൊഴിലുടമ വഹിക്കുന്ന സാഹചര്യമുണ്ട്. എന്നാൽ പകുതിയിലേറെ തൊഴിലാളികൾക്കും സ്ഥിരമായ തൊഴിലുടമകളില്ല. അതിനാൽ ഇത്തരം തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കുടുംബങ്ങൾ സ്വന്തം നിലയിൽ പണം കണ്ടെത്തുകയോ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് പിരിവെടുക്കുകയോ ചെയ്യേണ്ടിവരുന്നു. ഈ സാഹചര്യത്തിലാണ് അതിഥി വെൽഫെയർ ഫോറത്തിന്റെ ഇടപെടൽ ശ്രദ്ധേയമാകുന്നത്.
മരിക്കുന്ന തൊഴിലാളികളുടെ മൃതദേഹങ്ങൾ കുറഞ്ഞ ചെലവിൽ സ്വദേശങ്ങളിലെത്തിക്കുന്നതിനുള്ള നടപടികൾ ഇവർ ഏകോപിപ്പിക്കും. തൊഴിലാളിയുടെ മരണവിവരം സംഘടനയെ അറിയിക്കുന്നതോടെ വിവിധ സർക്കാർ വകുപ്പുകളുമായും ആശുപത്രികൾ, പൊലിസ്, വിമാനത്താവളത്തിലെ കാർഗോ വിഭാഗം എന്നിവരുമായി ബന്ധപ്പെടുകയും പൊലിസ് എൻഒസി, എംബാമിംഗ്, കോഫിൻ തയാറാക്കൽ, ആവശ്യമായ രേഖകൾ, വിമാന കാർഗോ ബുക്കിംഗ് ഉൾപ്പടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട മരണാനന്തര കാര്യങ്ങൾ സംഘടന ഏകോപിപ്പിക്കുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതിലും സംഘടനയുടെ ഇടപെടൽ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. മുമ്പ് വിമാനംമാർഗം മൃതദേഹം കൊണ്ടുപോകുന്നതിന് സ്വകാര്യ ഏജൻസികൾ 50,000 രൂപയോളമാണ് ഈടാക്കിയിരുന്നത്.ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകുമ്പോൾ ഒരു ലക്ഷം രൂപയ്ക്കു മുകളിൽ ചെലവ് വരാറുണ്ട്.സംഘടന വഴി മൃതദേഹം കൊണ്ടുപോകുമ്പോൾ 25,000 രൂപയോളമാണു ചെലവ് വരുന്നത്.
Kerala
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1344 ആയി ഉയർന്നു. ടിബറ്റിൽ 31 മരണം കൂടി ചൈനീസ് സർക്കാർ ഇന്ന് സ്ഥിരീകരിച്ചു.
ഗിറോംഗ് ചെക്ക്പോസ്റ്റിൽ ഉണ്ടായിരുന്ന 31 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു എന്നാണ് സർക്കാർ അറിയിച്ചത്. കാണാതായ മലയാളികളെക്കുറിച്ച് പുതിയ വിവരങ്ങൾ കിട്ടിയിട്ടില്ല എന്ന് ബന്ധുക്കൾ പറഞ്ഞു.
നേപ്പാളിൽ ഇന്നലെ ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ നിന്ന് രണ്ടുപേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നു. തുരങ്കത്തിൽ നിന്ന് ഒരു മൃതദേഹവും കണ്ടെടുത്തു. വിവിധ ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിൽ നിന്ന് 900ത്തോളം പേരെയാണ് കാണാതായത്. ഈ തുരങ്കങ്ങളിൽ ഇനി ആരെങ്കിലും ജീവനോടെ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
ആകെ 843 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതിൽ 85 എണ്ണം കുട്ടികളുടേതാണ്. 501 മൃതദേഹ ഭാഗങ്ങളും കണ്ടെടുത്തു. ഡിഎൻഎ സാമ്പിൾ ശേഖരിച്ച ശേഷം ഇതിൽ 1030 മൃതദേഹങ്ങൾ സംസ്കരിച്ചതായി നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 4898 പേരെയാണ് ഇനിയും കണ്ടെത്താന്നുള്ളത്.
National
കൗശാംബി: ഉത്തര്പ്രദേശിലെ കൗശാംബി ജില്ലയിലുള്ള മനൗരിയില് അനധികൃത പടക്കനിര്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി.
പ്രയാഗ്രാജിലെ എസ്ആര്എന് ആശുപത്രിയില് തീവ്രപരിചരണ വിഭാഗത്തില് കഴിഞ്ഞിരുന്ന ഉര്വശി ആണ് ഇന്നലെ മരണത്തിനു കീഴടങ്ങിയത്. അതിനിടെ, സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ മൂന്നുനില വീട് ഭരണകൂടം ബുള്ഡോസര് ഉപയോഗിച്ച് ഇടിച്ചുനിരത്തി.
പ്രയാഗ്രാജ് ഡെവലപ്മെന്റ് അഥോറിറ്റിയും കൗശാംബി പൊലിസും സംയുക്തമായാണ് ചൊവ്വാഴ്ച വൈകുന്നേരം ആറോടെ പൊളിക്കല് നടപടികള് ആരംഭിച്ചത്. നിര്മാണാനുമതിയോ പ്ലാന് അംഗീകാരമോ ഇല്ലാതെയാണ് കെട്ടിടം നിര്മിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് അമിത് പാല് വ്യക്തമാക്കി. ഇന്നലെ പുലര്ച്ചെ അഞ്ചോടെ മൂന്നുനിലകെട്ടിടം പൂര്ണമായി നിലംപരിശാക്കി.
