Kerala
ചണ്ഡീഗഡ്: ഹരിയാന കരുക്ഷേത്ര എൻഐടിയിൽ വിദ്യാർഥിനി ജീവനൊടുക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാർഥി ദീക്ഷ ദുബെ ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.
ഫോൺ വിളിച്ചിട്ട് ദീക്ഷ എടുക്കാത്തതിനെത്തുടർന്ന് മറ്റു വിദ്യാർഥികൾ മുറിയുടെ വാതിലിൽ ഏറെ നേരം തട്ടിവിളിച്ചു. പ്രതികരണമൊന്നും ലഭിക്കാതെ വന്നതോടെ അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് ദീക്ഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
എൻഐടിയിൽ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്. ദീക്ഷയുടെ മരണത്തിനു പിന്നാലെ കാമ്പസിൽ വൻ വിദ്യാർഥി പ്രതിഷേധം നടക്കുകയാണ്.
National
ലക്നോ: വാരാണസിയിലെ കോളജിൽ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ബിരുദ വിദ്യാർഥി സൂര്യ പ്രതാപ് സിംഗി (23) നെ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ മഞ്ജീത് ചൗഹാനാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം മഞ്ജീത് ഒളിവിലാണ്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സൂര്യയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അവിടെവച്ച് മരണം സംഭവിക്കുകയായിരുന്നു.
കൊലപാതകത്തിൽ കോപാകുലരായ വിദ്യാർഥികൾ കോളജിലെ ഫർണിച്ചറ്റുകൾ തല്ലിത്തകർക്കുകയും പ്രിൻസിപ്പലിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. നിലവിൽ കോളജ് പൂർണമായും പോലീസ് നിയന്ത്രണത്തിലാണ്.
സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Business
തിരുവനന്തപുരം: വിദ്യാർഥി സമൂഹത്തിൽ വ്യവസായ സംരംഭകത്വം വളർത്തുക, വ്യവസായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാനത്ത് എട്ടു നൂതന കാന്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്.
സർക്കാരിന്റെ കാന്പസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതിയുടെ ഭാഗമായി ഹോട്ടൽ ഹിൽട്ടണ് ഗാർഡൻ ഇന്നിൽ സംഘടിപ്പിച്ച ‘ഡെവലപ്പേഴ്സ് കോണ്ക്ലേവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊല്ലം, കോട്ടയം, ഇടുക്കി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, എന്നീ ജില്ലകളിലാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കാന്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ സജ്ജമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൈവശമുള്ള ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി പ്രയോജനപ്പെടുത്തിയാണ് കാന്പസ് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നത്.
കുറഞ്ഞത് അഞ്ച് ഏക്കർ ഭൂമിയുള്ള സർക്കാർ/സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കാന്പസ് വ്യവസായ പാർക്കിനായി അപേക്ഷിക്കാം. സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി സ്ഥാപിക്കുന്നതിന് കുറഞ്ഞത് രണ്ട് ഏക്കർ ഭൂമിയാണ് ആവശ്യം. 30 വർഷത്തേക്ക് ആണ് ഡെവലപ്പർ പെർമിറ്റ് അനുവദിക്കുക.
Kerala
തിരുവനന്തപുരം: കാസർഗോഡ് കേന്ദ്ര സർവകലാശാലയ്ക്ക് തിരുവനന്തപുരത്ത് കാന്പസ് ആരംഭിക്കുന്നതിനു ഭൂമി അനുവദിക്കാനുള്ള ഫയൽ ഒരു വർഷമായി ഉന്നത വിദ്യാഭ്യാസ മന്ത്രി തടഞ്ഞുവച്ചിരിക്കുന്നെന്ന പരാതിയുമായി സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി.
സ്ഥിരം കാന്പസിനുവേണ്ടി നെടുമങ്ങാട് മണ്ഡലത്തിലെ അണ്ടൂർക്കോണത്ത് അഞ്ചേക്കർ സർക്കാർ ഭൂമി പാട്ടത്തിന് വിട്ടുകൊടുക്കുവാൻ റവന്യൂ വകുപ്പിന്റെ ശിപാർശയോടെ ധനവകുപ്പിന് അയച്ച ഫയലിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഭിപ്രായം ആരാഞ്ഞത്.
കാന്പസ് അനുവദിക്കുന്നതിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അനുമതി ആവശ്യമില്ലെങ്കിലും ധനവകുപ്പ് ബോധപൂർവം ഫയൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറുകയായിരുന്നുവെന്നു സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി കുറ്റപ്പെടുത്തി. ഈ ഫയലാണ് തീരുമാനമാകാതെ നീണ്ടു പോകുന്നത്. സ്ഥിരം കാന്പസിനുള്ള ഭൂമി ലഭിക്കുവാൻ വൈകുന്നുവെങ്കിൽ തലസ്ഥാനത്തെ കാന്പസ് ഉപേക്ഷിക്കാൻ കേന്ദ്ര സർവകലാശാല നിർബന്ധിതമാവും. ഇക്കാര്യം കേന്ദ്ര സർവകലാശാല, സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
സർവകലാശാലയുടെ അധിക സാന്പത്തിക ഭാരം കുറയ്ക്കുന്നതു കൂടാതെ നൂതന പഠന ഗവേഷണ കോഴ്സുകൾ പുതിയ കാന്പസിൽ ആരംഭിക്കുന്നത് വിദ്യാർഥികൾക്ക് ഏറെ ഗുണകരമാകുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർവകലാശാല വിസി മുഖ്യമന്ത്രിക്ക് 2024 ൽ കത്ത് നൽകിയിട്ടുണ്ടായിരുന്നു.
തലസ്ഥാനത്ത് സ്ഥിരം കാന്പസ് ആരംഭിക്കുന്നതിനു വേണ്ട ഭൂമി അനുവദിക്കാനുള്ള കാലതാമസം ഒഴിവാക്കാൻ അടിയന്തര നടപടി സർക്കാർ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.