International
വാഷിംഗ്ടൺ: എച്ച്1-ബി വീസയ്ക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ 1,00,000 യുഎസ് ഡോളർ ഫീസ് റദ്ദാക്കിക്കൊണ്ടുള്ള മാസച്യുസെറ്റ്സ് ഫെഡറൽകോടതിയുടെ വിധിയെ അമേരിക്കയിലെ ഇന്ത്യൻ പ്രവാസി സംഘടനകൾ സ്വാഗതം ചെയ്തു.
യുഎസിന്റെ നവീകരണമേഖലയിലെയും സംരംഭകത്വത്തിലെയും മത്സരശേഷി നിലനിർത്താൻ ഈ വിധി ആവശ്യമാണെന്ന് സംഘടകൾ ചൂണ്ടിക്കാട്ടി.
തൊഴിലധിഷ്ഠിത കുടിയേറ്റ വ്യവസ്ഥയിൽ ന്യായവും സുതാര്യതയും കൊണ്ടുവരുന്നതാണ് കോടതിവിധിയെന്ന് ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്പോറ സ്റ്റഡീസ് പോളിസി ആൻഡ് സ്ട്രാറ്റജി ചീഫ് ഖണ്ഡേറാവു കണ്ഡ് പറഞ്ഞു.
കോടതി ഉത്തരവോടെ എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട എല്ലാവർക്കും വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നതെന്ന് ഇൻഡിയാസ്പോറ എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജീവ് ജോഷിപുര പ്രതികരിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് പുതിയ എച്ച്-1ബി വീസാ അപേക്ഷകർക്ക് ട്രംപ് ഭരണകൂടം ഭീമമായ തുക ഫീസായി വർധിപ്പിച്ചത്. എന്നാൽ യുഎസ് കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ നടപ്പിലാക്കിയ ഈ ഫീസ് വർധന നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച ഫെഡറൽകോടതി ജഡ്ജി ഇത് റദ്ദാക്കിയത്.
Kerala
കൊച്ചി: മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂറിന് ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഗംഭീര സ്വീകരണം. നൂറുകണക്കിന് പ്രവര്‍ത്തകരാണ് റെയില്‍വേ സ്റ്റേഷനില്‍ മുദ്രാവാക്യവുമായി എത്തിയത്. ശബരി എക്സ്പ്രസിലാണ് അബ്ദുള്‍ ഗഫൂര്‍ തിരുവനന്തപുരത്ത് നിന്നും ആലുവയിലേക്ക് എത്തിയത്.
മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുന്‍സിപാലിറ്റി ചെയര്മാന്മാരും അംഗങ്ങളുമടക്കം നിരവധി പേര് അബ്ദുള്‍ ഗഫൂറിനെ സ്വീകരിക്കാനായി എത്തിയത്. പിതാവ് വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ഖബറിടത്തിലേക്ക് പോയി പ്രാര്‍ഥന നടത്തിയ ശേഷമായിരിക്കും വീട്ടിലേക്ക് പോവുക.
കളമശേരിയില്‍ പി. രാജീവിനെ മലര്‍ത്തിയടിച്ചാണ് അബ്ദുള്‍ ഗഫൂര്‍ മണ്ഡലം തിരിച്ചു പിടിച്ചത്. ആദ്യമായി എംഎല്‍എ ആയപ്പോള്‍ തന്നെ മന്ത്രി സ്ഥാനം ലഭിച്ച മുസ്ലിം ലീഗ് നേതാവാണ് അബ്ദുള്‍ ഗഫൂര്‍. അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശനടക്കം അടക്കം നാലു മന്ത്രിമാരാണ് എറണാകുളം ജില്ലയില്‍ നിന്നും യുഡിഎഫ് മന്ത്രിസഭയിലുള്ളത്.
അങ്കമാലി എംഎല്‍എ റോജി എം.ജോണ്‍, കേരള കോണ്‍ഗ്രസ് -ജേക്കബ് വിഭാഗത്തിന്റെ അനൂപ് ജേക്കബ് എന്നിവരാണ് മറ്റു രണ്ടു മന്ത്രിമാര്‍. രണ്ടര വര്‍ഷത്തെ ടേം വ്യവസ്ഥയിലാണ് അനൂപ് ജേക്കബ് മന്ത്രിയായത്. രണ്ടാം ടേമില്‍ മാണി സി കാപ്പന് മന്ത്രിയാകും.
Kerala
തിരുവനന്തപുരം: സൈക്കിളിൽ സഞ്ചരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചതായി പുതുപ്പള്ളിയിലെ നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ.
ഇനി കഴിയുന്ന സമയങ്ങളിൽ സൈക്കിളിൽ നിയമസഭയിലേക്ക് പോകുന്ന കാര്യവും പരിഗണിക്കുമെന്നു ചാണ്ടി ഉമ്മൻ തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു.