കേസിലെ മുഖ്യപ്രതിയായ നൗഷാദിനെ ചൊവ്വാഴ്ച പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ബന്ധുക്കളായ ഷബാന, സൈന എന്നിവരും കസ്റ്റഡിയിലാണ്. ഒളിവിലുള്ള മറ്റു മൂന്ന് പ്രതികളായ ഷക്കീല്, ആദില്, കഹ്കഷാന് ബീഗം എന്നിവരെക്കുറിച്ച് വിവരങ്ങള് നല്കുന്നവര്ക്ക് 25,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികള്ക്കെതിരേ ഭാരതീയ ന്യായ സംഹിതയിലെ നരഹത്യാ കുറ്റങ്ങളും സ്ഫോടകവസ്തു നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
അനധികൃത പടക്കശാല പ്രവര്ത്തിക്കാന് ഒത്താശ ചെയ്തെന്ന ആരോപണത്തില് പിപ്രി മുന് സ്റ്റേഷന് ഹൗസ് ഓഫീസര് ശിവചരണ് റാം അടക്കം ഒന്പത് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്ഡ് ചെയ്തു.
International
കാഠ്മണ്ഡു: നേപ്പാളിൽ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 939 ആയി. നാലായിര ത്തിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. ചിത്വൻ ജില്ലയിൽനിന്നു മാത്രം 279 മൃതദേഹങ്ങൾ കണ്ടെടുത്തു.
കാണാതായവരിൽ 591 പേർ വിദേശികളാണ്. മിന്നൽപ്രളയത്തിൽ ടിബറ്റിൽ 16 പേരാണു മരിച്ചതെന്ന് ചൈനീസ് അധികൃതർ അറിയിച്ചു.
മിന്നൽപ്രളയത്തിൽ തുരങ്കങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുന്നു. ജലവൈദ്യുത പദ്ധതികളുടെ ടണലുകളിൽ കുടുങ്ങിയ 933 തൊഴിലാളികൾക്കായാണ് തെരച്ചിൽ നടക്കുന്നത്.
തൊഴിലാളികളെ പുറത്തെത്തിക്കാൻ ഇന്നലെ പുലർച്ചെ പദ്ധതിപ്രദേശത്ത് നിയന്ത്രിത സ്ഫോടനങ്ങൾ നടത്തി. രണ്ട് മണ്ണുമാന്തിയന്ത്രങ്ങ ൾ ഉപയോഗിച്ച് 10 മീറ്ററോളം ആഴത്തിൽ കുഴിയെടുത്ത് ടണലുകളിൽനിന്നു ചെളിയും വെള്ളവും നീക്കം ചെയ്യുന്ന പ്രവൃത്തികൾ തുടരുകയാണെന്ന് നേപ്പാളി സൈന്യം അറിയിച്ചു.
റസ്വഗാഡി ജലവൈദ്യുത പദ്ധതിയിലെ ടണിലിനുള്ളിൽ കടന്ന് സൈന്യം തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പരിശോധനയ്ക്ക് സൈന്യം ഡ്രോണുകളും ഉപയോഗിച്ചു. എന്നാൽ അപ്പർ ത്രിശൂലി 1, ത്രിശൂലി 3എ, ത്രിശൂലി 3ബി എന്നിവയുൾപ്പെടെയുള്ള ജലവൈദ്യുത പദ്ധതികളിലെ തുരങ്കങ്ങളിൽ നിരവധി ആളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്ന് ആശങ്കയുണ്ട്.
തുരങ്കങ്ങളിലെ രക്ഷാപ്രവർത്തനങ്ങളിൽ നേപ്പാൾ സൈന്യത്തെ സഹായിക്കാൻ ഇന്ത്യയിൽനിന്നുള്ള വിദഗ്ധ സംഘം എത്തി. ചൈനയും ദക്ഷിണ കൊറിയയും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുണ്ട്.ഇതിനിടെ,യന്ത്രസാമഗ്രികളുടെ കുറവ് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്.
ബോഡി ബാഗ്, കയറുകൾ, ഹെലികോപ്റ്ററുകൾ തുടങ്ങിയവയുടെ അപര്യാപ്ത രക്ഷാമുഖത്ത് വെല്ലുവിളിയായി മാറി. അത്യാധുനിക ഉപകരണങ്ങളുടെ അഭാവം ഈ ഭൂപ്രദേശത്തെ തെരച്ചിൽ ദുഷ്കരമാക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തെർമൽ കാമറകൾ, കട്ടറുകൾ, ബോഡി ബാഗുകൾ, കയറുകൾ, ഹെലികോപ്റ്ററുകൾ എന്നിവയുടെ അപര്യാപ്തതയാണു വെല്ലുവിളിയാകു ന്നത്.
International
ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിൽ നാശം വിതച്ച ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 254 ആയി. മൂവായിരത്തിലേറെ പേരെ കാണാതായി. റിക്ടർ സ്കെയിയിൽ 7.4 രേഖപ്പെടുത്തിയ ഭൂകന്പം തിങ്കളാഴ്ച രാവിലെ പടിഞ്ഞാറൻ കൊളംബിയയിലാണ് വ്യാപക കെടുതിയുണ്ടാക്കിയത്.
മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൊളംബിയയിൽ ഈ നൂറ്റാണ്ടിൽ ഏറ്റവും നാശമുണ്ടാക്കിയ ഭൂകന്പത്തിൽ 1600 കെട്ടിടങ്ങൾ തകർന്നു.
ചോകോ പ്രവിശ്യയിലെ സാൻ ഹോസെ പാൽമർ ആണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. വൻ ഭൂകന്പത്തിനു പിന്നാലെ തുടർചലനങ്ങളുണ്ടായി. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ഊർജിത ശ്രമത്തിലാണ് ദൗത്യസംഘം. പ്രസിഡന്റ് ആബെലാർദോ ഡി ലാ എസ്പ്രില്ല രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
രക്ഷാപ്രവർത്തനത്തിനു സൈന്യം രംഗത്തുണ്ട്. ഏഴു വിമാനത്താവളങ്ങളിൽ സർവീസുകൾ നിർത്തിവച്ചു. കൊളംബിയയിൽ ഏറ്റവുമധികം കാപ്പിത്തോട്ടങ്ങളുള്ള പെരേര പ്രവിശ്യയിലാണ് ഭൂകന്പത്തിൽ കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവിടെ എഴുപതിലേറെ പേർ മരിച്ചു.
