Movies
എസ്.എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം വാരാണസിയിൽ കുംഭ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മഹേഷ് ബാബുവിന്റെ നായക കഥാപാത്രത്തിന് വെല്ലുവിളിയുയർത്തുന്ന കുംഭ ഒരു ക്രൂരനായ വില്ലനാണെന്ന് പൃഥ്വിരാജ് തന്നെ പറയുന്നു.
ശരീരം തളർന്ന് വീൽചെയറിൽ ഇരിക്കുന്ന വില്ലനാണെങ്കിലും പ്രവചനാതീതമായ ബുദ്ധിശക്തി കൊണ്ടും ക്രൂരത കൊണ്ടും ഭയാനകമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്ന കഥാപാത്രമാണ് കുംഭയെന്ന് അദ്ദേഹം പറഞ്ഞു.
അടുത്തിടെ ഹോളിവുഡ് മാധ്യമമായ കൊളൈഡറിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് കുംഭയെക്കുറിച്ച് പറഞ്ഞത്.
‘‘എന്റെ കൈകാലുകൾ അബദ്ധവശാൽ പോലും ചലിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അവ അതീവ സുരക്ഷിതമായാണ് വച്ചിരിക്കുന്നത്. അവ വല്ലാതെ മുറുക്കി കെട്ടിയിരിക്കുകയാണെന്നല്ല ഇതിനർഥം, മറിച്ച് ഒരു പ്രത്യേക മെക്കാനിസം ഉപയോഗിച്ച് അവയെ കൃത്യമായി ലോക്ക് ചെയ്തിരിക്കുകയാണ്.
അതുകൊണ്ട് തന്നെ, ഒരു ഈച്ച വന്നിരുന്നാൽ പോലും അബോധപൂർവമായി എന്റെ കൈകളോ കാലുകളോ ചലിക്കില്ലെന്ന് എനിക്ക് ഉറപ്പിക്കാൻ സാധിക്കും. കുംഭ എന്ന കഥാപാത്രം അത്ര ലളിതമായ ഒന്നല്ല; സ്വന്തം ശരീരത്തിലേക്ക് നോക്കി 'ഇത് എന്റെ അവയവമല്ല' എന്ന് വിശ്വസിക്കാൻ തക്കവണ്ണം അത്രമേൽ തീവ്രമായ ഒരു മാനസിക അകൽച്ച അയാൾക്കുണ്ട്.
വെറുമൊരു ചിത്രം കാണുന്നതിലൂടെ നിങ്ങൾക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ് ഈ വീൽചെയറിന്റെ പ്രാധാന്യം. ആ കഥാപാത്രത്തിന്റെ സ്വഭാവവും അയാളുടെ മനസ് പ്രവർത്തിക്കുന്ന രീതിയും കണക്കിലെടുക്കുമ്പോൾ, ഈ വീൽചെയർ അയാളുടെ വ്യക്തിത്വത്തിന്റെയും ചിന്തകളുടെയും ഒരു അവിഭാജ്യ ഘടകമായി മാറുന്നു. ശാരീരികമായി തളർന്നിട്ടുണ്ടെങ്കിലും, അത്യന്തം അപകടകാരിയും ഭയാനകമായ രീതിയിൽ ചിന്തിക്കുന്നവനുമാണ് അയാൾ.
വീൽചെയർ അയാളുടെ ചിന്തകളുമായി നേരിട്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് തോന്നും വിധമാണ് അത് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ കഴിയില്ലെങ്കിലും, കുംഭ എന്ന കഥാപാത്രത്തിന് വെറുമൊരു ഉപകരണം മാത്രമല്ല ഈ വീൽചെയർ; മറിച്ച് അയാളുടെ തന്നെ ചിന്തകളുടെയും അസ്തിത്വത്തിന്റെയും ഒരു എക്സ്റ്റൻഷൻ കൂടിയാണത്.’’ പൃഥ്വിരാജ് പറയുന്നു.
Viral
വാരാണസിയിലെ പവിത്രമായ ഗംഗാതീരത്ത് വിദേശ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിലുണ്ടായ വാക്കുതർക്കം ഇപ്പോൾ വലിയൊരു സാംസ്കാരിക ചർച്ചയായി മാറിയിരിക്കുകയാണ്.
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള വസ്ത്രങ്ങൾ ധരിച്ച് ഗംഗാ നദിയിൽ ഇറങ്ങിയ ഒരു സംഘം വിദേശികളെ നാട്ടുകാർ തടഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം.
നൂറ്റാണ്ടുകളുടെ ആത്മീയ പാരമ്പര്യമുള്ള കാശിയിലെ ഘാട്ടുകളിൽ ഇത്തരം വസ്ത്രധാരണം ശെരിയല്ലെന്നും അത് ഭക്തരുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നു എന്നും ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
വിദേശികൾ ഇവിടുത്തെ ആചാരങ്ങളെയും സംസ്കാരത്തെയും മാനിക്കണമെന്ന വാദം ഒരുവശത്ത് ശക്തമാകുമ്പോൾ, മറുവശത്ത് നാട്ടുകാരുടെ പെരുമാറ്റം അനാവശ്യമാണെന്ന വിമർശനവും ഉയരുന്നുണ്ട്.