പ്ലാസ്റ്റിക് ഉപയോഗിക്കുന്നതു മൂലമുണ്ടാവുന്ന അതിരൂക്ഷമായ മലിനീകരണം തടയുന്നതിനും അനാവശ്യമായുള്ള ധൂർത്ത് ഒഴിവാക്കുന്നതിനുമായാണ് ഫ്ളക്സും ബാനറുകളും ഇക്കുറി ഒഴിവാക്കിയത്. ഇതിലൂടെ ഏകദേശം 21 ലക്ഷം രൂപ ലാഭിച്ചതായും ചാണ്ടി പറഞ്ഞു.
തന്റെ മണ്ഡലത്തിൽ പാവപ്പെട്ടവർക്ക് വീടു നിർമിച്ചു നൽകുന്ന പദ്ധതി നടക്കുന്ന സമയത്താണ് തെരഞ്ഞെടുപ്പ് വന്നത്. പ്രചാരണ ചെലവ് കുറച്ചാൽ ആ തുക കൂടി വീടുനിർമാണത്തിന് ഉപയോഗിക്കാമെന്ന ചിന്തയാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.
മന്ത്രിസ്ഥാനം തന്റെ മുൻഗണനയല്ലെന്നു വ്യക്തമാക്കിയ ചാണ്ടി മുഖ്യമന്ത്രി നിർണയത്തിൽ പാർട്ടിക്കുള്ളിൽ തർക്കമില്ലെന്നും ഹൈക്കമാൻഡ്, എംഎൽഎമാർ, ജനങ്ങൾ എന്നിവരുടെ പിന്തുണയുള്ള വ്യക്തി തെരഞ്ഞെടുക്കപ്പെടുമെന്നും ഉടൻ തീരുമാനമാകുമെന്നും പറഞ്ഞു.
Kerala
കോട്ടയം: ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് നിലനിന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമായെന്നും സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായും കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ മാണി എംപി.
സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ സംസ്ഥാന സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലുമായും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായും നടത്തിയ ചര്‍ച്ചകളുടെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ തീരുമാനത്തിലെത്തിയതെന്നും അദേഹം കൂട്ടിചേര്‍ത്തു.
District News
മുണ്ടക്കയം ഈസ്റ്റ്: ഐഎൻടിയുസി കൊക്കയാർ - പെരുവന്താനം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കു സ്വീകരണം നൽകി. ഐഎൻടിയുസി ഇടുക്കി ജില്ലാ സെക്രട്ടറി വി.സി. ജോസഫ് അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. മോഷ്ടാക്കൾ പുറത്തും ചൂണ്ടിക്കാട്ടിയവർ ജയിലിലുമാണെന്നും ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയവർ ഭരണത്തിന്റെ സംരക്ഷണത്തിൽ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്തംഗങ്ങളായ മിനി സാബു, ടോണി തോമസ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ്, ബ്ലോക്ക് മെംബർമാരായ നൗഷാദ് വെംബ്ലി, ജീവമോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഷീബ ബിനോയ്, രജനി രാജൻ, കോൺഗ്രസ് നേതാക്കളായ സണ്ണി തട്ടുങ്കൽ, കെ.എൽ. ദാനിയേൽ, ഷിനോജ് ജേക്കബ്, സണ്ണി ആന്റണി, എൻ.വി. മൈക്കിൾ, ശരത് ഒറ്റപ്ലാക്കൽ, കെ.എൻ. രാമദാസ്, അയൂബ് കട്ടപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.
District News
ചെമ്പന്തൊട്ടി: ശ്രീകണ്ഠപുരം നഗരസഭാ യുഡിഎഫ് വികസന സന്ദേശജാഥയ്ക്ക് ചെമ്പന്തൊട്ടിയിൽ നൽകിയ സ്വീകരണ സമ്മേളനം കെപിസിസി അംഗം കൊയ്യം ജനാർദനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിയോ ജേക്കബ് അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇ.വി. രാമകൃഷ്ണൻ, കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കെ.പി. ഗംഗാധരൻ, ജാഥാ ക്യാപ്റ്റൻ എം.ഒ. മാധവൻ, വൈസ് ക്യാപ്റ്റൻ റഷീദ്, നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന, കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് വയലാമണ്ണിൽ, നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.സി. ജോസഫ്, വാർഡ് കൗൺസിലർ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നസീമ ഖാദർ, കെ.എം. ഷംസീർ, കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം പ്രസിഡന്റ് സ്റ്റീഫൻ, നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ചന്ദ്രാംഗധൻ, മുസ്ലിം ലീഗ് നേതാവ് നജീബ് എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് നേതാക്കളായ പി.സി. ജോസ്, ടോമി ചിറയ്ക്കൽ, ജിന്റോ ജോൺ, സണ്ണി കൊച്ചുപുരക്കൽ, കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുപുരയ്ക്കൽ, മഹിളാ കോൺഗ്രസ് നേതാക്കളായ ഷിനോ സിബി, സൂസമ്മ ഓലിക്കര, മേരി ജോയി എന്നിവർ നേതൃത്വം നൽകി.