പെരേരയിൽ കേബിൾ കാറിൽ കുടുങ്ങിയ 16 പേരെ ആറു മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി. കാലി നഗരത്തിൽ ആശുപത്രി ഉൾപ്പെടെ തകർന്നുവീണു. കൊളംബിയയ്ക്ക് 155 കോടി ഡോളറിന്റെ സഹായം നല്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു.
International
ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിൽ നാശം വിതച്ച ഭൂകന്പത്തിൽ മരണം 213 ആയി. മൂവായിരത്തിലേറെ പേരെ കാണാതായി.
റിക്ടർ സ്കെയിയിൽ 7.4 രേഖപ്പെടുത്തിയ ഭൂകന്പം തിങ്കളാഴ്ച രാവിലെ പടിഞ്ഞാറൻ കൊളംബിയയിലാണ് വ്യാപക കെടുതിയുണ്ടാക്കിയത്.
മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൊളംബിയയിൽ ഈ നൂറ്റാണ്ടിൽ ഏറ്റവും നാശമുണ്ടാക്കിയ ഭൂകന്പത്തിൽ 1600 കെട്ടിടങ്ങൾ തകർന്നു.
ചോകോ പ്രവിശ്യയിലെ സാൻ ഹോസെ പാൽമർ ആണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. വൻ ഭൂകന്പത്തിനു പിന്നാലെ തുടർചലനങ്ങളുണ്ടായി.
കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ഊർജിത ശ്രമത്തിലാണ് ദൗത്യസംഘം. പ്രസിഡന്റ് ആബെലാർദോ ഡി ലാ എസ്പ്രില്ല രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
രക്ഷാപ്രവർത്തനത്തിനു സൈന്യം രംഗത്തുണ്ട്. ഏഴു വിമാനത്താവളങ്ങളിൽ സർവീസുകൾ നിർത്തിവച്ചു.
കൊളംബിയയിൽ ഏറ്റവുമധികം കാപ്പിത്തോട്ടങ്ങളുള്ള പെരേര പ്രവിശ്യയിലാണ് ഭൂകന്പത്തിൽ കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവിടെ എഴുപതിലേറെ പേർ മരിച്ചു.
പെരേരയിൽ കേബിൾ കാറിൽ കുടുങ്ങിയ 16 പേരെ ആറു മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി. കാലി നഗരത്തിൽ ആശുപത്രി ഉൾപ്പെടെ തകർന്നുവീണു. കൊളംബിയയ്ക്ക് 155 കോടി ഡോളറിന്റെ സഹായം നല്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു.
Kerala
തിരുവനന്തപുരം: ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന തീവ്ര മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ ഇന്നലെ വരെ 31 പേർക്ക് ജീവൻ നഷ്ടമായതായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി.
വിവിധ അപകടങ്ങളിൽ 24 പേർക്ക് പരിക്കേൽക്കുകയും നാലു പേരെ കാണാതാവുകയും ചെയ്തു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന 408 ക്യാന്പുകളിലായി കഴിയുന്നത് 41,939 പേരാണ്.
കനത്ത മഴയിലും അതിശക്തമായ കാറ്റിലും സംസ്ഥാനത്ത് ഇതുവരെ 74 വീടുകൾ പൂർണമായും 784 വീടുകൾ ഭാഗികമായും തകർന്നു.
National
താനെ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നാലുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. മൂന്നോ നാലോ പേർ ഇനിയും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു.
കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടയിലാണ് ദുരന്തമുണ്ടായത്. വ്യാഴാഴ്ച രാത്രി 11:30 ഓടെയാണ് ബാലാജി നഗർ പ്രദേശത്തെ കോഹിനൂർ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണതെന്ന് അധികൃതർ അറിയിച്ചു.
മൊത്തം 48 മുറികളുള്ളതാണ് ഈ കെട്ടിടം (ഓരോ നിലയിലും 12 വീതം). ഈ കെട്ടിടം അപകടാവസ്ഥയിലാണെന്ന് മുനിസിപ്പൽ കോർപ്പറേഷൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.
വ്യാഴാഴ്ച രാത്രി ഒന്പതോടെ കെട്ടിടത്തിൽ നിന്ന് വലിയ ശബ്ദങ്ങൾ കേട്ടതായി ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മുൻകരുതലായി നാട്ടുകാർ ഉടൻതന്നെ പല കുടുംബങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ ചില താമസക്കാർ പുറത്തേക്ക് ഇറങ്ങിക്കൊണ്ടിരിക്കെ കെട്ടിടത്തിന്റെ 'ബി' വിംഗ് നിലത്തേക്ക് പതിക്കുകയായിരുന്നു.
ദേശീയ ദുരന്തനിവാരണ സേന, താനെ ദുരന്തനിവാരണ സേന, പ്രാദേശിക അഗ്നിശമന സേന എന്നിവയുടെ നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡോഗ് സ്ക്വാഡ്, നാല് ഫയർ എൻജിനുകൾ, രണ്ട് ആംബുലൻസുകൾ, മണ്ണുമാന്തൽ യന്ത്രങ്ങൾ എന്നിവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
National
ഗാംഗ്ടോക്ക്: സിസിക്കിമിലെ നാംചി ജില്ലയിൽ നിർമാണത്തിലിരുന്ന ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിലുണ്ടായ മീഥെയ്ൻ വാതക സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. സമർദുംഗിലെ എൻഎച്ച്പിസി ടീസ്റ്റ സ്റ്റേജ് VI' പദ്ധതി പ്രദേശത്താണ് തിങ്കളാഴ്ച ഉച്ചയോടെ ദുരന്തമുണ്ടായത്. തുരങ്കത്തിനുള്ളിൽ കുടുങ്ങിയ അഞ്ച് തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.
തുരങ്കത്തിനുള്ളിലുണ്ടായ മീഥെയ്ൻ വാതകത്തിന്റെ പെട്ടെന്നുള്ള ചോർച്ചയും സ്ഫോടനവുമാണ് അപകടത്തിന് കാരണമെന്ന് എൻഎച്ച്പിസി അറിയിച്ചു. പ്രോജക്ട് ഓഫീസർമാർ ഉൾപ്പെടെ 25 പേരാണ് അപകടസമയത്ത് തുരങ്കത്തിലുണ്ടായിരുന്നത്. ഇതിൽ 20 പേരുടെ മരണം സ്ഥിരീകരിച്ചതായും 12 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തതായും നാംചി പൊലീസ് സൂപ്രണ്ട് സോനം ഡി. ഭൂട്ടിയ വ്യക്തമാക്കി.
അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് 4 ലക്ഷം രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപയും ആശ്വാസധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സംസ്ഥാനവും കേന്ദ്രവും 50,000 രൂപ വീതം നൽകും. കുടുങ്ങിക്കിടക്കുന്ന ബാക്കി തൊഴിലാളികളെ പുറത്തെത്തിക്കാൻ പശ്ചിമ ബംഗാളിൽ നിന്നുള്ള പ്രത്യേക ഖനന രക്ഷാസേന പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഗവർണർ ഓം പ്രകാശ് മാത്തൂറും മുഖ്യമന്ത്രിയും സംഭവസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാനും, ഇരയായവർക്ക് ഉടൻ നഷ്ടപരിഹാരം ലഭ്യമാക്കാനും എൻഎച്ച്പിസി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
National
നാംചി: സിക്കിം തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലില് മരണം ഏഴ് ആയി. തുരങ്കത്തിനുള്ളില് കുടുങ്ങിയ 20 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
മീഥെയ്ൻ ചോർച്ച രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. നാംസി ജില്ലയിലെ സമ്മർദുംഗ് തുരങ്കത്തിലായിരുന്നു തിങ്കളാഴ്ച അപകടമുണ്ടായത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. റോഡ് നിര്മാണത്തിന്റെ ഭാഗമായി തുരങ്കമുണ്ടാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളടക്കം സംഘങ്ങള് സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്ത്തനം തുടരുന്നത്.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്ക്ക് അടുത്തേക്ക് എത്താന് ശ്രമിക്കുന്നതിനിടെ നിരവധി രക്ഷാപ്രവര്ത്തകര്ക്ക് തലകറക്കം അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയും ചെയ്തിരുന്നു.
International
ധാക്ക: ബംഗ്ലാദേശിൽ ദിവസങ്ങളായി തുടരുന്ന പ്രളയത്തിലും മണ്ണിടിച്ചിലുകളിലും മരണസംഖ്യ 44 ആയെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞദിവസം രാത്രിയിൽ തലസ്ഥാനമായ ധാക്കയിൽ 7.6 സെന്റിമീറ്റർ മഴ പെയ്തു. രാജ്യത്തുടനീളം രണ്ടര ലക്ഷം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
ഈ മാസം അഞ്ചു മുതൽ പെയ്യുന്ന കനത്ത മഴയാണ് ദുരന്തത്തിനു കാരണം. കര, വ്യോമ, നാവിക സേനാംഗങ്ങളെ രക്ഷാപ്രവർത്തനത്തിനു വിന്യസിച്ചിട്ടുണ്ട്.
International
കാരക്കസ്: ഇരട്ട ഭൂകന്പം തകർത്ത വെനസ്വേലയിൽ കടുത്ത ആശങ്കയായി മരണസംഖ്യ ഉയരുന്നു. 920 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മൂവായിരത്തിലേറെ പേർക്കു പരിക്കേറ്റു. പതിനായിരത്തിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണു വിലയിരുത്തൽ. വെനസ്വേലയ്ക്കു കൈത്താങ്ങായി ലോകരാജ്യങ്ങളെല്ലാം രംഗത്തുണ്ട്.
ലോകമെങ്ങും നിന്നുള്ള നൂറുകണക്കിനു രക്ഷാപ്രവർത്തകർ വെനസ്വേലയിലെത്തി രക്ഷാദൗത്യത്തിൽ പങ്കുചേർന്നു. തകർന്നടിഞ്ഞ നൂറുകണക്കിനു കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ രക്ഷാപ്രവർത്തകർ രാപകൽ വ്യത്യാസമില്ലാതെ തെരച്ചിൽ നടത്തിവരികയാണ്. ഇന്നലെയും ഒട്ടേറെപ്പേരെ കെട്ടിടാവശിഷ്ടങ്ങളിൽനിന്നു ജീവനോടെ രക്ഷപ്പെടുത്തിയെന്ന് ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പറഞ്ഞു.
ബുധനാഴ്ച പ്രാദേശികസമയം വൈകുന്നേരമാണു വെനസ്വേലയിൽ ഇരട്ട ഭൂകന്പം നാശം വിതച്ചത്. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂകന്പമുണ്ടായി 39 സെക്കൻഡിനകം 7.5 രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂകന്പവുമുണ്ടായി. പിന്നീട് 214 തുടർചലനങ്ങളുണ്ടായി. തലസ്ഥാനമായ കാരക്കസിലും ലാ ഗ്വായ സംസ്ഥാനത്തുമാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. ലാ ഗ്വായ നഗരത്തിലെ രണ്ടു പ്രധാന ആശുപത്രികളും പരിക്കേറ്റവരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്.
വോളന്റിയർമാർ താത്കാലിക ആശുപത്രികൾ സ്ഥാപിച്ച് പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുന്നുണ്ട്. ഭൂകന്പത്തിൽ മരിച്ചവരിൽ വിദേശപൗരന്മാരും ഉൾപ്പെടുന്നു. തങ്ങളുടെ മൂന്നു പൗരന്മാർ മരിച്ചുവെന്നും 99 പേരെ കാണാതായെന്നും സ്പാനിഷ് വിദേശകാര്യമന്ത്രി ഹോസെ മാനുവൽ അൽബാരെസ് അറിയിച്ചു. ഒന്പതു പോർച്ചുഗീസ് പൗരന്മാരും ബ്രസീൽ, ചൈന എന്നിവിടങ്ങളിൽനിന്നുള്ള രണ്ടു വീതം പൗരന്മാരും മരിച്ചു.