ഭക്തർ പലപ്പോഴും പരിമിതമായ വസ്ത്രങ്ങൾ ധരിച്ച് നദിയിൽ കുളിക്കാറുള്ളപ്പോൾ വിദേശികളെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ലെന്നും ഇത് ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയെ ദോഷകരമായി ബാധിക്കുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
വസ്ത്രധാരണത്തിന് പുറമെ, സഞ്ചാരികളിൽ ഒരാൾ നദിയിൽ മൂത്രമൊഴിച്ചു എന്ന വെളിപ്പെടുത്തലുകൾ കൂടി പുറത്തുവന്നതോടെ തർക്കം കൂടുതൽ സങ്കീർണമായി.
നിലവിൽ പോലീസ് ഇടപെടലുകൾ ഉണ്ടായിട്ടില്ലെങ്കിലും, വിനോദസഞ്ചാരികൾ പ്രാദേശിക മര്യാദകൾ പാലിക്കേണ്ടതിന്റെയും നാട്ടുകാർ സംയമനം കാണിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.
Movies
രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം വാരണാസി ബഹിഷ്ക്കരിക്കണമെന്ന ആവശ്യം ഉയരുന്നു. സിനിമയുടെ ടൈറ്റിൽ ലോഞ്ചിലെ രാജമൗലിയുടെ ചില പരാമർശങ്ങളും അദ്ദേഹത്തിന്റെ തന്നെ പഴയ ട്വീറ്റുകളും ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ബഹിഷ്കരണ ആഹ്വാനമുയരുന്നത്.
ടൈറ്റിൽ ലോഞ്ചിൽ തമാശരൂപേണ ഹനുമാനെ പരാമർശിച്ചതാണ് ചിലരെ ചൊടിപ്പിച്ചത്. താൻ ദൈവവിശ്വാസി അല്ലെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.
ടൈറ്റിൽ ലോഞ്ച് ചടങ്ങിനിടെ ചില സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നു. പരിപാടിക്ക് മുൻപ് ഹനുമാൻ സ്വാമി പിന്നിൽ നിന്ന് നയിക്കുന്നുണ്ടെന്ന് അച്ഛൻ തന്നോട് പറഞ്ഞതായി രാജമൗലി പറഞ്ഞു.
ഇങ്ങനെയാണോ അദ്ദേഹം പരിപാലിക്കുന്നത് എന്നായിരുന്നു രാജമൗലിയുടെ ചോദ്യം. തന്റെ ഭാര്യയ്ക്കും ഹനുമാൻ സ്വാമിയെ വലിയ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്കിപ്പോൾ ദേഷ്യമാണ് വരുന്നതെന്നും തമാശരൂപേണ രാജമൗലി പറഞ്ഞിരുന്നു. രാജമൗലിയുടെ ഈ പരാമർശമാണ് വിവാദമായത്.
ഇതിനിടെ, രാജമൗലിയുടെ 2011-ലെ ഒരു ട്വീറ്റും ചർച്ചയായി. തനിക്ക് ശ്രീരാമനെ ‘ഇഷ്ടമല്ല’ എന്നും വിഷ്ണുവിന്റെ ശ്രീകൃഷ്ണ അവതാരമാണ് കൂടുതൽ ഇഷ്ടമെന്നും ട്വീറ്റിൽ രാജമൗലി പറയുന്നുണ്ട്.
രാമനവമി ആശംസകൾ നേർന്ന ഒരു ആരാധകന് രാജമൗലി നൽകിയ മറുപടിയായിരുന്നു ഇത്. ‘ഹൃദയം നിറഞ്ഞ ശ്രീരാമ നവമി ആശംസകൾ. ശ്രീരാമന്റെ നാമം ജപിക്കുന്നതിലൂടെ നമ്മുടെ മുഖങ്ങൾ എപ്പോഴും പുഞ്ചിരിയാൽ പ്രകാശിക്കട്ടെ’ എന്നായിരുന്നു ആരാധകന്റെ ആശംസ. ‘നന്ദി. പക്ഷെ ഞാൻ രാമനെ ഒരിക്കലും ഇഷ്ടപ്പെട്ടിട്ടില്ല. അവതാരങ്ങളിൽ എനിക്കേറ്റവും പ്രിയപ്പെട്ടത് ശ്രീകൃഷ്ണനെയാണ്.’ എന്നായിരുന്നു രാജമൗലിയുടെ മറുപടി. ട്വീറ്റും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അവിശ്വാസിയായ രാജമൗലി ദൈവങ്ങളെ വിൽപ്പനച്ചരക്ക് ആക്കുകയാണെന്നും ദൈവത്തെ ഉപയോഗിച്ച് അദ്ദേഹം പൈസ ഉണ്ടാക്കുകയാണെന്നും ഹനുമാൻ സ്വാമി മറുപടി നൽകുമെന്നുമുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
രാജമൗലിയുടെ സിനിമ ബഹിഷ്കരിക്കണമെന്ന ക്യാംപെയിനിംഗും വ്യാപകമായി നടക്കുന്നുണ്ട്.