വെനസ്വേലയിലെ 67.6 ലക്ഷം ജനങ്ങൾ ഭൂകന്പത്തിന്റെ കെടുതികൾ അനുഭവിക്കുന്നുവെന്ന് ഇന്റർനാഷണൽ ഓർഗൈനേഷൻ ഫോർ മൈഗ്രേഷൻ അറിയിച്ചു. തുടർചലനങ്ങളുണ്ടാകാമെന്ന ഭയത്താൽ കാരക്കസിൽ വീടുകളിലേക്കു മടങ്ങാതെ നൂറുകണക്കിനു പേർ കഴിഞ്ഞ രാത്രി തെരുവുകളിലാണു കഴിഞ്ഞത്. വാർത്താവിനിമയ സംവിധാനം തകരാറിലായത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. 1900നു ശേഷമുണ്ടായ ഏറ്റവും വലിയ ഭൂകന്പമാണ് വെനസ്വേലയെ തകർത്തെറിഞ്ഞത്.
National
കോൽക്കത്ത: പശ്ചിമബംഗാളിലെ കോൽക്കത്തയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് മരിച്ചവരുടെ എണ്ണം അഞ്ചായി. തരതല ബ്രേസ് ബ്രിഡ്ജ് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗോഡൗണിന്റെ മേൽക്കൂര തകർന്നുവീണ് ആണ് അപകടം സംഭവിച്ചത്.
കെട്ടിടത്തിന്റെ ഉള്ളിൽ കുടുങ്ങിക്കിടന്ന ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കെട്ടിട അവശിഷ്ടങ്ങൾക്കിടയില് 30ൽ അധികം ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്നാണ് അധികൃതര് അറിയിക്കുന്നത്.
സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. മുഖ്യമന്ത്രി സുവേന്ദു അധികാരി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
International
മനില: ഫിലിപ്പീൻസിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് നാല് പേർ മരിച്ചു. 17 പേരെ കാണാതായി.
തലസ്ഥാനമായ മനിലയ്ക്കു വടക്ക് ആഞ്ചലസ് നഗരത്തിലായിരുന്നു അപകടം. കാണാതായവരിൽ കൂടുതൽ പേരും നിർമാണത്തൊഴിലാളികളാണ്. സമീപത്തെ ഹോട്ടലിനു മുകളിലേക്കാണ് കെട്ടിടം തകർന്നുവീണത്. ഹോട്ടലിലുണ്ടായിരുന്നവരെയും കാണാതായിട്ടുണ്ട്.
ഒന്പതുനില കെട്ടിടത്തിനാണ് അനുമതി നല്കിയതെന്നും പത്താം നിലയിൽ നീന്തൽക്കുളം നിർമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Kerala
കൊച്ചി: പെരുമ്പാവൂർ അശമന്നൂരിലെ പെരിയാർവാലി കനാൽ അപകടത്തിൽ മരണം മൂന്നായി. മണർകാട് സ്വദേശി എമിൽ സുനിൽ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എമിൽ.
ചൊവ്വാഴ്ചയാണ് സംഭവം. പെരിയാൽവാലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. ചെറുകുന്നം കെഎംപി നഴ്സിംഗ് കോളജിലെ ആറു വിദ്യാർഥികളാണ് സ്ഥലത്തെത്തിയത്. ഇതിൽ മൂന്നുപേർ കുളിക്കാനിറങ്ങുകയായിരുന്നു.
ഷട്ടർ തുറന്ന സമയമായതിനാൽ 10 അടിയോളം വെള്ളമുണ്ടായിരുന്നു. വെള്ളത്തിലേക്ക് ഇറങ്ങിയ വിദ്യാർഥികൾ മുങ്ങിപ്പോയി. നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നാണ് വിദ്യാർഥികളെ പുറത്തെടുത്തത്.
രണ്ട് പേർ സംഭവസ്ഥലത്ത് വച്ച് മരിച്ചിരുന്നു. എമിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Business
കൊച്ചി: ഐസിഐസിഐ പ്രുഡന്ഷ്യല് ലൈഫ് ഇന്ഷ്വറന്സിന്റെ അറ്റാദായം വാര്ഷികാടിസ്ഥാനത്തില് 34.6 ശതമാനം വര്ധിച്ച് 1,600 കോടി രൂപയിലെത്തി.
കമ്പനിയുടെ പുതിയ ബിസിനസ് മൂല്യം 10.9 ശതമാനം വളര്ച്ചയോടെ 2,629 കോടി രൂപയായി ഉയര്ന്നു. വിഎന്ബി മാര്ജിന് 24.7 ശതമാനമാണ്.
ഉപഭോക്താക്കളുടെ ആകെ ഇന്ഷ്വറന്സ് പരിരക്ഷാ തുക 16.9 ശതമാനം വളര്ച്ചയോടെ 46.11 ലക്ഷം കോടി രൂപയിലെത്തി.
കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള് 3.14 ലക്ഷം കോടി രൂപയായി വര്ധിച്ചു. ആകെ പ്രീമിയം വരുമാനം 53,125 കോടിയായി.
National
ലക്നോ: മഥുരയിൽ യമുനാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 14 ആയി. കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി തിങ്കളാഴ്ച കണ്ടെത്തിയതോടെയാണ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയര്ന്നത്.
പ്രാദേശികവാസികൾ നൽകിയ വിവരമനുസരിച്ച് സ്വാമി ഘട്ടിൽ നിന്നാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
പിന്നീട് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. മോണിക്ക എന്ന സ്ത്രീയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഈ മാസം 10നാണ് യമുന നദിയിൽ ബോട്ട് മറിഞ്ഞത്.
ഞായറാഴ്ച ഡിംപി എന്ന സ്ത്രീയുടെയും റിഷഭ് ശർമ എന്ന പുരുഷന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ശനിയാഴ്ച മണിക് ടണ്ടന്റെ മൃതദേഹം യമുനാ നദിയിൽ നിന്ന് കണ്ടെത്തി. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ഫ്ലഡ് പോലീസ്, ഫയർഫോഴ്സ്, പ്രാദേശിക മുങ്ങൽ വിദഗ്ധർ എന്നിവരടങ്ങുന്ന സംഘങ്ങൾ നദിയെ പല ഭാഗങ്ങളായി തെരിച്ച് തിരച്ചിൽ തുടരുകയാണെന്ന് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് അമരേഷ് കുമാർ അറിയിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ വൃന്ദാവനില് തീര്ഥാടകരുമായി പോയ ബോട്ട് യമുനാനദിയില് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. നിരവധി പേരെ കാണാതായി. സ്ഥലത്ത് രക്ഷാപ്രവര്ത്തനം തുടരുകയാണ്.
വൃന്ദാവനിലെ ശൃംഖാര് ഘാട്ടിലാണ് അപകടമുണ്ടായത്. പഞ്ചാബിലെ ലുധിയാനയില് നിന്നുള്ള തീര്ഥാടകരുടെ 30 അംഗ സംഘമാണ് ബോട്ടിലുണ്ടായിരുന്നത്.
രണ്ട് ബോട്ടുകളിലായാണ് ഇവർ യമുനയിലൂടെ സഞ്ചരിച്ചത്. ഇതിലൊന്നാണ് അപകടത്തില് പെട്ടത്.
International
ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണത്തിൽ ലെബനനിലെ മരണസംഖ്യ 486 ആയി. 1,313 പേർക്ക് പരിക്കേറ്റതായും ലെബനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തെക്കൻ ലെബനനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുകയാണ്.
കഴിഞ്ഞ ദിവസെ തെക്കൻ ലബനനിലെ ജനവാസകേന്ദ്രമായ യഹ്മോർ ഗ്രാമത്തിൽ ഇസ്രയേൽ ‘വൈറ്റ് ഫോസ്ഫറസ്’ ആക്രമണം നടത്തിയതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്തിരുന്നു.
പീരങ്കികൾ ഉപയോഗിച്ച് ‘വൈറ്റ് ഫോസ്ഫറസ്’ വഹിക്കുന്ന ഷെല്ലുകളാണ് പ്രയോഗിച്ചത്. ആളുകളെ ഒഴിപ്പിക്കാൻ മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം നടത്തിയത്.
യുദ്ധത്തിലെ അതിക്രൂര ചെയ്തിയാണ് ‘വൈറ്റ് ഫോസ്ഫറസ്’ ഉപയോഗിച്ചുള്ള ആക്രമണം. ജനവാസമേഖലകളിൽ പ്രയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ സ്വയം കത്തുന്ന രാസവസ്തുവാണ് വൈറ്റ് ഫോസ്ഫറസ്.
ആർട്ടിലറി ഷെല്ലുകളിലും ബോംബുകളിലും റോക്കറ്റുകളിലുമാണ് ഉപയോഗിക്കുന്നത്. കെട്ടിടങ്ങൾക്കും കൃഷിയിടങ്ങൾക്കും തീപിടിക്കാൻ ഇത് കാരണമാകുന്നു.
അതേസമയം തുടർച്ചയായി പത്താം ദിവസവും ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടരുകയാണ് ഇറാൻ. ബഹ്റിനിലെ സിത്റ ഐലൻഡിൽ ഉണ്ടായ അപകടത്തിൽ 32 പേർക്ക് പരിക്കേറ്റു. യുഎഇ, സൗദി അറേബ്യ, കുവൈറ്റ്,ഖത്തർ എന്നിവിടങ്ങളിലും ആക്രമണമുണ്ടായി.
International
ടെഹ്റാൻ: ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിന്റെ ഏറ്റവും പുതിയ വിവരം പുറത്തുവിട്ട് റെഡ് ക്രെസന്റ്. ഇറാനിലെ 153 നഗരങ്ങളിൽ ആക്രമണം നടന്നു. ഈ നഗരങ്ങളിലെ 504 സ്ഥലങ്ങളിലായി ആക്രമണം ഉണ്ടായി.
ആകെ 1,039 മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടന്നതായും സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഇറാനിൽ ആകെ മരിച്ചവരുടെ എണ്ണം 787 ആയി. പോരാട്ടം പിശാചിനോട്, ചർച്ചകൾക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാൻ ‘പിശാചിനോട്’ പോരാടുകയാണെന്നും വിദേശകാര്യ മന്ത്രാലയം വിമർശിച്ചു.
എന്നാൽ ഇറാനെതിരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ. ടെഹ്റാനിലെ ഭരണകൂടത്തെ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനത്തെ തകർക്കുമെന്നും കാറ്റ്സ് മുന്നറിയിപ്പ് നൽകി. ഇറാനെതിരെ ആവശ്യമുള്ളിടത്തോളം കാലം ആക്രമണം തുടരുമെന്നും കാറ്റ്സ് വ്യക്തമാക്കി.
International
ടെഹ്റാൻ: ഇറാനിലെ മിനാബിൽ സ്കൂളിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം 115 ആയി. സ്കൂളിന് നേരെയുണ്ടായ ആക്രമണം ക്രൂരമായ പ്രവൃത്തിയാണെന്നും ആക്രമണകാരികൾ നടത്തിയ എണ്ണമറ്റ കുറ്റകൃത്യങ്ങളുടെ രേഖയിലെ മറ്റൊരു കറുത്ത പേജ് ആണെന്നും പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ പറഞ്ഞു.
ആക്രമണത്തിന്റെ ലക്ഷ്യമായ ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ താവളത്തിന് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പെൺകുട്ടികളുടെ പ്രാഥമിക വിദ്യാലയത്തിന് നേരെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
ആക്രമണം നടക്കുമ്പോൾ 170 വിദ്യാർഥികളാണ് സ്കൂളിലുണ്ടായിരുന്നത്. ഇസ്രയേൽ-അമേരിക്ക വ്യോമാക്രമണത്തിൽ ഇറാനിൽ 201 പേർ കൊല്ലപ്പെട്ടതായും 747 പേർക്ക് പരിക്കേറ്റതായും ആണ് ഇറാനിയൻ റെഡ് ക്രസന്റ് അറിയിച്ചിരിക്കുന്നത്.
മിനാബിലെ പെൺകുട്ടികളുടെ സ്കൂൾ ആക്രമിച്ചതിന് ശക്തമായ മറുപടി നൽകുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരഗ്ചി അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച ഇറാനിയൻ നഗരങ്ങളിലെ നിരവധി ലക്ഷ്യങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രയേലും തുടർച്ചയായി വ്യോമാക്രമണങ്ങൾ നടത്തിയപ്പോഴാണ് സ്കൂളിന് നേരെയും ബോംബാക്രമണം ഉണ്ടായത്.
Business
മുംബൈ: കൊച്ചിൻ ഷിപ്യാർഡിന്റെ ഓഹരിവിലയിൽ ഇന്നലെ വൻ മുന്നേറ്റം. പ്രതിരോധ മന്ത്രാലയത്തിന്റെ വന്പിച്ച കരാറിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ (L1 bidder) കന്പനിയായി തെരഞ്ഞെടുക്കപ്പെട്ടതാണ് ഓഹരി വില ഉയർത്തിയത്.
ഇന്നലെ വ്യാപാരത്തിനിടെ ഷിപ്യാർഡിന്റെ ഓഹരികൾ 7 ശതമാനത്തിലധികം ഉയർന്ന് 1,574.50 രൂപയിലെത്തി. വ്യാപാരം പൂർത്തിയായപ്പോൾ ഓഹരിവില 3.82 ശതമാനം ഉയർന്ന് 1525.60 രൂപയിലെത്തി.
ഇന്ത്യൻ നാവികസേനയ്ക്കായി അഞ്ച് അത്യാധുനിക സർവേ വെസലുകൾ (Next-Generation Survey Vessels) നിർമിക്കുന്നതിനായുള്ളതാണ് ഈ കരാർ. ഏകദേശം 5,000 കോടി രൂപയുടെ നിർണായകമായ പ്രതിരോധ കരാർ കൊച്ചിൻ ഷിപ്യാർഡിന് വലിയ നേട്ടമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ കൊച്ചിൻ ഷിപ്യാർഡിനെ കുറഞ്ഞ തുക രേഖപ്പെടുത്തിയ കന്പനിയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒൗദ്യോഗികമായി കരാർ ഒപ്പിടുന്നത് ആവശ്യമായി നടപടിക്രമങ്ങൾ പൂർത്തീകരിച്ചശേഷമാകും.
കഴിഞ്ഞ ഡിസംബർ പാദത്തിൽ കന്പനി റിപ്പോർട്ട് ചെയ്ത 1,350 കോടി രൂപയുടെ ആകെ വരുമാനത്തിന്റെ ഏകദേശം നാലിരട്ടിയാണ് ഈ പുതിയ കരാറിന്റെ മൂല്യം. എന്നാൽ, മൂന്നാം പാദത്തിലെ ലാഭം കഴിഞ്ഞ വർഷം ഇതേ കാലയളവിലേതിനേക്കാൾ 18.3 ശതമാനം താഴ്ന്ന് 145 കോടി കോടി രൂപയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ നാല് ദിവസമായി തുടർച്ചയായ നഷ്ടത്തിനുശേഷമാണ് കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ ഇന്നലെ കുതിച്ചത്. ഫെബ്രുവരിയിൽ ഇതുവരെ കന്പനിയുടെ ഓഹരിവില ഏഴു ശതമാനമാണ് കുറഞ്ഞത്. ആറു മാസത്തിനിടെ എട്ടു ശതമാനത്തിലധികം ഇടിഞ്ഞു. കൊച്ചിൻ ഷിപ്യാർഡ് ഓഹരികളിലെ മുന്നേറ്റം മൊത്തത്തിലുള്ള പ്രതിരോധ ഓഹരികളിലും പ്രതിഫലിച്ചു. രണ്ടാഴ്ചയ്ക്കിടെയിലെ ഉയർന്ന നിരക്കായ 1.34 ശതമാനം നേട്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
കേരളം ആസ്ഥാനമായ പൊതുമേഖല സ്ഥാപനമായ കൊച്ചിൻ ഷിപ്യാർഡ് കപ്പൽ നിർമാണത്തിലും അറ്റകുറ്റപ്പണികളിലുമാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
International
മാഡ്രിഡ്: സ്പെയിനിൽ പാളം തെറ്റിയ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്.
കോർഡോബ പ്രവിശ്യയിലെ അദാമുസ് പട്ടണത്തിന് അടുത്താണ് അപകടം ഉണ്ടായത്. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ഇറിയോ (Iryo) എന്ന സ്വകാര്യ കമ്പനിയുടെ ട്രെയിൻ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിയുകയും, എതിർദിശയിൽ വന്ന റെൻഫെ (Renfe) ട്രെയിനുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തിൽ 72 പേർക്ക് പരിക്കേറ്റതായും ഇതിൽ പലരുടെയും നില ഗുരുതരമാണെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. രണ്ട് ട്രെയിനുകളിലുമായി ഏകദേശം അഞ്ഞൂറോളം യാത്രക്കാരുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ സൈന്യവും റെഡ് ക്രോസും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
അപകടത്തെത്തുടർന്ന് മാഡ്രിഡിനും ദക്ഷിണ സ്പെയിനിനും ഇടയിലുള്ള എല്ലാ അതിവേഗ റെയിൽ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിരുന്നു. സംഭവത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
International
കറാച്ചി: പാക്കിസ്ഥാനിൽ കറാച്ചി നഗരത്തിലെ ഷോപ്പിംഗ് മാളിലുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. അറുപതിലേറെ പേരെ കാണാതായി. മരണം 50 കവിഞ്ഞേക്കുമെന്ന് കറാച്ചി കമ്മീഷണർ ഹസൻ നഖ്വി പറഞ്ഞു.
1,200ലധികം കടകൾ പ്രവർത്തിക്കുന്ന നഗരമധ്യത്തിലെ ഗുൽ പ്ലാസ ഷോപ്പിംഗ് മാളിൽ ശനിയാഴ്ച രാത്രി പത്തിനാണു ദുരന്തം ആരംഭിച്ചത്. താഴത്തെ നിലയിലുണ്ടായ തീ അതിവേഗം മുകൾനിലകളിലേക്കു വ്യാപിക്കുകയായിരുന്നു.
വായുസഞ്ചാരം കുറഞ്ഞതും കെട്ടിടങ്ങളുടെ അശാസ്ത്രീയ നിർമാണവുമാണ് രക്ഷാപ്രവർത്തനത്തിന് തടസമായത്. 24 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയ്ക്ക് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് സിന്ധ് പോലീസ് മേധാവി ജാവേദ് ആലം ഓധോ അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് പാക് സർക്കാർ ഉത്തരവിട്ടു.
International
ഹോങ്കോംഗ്: വാംഗ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി. 100ലേറെ പേരെ പൊള്ളലേറ്റ നിലയിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്.
200 ലേറെ പേരെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. തീ പൂർണമായി അണച്ചതായി സർക്കാർ അറിയിച്ചു. 2311 അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.
സംഭവത്തിൽ നിർമാണ കമ്പനിക്കെതിരെ കേസെടുത്തു. രണ്ട് ഡയറക്ടർമാരെയും ഒരു എൻജിനീയറെയും അറസ്റ്റ് ചെയ്തു. 20 വർഷത്തിലേറെ പഴക്കമുള്ള ഫ്ലാറ്റ് നിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ച് നിർമാണം നടത്തിയതാണ് അപകടത്തിനിടയാക്കിയതെന്ന് അധികൃതർ പറഞ്ഞു.
അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങൾക്കു പുറമേ കെട്ടിയ മുളങ്കാലുകളിൽ നിന്നാണ് ആദ്യം തീ പടർന്നതെന്നാണു നിഗമനം. എളുപ്പം തീപിടിക്കുന്ന വസ്തുക്കൾ അറ്റകുറ്റപ്പണിക്കായി ഉപയോഗിച്ചതും തീ വേഗം പടരാനിടയാക്കി. എട്ട് ബ്ലോക്കുകളുള്ള കെട്ടിടത്തിൽ 2000 വീടുകളുണ്ട്. 4600 ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഇതിൽ 32 നില കെട്ടിടത്തിലാണ് തീപടർന്നത്.
International
കൊളംബോ: ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. മണ്ണിടിച്ചിലിലും പ്രളയത്തിലും 66 പേർ മരിച്ചു. മരണസംഖ്യ ഉയരുമെന്നാണ് വിവരം.
25 പേരെ കാണാതാവുകയും ചെയ്തതായി ഔദ്യോഗിക അറിയിപ്പുണ്ട്. ഇരുപതോളം ജില്ലകളിലായി 44,000 പേരെ പ്രളയം നേരിട്ടു ബാധിച്ചു. നിരവധി റോഡുകളും പാലങ്ങളും ഒലിച്ചുപോയി.
വീടുകളുടെ ടെറസിലും മരങ്ങളുടെ മുകളിലും അഭയം തേടിയ പലരെയും വ്യോമസേന ഹെലിക്കോപ്റ്ററുകൾ എത്തി രക്ഷപ്പെടുത്തി. രാജ്യത്ത് രാവിലെ ആറ് മുതൽ ട്രെയിൻ ഗതാതതം നിർത്തിവച്ചിരിക്കുകയാണ്.
ലങ്കൻ നാവികസേനയുടെ ക്ഷണപ്രകാരം ബുധനാഴ്ച കൊളംബോ തീരത്തെത്തിയിരുന്ന ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തും രക്ഷാദൗത്യത്തിന്റെ ഭാഗമായി. കൊളംബോ വിമാനത്താവളത്തിലേക്കുള്ള പല വിമാനങ്ങളും തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ തിരിച്ചുവിടാൻ അഭ്യർഥിക്കുമെന്ന് ലങ്കൻ സർക്കാർ അറിയിച്ചു.
ഡിറ്റ് വായുടെ സ്വാധീനത്തിൽ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ചെന്നൈയിലെ മൂന്ന് ജലസംഭരണികളിൽ നിന്ന് സെക്കൻഡിൽ 200 ഘടയടി വീതം വെള്ളം തുറന്നുവിടുന്നുണ്ട്.
National
ന്യൂഡൽഹി: വിമാനത്തിൽ പുക ഉയർന്നതിനെതുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഡൽഹിയിൽ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പോയ എഐ 2939 നമ്പർ ഡൽഹി - അഹമ്മദാബാദ് എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം.
ഡൽഹി വിമാനത്താവളത്തിലെ മൂന്നാം നമ്പർ ടെർമിനലിൽനിന്ന് പറന്നുയർന്ന വിമാനത്തിൽ കാർഗോ ഭാഗത്ത് പുക കണ്ടതിനെതുടർന്ന് വിമാനം തിരിച്ചിറക്കിയെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.
രാത്രി 10.20 ഓടെ വിമാനം ഡൽഹിയിൽ തിരിച്ചിറക്കിയെന്നാണ് റിപ്പോർട്ട്. അതേസമയം സംഭവത്തിൽ എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് അറിയിപ്പുകളോ വിശദീകരണമോ വന്നിട്ടില്ല.
Kerala
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടറുകള് വീണ്ടും ഉയര്ത്തും. ഡാമിലേക്കുള്ള വെള്ളത്തിന്റെ നീരൊഴുക്ക് വർധിച്ചതിനെത്തുടർന്ന് ജലനിരപ്പ് 139 അടി കവിഞ്ഞു. നിലവിൽ 13 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ട്.
സെക്കൻഡിൽ 9403 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരുമെന്നാണ് തമിഴ്നാട് വാട്ടർ അഥോറിറ്റി വ്യക്തമാക്കുന്നത്. ഒരു മീറ്ററിൽ നിന്ന് 1.5 മീറ്ററായി ഷട്ടറുകൾ ഉയർത്തേണ്ടി വരും.
സെക്കൻഡിൽ 10178 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു. ഡാമിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന ജനവാസ മേഖലകളിൽ ആശങ്ക ഉയർന്നിട്ടുണ്ട്. താഴ്ന്ന് പ്രദേശങ്ങളിലൊക്കെ വെള്ളം ഉയർന്നു തുടങ്ങിയിട്ടുണ്ട്.